Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇങ്ങനെയായിരുന്നില്ല എന്റെ മ്യാൻമാർ

പേറ്റു പായയിൽ ചോരപ്പശിമയോടെ പിടഞ്ഞു കരഞ്ഞവൻ, പിന്നെ കമഴ്ന്ന് കിടന്ന് മുട്ടിട്ടിഴഞ്ഞ് പതുക്കെ പതുക്കെ നിവർന്ന് നിന്ന് പിച്ചവെച്ച് ചുറ്റിലും കൺമിഴിച്ച് കാണും കാഴ്ചകളൊക്കെ വിഴുങ്ങി മണ്ണിൽ കാലമർത്തി മുലപ്പാലാർത്തിയോടെ നടന്നലഞ്ഞ ഇടങ്ങളാണ് ഇവിടെ...
-യു.എ.ഖാദർ (ഓർമകളുടെ പഗോഡ)

ബർമ മ്യാൻമറാകുന്നതിന് മുമ്പുളള ഒരു കൈക്കുഞ്ഞിന്റെ കഥയാണിത്. മലയാള സാഹിത്യ ശാഖയിൽ തൃക്കോട്ടൂർ പെരുമ വരിച്ചിട്ട കഥാകാരൻ യു.എ.ഖാദറിന്റെ ജീവിത കഥ. രണ്ടാം ലോക മഹായുദ്ധകാലത്ത് ബർമയിൽനിന്ന് കൊയിലാണ്ടിയിലേക്ക് പലായനം ചെയ്‌തെത്തിയ 12 കാരന്റെ ജീവിതം മ്യാന്മറിനോട് ചേർത്ത് പറയുമ്പോൾ ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി പ്രശ്‌നമായ റോഹിങ്ക്യൻ മുസ്‌ലിംകളുടെ ജീവിതം കൂടി യു.എ.ഖാദർ പറഞ്ഞു നിർത്തുന്നു. മ്യാന്മറിൽ ജീവന് വേണ്ടി പലായനം ചെയ്യുന്ന ന്യൂനപക്ഷത്തെ സമാധാനത്തിന്റെ വക്താക്കളെന്ന് പറയുന്ന ബുദ്ധിസ്റ്റുകൾ നടത്തുന്ന അതിക്രമങ്ങളും കൊടും ക്രൂരതകളും ഖാദറെന്ന എഴുത്തുകാരന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. ബർമയിൽനിന്ന് കൈക്കുഞ്ഞായി കേരളത്തിലെത്തിയ യു.എ. ഖാദർ പിന്നീട് മലയാളിയുടെ സ്വന്തം എഴുത്തുകാരനായി. പിന്നീട് പിറന്ന നാട് തേടി 2011 ൽ വീണ്ടും മ്യാൻമാറിലെത്തി ജന്മസ്ഥലം കണ്ടു. ഓർമയിലെ ബർമയിൽ ഇന്ന് ഒരു കൂട്ടം മനുഷ്യരുടെ ദുരിത ജീവിതം കേട്ട് ചിലത് പറയുകയാണ് യു.എ. ഖാദർ.
 
