Sorry, you need to enable JavaScript to visit this website.

അനാമികയുടെ യാത്രകൾ 

ലണ്ടൻ കിങ്‌സ് കോളേജിൽനിന്നും ഗ്‌ളോബൽ എക്‌സ്പീരിയൻസ് അവാർഡ് ഏറ്റുവാങ്ങുന്നു.
സ്‌റ്റോക്‌ഹോമിൽ നടന്ന റീജനൽ കോൺഫറൻസിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നു.

ഈജിപ്ഷ്യൻ പ്രസിഡന്റിന്റേതുൾപ്പെടെയുള്ള അതിവിശിഷ്ട വ്യക്തികളുടെയും ഒപ്പം ലോകമെങ്ങുമുള്ള പ്രകൃതി സ്‌നേഹികളുടെയും ആതിഥ്യം സ്വീകരിച്ച് പരിസ്ഥിതി പ്രവർത്തക കൊച്ചി പാലാരിവട്ടം സ്വദേശി അനാമിക നടത്തിയ യാത്രകളെക്കുറിച്ച്........         

                                                    
യാത്രകളെന്നും ഒരു ലഹരിയായിരുന്നു അനാമിക മധുരാജിന്. അതാകാം എറണാകുളം ഭവൻസിലെ പ്ലസ് ടു പഠനം കഴിഞ്ഞ് ലണ്ടനിലെ കിങ്‌സ് കോളേജിൽ ചേരാൻ അനാമികയെ പ്രേരിപ്പിച്ചത്. പ്ലസ് ടുവിന് സയൻസായിരുന്നു ഐഛിക വിഷയമെങ്കിലും ഡോക്ടറാകാനോ എൻജിനീയറാകാനോ ആയിരുന്നില്ല ഈ മിടുക്കി ആഗ്രഹിച്ചത്. വ്യത്യസ്തമായി എന്തെങ്കിലും പഠിക്കണമെന്നായിരുന്നു ചിന്ത. അതിനായി തെരഞ്ഞെടുത്തതാകട്ടെ, ഏറെ വിഷയങ്ങൾ ചേർന്ന ലിബറൽ ആർട്‌സും.

ലോകത്തിലെ ഏറ്റവും റാങ്കിംഗുള്ള കലാലയമായ ലണ്ടനിലെ കിങ്‌സ് കോളേജും അതിനായി കണ്ടെത്തുകയായിരുന്നു. അനാമികയുടെ യാത്രകൾ അവിടെ തുടങ്ങുകയായിരുന്നു. ലണ്ടൻ കിങ്‌സ് കോളേജിൽനിന്നും നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പുരിലേക്കും ഇന്റേൺഷിപ്പിനായി കൊളംബിയയിലേക്കും ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിലേക്കും നെയ്‌റോബിയിലെ യു.എൻ. ഹ്യൂമൺ സെറ്റിൽമെന്റ് പ്രോഗ്രാമിലേക്കും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള സ്‌റ്റോക്‌ഹോം സമ്മേളനത്തിലേക്കും ഈജിപ്തിലെ വേൾഡ് യൂത്ത് ഫോറത്തിലേക്കുമെല്ലാം അവൾ യാത്ര ചെയ്തു. ഒടുവിൽ ഹാർവാർഡ് സർവകലാശാലയിൽ മാസ്റ്റർ ഓഫ് പബ്ലിക് പോളിസിയിൽ പോസ്റ്റ്ഗ്രാജ്വേറ്റ് പഠനത്തിനായി യാത്ര തിരിക്കാനൊരുങ്ങുകയാണ്. പ്രായം ഇരുപത്തിമൂന്നേ ആയിട്ടുള്ളൂവെങ്കിലും ഈ കൊച്ചിക്കാരി നടന്നുതീർത്ത വഴികൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.


