Sorry, you need to enable JavaScript to visit this website.

കോവ് - ഈദ്; ഈ സമയവും കടന്നുപോകും.

അകല കാലങ്ങളിൽ, അകൽച്ചയുടെ കാണാമറയത്ത്, അടുപ്പത്തിന്റെ വിശുദ്ധിയും ലാളിത്യവും പകരുന്ന വ്യത്യസ്തതയുടെ പെരുന്നാൾ. അസുലഭമായൊരു ശവ്വാൽ മാസത്തിന്റെ അപൂർവമായ ഇന്ദുകല, ഇതാ ഭൂമിയെ കുളിരണിയിക്കുന്നു - അല്ലാഹുവിന് തന്നെ സർവസ്തുതിയും. 


ഓർമ വെച്ച നാൾ മുതൽ പെരുന്നാൾ പങ്കുവെക്കലിന്റേയും  പകർന്നു കൊടുക്കലിന്റേയും ഒത്തുകൂടലിന്റേതുമായിരുന്നു.
കുപ്പിവളക്കിലുക്കങ്ങളും മൈലാഞ്ചി ചോപ്പും പുത്തൻ കുപ്പായങ്ങളും വേണ്ടെന്നു വെച്ച ഈ പെരുന്നാൾ സാമൂഹിക അകലത്തിന്റേതും മാനസിക അടുപ്പത്തിന്റേതുമാണ്.

ഒഴിഞ്ഞിരിക്കലിന്റെ നേരത്തിനൊപ്പം സഹജീവികളുടെ സാന്നിധ്യങ്ങളിലേക്കും വിഷമങ്ങളിലേക്കും  സ്‌നേഹങ്ങളിലേക്കും വാക്കായും നോക്കായും സമാശ്വാസമായും ഹൃദയം കൊണ്ട് തൊടാനും -ചേർത്തു നിർത്താനും കഴിഞ്ഞു എന്നത് ഏറെ ചാരിതാർഥ്യമേകുന്നു. പ്രളയമായും കോവിഡ് ആയുമൊക്കെ വിഭിന്ന രൂപത്തിലാണ് ഓരോ കാലഘട്ടത്തിനനുസരിച്ചു 
പ്രകൃതിയുടെ താണ്ഡവവും ശുദ്ധീകരണ പ്രക്രിയയുമൊക്കെ നടക്കുന്നത്.


പ്രകൃതിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ മലിനീകരണം അതിരുകടന്ന കാലത്ത് ഒന്ന് ശ്വസിക്കാനും ശുദ്ധമാകുവാനുമാണോ കോവിഡ് വന്നതെന്ന് പോലും ചിന്തിച്ചു പോകുന്നു. മനുഷ്യരെല്ലാം അകത്തും മറ്റു ജീവജാലങ്ങൾ അവരുടെ സ്വാതന്ത്ര്യത്തിൽ പുറത്തും വിഹരിക്കുന്നൊരു കാലം നാമൊന്നും സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

 

ലോക്ഡൗൺ കാലത്താണ് അകലങ്ങളിലെ മനസ്സുകൾ കൂടുതൽ അടുത്തതും , അവനവനത്ര ഗൗരവമുള്ളൊരു പ്രതിഭാസമല്ലെന്നും, ഒന്നടുത്തു ചേർന്ന് നിൽക്കുന്നതിനും കൈപിടിച്ചൊന്നു സുഖാന്വേഷണം നടത്തുന്നതിനും, വാത്സല്യപൂർവമൊന്നു ചുംബിക്കുന്നതിനും എത്ര വലിയ വിലയാണ് മനുഷ്യ ജീവിതത്തിലുള്ളത് എന്നും വെറുമൊരു അണു തിരിച്ചറിവ് പകർന്നത്.

