Sorry, you need to enable JavaScript to visit this website.

ഒരു നരാധമന്റെ പതനം

പാരിസിന്റെ പ്രാന്തപ്രദേശമായ അസ്‌നിയേഴ്‌സ് സർസീനിലെ ഒരു ഫ്‌ളാറ്റ് സമുച്ചയം. ഇക്കഴിഞ്ഞ മെയ് 16-ാം തീയതി രാവിലെ 6 മണിക്ക് അതിന്റെ മൂന്നാം നിലയിലെ ഒരു ഫ്‌ളാറ്റിന്റെ വാതിലിൽ ഒരാൾ ചെന്ന് മുട്ടിവിളിച്ചു. അയാളുടെ വലതുകൈ അപ്പോൾ പാന്റ്‌സിന്റെ പോക്കറ്റിലുള്ള റിവോൾവറിൽ അമർന്നു. അയാൾക്ക് പിന്നിൽ ആയുധധാരികളായ 15 അംഗസംഘം കൂടി വൃത്താകൃതിയിൽ നിലയുറപ്പിച്ചിരുന്നു. വാതിൽ തുറന്നതും അവർ അകത്തേക്ക് ഇടിച്ചു കയറി. അകത്തെ മുറികളിലൊന്നിൽ നിന്നും വൃദ്ധ നായ ഒരാളെ അവർ തൂക്കിയെടുത്ത് പുറത്ത്, കെട്ടിടത്തിന് താഴെ നിർത്തിയ വാഹന വ്യൂഹങ്ങളിലൊന്നിലേക്ക് പാഞ്ഞു. പിന്നെ നിമിഷങ്ങൾക്കകം വാഹനങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി അവിടെനിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. ബഹളം കേട്ട് ചുറ്റുപാടു നിന്നും ആളുകൾ ഓടിക്കൂടിയെങ്കിലും എ ന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ആർക്കും ഒരുപിടിയും കിട്ടിയില്ല.


പക്ഷെ, ഉച്ചയോടെ ടി.വിയിലും മറ്റും വാർത്തകൾ വരാൻ തുടങ്ങി. അപ്പോഴാണ് ആ ഫ്‌ളാറ്റ് സമുച്ചയത്തിലും ചുറ്റുവട്ടത്തുമുള്ള പലരും അറിയുന്നത് അവിടെ നിന്ന് പിടികൂടപ്പെട്ട ആൾ ചില്ലറക്കാരനല്ല എന്ന്. അത് ഫെലിസിയൻ കബുഗ എന്നു പേരുള്ള ഒരു കൊടുംകുറ്റവാളി ആയിരുന്നു. ഒരുപക്ഷെ, കഴിഞ്ഞ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും കുപ്രസിദ്ധനും മനുഷ്യത്വഹീന നുമായ ഒരു നരാധമൻ. ഫ്രഞ്ച് പൊലീസിന്റെ അന്താരാഷ്ട്ര ക്രിമിനൽ വിഭാഗം ഇന്റർപോളിന്റെ സഹായത്തോടെ ആയിരുന്നു അന്ന് രാവിലെ അയാളെ ഒളിയിടത്തിൽ നിന്നും കണ്ടെത്തി പിടികൂടിയത്. അപ്പോൾ ഫെലിസിയൻ ക ബുഗയ്ക്ക് 84-വയസ് പ്രായമുണ്ടായിരുന്നു. അയാളെ കണ്ടുപിടിക്കുന്നവർക്ക് പ്രഖ്യാപിക്കപ്പെട്ട ഇനാം 5 മില്യൺ ഡോളറാണ് എന്നു പറഞ്ഞാൽ ആൾ എത്രമാത്രം അപകടകാരിയാണ് എന്ന് ഊഹിക്കാമല്ലൊ!


