കൊച്ചി സ്റ്റേഡിയത്തിലെ കച്ചവടക്കാര്‍ ഒഴിയണമെന്ന് ഹൈക്കോടതി

കൊച്ചി- കേരളം കാത്തിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായി വേദികളിലൊന്നായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വാടക മുറികളിലെ കച്ചവക്കാര്‍ ഈ മാസം 25-നു മുമ്പായി ഒഴിയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഗ്രേറ്റര്‍ കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റി(ജിസിഡിഎ)യോട് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. സ്റ്റേഡിയം കെട്ടിടത്തിലെ വാടക മുറികളെടുത്ത വ്യാപാരികളുടെ മൊത്തം നഷ്ടത്തിന്റെ 75 ശതമാനം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി 25 ലക്ഷരൂപ ട്രഷറിയില്‍ നിക്ഷേപിക്കാനും ജിസിഡിഎയോട് നിര്‍ദേശിച്ചു. 

 

രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കണമെന്ന് ഫിഫയാണ് ആവശ്യപ്പെട്ടത്. ഫിഫയുടെ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമായിരുന്നു ഈ ആവശ്യം. ഇതു പ്രകാരം ജിസിഡിഎ വ്യാപാരികള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കി. ഇതു ചോദ്യം ചെയ്താണ് 46 വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചത്. താല്‍ക്കാലികമായിട്ടാണ് ഒഴിപ്പിക്കല്‍. ലോകകപ്പ് മത്സരങ്ങള്‍ക്കു ശേഷം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.

 

ലോകകപ്പ് മുന്നൊരുക്കത്തിന് രണ്ട് വര്‍ഷം സമയം ലഭിച്ചിട്ടിട്ടും ഇപ്പോള്‍ ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയ ജിസിഡിഎ നടപടിയെ കോടതി വിമര്‍ശിച്ചു. ഒഴിഞ്ഞു പോകുന്നതോടെ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം രണ്ടംഗ സമിതി മുമ്പാകെ ഹാജരായി വ്യക്തമാക്കണം. വ്യാപാരികളുടെ പരാതി പരിശോധിച്ചു സമിതി നഷ്ടപരിഹാരം നിശ്ചിയിക്കും. നഷ്ടപരിഹാരത്തില്‍ കുറവുണ്ടെന്ന് വ്യാപാരികള്‍ക്ക് തോന്നിയാല്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

Latest News