Sorry, you need to enable JavaScript to visit this website.

അബ് ശറില്‍ ചേരാന്‍ പറ്റുന്നില്ല. എന്തുകൊണ്ട്?

ഫാമിലി വിസയില്‍ എന്റെ ഭാര്യയും കുട്ടികളും സൗദിയില്‍ എത്തിയിരിക്കയാണ്. നേരത്തെ അവര്‍ വിസിറ്റ് വിസയിലായതിനാല്‍ ഞാന്‍ ഇതുവരെ അബ്ശറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ രജിസ്‌ട്രേഷനു ശ്രമിക്കുമ്പോള്‍ പൂര്‍ത്തിയാക്കന്‍ കഴിയുന്നില്ല. എന്തു ചെയ്യണം?

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ക്കുള്ള (ഇ-സര്‍വീസ്)പോര്‍ട്ടലാണ് അബ്ശര്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആഭ്യന്തര മന്ത്രാലയവും (എം.ഒ.ഐ) അതിന്റെ വിവിധ വകുപ്പുകളും നല്‍കുന്ന ഇല ക്ട്രോണിക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് എം.ഒ.ഐ പോര്‍ട്ടലിലുള്ള അബ്ശര്‍ സെക്ഷന്‍. ട്രാഫിക് വകുപ്പ്, ജിഡിപി, സിവില്‍ അഫയേഴ്‌സ് തുടങ്ങിയ എം.ഒ.ഐ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഏതാനും മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാന്‍ അബ്ശര്‍ വഴി സാധിക്കും. മന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളും മറ്റും അറിയാം. അന്വേഷണങ്ങള്‍ നടത്താം. അപ്പോയിന്റ്‌മെന്റുകള്‍ എടുക്കാം. ഇലക്ട്രോണിക് ഫോമുകള്‍ പ്രിന്റ് ചെയ്യാം. അബ്ശര്‍ നിലവില്‍വന്നതോടെ വിദേശികള്‍ക്കും ആശ്രിതര്‍ക്കും ധാരാളം സേവനങ്ങള്‍ വിരല്‍ തുമ്പിലായി. 
ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലാവധിയുള്ള ഇഖാമ (ഐ.ഡി) നമ്പര്‍, ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയാണ് വേണ്ടത്. നിബന്ധനകള്‍ വായിച്ച് അംഗീകരിക്കുകയും വേണം.
തെറ്റായ ഇ മെയില്‍ വിലാസമോ തെറ്റായ മൊബൈല്‍ നമ്പറോ നല്‍കി അബ്ശര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാവില്ല. മറ്റൊരാളുടെ ഐ.ഡി നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നതും നിയമവിരുദ്ധമാണ്.
സര്‍വീസ് ഈസ് നോട്ട് അവെയ്‌ലബിള്‍ എന്ന മെസേജ് ലഭിക്കുകയാണെങ്കില്‍ സിസ്റ്റം ബിസിയായതു കൊണ്ടാകാന്‍ സാധ്യതയുണ്ട്. അല്‍പസമയം കഴിഞ്ഞ് ശ്രമിച്ചാല്‍ ശരിയാകാനാണ് സാധ്യത. രജിസ്‌ട്രേഷന്‍ പേജ് ലഭ്യമല്ലെങ്കിലും ഇതു തന്നെയാകാം കാരണം.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ആക്ടിവേറ്റ് ചെയ്തിട്ടും ലോഗ് ഇന്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങള്‍ എന്റര്‍ ചെയ്യുന്ന യൂസര്‍ നെയിമും പാസ് വേഡും തെറ്റിയതാകാന്‍ സാധ്യതയുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ശരിയായ യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ചാല്‍ മതിയാകും. യൂസര്‍നെയിമും പാസ്‌വേഡും സുരക്ഷിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
അബ്ശര്‍ രജിസ്റ്റര്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യാന്‍ എം.ഒ.ഐക്കു കീഴിലെ കേന്ദ്രങ്ങള്‍ക്കു പുറമെ വിവിധ ബാങ്കുകളുടെ പോര്‍ട്ടല്‍ വഴിയും സാധിക്കും. ഇതിനായി ബാങ്കുകളുടെ വെബ് സൈറ്റില്‍ പോയാണ് അബ്ശര്‍ തെരഞ്ഞെടുക്കേണ്ടത്.
moi.gov.sa  പോര്‍ട്ടലില്‍ വിവിധ ബാങ്കുകളുടെ സൈറ്റുകള്‍ വഴി എങ്ങനെ ആക്ടിവേഷന്‍ പൂര്‍ത്തിയാക്കാമെന്ന് ചേര്‍ത്തിട്ടുണ്ട്. ആക്ടിവേഷന്‍ ത്രൂ ബാങ്ക്‌സ് എന്ന ലിങ്കില്‍ പോയാല്‍ നിങ്ങളുടെ ബാങ്ക് തെരഞ്ഞെടുത്ത് ആക്ടിവേഷന്‍ എങ്ങനെ പൂര്‍ത്തിയാക്കാമെന്നു കണ്ടെത്താം.
ബാങ്ക് സൈറ്റിലെ അബ്ശര്‍ ആക്ടിവേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ (ഇഖാമ നമ്പര്‍, മൊബൈല്‍ നമ്പര്‍) തുടങ്ങിയവ കാണാം. ആക്ടിവേറ്റില്‍ ക്ലിക്ക് ചെയ്യുന്നതോടെ കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കും.
സാങ്കേതിക സഹായത്തിനു 24 മണിക്കൂറും 920020405 നമ്പറില്‍ ബന്ധപ്പെടാം.

Latest News