Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

അസർബൈജാനിലെ കേരള മോഡൽ

വികസന രംഗത്തും ആരോഗ്യ രംഗത്തും കേരള മാതൃകകൾ പരീക്ഷിക്കുന്ന മുൻ സോവിയറ്റ് യൂനിയനിലെ മനോഹര രാജ്യമായ അസർബൈജാനിലെ സ്ത്രീ ശാക്തീകരണത്തെ ക്കുറിച്ച്

കേരളത്തിന്റെ കുടുബശ്രീ പെരുമ അസർബൈജാനിലെ ഗ്രാമങ്ങളിൽ സൃഷ്ടിക്കുന്നത് കേരളത്തിന്റെ മഹത്തായ മാതൃകകൾ.
കോവിഡ് മഹാമാരിയുടെ കാലത്ത് മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന  അസർബൈജാനിലെ വിവിധ പ്രവിശ്യകളിലെ ഗ്രാമങ്ങളിൽ ചിലയിടത്തെങ്കിലും പ്രതിരോധത്തിന്റെ മതിലുകൾ തീർക്കുന്നത് സ്ത്രീകളാണ്. സാമൂഹ്യ അകലം പാലിച്ചും രോഗപ്രതിരോധ പ്രവർത്തനം നടത്തിയും മാസ്‌കുകളും സാനിറ്റൈസറുകളും പ്രചരിപ്പിച്ചും  കോവിഡ് പ്രതിരോധത്തിന്റെ പാഠങ്ങൾക്ക് ആ രാജ്യം കേരളത്തോട് നന്ദി പറയണം.


2018 ലാണ് വേൾഡ് ബാങ്കിൽ  ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്നുള്ള  മലയാളിയായ ഐ.എ.എസുകാരി താരാ ഷറഫുദ്ദീന് ബാങ്കിന്റെ അസർബൈജാൻ ചുമതല ലഭിക്കുന്നത്. (പഴയകാല സി.പി.ഐ നേതാവും എം.പിയുമായിരുന്ന പി.കെ. കൊടിയന്റെ മകളാണ് താര). ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണവും തൊഴിലും സ്വയം പര്യാപ്തതയും
വേൾഡ് ബാങ്ക് സഹായത്തോടെ നടപ്പാക്കുന്നതിന്  കേരളത്തിലെ കുടുംബശ്രീ മാതൃക പകർത്തുകയായിരുന്നു താരാ ഷറഫുദ്ദീൻ. അവരുടെ ഔദ്യോഗിക ചുമതലക്കപ്പുറം നടത്തിയ ഇടപെടലുകൾ വലിയ മാറ്റമാണ് ഗ്രാമങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളത്. ഗ്രാമങ്ങളിലെ സ്ത്രീകളെ സാമൂഹ്യമായും സാമ്പത്തികമായും ഉയർത്തിക്കൊണ്ടുവരികയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 


കേരളത്തിലെ സർക്കാറുമായും കുടുംബശ്രീ മിഷനുമായും ബന്ധപ്പെട്ട് കേരളത്തിന്റെ സഹായം ഉറപ്പു വരുത്താൻ താരാ ഷറഫുദ്ദീന് സാധിച്ചു. ദീർഘനാളത്തെ ചർച്ചകൾക്കും അസർബൈജാനിൽ നിന്നുള്ള പഠന സംഘത്തിന്റെ സന്ദർശനങ്ങൾക്കും ശേഷംകേരളത്തിലെ കുടുംബശ്രീ മിഷൻ പ്രവർത്തകർ സജിത്ത് സുകുമാരന്റെ നേതൃത്വത്തിലുള്ള  കേശവൻ നായർ, സോയാ തോമസ്, അനീഷ് കുമാർ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘം ആദ്യമായി അസർബൈജാൻ സന്ദർശിക്കുന്നത് 2018 ലാണ്. 
പത്ത് ദിവസത്തെ പര്യടനത്തിനിടയിൽ അവിടത്തെ ലോക ബാങ്ക് പദ്ധതി നിർവഹണത്തോടെപ്പം കേരള കുടുംബശ്രീ സംഘം നിരവധി ഗ്രാമങ്ങൾ  സന്ദർശിക്കുകയും സ്ത്രീകളുമായി  സംസാരിക്കുകയും ചെയ്തു.
തെക്ക് പടിഞ്ഞാറൻ ഭാഗത്തെ മസാലി എന്ന പ്രവിശ്യയിലാണ് ഫീൽഡുതല പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മസാലിയിലെ ചക്കിർലി എന്ന ഗ്രാമത്തിലും അൽപമകലെ കാസ്പിയൻ കടൽതീരത്തോട് അടുത്ത്് കിടക്കുന്ന ലങ്കരൻ, പ്രവിശ്യയിലെ സെപറാഡി ,ഗ്രാമത്തിൽ രൂപീകരിച്ചുകൊണ്ടായിരുന്നു അസർബൈജാനിലെ കുടുംബശ്രീയുടെ തുടക്കം. 