എന്റെ ഉമ്മ, ബർമക്കാരി
ബർമയിലെ റങ്കൂൺ പട്ടണത്തിന്റെ കിഴക്ക് വിയറ്റ്‌നാം ബോർഡറിൽ മോൺ എന്നൊരു സംസ്ഥാനമുണ്ട്. അവിടെയുള്ള ബില്ലിൻ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. മോൺ സംസ്ഥാനത്തിന്റെ പ്രത്യേകതയിലൊന്ന് അവിടുത്തെ ഭാഷ തന്നെയാണ്. ബർമീസ് ഭാഷയോട് സാമ്യമുള്ള മറ്റൊരു ഭാഷയാണ് അവിടെ സംസാരിക്കുന്നത്. ബുദ്ധ മതാനുയായികളുടെ നിരവധി പഗോഡകൾ (ക്ഷേത്രങ്ങൾ) ഇവിടെയുണ്ട്. ബർമയിൽ സന്ദർശകരായി എത്തുന്ന ആളുകളൊക്കെ ചെന്നെത്തുന്ന ഒരു പ്രത്യേക സ്ഥലമുണ്ടവിടെ. ബുദ്ധന്റെ മുടി സൂക്ഷിച്ച സ്ഥലം. തുലാമാസം കഴിഞ്ഞാൽ നമുക്ക് നാട്ടിൻപുറത്തൊക്കെ ഉത്സവങ്ങളുടെ സീസണാകുന്നത് പോലെ അവിടെയും പഗോഡകളെ അടിസ്ഥാനമാക്കി ഉത്സവങ്ങൾ തുടങ്ങും. ഈ ഉത്സവങ്ങളിലൊക്കെ വഴിക്കച്ചവടത്തിന് പോകുന്ന ഒരാളായിരുന്നു എന്റെ പിതാവ് കൊയിലാണ്ടിക്കാരൻ മൊയ്തീൻ കുട്ടി ഹാജി. മാതാവ് ബർമക്കാരിയായ മാമൈദിയാണ്.
പിതാവ് ഉൽസവങ്ങളിൽ കച്ചവടത്തിന് പോകുമ്പോൾ എന്നെയും കൊണ്ട് പോകുമായിരുന്നു. കാരണം എനിക്ക് അമ്മയില്ല. പ്രസവിച്ച് മൂന്നാമത്തെ ദിവസം അമ്മ മരിച്ചുപോയിരുന്നു. അമ്മയില്ലാത്ത കുഞ്ഞിനെയും കൊണ്ടാണ് പിതാവിന്റെ യാത്ര. അതുകൊണ്ട് ബർമയിലെ ഗ്രാമങ്ങളിലെ ഉത്സവങ്ങളും ഉത്സവക്കാഴ്ചകളും അവിടത്തെ വേഷങ്ങളും നൃത്തങ്ങളും ചിത്രങ്ങൾ പോലെ എന്റെ മനസ്സിലുണ്ട്. അത് എന്റെ പിൽക്കാലത്തെ എഴുത്തിന് ഒരുപാട് സഹായകമായിട്ടുണ്ട്.
 


കൊയിലാണ്ടിയിലേക്ക് 
അമ്മ മരിച്ചതോടെ ചോരപ്പൈതലായ എന്നെ അവിടെ ഉപേക്ഷിച്ചു പോരാൻ ഉപ്പയോട് പലരും പറഞ്ഞതാണ്. എന്നാൽ ഉപ്പക്ക് മനസ്സ് വന്നില്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊയിലാണ്ടിയിലേക്ക്, ഉപ്പയുടെ കൈപിടിച്ച് മലയാളക്കരയിലേക്ക് നടന്നു വന്നു. പിന്നീട് മടക്കമുണ്ടായിട്ടില്ല. ദേശവും സംസ്‌കാരവും മാറി. മലയാളിയായി. കൊയിലാണ്ടി ജീവിതം എന്നെ എഴുത്തുകാരനാക്കി. സി.എച്ച് മുഹമ്മദ് കോയ അടക്കം അതിന് പ്രചോദനമായി. സർക്കാർ ഉദ്യോഗസ്ഥനായി. സാംസ്‌കാരിക പ്രവർത്തകനായി.
 68 വർഷങ്ങൾക്ക് ശേഷം അഞ്ചുദിവസത്തെ അനുമതിയിൽ വീണ്ടും ബർമയിലെത്തി. ബർമയുടെ പേര് മ്യാൻമറിലേക്ക് മാറിയതു പോലെ രാജ്യവും മാറിയിരിക്കുന്നു. കാഴ്ചകൾ മാറിയിരിക്കുന്നു. ആളുകളും അവരുടെ ചിന്തകളും മാറിയിരിക്കുന്നു. മനുഷ്യ ജന്മത്തോടുളള ആദരവാണ് പിറവിയുടെ പൊരുൾ തേടാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അറ്റുപോയ പൊക്കിൾ കൊടിയുടെ അറ്റം തേടിപ്പോകാനുള്ള പ്രേരണ വർഷങ്ങളായി മനസ്സിലുണ്ടായിരുന്നു. എന്നാൽ നടന്നില്ല. പിന്നീട് 2011 ൽ മക്കളോടൊത്ത,് പേരക്കുട്ടിയോടൊത്ത് മ്യാൻമറിലേക്ക് ഒരു യാത്ര നടത്തി. എന്നാൽ ഇന്ന് മ്യാൻമറിൽ ഒരുകൂട്ടം മനുഷ്യർ ജീവിക്കാനായി കേഴുന്ന കാഴ്ച ഹൃദയവേദനയുണ്ടാക്കുന്നതാണ്.

