ദുബായ്- കോവിഡ് വെല്ലുവിളി പൂര്‍ണമായും മാറാതെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാവില്ലെന്ന് ദുബായ് എയര്‍പോര്‍ട്സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ്. യാത്രക്കാര്‍ക്ക് ആശങ്കകളില്ലാതെ യാത്ര ചെയ്യാന്‍ സാഹചര്യമുണ്ടാകണം. കോവിഡിനു ഫലപ്രദ വാക്സിന് കണ്ടെത്തുംവരെ പൂര്‍ണതോതിലുള്ള വ്യോമഗതാഗതം സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി ഘട്ടംഘട്ടമായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ആവശ്യങ്ങള്‍ക്ക് അനുസൃതമായി സര്‍വീസ് നടത്താനാവാത്ത സാഹചര്യമാണ് ഓരോ രാജ്യവും നേരിടുന്നത്.
കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുബായ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ മെഡിക്കല്‍ ടീമിനാണു ചുമതല. അകലം പാലിക്കാനുള്ള മുന്‍കരുതലും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.