വിവിധ പ്രവിശ്യകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ അടങ്ങുന്ന സംഘത്തിന് പരിശീലനം നൽകാനും ഈ കാലയളവിൽ സാധിച്ചതായി ആദ്യ സംഘത്തിന്റെ മേധാവി സജിത് സുകുമാരൻ  പറഞ്ഞു. ആ രാജ്യത്തിന്റെ പ്രത്യേകതക്കനുസരിച്ച പദ്ധതികൾ രൂപപ്പെടുത്തുകയും അത് നടപ്പിലാക്കാനാവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുകയായിരുന്നു കേരള സംഘം ചെയ്തത്. ഓരോ പ്രവിശ്യയിലെയും ഗ്രാമങ്ങളിൽ  പരമാവധി ആളുകളെ സംഘടിപ്പിച്ച് പദ്ധതി വിശദീകരിച്ചു.
പൊതുയോഗങ്ങൾക്ക് ശേഷം സ്ത്രീകളുടെ പ്രത്യേക യോഗം ചേർന്നാണ് വനിതാ സംഘടന രൂപീകരിച്ചത് .
കേരളത്തിലെ കുടുംബശ്രീയെ പോലെ മിതവ്യയ, സമ്പാദ്യത്തിലധിഷ്ഠിതമായ പദ്ധതികളുമായാണ് ഗ്രൂപ്പുകൾ പ്രവർത്തിച്ചു തുടങ്ങിയത്. പട്ടണങ്ങളിൽ മാത്രം ബാങ്കുകൾ പ്രവർത്തിക്കുന്ന രാജ്യമാണ് അസർബൈജാൻ. സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങളുടെ ഭാഗമായി ബാങ്കുകൾ പ്രതിസന്ധിയിലുമായിരുന്നു. വനിതാ വികസന സംഘങ്ങളുടെ രൂപീകരണം സാർവത്രികമായി തുടങ്ങി.
സൂക്ഷ്മ സംരംഭങ്ങളുടെ രുപീകരണത്തിനു  തുടക്കം കുറിക്കാനുള്ള നടപടികൾ തുടങ്ങിയതോടെയാണ് അവർക്കാവശ്യമായ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ സംഘം 2018 സെപ്റ്റംബർ മാസത്തിൽ അസർബൈജാനിൽ എത്തുന്നത്. സംഘത്തിലുണ്ടായിരുന്നത് സജിത് സുകുമാരൻ, അരുപ് ഘോഷ് ദസ്തിദാർ, രൺജിത് റാനഡേ എന്നിവരായിരുന്നു.
 കുടുംബശ്രീ കേരള മാതൃകയുടെ പൂർണത കൈവരിക്കുന്നത് അതോടു കൂടിയാണ്. അസർബൈജാനിൽ വളർന്നു വന്ന വനിതാ സംഘടനക്ക് 2019 ഫെബ്രുവരിയിൽ ദേശീയ ഫെഡറേഷൻ നിലവിൽ വന്നു. 
വിവിധ പ്രവിശ്യകളുടെ ഏകോപനം ഇത് മൂലം സാധ്യമാകുന്നുണ്ട്.


കേരളത്തിൽ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ നിലനിൽക്കുന്ന രാജ്യം എന്ന നിലയിൽ കേരളത്തിന്റെ രീതികൾ അതേപടി പകർത്തുകയല്ല അസർബൈജാനിൽ ചെയ്തത്. 
ആ രാജ്യത്തിന്റെ സവിശേഷതകളെ ഉൾക്കൊള്ളുന്ന സമീപനമാണ് കൈക്കൊണ്ടത്. സ്ത്രീകളുടെ ഒരു സംഘടന രൂപീകരിക്കുക എന്ന രീതിയിൽ പ്രവർത്തനങ്ങൾ തുടങ്ങിയ ഇപ്പോൾ തൊഴിൽ രഹിതരായ സ്ത്രീകളുടെ നിരവധി ചെറു സംരംഭങ്ങൾക്ക് തുടക്കമിട്ടു മുന്നേറുകയാണ്. 
സ്വയം പര്യാപ്തതയുടെയും സാമ്പത്തിക ഭദ്രതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ആശയം അതിവേഗം പടരുന്നത് അവിടെ കാണുകയാണ്. ഒരു ഭാഗത്ത് കാസ്പിയൻ കടലും ജോർജിയ, റഷ്യ, ഇറാൻ, അർമേനിയ, തുർക്കി അതിരുകൾ പങ്ക് വെക്കുന്ന വിശാലമായ രാജ്യമാണ് അസർബൈജാൻ. ഒരു കോടി മാത്രമാണ് ജനസംഖ്യ. 


