വിദ്വേഷപ്രചരണം; യുഎഇയില്‍ ഒരു ഇന്ത്യക്കാരനെകൂടി ജോലിയില്‍നിന്ന് പുറത്താക്കി

റാസല്‍ ഖൈമ- സോഷ്യല്‍മീഡിയ വഴി വിദ്വേഷ പ്രചരണം നടത്തിയ ഒരു ഇന്ത്യക്കാരനുകൂടി യുഎ‌ഇയില്‍ ജോലി നഷ്ടമായി.
റാസൽ ഖൈമയിലെ ഒരു ഖനന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് മുംസ്‌ലിംകള്‍ക്ക് എതിരെ വെറുപ്പുളവാക്കുന്ന പ്രചരണം നടത്തിയതിന് കമ്പനി ജോലിയില്‍നിന്ന് പുറത്താക്കിയത്. ബീഹാര്‍ സ്വദേശിയായ ബ്രാജ്കിഷോര്‍ ഗുപതയ്ക്ക് എതിരേയാണ് മൈനിംഗ് കമ്പനിയായ സ്റ്റീവിൻ റോക്ക് നടപടി എടുത്തത്.

മുസ്‌ലിംകളാണ് കൊറോണ പ്രചരിപ്പിക്കുന്നതെന്നും ദല്‍ഹിലെ കലാപത്തില്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടത് കാവ്യനീതിയാണെന്നുമാണ് തീവ്രഹിന്ദു സംഘടനകളുടെ ചുവടുപിടിച്ച് യുവാവ് ഫെയിസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. സംഘ്പരിവാര്‍ സംഘടനകള്‍ ദല്‍ഹില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ അക്രമണങ്ങളില്‍ 50 ഓളം ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. 

'ഒരു ജൂനിയർ ജീവനക്കാരൻ ഉൾപ്പെട്ട സംഭവം അന്വേഷിക്കുകയും ഈ വ്യക്തിയുടെ സ്റ്റീവൻ റോക്കിലെ ജോലി ഉടൻ തന്നെ അവസാനിപ്പിക്കുകയും ചെയ്തു' കമ്പനിയുടെ ബിസിനസ് ഡെവലപ്മെൻറ് ആൻഡ് എക്സ്പ്ലോറേഷൻ മാനേജർ ജീൻ-ഫ്രാങ്കോയിസ് മിലിയൻ ഞായറാഴ്ച ഗൾഫ് ന്യൂസിന് അയച്ച ഇമെയിലിൽ പറഞ്ഞു.

സഹിഷ്ണുതയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിലും വംശീയതയെയും വിവേചനത്തെയും ശക്തമായി നേരിടുന്നതിലും യുഎഇ സർക്കാരിന്റെ നിർദ്ദേശത്തെ ഞങ്ങളുടെ കമ്പനി പിന്തുണയ്ക്കുന്നു. മതപരമോ വംശപരമോ ആയ പശ്ചാത്തലം പരാമര്‍ശിക്കപ്പെടരുതെന്നും അസ്വീകാര്യമായ അത്തരം പെരുമാറ്റം പുറത്താക്കുന്നതിലേക്ക് നയിക്കുമെന്നും എല്ലാ ജീവനക്കാര്‍ക്കും ഞങ്ങള്‍ സന്ദേശം അയച്ചിട്ടുണ്ട്. കമ്പനി വ്യക്തമാക്കി.

'സ്വയം ബഹുമാനിക്കാനും നമ്മുടെ നിയമങ്ങളെ ബഹുമാനിക്കാനും കഴിയില്ലെങ്കില്‍ ജയിലിലേക്കുള്ള ഒരു ഫസ്റ്റ്ക്ലാസ് ടിക്കറ്റോ, പിഴയോ, നാടുകടത്തലോ ആവും നിങ്ങള്‍ക്ക് ലഭിക്കുക' സംഭവത്തെ കുറിച്ചുള്ള ഗള്‍ഫ് ന്യൂസ് വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ദുബായ് രാജകുമാരി ട്വിറ്ററില്‍ പ്രതികരിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് വിദ്വേഷപ്രചരണം കാരണം ജോലി നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ മാത്രം യു‌എഇയിൽ അത്തരം മൂന്ന് വിദ്വേഷ പ്രചാരകരെ പുറത്താക്കിയിരുന്നു.ന്യൂസിലാന്റും കാനഡയും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച ഗുജറാത്ത് സ്വദേശികളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.

Latest News