എന്നാൽ 'ശ്രദ്ധ 'എത്ര മഹോന്നതമായൊരു ജീവിതചര്യയെന്നും ,ആഡംബരങ്ങളും കരുതലുകളും ആവശ്യങ്ങളും അനാവശ്യങ്ങളും  തമ്മിലുള്ള അന്തരമെന്തെന്നും വ്യക്തത കൈവന്നതും .കുടുംബ ബന്ധങ്ങളിൽ കൂടുതൽകരുതലും ഇഴചേരലും സാധ്യമായതും ലോക്ഡൗൺ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
ഒപ്പം നല്ലൊരു ജനവിഭാഗം മാനസിക സംഘർഷത്തിന്റെ വലയിലകപ്പെട്ട വിഷമാവസ്ഥയും സാമ്പത്തിക തൊഴിൽതകർച്ചയും വിസ്മരിക്കാനാകില്ല.
പെരുന്നാൾ കോടിയും മൈലാഞ്ചിയും മറ്റ് ആഡംബരങ്ങളുമില്ലാത്ത  പെരുന്നാൾ സന്തോഷത്തിനു കുറവുവരുത്തില്ല എന്നും
കുഞ്ഞു മക്കൾ പോലും ലോക ജനതയുടെ സ്വാസ്ഥ്യത്തിനായി നിരന്തരം ആഗ്രഹിക്കുന്നുണ്ടെന്നുമുള്ളത് നല്ല തിരിച്ചറിവാണ് .


വ്യക്തിസൂക്ഷ്മത, ശുചിത്വം ,ആരോഗ്യകരമായ അകലം പാലിക്കൽ ,സാമൂഹിക മര്യാദകളൊക്കെ നിയമങ്ങൾ മാത്രമല്ല ,നിലനിൽപിനാധാരവും കൂടിയാണെന്ന് ഉൾക്കൊണ്ട സമയം കൂടിയാണിത്.
ആരാധനാലയങ്ങളേക്കാൾ മനുഷ്യന്റെ ഉൾശുദ്ധിയാണ് ഉത്തമമെന്നു തിരിച്ചറിഞ്ഞ നോമ്പ് നാളുകൾക്കുശേഷമണഞ്ഞ ഒതുക്ക പെരുന്നാൾ ദിനം.
പ്രവാസം വെറുമൊരു കണക്കെടുപ്പിന്റെ കറവപ്പശുക്കളുടെ കേന്ദ്രമല്ലെന്ന കരുതൽ; കോവിഡ് വറുതിയിൽ സമാശ്വാസമായി തഴുകിയിട്ടുണ്ട്.
നാട്ടിലേക്ക് സ്ഥിരം വിളിച്ചു കൊണ്ടിരുന്ന പ്രവാസിയെ തേടി നാട്ടിൽനിന്നുള്ള ഫോൺ വിളികളും  ക്ഷേമാന്വേഷണങ്ങളും  എത്തുന്നത് ഏറെ ആശ്വാസമാണ്. എന്നാൽ കോവിഡ്  താണ്ഡവമാടുന്ന രോഗരീതി വൈവിധ്യം കുറച്ചൊന്നുമല്ല ലോക ജനങ്ങളിൽ പരിഭ്രമം പടർത്തുന്നത്. കോവിഡ് കാലത്ത് പ്രവാസികൾക്കിടയിൽ കൂടിവരുന്ന ഹൃദയാഘാതത്തെത്തുടർന്നുള്ള  മരണനിരക്ക് ഉത്തരമില്ലാത്തൊരു ചോദ്യചിഹ്നമായി വളഞ്ഞു കുത്തിയും നിൽക്കുന്നു.
തന്നിൽ താണവനിലേക്കും ,ബുദ്ധിമുട്ടുള്ളവനിലേക്കും ആത്മാർത്ഥയോടെ നോക്കാൻ പഠിപ്പിച്ച കാലമെന്നും കോവിഡ് കാലത്തെ വിശേഷിപ്പിക്കാം.


