പലതും നാമറിയാതെ വന്നു ചേരുന്ന നിയോഗങ്ങളാണ്. രാജലക്ഷ്മിയെക്കുറിച്ചെഴുതിയ ആ കഥയിൽ വസന്ത എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള പരാമർശം വരേണ്ട കാര്യമില്ല. അത് എങ്ങനെയോ എന്റെ തൂലികയിലേക്ക് ഒഴുകി വന്ന വാചകം. എത്രയോ പേർ ആ കഥ വായിച്ച് വിളിക്കുകയും എഴുതുകയുമൊക്കെ ചെയ്തു. അവരാരും ആ വാചകത്തിന് ആവശ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തില്ല. പക്ഷെ അത് ചെന്നു തറച്ചത് തറക്കേയ്ണ്ടിടത്തു തന്നെയായിരുന്നു. വസന്തയെയും കൃതികളെയും കണ്ടെടുക്കാനുള്ള നിയോഗം പ്രിയാ വർഗീസിനായിരുന്നു. ഞാൻ വെറുമൊരു ഉപകരണം മാത്രം.
ഞാൻ പ്രിയ.. ഫോണിലൂടെ ഒരു കിളിസ്വരം എന്നോട് പറഞ്ഞു.
തൃശൂരിൽനിന്ന് വിളിക്കുന്നു. കുന്ദംകുളം ശ്രീവിവേകാനന്ദ കോളേജ് അധ്യാപികയാണ്.
വിഷയം മലയാളം. ഭാഷാപോഷിണിയിൽ വന്ന മാഡത്തിന്റെ കഥ വായിച്ചു. രാജലക്ഷ്മി എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള കഥ. അപരിചിതൻ എഴുത്തുകാരിയോട് പറഞ്ഞത് എന്ന ആ കഥ വളരെ ഇഷ്ടപ്പെട്ടു.
നന്ദി പറഞ്ഞ് ഞാൻ ആ കുട്ടിയോട് അൽപനേരം സംസാരിച്ചു. ഫോൺ വെക്കാൻ തുടങ്ങിയപ്പോൾ അവൾ ചോദിച്ചു.
- മാഡത്തിന് തിരക്കുണ്ടോ? ഒരു കാര്യം ചോദിച്ചോട്ടെ?
- ചോദിച്ചോളൂ
' ആ കഥയിൽ വസന്ത എന്നൊരു എഴുത്തുകാരിയെക്കുറിച്ചും അവരുടെ 'ഈർക്കിലില്ലാത്ത ഓലയില' എന്ന നോവലിനെക്കുറിച്ചും പറയുന്നുണ്ട്. ഓർക്കുന്നുണ്ടോ?
ആത്മഹത്യ കൊണ്ടുമാത്രം പ്രശസ്തി നേടിയ എഴുത്തുകാരിയായി ആ കഥയിൽ ഞാൻ രാജലക്ഷ്മിയെ കാണാൻ ശ്രമിച്ചിരുന്നു. ഈർക്കിലില്ലാത്ത ഓലയില എന്ന നല്ല നോവലെഴുതിയ വസന്തയെ ഇന്ന് ആരോർമിക്കുന്നുവെന്ന ഒരു പരാമർശവും അതിലുണ്ടായിരുന്നു. അതിനെക്കുറിച്ചാണ് പ്രിയ ചോദിക്കുന്നത്.
- നല്ലോണം ഓർക്കുന്നു. എന്തേ?
- ആ പേര് എന്നെ വല്ലാതെ ആകർഷിച്ചത് കൊണ്ട് ഞാൻ സാഹിത്യ അക്കാദമി ലൈബ്രറിയിൽപോയി തിരക്കി. അതിശയിച്ചുപോയി. അങ്ങനെ ഒരു നോവലുമുണ്ട്, എഴുത്തുകാരിയുമുണ്ട്. ആരും പറഞ്ഞ് കേട്ടിട്ടില്ല.
തമസ്‌കരണം എന്ന് കേട്ടിട്ടുണ്ടോ?
- ഞാൻ ചോദിച്ചു. പലത് കൊണ്ടും തമസ്‌കരിക്കപ്പെട്ടുപോയ എഴുത്തുകാരിയാണ് വസന്ത. അവർ കഥകളും എഴുതിയിട്ടുണ്ട്. ഇടയ്ക്ക് എഴുത്തിനോട് വിട പറഞ്ഞത് കൊണ്ടാണ്.. അല്ലെങ്കിൽ ഇന്ന് മുൻനിരയിൽ ഉണ്ടാകുമായിരുന്നു.
- ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?
- ഇല്ല, തിരുവനന്തപുരം വിമൻസ് കോളേജിൽ അധ്യാപികയായിരുന്നു. കാൻസർ വന്ന് മരിച്ചുപോയി.
- നേരിട്ടറിയാമായിരുന്നോ?
- അറിയാമായിരുന്നു.
- എനിക്ക് മാഡത്തിനെ കാണണം. വസന്ത ടീച്ചറിനെക്കുറിച്ച് കൂടുതൽ അറിയണം. അറിഞ്ഞേ തീരൂ.
പ്രിയയും ഞാനും കണ്ടത് തൃശൂരിൽ ലളിതാ ലെനിൻ എന്ന കവിയുടെ വീട്ടിൽ വെച്ചായിരുന്നു. ഒരു ഗവേഷകയുടെ തിളക്കം നിറഞ്ഞ കണ്ണുകളുമായി അവർ എനിക്ക് മുന്നിൽ ഉദ്വേഗത്തോടെ ഇരുന്നു.
കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിൽ അദ്ദേഹത്തിന്റെ മുഖവുരയോടെ 'ഈർക്കിലില്ലാത്ത ഓലയില' എന്ന നോവൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ കാലം ഞാൻ അനുസ്മരിച്ചു. അന്നു ഞാൻ സ്‌കൂൾ വിദ്യാർത്ഥിനി. ആർത്തിപിടിച്ച് എന്തും വായിച്ചിരിന്ന കാലം. വസന്ത എന്ന എഴുത്തുകാരിയുടെ ചില കഥകൾ ജനയുഗത്തിൽ വായിച്ചിട്ടുണ്ട്. നോവൽ രണ്ടധ്യായങ്ങൾ കഴിഞ്ഞപ്പോഴേക്കും എന്നെ കീഴടക്കി. കഥ പുരോഗമിക്കുമ്പോൾ ഞാൻ ലക്ഷ്മി എന്ന കേന്ദ്ര കഥാപാത്രമായി സ്വയം മാറാൻ തുടങ്ങി. അവളുടെ ഏകാകിത, ദുഃഖം, പ്രണയ നൈരാശ്യം, തന്റേടം..ഒക്കെ എന്റെതുമായി. പലയിടത്തും ഞാൻ കരഞ്ഞു. ഒടുവിൽ എല്ലാ നല്ല കാര്യങ്ങളെയും പോലെ നോവലും തീർന്നു.
ഏതാനും കഥകൾക്ക് ശേഷം വസന്ത എന്ന എഴുത്തുകാരിയും മറഞ്ഞു.
1977-78 കാലത്ത് തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായി എന്റെ ആദ്യ നിയമനം. ഹോസ്റ്റലിലെ അടുത്ത മുറിയിലുള്ള അധ്യാപിക പരിചയപ്പെടാൻ വന്നു. 'താനല്ലേ കഥകളെഴുതുന്ന കുമാരി ചന്ദ്രിക?' എന്റെ കഥകൾ വായിച്ചിട്ടുണ്ടെന്നും ഇഷ്ടമാണെന്നും അവർ പറഞ്ഞു. വസന്ത എന്നു പേര് പറഞ്ഞ ആ ടീച്ചർ എന്റെ പ്രിയ എഴുത്തുകാരിയാണെന്ന സത്യം അറിയുന്നത് കുറേനാൾ കഴിഞ്ഞിട്ടാണെന്നു മാത്രം. തലശ്ശേരി കടപ്പുറത്തും തകർന്ന കോട്ടയിലുമൊക്കെ മണിക്കൂറുകൾ ഞങ്ങൾ സംസാരിച്ചിരുന്നു. ഞാനും എഴുത്തിൽനിന്നും പിൻവാങ്ങിനിൽക്കുന്ന കാലമായിരുന്നു അത്.
പിന്നീട് തിരുവനന്തപുരത്ത് ജോലി സ്വീകരിച്ച് ഗവൺമെന്റ് ജോലി ഞാൻ രാജിവെച്ചു. ഒന്നു രണ്ടു തവണ കൂടിയേ തമ്മിൽ കണ്ടിട്ടുള്ളൂ. പിന്നെ കാൻസറിനു കീഴടങ്ങിയതായി അറിഞ്ഞു.
