കോവിഡിനെ നേരിടാന്‍ റോബോട്ടുമായി ബഹ്‌റൈന്‍

മനാമ- കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ രണ്ട് റോബോട്ടുകളെ വിന്യസിച്ച് ബഹ്‌റൈന്‍. വൈറസുമായി ബന്ധപ്പെട്ട രോഗികളെ ചികിത്സിക്കുന്നതിനായി ഐസലേഷന്‍ വാര്‍ഡുകളിലേക്കാണ് റോബോട്ടുകളെ നിയമിച്ചിരിക്കുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും ദൈനംദിന മരുന്നുകള്‍ നല്‍കുന്നതിനും ചികിത്സാ റൂമുകള്‍ അണുവിമുക്തമാക്കുന്നതിനും  ഈ റോബോട്ടുകള്‍  സഹായിക്കും.
ഇതില്‍ ഒരു റോബോട്ടിന് 12 ഭാഷകള്‍ സംസാരിക്കാനും മുഖം തിരിച്ചറിയുന്നതിലൂടെ രോഗികളെ മനസ്സിലാക്കാനും സാധിക്കും. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും കൃത്യമായി നല്‍കാനും ഇതിന് സാധിക്കും. രണ്ടാമത്തെ റോബോട്ട് മുറികളും കെട്ടിടങ്ങളും ഉപരിതലവും അണുവിമുക്തമാക്കുന്നതിനും ഉപകരിക്കും.
പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ഇതാദ്യമായാണ് നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രായം സെക്രട്ടറി ഡോ. വലീദ് ഖലീഫ അല്‍ മാനിഅ് വിശദീകരിച്ചു.
ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രഞ്ച് കമ്പനിയുമായി സഹകരിച്ചാണ് റോബോ ഡോക്ടര്‍മാരെ വിന്യസിക്കാന്‍ സാധിച്ചതെന്ന് വിഭവശേഷി മന്ത്രാലയ സെക്രട്ടറി ഫാത്തിമ അല്‍ അഹ്മദ്  വെളിപ്പെടുത്തി. ആദ്യഘട്ടമെന്ന നിലയില്‍ കമ്പനി രണ്ട് റോബോട്ടുകളെയാണ് ആരോഗ്യമന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ അയല്‍രാജ്യമായ സൗദി അറേബ്യയും യു.എ.ഇയും ഇതിനകം റോബോട്ടുകളെ രംഗത്തിറക്കിയിട്ടുണ്ട്.

 

 

Latest News