നിസ്വാർത്ഥമായ സേവനങ്ങൾ കൊണ്ട് മനുഷ്യത്വത്തെ വാനോളമുയർത്തുന്ന വിവിധ സംഘടനകളും കൂട്ടായ്മകളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
ആതുര ശുശ്രൂഷാ മേഖലയിലുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ, മറ്റു സേവകരുടെും ഈ പ്രാവശ്യത്തെ പെരുന്നാളിന് ത്യാഗത്തിന്റെയും സഹനത്തിന്റെയും പൊന്നിൻ തിളക്കമാകും ഉണ്ടാവുക.
ലോകമിത്രമേൽ ജാഗ്രതയോടെ കോവിഡിനെതിരെ പ്രതിരോധം തീർക്കുമ്പോൾ നാം ഓരോരുത്തരും ശ്രദ്ധിച്ചുപരിപാലിക്കേണ്ട കാര്യങ്ങളെ വിസ്മരിക്കാൻ ഒരൊറ്റ നിമിഷം പോലും ഇടയാകാതിരിക്കട്ടെ .....
ലോകം കോവിഡിനെയും വഹിച്ചു കാലത്തിനൊപ്പം നീങ്ങുമ്പോൾ കൈവന്ന തിരിച്ചറിവും പെരുത്തപ്പെടലും പാകപ്പെടലും ഇന്നേവരെ അഭിമുഖീകരിക്കാത്ത വലിയ ദുരന്തങ്ങളോട് പോലും പൊരുത്തപ്പെട്ടു നീങ്ങാനുള്ള മനുഷ്യന്റെ ശേഷിയെക്കൂടിയാണ് ഓർമ്മിപ്പിക്കുന്നത്.

 

കുയിലും ബുൾബുളും ദേശാടനപ്പക്ഷികളുമൊക്കെ വിരുന്നെത്തുന്ന തൊടിയും , പുകപടലങ്ങളും വിഷവാതകങ്ങളും ഒഴിഞ്ഞ അന്തരീക്ഷവും. മാലിന്യമകന്നു തെളിഞ്ഞൊഴുകുന്ന പുഴയുമൊക്കെയായ് വരും തലമുറയ്ക്ക് വേണ്ടി പ്രകൃതി സ്വയം കുളിച്ചുതോർത്തി പരിപാലിക്കുകയാവാം എന്ന് സമാശ്വസിക്കാം. ലോകസാമ്പത്തിക ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കോവിഡ് കാലം ഒരുപരിധി കഴിയുമ്പോൾ 
മനുഷ്യരെ പഴയപോലെ സമൂഹത്തിൽ കോവിഡിനൊപ്പം സജീവമാക്കാൻ ഇടയാക്കും. അപ്പോഴാണ് ജാഗ്രത ഏറെ ആവശ്യവും.
കരുതലോടെ, ഭയത്തോടെ , ജാഗ്രതയോടെ 
പരസ്പരമുള്ള ഉത്തരവാദിത്തത്തോടെ കോവിഡിനൊപ്പം നമ്മൾ നടന്നേ പറ്റൂ ....

ഓൺലൈൻ പഠനരീതിയിലൂടെയും മീറ്റിങ്ങുകളിലൂടെയും പഠനവും ബന്ധങ്ങളും കണ്ടുമുട്ടലുകളും പുരോഗമിക്കുന്നൊരു കാലം ചിലപ്പോഴൊക്കെ ദുരൂഹത നിറഞ്ഞ ഒരു ചലച്ചിത്രാവിഷ്‌കാരം പോലെ വിഹ്വലപ്പെടുത്താറുമുണ്ട്. പണമോ ,സ്വാധീനമോ ,മറ്റു ശേഷികളോ മാത്രം മതിയാകില്ല എല്ലാക്കാര്യത്തിനും എന്ന തിരിച്ചറിവ് പകർന്ന  കോവിഡ് കാലം.

കാലമേറെ കഴിയുമ്പോൾ അടുത്ത തലമുറക്കുള്ള ചരിത്ര പഠന ഭാഗമായെന്നും വരാം ...
ലാളിത്യത്തിന്റെ പെരുന്നാൾ നമുക്കൊപ്പം കൂടാനുള്ള പലരും നമ്മെ വിട്ടുപിരിഞ്ഞ നാളിൽ ഇത് എഴുതാനും വായിക്കാനും പെരുന്നാൾ കൂടാനും ജീവിച്ചിരിക്കുന്നു എന്നതാണ് ഉത്തമ സന്തോഷം .
പ്രതിസന്ധികളും പ്രതിരോധങ്ങളും പിടിച്ചുനിൽക്കലുകൾക്കും ശേഷം സമാശ്വാസമേകുന്ന ഒത്തുകൂടലുകളുടെ നല്ല  നാളുകൾ വീണ്ടും വിടരുമെന്ന് പ്രതീക്ഷിക്കാം.
ഈ സമയവും കടന്നുപോകും.
 

Latest News