കൂട്ടപ്പിരിച്ചുവിടല്‍ വാര്‍ത്ത നിഷേധിച്ച് എമിറേറ്റ്സ്

ദുബായ്- ദുബൈ എയർലൈനില്‍നിന്ന് വന്‍തോതില്‍ പിരിച്ചുവിടല്‍ സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എമിറേറ്റ്സ് അധികൃതര്‍. പിരിച്ചുവിടലിനെ കുറിച്ച് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

'വിമാനക്കമ്പനികളിൽ വൻതോതിൽ പിരിച്ചുവിടല്‍ നടക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല. അത്തരത്തിലുള്ള ഏത് തീരുമാനവും ഉചിതമായ രീതിയിൽ ആശയവിനിമയം നടത്തും'എയർലൈൻ വക്താവ് പറഞ്ഞു.  

ഉത്തരവാദിത്തമുള്ള ഏതൊരു ബിസിനസ്സും ചെയ്യുന്നതുപോലെ, ക്രമേണ സേവനം പുനരാരംഭിക്കുന്നതിന് ഞങ്ങൾ തയ്യാറെടുക്കുമ്പോഴും, ചെലവ് സംബന്ധിച്ച് സമഗ്രമായ അവലോകനം നടത്താനും ബിസിനസില്‍ വരുംവരായ്കകള്‍ക്ക് എതിരെ പ്ലാനിംഗ് നടത്താനും ഞങ്ങളുടെ എക്സിക്യൂട്ടീവ് ടീം എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. ചെയർമാൻ പറഞ്ഞതുപോലെ, പണം സംരക്ഷിക്കുക, ഞങ്ങളുടെ ബിസിനസ്സ് പരിരക്ഷിക്കുക, കഴിവുള്ള തൊഴിലാളികളെ പരമാവധി സംരക്ഷിക്കുക തുടങ്ങിയവയ്ക്കാണ് ഈ കാലയളവിൽ ഞങ്ങളുടെ മുൻ‌ഗണന. വക്താവ് കൂട്ടിച്ചേര്‍ത്തു.

മാർച്ച് അവസാനത്തോടെ 30,000 ത്തോളം തൊഴിലാളികളെ പിരിച്ചുവിടാന്‍ എയര്‍ലൈന്‍ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാരെ 105,000 ത്തിൽ നിന്ന് 30 ശതമാനം വരെ കുറയ്ക്കാനാണ് എയര്‍ലൈന്‍ ആലോചിക്കുന്നത് എന്നായിരുന്നു വാര്‍ത്ത.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഏയര്‍വെയ്സ് ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍ ജീവനക്കാരെ കുറച്ചുകൊണ്ട് പ്രതിസന്ധി ലഘൂകരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ എയര്‍ ഇന്ത്യയും സ്പൈസ് ജെറ്റും പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം കുറച്ചതായി നേരത്തേ അറിയിച്ചിരുന്നു.

Latest News