റുവാണ്ടയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിലായിരുന്നു കബുഗയുടെ ജനനം. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. വീടുകളിൽ സാധനങ്ങൾ എ ത്തിച്ചുനൽകുന്ന ഡെലിവറി ബോയി ആയിട്ടായിരുന്നു തുടക്കം. തുടർന്ന് സിഗരറ്റ് വിൽപ്പനയായി. പിന്നെ പഴയതുണികൾ ശേഖരിച്ച് വിൽക്കാൻ തുടങ്ങി. താമസിയാതെ അയാൾ രാജ്യതലസ്ഥാനമായ കിഗലിയിലേക്ക് നീങ്ങി. അവിടെ പലതരം സാധനങ്ങൾ വിൽക്കുന്ന ഒരു കടയിട്ടു. കഠിനാധ്വാനവും ഭാഗ്യവും ചേർന്നപ്പോൾ പിന്നെ കടകൾ പലതായി. അവിടെ നിന്നും ഒരു വൻകിട ചായത്തോട്ടത്തിന്റെ ഉടമയായി. പിന്നെ തുണിമില്ലു വാങ്ങി. റിയൽ എസ്റ്റേറ്റ് കച്ചവടത്തിലും പയറ്റിത്തെളിഞ്ഞു. പക്ഷെ, സത്യത്തിൽ ഇതൊന്നുമല്ല അയാളുടെ ശരിയായ ബിസിനസ് എന്നും അതീവരഹസ്യമായി നടത്തിയ മയക്കുമരുന്ന് കച്ചവടമാണ് കണ്ണുചിമ്മി തുറക്കുന്ന നേരം കൊണ്ട് അയാളെ കോടീശ്വരനാക്കിയ ഇന്ദ്രജാലം എന്നും കരുതപ്പെടുന്നു.


    ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ അതിസമ്പന്നനായ വ്യവസായി ആയിരുന്നു ഒരുകാലത്ത് ഫെലിസിയൻ കബുഗ. കഴിഞ്ഞനൂറ്റാണ്ടിലെ എൺപതുകളിലും തൊണ്ണൂറുകളുടെ പകുതി വരെയും രാജ്യത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തി. വ്യവസായം, രാഷ്ട്രീയം, വാർത്താമാധ്യമ നടത്തി പ്പുകാരൻ തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചതായിരുന്നു അയാളുടെ കച്ചവടലോകം. 1975-1994 കാലത്ത് റുവാണ്ടൻ പ്രസിഡണ്ട് ആയിരുന്ന ജുവനൽ ഹാബ്യറിമാനയുമായി അയാൾ അടുത്ത ബന്ധം പുലർത്തി (കബുഗയുടെ മകളെ വിവാഹം ചെയ്തത് പ്രസിഡണ്ടിന്റെ മൂത്തമകനായിരുന്നു). പ്രസി ഡണ്ടിന്റെ ഭാര്യ അഗാഥെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന ഒരു കിച്ചൺക്യാബിനറ്റ് ആയിരുന്നു അന്ന് യഥാർഥത്തിൽ റുവാ ണ്ടയുടെ ഭരണം കൈയ്യാളിയിരുന്നത്. അകാസു എന്ന് അറിയപ്പെട്ടിരുന്ന ആ കിച്ചൺക്യാബിനറ്റിന് മേൽ കബുഗയ്ക്ക് അസാധാരണമായ സ്വാധീനമാണ് ഉണ്ടായിരുന്നത്. 
പ്രസിഡണ്ട് ജുവനൽ ഹാബ്യറിമാനയും സംഘവും രാജ്യത്തെ ഭൂരിപക്ഷവംശജരായ ഹുടു വിഭാഗക്കാരായിരുന്നു. അവർ തികഞ്ഞ യാഥാസ്ഥിതി കരും പുരോഗമനപരമായ എല്ലാ ആശയങ്ങളോടും എതിർപ്പുള്ളവരും ആയിരുന്നു. റുവാണ്ടയിലെ ന്യൂനപക്ഷ വിഭാഗമായിരുന്നു ടുട്‌സികൾ. പരിഷ്‌കൃതരും പുരോഗമന ചിന്താഗതിക്കാരുമായ ഇവരായിരുന്നു ഹുടു വംശജരുടെ മുഖ്യ എതിരാളികൾ. രാജ്യത്തിന്റെ യഥാർഥ അവകാശികൾ തങ്ങളാണ് എന്നാ യിരുന്നു ഹുടുക്കളുടെ വാദം. ടുട്‌സികൾ രാജ്യദ്രോഹികളും ചെകുത്താൻമാരുമാണെന്നും അവർ റുവാണ്ട വിട്ട് പോകണമെന്നുമാണ് ഹുടുക്കളുടെ ആവശ്യം. അതിന്റെ പേരിൽ രാജ്യത്ത് ഇരുവിഭാഗങ്ങളും തമ്മിൽ നിരന്തരം സംഘട്ടനങ്ങളുണ്ടായി. പലപ്പോഴായി ഒട്ടനവധി ടുട്‌സികൾ രാജ്യംവിട്ട് ഓടിപ്പോ യി ഉഗാണ്ട, ബറുണ്ടി പോലുള്ള അയൽരാജ്യങ്ങളിൽ അഭയം തേടി. 