മ്യാൻമറിലെ ദുരിത ജീവിതം
അഹിംസാ വാദികളാണ് ബുദ്ധന്മാർ. എന്നാൽ ഇന്നവിടെ നടക്കുന്ന ക്രൂരതകൾ വളരെ വേദനാജനകമാണ്. മ്യാൻമറിലെ എല്ലായിടത്തും ഈ പ്രശ്‌നങ്ങളില്ലെന്നാണ് വസ്തുത. റോഹിംഗ്യൻ മുസ്‌ലിംകളുടെ ദുരന്തം ലോകമാകമാനം ഇന്ന് മ്യാൻമറിനെതിരെ വിമർശനങ്ങൾ ഉയർത്തിയിട്ടുമുണ്ട്. മ്യാൻമർ കൗൺസിലറായ ആങ് സാൻ സൂചി, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്ന് പറയാതെ വയ്യ. റോഹിംഗ്യയിലെ പൗരാവകാശം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സൂചിയാണ് ഉത്തരവ് നൽകേണ്ടത്. റോഹിംഗ്യകളുടെ ദേശീയത തെളിയിക്കാൻ രേഖാമൂലമുള്ള രേഖകൾ റോഹിംഗ്യയിൽ ഇല്ലെന്നതാണ് വസ്തുത. 
അവിടുത്തുകാരിൽ ഭൂരിഭാഗവും ദരിദ്രരും നിരക്ഷരരുമായ തൊഴിലാളികളാണ്. അവരുടെ പരാതികൾ അഭിമുഖീകരിക്കാൻ ആരെ സമീപിക്കണം എന്ന് പോലും അവർക്കറിയില്ല.
ഭൂരിപക്ഷം വരുന്ന ബുദ്ധസമുദായത്തിൽനിന്ന് വംശീയമായും ഭാഷാപരമായും മതപരമായും വ്യത്യസ്തരാണ് റോഹിംഗ്യക്കാർ. മ്യാന്മറിലെ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് റാഖൈൻ. ഇവിടത്തെ 78 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. ഒരു നേരം പോലും നേരാംവണ്ണം ഭക്ഷണം കഴിക്കാനില്ലാത്ത ജനത. ഇന്ന് ലോകത്തിന്റെ മുഴുവൻ കനിവിനായി തേടുന്ന ഈ ജനതയ്ക്ക് രക്ഷകർ ആരുമില്ല. ജനിച്ചു ജീവിക്കുന്ന മണ്ണിൽ തങ്ങൾ എന്തിനാണ് ആട്ടിപ്പായിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ഇവർക്ക് തന്നെ ഉത്തരമില്ല. 
ബംഗ്ലാദേശ് അതിർത്തിയിലുള്ള റാഖൈൻ സംസ്ഥാനത്തിലെ റോഹിംഗ്യക്കാർ ബ്രിട്ടീഷ് ഭരണകാലത്ത് മ്യാൻമറിൽ ഇന്നത്തെ റങ്കൂൺ തലസ്ഥാന നഗരിയിൽ എത്തിയവരാണ്. ബർമ അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിൽ നിന്നുമെല്ലാം എത്തിയവരാണ് ഇവിടെ വലിയ നഗരങ്ങളും പട്ടണങ്ങളും പണിതത്. എന്നാൽ തലമുറകൾ കഴിഞ്ഞിട്ടും തദ്ദേശീയരായ ആളുകൾ ഇവരെ അവരുടെ സ്വന്തമായി പരിഗണിച്ചില്ല. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അവരുടെ കുടിയേറ്റം നിയമവിരുദ്ധമായി കണക്കാക്കപ്പെടുകയും അവർക്ക് പൗരാവകാശം നിഷേധിക്കുകയും ചെയ്തു.
ഇതോടെയാണ് ഇവരുടെ ജീവിതം ദുരിതപൂർണമായത്.

