എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ യു.എ.ഇയിലും 26 ന്

ദുബായ്- അധികൃതരുടെ അനുമതി ലഭിച്ചതോടെ  എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ യു.എ.ഇയിലും 26നു തുടങ്ങും. 30 വരെയാണ് പരീക്ഷ.

ഗള്‍ഫ് നാടുകളില്‍ യു.എ.ഇയില്‍ മാത്രമാണ് കേരള സിലബസില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി 1584 പേര്‍ പരീക്ഷയെഴുതും. 603 പേര്‍ എസ്.എസ്.എല്‍.സി, 490 പേര്‍ പ്ലസ് വണ്‍ പരീക്ഷയെഴുതും. പ്ലസ്ടുവിന് 491 വിദ്യാര്‍ഥികളും ഉണ്ട്. യുഎഇയില്‍ 9 സ്‌കൂളുകളിലാണ് കേരള സിലബസുള്ളത്.

കടുത്ത നിബന്ധനകളോടെയാണ് യു.എ.ഇ അധികൃതര്‍ പരീക്ഷാ നടത്തിപ്പിന് അനുമതി നല്‍കിയത്. വിദേശ നാടുകളിലെ സര്‍ക്കാരിന്റെ അനുമതി അനുസരിച്ചാവും അവിടങ്ങളില്‍ പരീക്ഷയെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഒരു ക്ലാസില്‍ 30 ശതമാനം  കുട്ടികളില്‍ കൂടുതല്‍ ഇരിക്കരുത്. ഡോക്ടറും നഴ്‌സും ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം വേണം, സ്‌കൂള്‍ ജീവനക്കാരും രക്ഷിതാക്കളും വിദ്യാര്‍ഥികളും അല്‍ ഹോസന്‍  ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം, എല്ലാവരും ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം നല്‍കണം,14 ദിവസത്തെ യാത്രാവിവരങ്ങള്‍ നല്‍കണം തുടങ്ങി ഒട്ടേറെ നിബന്ധനകളോടെയാണ് പരീക്ഷാ നടത്തിപ്പിന് അനുമതി.
വൈകിയാണെങ്കിലും അനുമതി ലഭിച്ചതോടെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ ആശങ്കകള്‍ ഒഴിഞ്ഞു.

 

Latest News