ജുവനൽ ഹാബ്യറിമാന ഹുടു വംശജനായിരുന്നെങ്കിലും പ്രസിഡണ്ട് എന്ന നിലയിൽ ടുട്‌സി വംശജരോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. അതേസമയം അധികാരത്തിൽ പ്രസിഡണ്ടിനെ കൂടി നിയന്ത്രിച്ചിരുന്ന അകാസു എന്നു പേരുള്ള കിച്ചൺക്യാബിനറ്റ് കടുത്ത ടുട്‌സി വിരോധികളായിരുന്നു. ടുട്‌സികളോടുള്ള പ്രസിഡണ്ടിന്റെ അയഞ്ഞ സമീപനത്തിൽ അവർക്ക് ശക്തമായ പ്രതിഷേധവുമുണ്ടായി. ടുട്‌സി വംശജർ റുവാണ്ടയുടെ ശാപമാ ണെന്നും അവരെ രാജ്യത്ത് നിന്ന് പൂർണമായി തുടച്ചു നീക്കിയാൽ മാത്രമെ നാടിന് സർവൈശ്വര്യവും പുരോഗതിയും കൈവരികയുള്ളു എന്നും അവർ വിശ്വസിച്ചു. അവരുടെ വിശ്വാസങ്ങളെ ശക്തവും തീവ്രവുമാക്കി കൊണ്ട് കബുഗ ഒപ്പം നിന്നു.


1990 ഒക്‌ടോബറിൽ ഉഗാണ്ടയിൽ അഭയാർഥികളായി കഴിഞ്ഞിരുന്ന ഒരു കൂട്ടം ടുട്‌സി തീവ്രവാദികൾ റുവാണ്ടയുടെ വടക്കൻ പ്രദേശം ആക്രമിച്ചു. റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട്(ആർപിഎഫ്)എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ റുവാണ്ട തങ്ങളുടെ ജൻമദേശമാണെന്നും അവിടെ ജീവിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്നുമുള്ള വാദമുയർത്തി. 4,000 പേരടങ്ങുന്ന ആ സൈന്യത്തെ ഒരു ഘട്ടത്തിൽ നയിച്ചത് പോൾ കഗാമെ എന്നൊരു നേതാവായിരുന്നു. കഗാമെയുടെ കീഴിൽ ആർപിഎഫ് സേന റുവാണ്ടയ്ക്ക് നേരെ മൂന്നു വർഷത്തോളം പൊരുതി. ആ യുദ്ധം കൊണ്ട് നഷ്ടങ്ങളല്ലാതെ നേട്ടങ്ങ ളൊന്നും ഉണ്ടാകില്ല എന്നു തിരിച്ചറിഞ്ഞ പ്രസിഡണ്ട് ജുവനൽ ഹാബ്യറിമാന 1993 ആഗസ്റ്റ് 4 ന് കഗാമെയുമായി സമാധാന സന്ധിയുണ്ടാക്കി. ഇത് കിച്ചൺക്യാബിനറ്റിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. രാജ്യത്തെ ടുട്‌സി വംശജരെ ഒരു പാഠം പഠിപ്പിക്കാൻ അവർ തീരുമാനിച്ചു. കബുഗ അവർക്ക് സർവസഹായവും വാഗ്ദാനം ചെയ്തു.  
അതിന്റെ ആദ്യപടിയായി കബുഗ, അതീവ രഹസ്യമായി തന്റെ ഒരു കമ്പനി വഴി ചൈനയിൽനിന്നും 5 ലക്ഷം വലിയ കൊടുവാളുകൾ റുവാണ്ടയിൽ ഇറക്കുമതി ചെയ്തു. തുടർന്ന് കിച്ചൺക്യാബിനറ്റ് വഴി അവ ഹുടു തീവ്രവാദികളിൽ എത്തിച്ചു. അവർക്ക് ആവശ്യത്തിലധികം സാമ്പത്തിക സഹായങ്ങളും അയാൾ ചെയ്തു. കൂടാതെ തന്റെ അധീനതയിലുള്ള റേഡിയോ - ടിവി നിലയങ്ങൾ വഴി രാജ്യത്താകമാനം ടുട്‌സി വിരോധം അയാൾ വ്യാപകമായി പ്രചരിപ്പിക്കാനും തുടങ്ങി. ആ പ്രചാരണത്തിൽ വശംവദരായ ഹുടു തീവ്രവാദികൾ അങ്ങേയറ്റം പ്രകോപിതരായി. ഒരു തീപ്പൊരി വീണാൽ അവർ ന്യൂനപക്ഷ ടുട്‌സികൾക്കെതിരെ ചാടിവീണ് കലാപത്തിനിറങ്ങും എന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ടായി.