മേൽവിലാസം ഇല്ലാത്തവർ
ഏകദേശം പത്ത് ലക്ഷത്തോളം റോഹിംഗ്യകളാണ് മ്യാന്മറിൽ ജീവിക്കുന്നത്. റോഹിംഗ്യ, റുയിംഗ എന്ന ഗ്രാമഭാഷയാണ് ഇവർ സംസാരിക്കുന്നത്. മ്യാന്മറിലുള്ള 135 ഗോത്രഗ്രൂപ്പുകളിൽ പരിഗണിക്കാത്ത റോഹിംഗ്യകൾക്കു 1982 മുതൽ മ്യാന്മറിൽ പൗരത്വമില്ല. ഇവർ പിറന്നുവീഴുന്നത് തന്നെ സ്വന്തമായി മേൽവിലാസം ഇല്ലാത്തവരായാണ്. ഇവർ ജീവിക്കുന്നതാകട്ടെ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ റാഖൈനിലുമാണ്. മ്യാന്മറിലെ പട്ടാളവും ബുദ്ധിസ്റ്റുകളും ചേർന്ന് അക്രമവും അനീതിയും അഴിച്ചു വിട്ടപ്പോൾ പതിനായിരക്കണക്കിനു റോഹിംഗ്യകളാണ് മറ്റു രാജ്യങ്ങളിലേക്കു അഭയാർത്ഥികളായി നാടുവിട്ടതും വിട്ടുകൊണ്ടിരിക്കുന്നതും. ഓരോ വംശീയ കലാപത്തിലും ഇവർ നിരന്തരം ആക്രമണങ്ങൾക്കും കൂട്ടപ്പലായനങ്ങൾക്കും ഇരയാകുന്നു.
1962 ലെ സൈനിക അട്ടിമറിക്കു ശേഷമാണ് റോഹിംഗ്യകൾ കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ടത്. ദേശീയ രജിസ്‌ട്രേഷൻ കാർഡുകൾ പൗരന്മാർക്കു നൽകപ്പെട്ടപ്പോൾ റോഹിംഗ്യകൾക്കു നൽകിയ വിദേശ ഐഡന്റിറ്റി കാർഡാണ്. ഇതോടെ ഇവരുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസാവസരങ്ങളും പരിമിതമായി. 1982ൽ വീണ്ടും പുതിയ സിറ്റിസൺ നിയമം പ്രാബല്യത്തിൽ വന്നതോടെ റോഹിംഗ്യകൾ ഒരു രാജ്യത്തിലെയും പൗരന്മാരല്ലാത്തവരായി. 

ജീവനും കൊണ്ടോടുന്നവർ
1970 കളുടെ അവസാനം മുതൽ പത്ത് ലക്ഷം റോഹിംഗ്യകൾ മ്യാന്മറിൽ നിന്നും പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2012 മുതൽ ഈ വർഷം മെയ് വരെ 168,000 ആളുകൾ പലായനം ചെയ്തു. ഇതിൽ 2012 മുതൽ 2015 വരെ 112,000 റോഹിംഗ്യകൾ ജീവൻ പണയം വെച്ച് മീൻപിടുത്ത ബോട്ടിൽ കടൽമാർഗം പലായനം നടത്തിയെന്നും പറയുന്നു. അവരിൽ പലരും ബോട്ട്മുങ്ങി മരണപ്പെട്ടു.ബംഗ്ലാദേശ്, മലേഷ്യ, ഇൻഡോനേഷ്യ, തായ്‌ലൻഡ്, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളാണ് റോഹിംഗ്യകൾക്ക് അഭയം നൽകിവരുന്നത്. ഇന്ത്യയിലേക്ക് പലായനം ചെയ്തവർ കൊൽക്കത്തയിലും ഡൽഹിയിലും ചേരികളിൽ മാലിന്യ കൂമ്പാരങ്ങൾക്ക് നടുവിലാണ് കഴിയുന്നത്. എന്നാൽ ഇന്ത്യയും ഇപ്പോൾ ഇവരെ കൈവെടിയുകയാണ്.
മ്യാൻമർ ഒരു ധാതു സമ്പന്ന രാജ്യമാണ്. അതിന് എണ്ണശേഖരവും ഉണ്ട്. ഭക്ഷ്യധാന്യങ്ങൾ പോലും ആ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു മ്യാന്മറിന്. ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയങ്കരമാവുന്ന ഇടങ്ങളുമുണ്ട്. എന്നാൽ തന്റെ അനുയായികളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് ഒരു ജനതക്കെതിരെ നിലകൊള്ളുന്ന ഭരണാധികാരി ലോകത്തിന് മുമ്പിൽ ക്രൂരതയോടെ പെരുമാറുന്ന കാഴ്ചയാണുളളത്.
മ്യാൻമറിൽ മോഹിപ്പിക്കുന്നതും അദ്ഭുതപ്പെടുത്തുന്നതുമായ കടൽത്തീരങ്ങളുള്ള നാടാണ് റാഖൈൻ സംസ്ഥാനം. സന്ധ്യയിൽ സ്വയം ലയിച്ച് ഇല്ലാതാവാൻ പറ്റിയ കടൽ തീരം. ഈ കടലോര നഗരമുൾപ്പെടുന്ന പ്രദേശത്ത് നിന്നാണ് പതിനായിരങ്ങളുടെ രോദനം ഉയരുന്നതും അത് ലോകമനഃസാക്ഷിയെ നടുക്കം കൊള്ളിക്കുന്നതും. 
 

Latest News