ആദ്യ വർഷം ഫിലിം സ്റ്റഡീസും ഫ്രഞ്ചും പഠിച്ചെങ്കിലും അടുത്ത വർഷം പൊളിറ്റിക്‌സാണ് മേജർ വിഷയമായി തെരഞ്ഞെടുത്തത്. സർവകലാശാലയിലെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പുരിലെത്തി. അവിടെനിന്നും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയതിന്റെ ഫലമായി കൊളംബിയയിലെ മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ ആന്റ് കൾച്ചറൽ സെന്ററിൽ പോളിസി റിസർച്ചിൽ നാലു മാസം ഇന്റേൺഷിപ്പും നടത്തി. സ്‌കൂൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാനുള്ള ഉപാധിയായി ഒരു റിപ്പോർട്ടും സമർപ്പിച്ചു. ഇതിനിടയിൽ ഒട്ടേറെ അംഗീകാരങ്ങളും അനാമികയെ തേടിയെത്തി. ഗ്ലോബൽ എക്‌സ്പീരിയൻസ് റിട്ടേൺ റിഫഌക്ഷൻ അവാർഡ്, ഇന്റർ ഡിസിപ്ലിനറി അവാർഡ്, യൂറോപ്യൻ ഗ്ലോബൽ അണ്ടർ ഗ്രാജ്വേറ്റ് അവാർഡ്, കിങ്‌സ് ലീഡർഷിപ്പ് അവാർഡ്... തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്.


കിങ്‌സ് കോളേജിലെ പഠനത്തിനിടയിൽ യു.എന്നിൽ ഇന്റേൺഷിപ്പിന് അപേക്ഷിച്ചിരുന്നു. പഠനം പൂർത്തിയായപ്പോൾ കെനിയയിലെ നെയ്‌റോബിയിലെ യു.എൻ ഹ്യുമൺ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ചേർന്നു. സാമ്പത്തിക ഭദ്രതയനുസരിച്ച് ഓരോരുത്തരും ജീവിക്കുന്ന വീടുകളെക്കുറിച്ചായിരുന്നു പഠനം. ഹ്യുമൺ റൈറ്റ്‌സ് മെത്തഡോളജി ഉപയോഗിച്ച് ഹൗസിംഗ് ടൂൾ നിർമിച്ചത് ദക്ഷിണ കൊറിയ ഇന്നും പ്രയോജനപ്പെടുത്തുന്നുണ്ട്. കെനിയയിലെ പാവപ്പെട്ടവർ അനുഭവിക്കുന്ന യാതനകളെക്കുറിച്ചും പഠിച്ചു. തൊഴിലില്ലായ്മയും അനാരോഗ്യവും ഭീകരാക്രമണവുമെല്ലാം അവരെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു പ്രധാനം. സുസ്ഥിര നഗര വികസനം എങ്ങനെ നടപ്പാക്കാമെന്ന റിപ്പോർട്ട് സമർപ്പിച്ചിട്ടാണ് അവിടെനിന്നും മടങ്ങിയത്.
കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സ്‌റ്റോക്‌ഹോമിൽ നടന്ന സമ്മേളനത്തിലും പങ്കെടുത്തു. കാലാവസ്ഥാ പ്രതിസന്ധിയില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു അന്നത്തെ പ്രബന്ധം. കഴിഞ്ഞ രണ്ടു വർഷമായി കേരളം അനുഭവിക്കുന്ന വെള്ളപ്പൊക്ക ദുരന്തമാണ് ഇത്തരമൊരു വിഷയത്തിലേക്ക് താൽപര്യമുണ്ടാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയാത്തവരെ ബോധ്യപ്പെടുത്താനും അതിനുള്ള പ്രതിവിധികളുമായിരുന്നു അന്നത്തെ പ്രബന്ധം.