1994 ഏപ്രിൽ 6. പ്രസിഡണ്ട് ജുവനൽ ഹാബ്യറിമാനയും സംഘവും ഒരു ഔദ്യോഗിക യാത്ര കഴിഞ്ഞ് വിമാനത്തിൽ റുവാണ്ടയുടെ തലസ്ഥാനമായ കിഗലിയിൽ മടങ്ങി വരികയായിരുന്നു. ലാന്റിംഗിന് തയ്യാറെടുക്കുന്ന വിമാനത്തെ വിമാനവേധ തോക്കുപയോഗിച്ച് ആരോ വെടിവെച്ചു. വിമാനം തകർന്നു വീണു. പ്രസിഡണ്ട് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ടുട്‌സി തീവ്രവാദികളുടെ രാഷ്ട്രീയ സംഘടനയായ ആർപിഎഫ് ആണ് അതിന് പിന്നിൽ എന്ന പ്രചാരണം അന്നുതന്നെ ഉണ്ടായി. അവർ അത് ആവർത്തിച്ച് നിഷേധിച്ചെങ്കിലും കിച്ചൺക്യാബിനറ്റ് അതൊന്നും ചെവിക്കൊണ്ടില്ല. അവർ ടുട്‌സികൾക്കെതിരെ ഹുടു തീവ്രവാദികളെ ആയുധമണി യിച്ച് കലാപത്തിനിറക്കാനുള്ള തിരക്കിലായിരുന്നു(അത്തരം ഒരു വംശീയ കലാപത്തിലേക്ക് റുവാണ്ടയെ എത്തിക്കാൻ ഫെലിസിയൻ കബുഗ തന്നെ ത ന്റെ ആളുകളെ കൊണ്ട് നടത്തിച്ചതാണ് ആ വിമാനാപകടം എന്നും പറയ പ്പെടുന്നുണ്ട്).


പിറ്റേ ദിവസം മുതൽ തന്നെ ടുട്‌സികൾക്കെതിരെയുള്ള ഹുടുക്കളുടെ കൂട്ടക്കൊല ആരംഭിച്ചു. രാജ്യത്തെ പട്ടാളവും പൊലീസും ഹുടു തീവ്രവാദി കളും ചേർന്നാണ് അത് നടത്തിയത്. സത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ കണ്ണിൽ കണ്ടവരെയൊക്കെ അവർ കൊന്നു. കലാപകാരികളുടെ പ്രധാന ആയുധം കബുഗ ചൈനയിൽ നിന്നും ഇറക്കിയ കൊടുവാളായിരുന്നു. ദിനം പ്രതി പതിനായിരക്കണക്കിന് ടുട്‌സികളാണ് മൃഗീയമായി കൊല ചെയ്യപ്പെട്ടത്. ലോകം മുഴുവൻ അതുകണ്ട് ഞെട്ടി. യുഎന്നിന് പോലും അത് തടയാനായില്ല. 1994 ഏപ്രിൽ 7 ന് തുടങ്ങിയ ആഭ്യന്തര കലാപം ആ വർഷം ജൂലൈ 15 വരെ തുടർന്നു. ഏതാണ്ട് 100 ദിവസത്തോളം നീണ്ട ആ വംശീയകൂട്ടക്കൊ ലയിൽ 8 ലക്ഷത്തോളം ടുട്‌സികളാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ടുട്‌സി വംശജരിൽ 70 ശതമാനത്തോളം പേർ തുടച്ചു നീക്കപ്പെട്ടു എന്നാണ് കണക്ക്. എങ്കിലും ഒടുവിൽ ടുട്‌സികളുടെ രാഷ്ട്രീയ പാർട്ടിയായ ആർപിഎഫ് തന്നെ തങ്ങളുടെ സൈന്യത്തെ കൊണ്ട് ഹുടുകലാപം അടിച്ചമർത്തി അധികാരത്തിലേറി. അതിൽ പ്രധാന പങ്കുവഹിച്ച പോൾ കഗാമെ രാജ്യത്തെ പ്രതിരോധമ ന്ത്രിയുമായി(നിലവിൽ അദ്ദേഹമാണ് റുവാണ്ടയുടെ പ്രസിഡണ്ട്).