നോവലിന്റെ വായനാനുഭവവും ഞാൻ പ്രിയയുമായി പങ്ക് വെച്ചു. പ്രിയയുടെ കണ്ണുകളിൽ അസാമാന്യമായ പ്രകാശമുണ്ടായിരുന്നു.
'നമുക്കവരെ കണ്ടെടുക്കണം. മാം, എന്റെ കൂടെയുണ്ടാവണം.'
പ്രിയയുടെ വഴിയിലേക്ക് എവിടെ നിന്നൊക്കെയോ വസന്തയുടെ കൃതികൾ വരാൻ തുടങ്ങി. ഞാൻ സൂക്ഷിച്ചിരുന്നവ ഞാനും നൽകി. വസന്തയുടെ തിരുവനന്തപുരത്തെ വീട്ടിലും ലൈബ്രറികളിലുമൊക്കെ തിരഞ്ഞ് കഥകൾ പ്രിയ കണ്ടെടുത്തു. സമത ബുക്‌സ് രണ്ടു പുസ്തകങ്ങളായി അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചരിത്രം വിസ്മൃതിയിലേക്കെറിഞ്ഞ ഒരെഴുത്തുകാരി പുനർജനിക്കുകയായിരുന്നു അവിടെ.
ജെയ്ൻ ഓസ്റ്റിൻ ആണ് ഇംഗ്ലീഷിലെ ആദ്യ എഴുത്തുകാരി എന്ന് എല്ലാവരും അംഗീകരിച്ചതിനെ ചോദ്യം ചെയ്ത് പിൽക്കാല ഫെമിനിസ്റ്റുകൾ ജെയ്ൻ ഓസ്റ്റിനു മുമ്പ് എഴുതിയിരുന്ന 100 എഴുത്തുകാരികളെ കണ്ടെടുക്കുകയും അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതു പോലെ ജാഗരൂകരായ വായനക്കാരെയും കാത്ത് സ്മൃതി പേടകങ്ങളിൽ തമസ്‌കൃതരായ എത്ര എഴുത്തുകാർ ഉറങ്ങിക്കിടക്കുന്നു!
പലതും നാമറിയാതെ വന്നു ചേരുന്ന നിയോഗങ്ങളാണ്. രാജലക്ഷ്മിയെക്കുറിച്ചെഴുതിയ ആ കഥയിൽ വസന്ത എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള പരാമർശം വരേണ്ട കാര്യമില്ല. അത് എങ്ങനെയോ എന്റെ തൂലികയിലേക്ക് ഒഴുകി വന്ന വാചകം. എത്രയോ പേർ ആ കഥ വായിച്ച് വിളിക്കുകയും എഴുതുകയുമൊക്കെ ചെയ്തു. അവരാരും ആ വാചകത്തിന് ആവശ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തില്ല. പക്ഷെ അത് ചെന്നുതറച്ചത് തറക്കേയ്ണ്ടിടത്തു തന്നെയായിരുന്നു. വസന്തയെയും കൃതികളെയും കണ്ടെടുക്കാനുള്ള നിയോഗം പ്രിയ വർഗീസിനായിരുന്നു. ഞാൻ വെറുമൊരു ഉപകരണം മാത്രം.
വസന്തയുടെ ചെറു കഥകളുടെയും നോവലിന്റെയും രണ്ടാം എഡിഷൻ പ്രകാശനം ചെയ്തത് തിരുവനന്തപുരത്ത് വെച്ചായിരുന്നു. അവിടെ വസന്ത ടീച്ചറുടെ ബന്ധുക്കൾ പ്രിയയെ സ്‌നേഹം കൊണ്ട് പൊതിയുന്നത് ഞാൻ കണ്ടു.
'ഇവൾ ഇനി ഞങ്ങളുടെ കുടുംബാംഗമാണ് ടീച്ചർ'. വസന്തയുടെ മരുമകൻ എന്നോട് പറഞ്ഞു.'ഒരിക്കലും നടക്കുമെന്നു കരുതാത്തതൊക്കെയാണ് ഇവൾ കാരണം സംഭവിച്ചിരിക്കുന്നത്'.
ഓരോ എഴുത്തുകാരനും എഴുത്തുകാരിയും കാത്തിരിക്കുന്നത് തങ്ങളെ മൃതിയിൽ നിന്നുപോലും രക്ഷിക്കുന്ന വായനക്കാരെയാണ്.