ഈ നൂറ്റാണ്ടിൽ നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് കാലാവസ്ഥാ വ്യതിയാനം. അത് ജനങ്ങൾ തിരിച്ചറിയണം. അതിനായി പെട്ടെന്നൊരു പ്രതിവിധി കണ്ടെത്താനാവില്ല. നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തുക മാത്രമേ പോംവഴിയുള്ളൂ. കമ്പനികൾ പുറത്തുവിടുന്ന മലിനീകരണം തടയുകയാണ് പ്രധാനം. സാധാരണക്കാരും ഇതിന്റെ പ്രസക്തി മനസ്സിലാക്കണം. അതിന് യുവാക്കളാണ് മുന്നോട്ടു വരേണ്ടത്. സർക്കാറിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും പൂർണ സഹകരണമുണ്ടായാൽ മാത്രമേ ഇതിനെയെല്ലാം അതിജീവിക്കാൻ നമുക്ക് കഴിയുകയുള്ളൂ. ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് വന്നപ്പോൾ ഇതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ അതിനേക്കാൾ ഭീകരമാണ് കാലാവസ്ഥാ വ്യതിയാനം. ബുദ്ധിപൂർവം പ്രവർത്തിച്ച് അതിനെ തടയാനുള്ള സമയമുണ്ടെങ്കിലും ആരുമത് മുഖവിലക്കെടുക്കുന്നില്ല. എല്ലാവരും അടുത്തടുത്തു വരുന്ന ദുരന്തങ്ങളാണ് ശ്രദ്ധിക്കുന്നത്. കൊറോണ വൈറസ് വന്നതിനു ശേഷമാണ് ചൈനയിലെ മാർക്കറ്റ് അടക്കണമെന്ന ബോധം വന്നത്. എന്നാൽ അതിനു മുൻപ് ആരും അതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. അതു പോലെയാണ് കാലാവസ്ഥാ വ്യതിയാനവും. ചൂട് കൂടുന്നതും വെള്ളപ്പൊക്കമുണ്ടാകുന്നതുമെല്ലാം ഇത്തരം വ്യതിയാനങ്ങൾ കൊണ്ടാണ്. തീരപ്രദേശങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ദുരന്തങ്ങളെത്തിയാൽ മാത്രമേ പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുകയുള്ളൂ. വെള്ളപ്പൊക്കമുണ്ടായി ഏതെങ്കിലും നാട് മുങ്ങിപ്പോയാൽ അവിടെയുള്ളവർ അഭയാർത്ഥികളായി മറ്റു നാടുകളിലെത്തും. സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി പ്രശ്‌നങ്ങളെയാണ് പിന്നീട് നേരിടേണ്ടിവരിക -തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് അനാമിക.
എല്ലാ വർഷവും ഈജിപ്തിൽ നടക്കുന്ന വേൾഡ് യൂത്ത് ഫോറത്തിലും അനാമിക പങ്കാളിയായി. ലക്ഷത്തിലേറെ പേർ അപേക്ഷിച്ചതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരം പേരിൽ ഒരാളാകാൻ കഴിഞ്ഞു. യുവജനങ്ങളുടെ ശേഷിയെ ഏതു രീതിയിൽ പ്രയോജനപ്പെടുത്താമെന്നതായിരുന്നു വിഷയം. ഈജിപ്ഷ്യൻ പ്രസിഡന്റിനൊപ്പമുള്ള അത്താഴ വിരുന്നിനും ചർച്ചക്കും നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തിലും ഇടം നേടി. അതിനു ശേഷം ദൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിലും കുറച്ചുനാൾ പ്രവർത്തിക്കാൻ അവസരം ലഭിച്ചു.


യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർക്ക്‌ഷോപ്പിലേക്കും അനാമിക തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആകെയുള്ള മുപ്പത്താറ് സീറ്റുകളിൽ ഈ പെൺകുട്ടിയുമുണ്ട്. ഈ മാസം കൊറിയയിലെ സോളിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ അടുത്ത മെയ് മാസത്തിലേക്കു നീട്ടിയിരിക്കുകയാണ്. അതിനായി ഞങ്ങളെല്ലാം ചേർന്ന് ഒരു പ്രോജക്ട് തയാറാക്കുന്നുണ്ട്. ഏഷ്യാ പസഫിക് രാജ്യങ്ങൾക്കു വേണ്ടി വേസ്റ്റ് മാനേജ്‌മെന്റിനെ എങ്ങനെ നന്നായി നേരിടാമെന്നാണ് വിഷയം. കാലാവസ്ഥാ വ്യതിയാനവുമായി ഇതിന് ഏറെ ബന്ധമുണ്ട്. വികസ്വര രാജ്യങ്ങൾ വികസിത രാജ്യങ്ങളിൽനിന്നും വാങ്ങിക്കുന്ന പല മാലിന്യങ്ങളും നിർമാർജനം ചെയ്യാനാവാത്ത സ്ഥിതി വന്നിരിക്കുന്നു. ഈ പ്രവണതയെ എങ്ങനെ തടയാം എന്നാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമാക്കുന്നത്. കൂടാതെ വേൾഡ് ഇംപാക്ട് അലയൻസിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കാനുള്ള ക്ഷണവും അനാമികക്കു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ വികസനത്തിലുള്ള താൽപര്യം നിമിത്തം സൂപ്പർവൈസറോടൊപ്പം ചേർന്ന് തയാറാക്കിയ ഒരു പ്രബന്ധം അവിടത്തെ ഒരു ജേർണലിൽ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്.


വിദ്യാഭ്യാസവും അതോടനുബന്ധിച്ചുള്ള പ്രോജക്ടുകളുമായി വിദേശത്ത് കഴിയുന്നെങ്കിലും മാതൃരാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും ഒരിക്കലും മറക്കാറില്ല. ഇവിടത്തെ ജനാധിപത്യ സമ്പ്രദായവും സാമൂഹികാവസ്ഥകളുമെല്ലാം അവരിൽനിന്നും ഏറെ വ്യത്യസ്തമാണ്. പഠനത്തിന് കൂട്ടായി മലയാളികളോ ഇന്ത്യക്കാരോ ഉണ്ടായിരുന്നില്ല. പല രാജ്യക്കാരായ സുഹൃത്തുക്കൾ ഒത്തുചേരുമ്പോഴാണ് ഇന്ത്യയെക്കുറിച്ചും പ്രത്യേകിച്ച് കേരളത്തെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാട് ബോധ്യപ്പെടുന്നത്. പലർക്കും ഈ നാടിനോട് സ്‌നേഹവും ഇവിടേക്ക് വരണമെന്ന മോഹവുമുള്ളവരാണ്.
പ്രത്യേക ജോലി നേടുക എന്നതല്ല അനാമികയുടെ ലക്ഷ്യം. ഉന്നത പഠനത്തിലൂടെ സമൂഹത്തെ എങ്ങനെ ഉയർച്ചയിലേക്കു നയിക്കാമെന്നാണ് സ്വപ്നം കാണുന്നത്.
കൊച്ചി പാലാരിവട്ടത്തെ സംയമത്തിൽ മർച്ചന്റ് നേവിയിൽ മറൈൻ ചീഫ് എൻജിനീയറായ മധുരാജിന്റെയും പ്ലസ് ടു അധ്യാപികയായ ലേഖാ നമ്പ്യാരുടെയും മകളാണ് അനാമിക. അമ്മ നന്നായി പാടുകയും എഴുതുകയും ചെയ്യുമെന്ന് അനാമിക പറയുന്നു. കുട്ടിക്കാലം തൊട്ടേ കഥകളെഴുതിത്തുടങ്ങിയ അമ്മ മിസ്റ്റീരിയസ് റസണൻസ് എന്നൊരു ചെറുകഥാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. ഇരട്ട സഹോദരിയായ മാളവിക വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ടിൽ ആർക്കിടെക്റ്റ് അവസാന വർഷ വിദ്യാർത്ഥിനിയാണ്. 

 



 

Latest News