ആർപിഎഫ് അധികാരത്തിലേറിയതോടെ റുവാണ്ട കലാപത്തിന് നേതൃത്വം നൽകിയ ഹുടുതീവ്രവാദികളെ ഒന്നൊന്നായി തെരഞ്ഞുപിടിച്ച് കൊല്ലാൻ തുടങ്ങി. അതോടെ ഫെലിസിയൻ കബുഗയ്ക്ക് റുവാണ്ടയിൽ നിൽക്കാൻ കഴിയാതായി. 1994 അവസാനം അയാൾ രാജ്യംവിട്ടു. സ്വിറ്റ്‌സർലണ്ടിൽ അഭയംതേടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് കോംഗോ യിൽ അഭയാർഥിയായി. പിന്നീട് കെനിയയിലെത്തി, നെയ്‌റോബിയിൽ ചില കച്ചവടങ്ങളുമായി അയാൾ കഴിഞ്ഞുകൂടുന്നു എന്നായിരുന്നു ലോകം അറിഞ്ഞത്. അന്താരാഷ്ട്ര നീതിന്യായ കോടതി റുവാണ്ട കൂട്ടക്കൊലയിലെ മു ഖ്യപ്രതികളെ തേടിപ്പിടിച്ച് വിചാരണ ചെയ്യാൻ ആരംഭിച്ചതോടെ കബുഗ ഒരു ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നൊരു പ്രചാരണം അയാളുടെ കുടുംബാംഗങ്ങൾ തന്നെ നടത്തി. കബുഗയെ ലോകം മറക്കാനും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിചാരണയിൽ നിന്നും രക്ഷിച്ചെടുക്കാനും നടന്ന ആസൂത്രിതമായ നാടകമായിരുന്നു അത്.


പക്ഷെ, അതിലൊന്നും വീഴാതെ കബുഗയെ ഇന്റർപോളിന്റെ രഹസ്യ പൊലീസുകാർ ലോകമെമ്പാടും അന്വേഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ 26 വർഷങ്ങളായി നിർബാധം തുടരുന്ന അന്വേഷണം. കബുഗയുടെ ആൺമക്കളും കുടുംബവും പാരിസിന്റെ പ്രാന്തത്തിലുള്ള അസ്‌നിയേഴ്‌സ് സർസീൻ പ്ര ദേശത്തെ ഒരു വാടക ഫ്‌ളാറ്റിൽ കഴിയുന്ന കാര്യം ഈ അടുത്തകാലത്താണ് ഇന്റർപോളിന്റെ ശ്രദ്ധയിൽ പെട്ടത്. അവരുടെ രഹസ്യാന്വേഷണത്തിൽ അവിടെ ഒരു വൃദ്ധൻ കൂടി താമസിക്കുന്നതായി അറിഞ്ഞു. പക്ഷെ, അയാളെ അ യൽപക്കക്കാർ കൂടി അധികം പുറത്തു കണ്ടിട്ടില്ല. അത് കബുഗ ആയിരിക്കുമോ എന്നൊരു സംശയം ഇന്റർപോളിനുണ്ടായി. ആ വീട് നിരീക്ഷിക്കാൻ അവർ ഫ്രഞ്ച് പൊലിസിനോട് പറഞ്ഞു. അവർ ഒരു സാറ്റലൈറ്റിന്റെ സഹായത്തോടെ 24 മണിക്കൂറും അവിടെ നിരീക്ഷണം തുടങ്ങി.