ചതുരശ്ര കിലോമീറ്ററിന് 113 ആളുകൾ അടങ്ങുന്ന ജനസാന്ദ്രത (കേരളത്തിൽ ഇത് 859 താണ്). 60 പ്രവിശ്യകളും 12 വലിയ നഗരവും 78 പട്ടണങ്ങളും ചേരുന്ന അസർബൈജാൻ മറ്റു യൂറോപ്യൻ നഗരങ്ങളെ വെല്ലുന്ന സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. എണ്ണ ഉൽപാദനമാണ് പ്രധാന വരുമാന മാർഗം. നഗര കേന്ദ്രീകൃതമായ വികസന കാഴ്ചപ്പാടുകളിലായിരുന്നു രാജ്യത്തിന്റെ ശ്രദ്ധ.
വിശാലമായ ഗ്രാമീണ മേഖലയിൽ പരിമിതമായ ജീവിത സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവിതം. എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളിലും പിന്നോക്കാവസ്ഥ നിലനിൽക്കുന്നു. ശൈത്യകാലം ഗ്രാമീണരുടെ ജീവിതം ദുർഘടമാക്കുന്നു. ഇത്തരമൊരു സാഹചര്യം ഏതൊരു ഇന്ത്യൻ ഗ്രാമത്തിന്റെയും സമാനതകൾ ഉൾക്കൊള്ളുന്നതാണ് .
വനിതാ സംഘടനകളുടെ രൂപീകരണത്തോടെ സംരംഭങ്ങൾ ആരംഭിക്കുകയും സ്ത്രീകളുടെ മിതവ്യയ സമ്പാദ്യ രീതികൾ ശക്തിപ്പെടുകയും ചെയ്തതോടെ സ്വയം പര്യാപ്തമായ കുടുംബവും ഗ്രാമവും എന്ന നിലയിലേക്ക് അതിവേഗ മുന്നേറ്റം സാധ്യമാവും എന്ന് തന്നെയാണ് കേരളത്തിലെ കുടുംബശ്രീ പ്രവർത്തകരുടെയും ലോക ബാങ്കിന്റെ ചുമതലയുള്ള കേരളത്തിൽ നിന്നുള്ള താര ഷറഫുദ്ദീന്റെയും പ്രതീക്ഷ. 


ലോകം മഹാമാരിയെ നേരിടുമ്പോൾ പ്രതിരോധത്തിനായി കേരളം കൈക്കൊള്ളുന്ന മാതൃകകൾ പിൻപറ്റിക്കൊണ്ട് മറ്റൊരു രാജ്യത്തെ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യർ പ്രവർത്തിക്കുന്നുവെന്നത് കേരളത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് അഭിമാനകരമാണ്. സാമൂഹ്യ അടുക്കള എന്ന ആശയം ലോകത്തിനാദ്യമായി നൽകിയത് ജോസഫ് സ്റ്റാലിൻ എന്ന സോവിയറ്റ് ഭരണാധികാരിയായിരുന്നു എന്നത് ചരിത്രമാണ്. കോവിഡ് ദുരന്ത കാലത്ത് കേരളത്തിലെ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ സാമൂഹ്യ അടുക്കള സജീവമാണ്. 
അസർബൈജാനിലെ ഗ്രാമങ്ങളിൽ സാമൂഹ്യ അടുക്കളകൾ ഒരുക്കിയും മാസ്‌കുകൾ നിർമിച്ചു നൽകിയും സാനിറ്റൈസർ നിർമിച്ചും സാമൂഹ്യ അകല ബോധവൽക്കരണം നടത്തിയും കുടുംബശ്രീകൾ മുന്നേറുമ്പോൾ മഹത്തായ കേരള മാതൃക ലോകത്തിന്റെ നെറുകയിൽ ഒരിക്കൽ കൂടി അഭിമാനത്തോടെ നിൽക്കുന്നു. 
അസർബൈജാനിലെ ഗ്രാമീണ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെക്കുന്ന പ്രവർത്തനങ്ങളെ സഹായിക്കുന്ന ഇന്ത്യൻ എംബസിയെയും കേന്ദ്ര കേരള സർക്കാറുകളെയും ഫെഡറേഷൻ ഓഫ് അസർബൈജാൻ റൂറൽ വിമൻസ് അസോസിയേഷൻ ചെയർപേഴ്‌സൺ ഗുൽബാനിസ് ഗാൻബറോവ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.


കോക്കസ് പർവതങ്ങളും കാസ്പിയൻ കടലിടുക്കുകളും അതിര് പങ്കിടുന്ന അസർബൈജാനിൽ പഠിക്കാനെത്തിയ വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ജേക്കബ് മാത്യു ഐക്കര പറയുന്നത് ഇന്ത്യക്കാരെ അത്രയേറെ പ്രിയമാണ് അസർബൈജാനികൾക്കെന്നാണ്. 
ഇന്ത്യൻ സിനിമകളും സംഗീതജ്ഞരും അവർക്കേറെ പ്രിയമുള്ളതാണ്. മഹത്തായ സോവിയറ്റ് യൂനിയന്റെ തകർച്ച ശിഥിലമാക്കിയ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന അസർബൈജാനിലെ ജനസംഖ്യയുടെ തൊണ്ണൂറ്റി മൂന്ന് ശതമാനവും മുസ് ലിംകളാണ്. സമാധാന പ്രിയരും അധ്വാനശീലരുമായ അസർബൈജാനികൾ എല്ലാ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്നവർ കൂടിയാണ്. അതെ, സോഷ്യലിസം ലോകത്തിന് പഠിപ്പിച്ചുപോയ ഒരു നന്മ.

Latest News