ദുബായ്- കോറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ ഈദ് അനുബന്ധ ഒത്തുചേരലുകളും കൂടിക്കാഴ്ചകളും ഒഴിവാക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് യു.എ.ഇ. എല്ലാ കുടുംബങ്ങളും ഈദ് അനുബന്ധ ഒത്തുചേരലുകളും ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതും ഒഴിവാക്കണമെന്ന് യു.എ.ഇ ഗവണ്മെന്റ് ഔദ്യോഗിക വക്താവ് ഡോ. അംന അല്‍ദഹക് അല്‍ ശംസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കുകയും കൂട്ടം കൂടിനില്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. ഇത്തരം സംഗമങ്ങളുടെ പാരമ്പര്യ രീതികളും ശീലങ്ങളും ഈ വര്‍ഷം ഒഴിവാക്കണം- അവര്പറഞ്ഞു. 35,735 പുതിയ പരിശോധനകളില്‍ 796 പുതിയ കോവിഡ്-19 കേസുകള്‍ കണ്ടെത്തിയതായി ഡോ.അല്‍ ഷംസി വെളിപ്പടുത്തി. രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം ഇപ്പോള്‍ 22,627 ആണ്. 603 പേര് രോഗവിമുക്തി നേടിയതോടെ കൊറോണ അതിജയിച്ച ആളുകളുടെ എണ്ണം 7,931 ആയിട്ടുണ്ട്. പുതുതായി നാല് പേര് മരിച്ചതോടെ മരണ സംഖ്യ 214 ആയി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14,482 കോവിഡ്-19 രോഗബാധിതര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും വൈദ്യപരിചരണവും നല്കിവരുന്നതായും ഡോ. അംന പറഞ്ഞു. അപകടസാധ്യതകളെ കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്വമാണ്. കൊറോണ വൈറസില്‍ നിന്ന് സമൂഹത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയുമാണ് നമ്മെ നയിക്കേണ്ടതെന്ന് ഡോ. അംന അല്‍ശംസി ഉണര്‍ത്തി.