ഈ മെയ്-13 ന് രാവിലെ ആ വീടിന്റെ ബാൽക്കണിയിലേക്ക് ഒരു വൃദ്ധൻ ഇറങ്ങി വന്നു. അയാൾക്ക് നീണ്ടു വളർന്ന താടിയും മുടിയുമായിരുന്നു.
അത് വടിച്ച് വൃത്തിയാക്കാൻ ഒരു ബാർബർ അവിടെ എത്തിയിട്ടുണ്ട്. അയാൾക്ക് മുമ്പിൽ ഇരുന്ന വൃദ്ധന്റെ ചിത്രങ്ങൾ സാറ്റലൈറ്റ് വിവിധ കോണുകളിൽ നിന്നായി എടുത്തു. പക്ഷെ, അത് ഫെലിസിയൻ കബുഗയാണ് എന്ന് ഊഹിക്കാൻ പോലും ഫ്രഞ്ച് രഹസ്യപൊലീസിന് കഴിഞ്ഞില്ല. എങ്കിലും അവർ ആ ബാർബറെ പിൻതുടർന്ന് അയാളിൽനിന്നും ആ വൃദ്ധന്റെ ഏതാനും മുടിനാരിഴകൾ കൈവശപ്പെടുത്തി. അത് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി. അതിന്റെ ഫലം അവർ റുവാണ്ടയിലേക്ക് അയച്ചു. അവിടെ ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കബുഗയുടെ പഴയ ഒരു ഡിഎൻഎ റിസൾട്ടുമാ യി ഒത്തുനോക്കി. രണ്ടും ഒന്നു തന്നെ എന്നറിഞ്ഞ നിമിഷം ഫ്രഞ്ച് പൊലീസ് ഉറപ്പിച്ചു, പാരിസിലെ ഫ്‌ളാറ്റിൽ കള്ളപ്പേരിൽ കഴിയുന്ന വൃദ്ധൻ ഫെലിസിയൻ കബുഗ തന്നെ! അതോടെയാണ് കഴിഞ്ഞ മെയ്-16 ന് രാവിലെ ഫ്രഞ്ച് പൊലീസ് ഫ്‌ളാറ്റിലെത്തി അയാളെ പിടികൂടുന്നത്.


 ഫ്രഞ്ച് പൊലീസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായ ഉടൻ ഈ ഭീകരനെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കൈമാറും. കഴിഞ്ഞ 26 വർഷമായി ലോകത്തിന്റെ മുഴുവൻ കണ്ണുവെട്ടിക്കാൻ അയാൾക്കെങ്ങനെ സാധിച്ചു, കെനിയയിൽ നിന്നും അയാളെങ്ങനെ ഫ്രാൻസിലെത്തി, അതിന് ആരൊക്കെ സഹായം നൽകി, റുവാണ്ടൻ വംശീയഹത്യയിൽ അയാളുടെ പങ്കിന്റെ വ്യാപ്തി എന്താണ്, റുവാണ്ടയിലെ മുൻപ്രസിഡണ്ട് ജുവനൽ ഹാബ്യറിമാനയുടെ വിമാന അപകടത്തിൽ അയാൾക്ക് വല്ല പങ്കുമുണ്ടോ തുടങ്ങിയ ഒരു പാട് രഹസ്യങ്ങളുടെ ചുരുൾ അഴിയാനിരിക്കുന്നതേയുള്ളു. അതെന്തായാലും അയാളുടെ അറസ്റ്റോടെ അന്താരാഷ്ട്ര നീതിന്യായ കോടതി ഒരു കാര്യം അ സന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു-ഒരു കുറ്റവാളി, അയാൾ എത്ര പ്രഗത്ഭനായാലും, എത്രകാലം ഒളിച്ചിരുന്നാലും ഒരിക്കൽ ലോകം അയാളെ കണ്ടെത്തുക തന്നെ ചെയ്യും എന്നതാണ് അത്! 


 

Latest News