Sorry, you need to enable JavaScript to visit this website.

സഫലമാകട്ടെയീ  ജീവിതയാത്ര...

മഹാമാരിയെ കുറിച്ച് ജനം അനിയന്ത്രിതമായി ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ അളവും തീവ്രതയും കുറയുമ്പോഴാണ് മഹാമാരി അപ്രത്യക്ഷമായി തുടങ്ങുന്നത് എന്നർഥം.മഹാമാരികളുടെ പര്യവസാനം പൊടുന്നനെ അങ്ങ് സംഭവിക്കില്ല. ലോകചരിത്രത്തിൽ ഭീകരവ്യാധികളുടെ കഥകൾ അന്വേഷിച്ചവർ ഒന്നടങ്കം ഈ കാര്യം സാക്ഷ്യപ്പെടുത്തുന്നതായി കാണാം. 

ഈ മഹാമാരി എപ്പോഴാണവസാനിക്കുക? എല്ലായിടത്തും ഉയർന്ന് കേൾക്കുന്ന ചോദ്യമിതാണ്. ജനജീവിതം സാധാരണമാകാത്തതിൽ അസ്വസ്ഥരാണ് എല്ലാവരും. അറിയുക. മഹാവ്യാധികൾ രണ്ടു തരത്തിലേ അവസാനിക്കാറുള്ളൂ. ഒന്നുകിൽ വൈദ്യശാസ്ത്ര മികവിൽ അല്ലെങ്കിൽ സാമൂഹ്യമായി നേടിയെടുക്കുന്ന ആത്മവിശ്വാസത്തിന്റേയും സുരക്ഷിതമായ തന്റേടത്തിന്റേയും വെളിച്ചത്തിൽ.
വൈദ്യശാസ്ത്രപരമായി മഹാമാരികൾ അവസാനിക്കുന്നു എന്നതിനർഥം പ്രതിരോധ മരുന്നുകൾ കണ്ട് പിടിച്ച് മരണസംഖ്യ കുറച്ച് കൊണ്ട് ക്രമേണയുള്ള കീഴടക്കലാണത്. മഹാവ്യാധികളുടെ സാമൂഹ്യമായ ഈ അന്ത്യം സംഭവിക്കുന്നത് ജനങ്ങൾക്ക് രോഗത്തോടുള്ള അമിതമായ ഭയപ്പാട് വിട്ടകലുമ്പോഴാണ്. എപ്പോഴാണ് ഈ മഹാവ്യാധി അവസാനിക്കുക എന്ന ചോദ്യം കൊണ്ട് ജനം  ഉദ്ദേശിക്കുന്നത് സാമൂഹ്യമായി ഈ മഹാവ്യാധിയെ കുറിച്ചുള്ള ഭീതി എപ്പോഴാണ് അകലുക എന്നതാണെന്ന് ജോൺ ഹോപ്കിൻസ് യൂനിവേഴ്‌സിറ്റിയിലെ വൈദ്യശാസ്ത്ര ചരിത്രകാരനായ ജെറമി ഗ്രീൻ  പറയുന്നുണ്ട്. 
മഹാമാരിയെ കുറിച്ച് ജനം അനിയന്ത്രിതമായി ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ അളവും തീവ്രതയും കുറയുമ്പോഴാണ് മഹാമാരി അപ്രത്യക്ഷമായി തുടങ്ങുന്നത് എന്നർഥം. മഹാമാരികളുടെ   പര്യവസാനം പൊടുന്നനെ അങ്ങ് സംഭവിക്കില്ല. ലോകചരിത്രത്തിൽ ഭീകരവ്യാധികളുടെ കഥകൾ അന്വേഷിച്ചവർ ഒന്നടങ്കം ഈ കാര്യം സാക്ഷ്യപ്പെടുത്തുന്നതായി കാണാം. 


രോഗത്തിനെതിരെയുള്ള ഭീതി കുറച്ചുകൊണ്ടുവരാൻ സർക്കാറുകളും ആരോഗ്യരംഗത്തെ വിദഗ്ദരും സാമൂഹ്യ ജീവ കാരുണ്യ രംഗത്തെ സേവന കൂട്ടായ്മകളും സമചിത്തതയോടു കൂടി പരിശ്രമിക്കേണ്ടതുണ്ട്. രോഗ വ്യാപനം തടയാനും സാമൂഹ്യ ഭീതി കുറച്ച് കൊണ്ട് വരാനും  കൂട്ടായ പരിശ്രമവും സഹകരണവും ഇല്ലാത്തെടുത്തോളം കാലം ലോകത്ത് ഈ മഹാമാരി തുടരുമെന്നറിയുക. ഉത്തരവാദിത്തബോധത്തോടെ ആത്മരക്ഷയും അപര രക്ഷയും കണക്കിലെടുത്ത് വേണം ഇനിയുള്ള കുറച്ച് കാലം ക്ഷമാപൂർവം ഓരോരുത്തരും ജീവിക്കാൻ. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാവാൻ എല്ലാവരുടേയും അതീവ ജാഗ്രതയും സൂക്ഷ്മതയും കൂടിയേ തീരൂ. അറിവില്ലായ്മയും അശ്രദ്ധയും, പെരുകുന്ന ഭീകരമായ ഭീതിയിലേക്ക് മാത്രമേ വഴി തെളിയിക്കുകയുള്ളൂ.     
മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കാൻ വേണ്ടി ഉണ്ടാക്കുന്ന ആയുധങ്ങളേക്കാൾ മാരകമാണ് പ്രകൃതിയിലെ നിസ്സാരമായ അണുക്കളും ജീവികളും എന്നുള്ള തിരിച്ചറിവ് മനുഷ്യന് നൽകുന്നതാണ് മഹാമാരികളുടെ ചരിത്രം. വൈദ്യശാസ്ത്രപരമായി അവസാനിക്കുന്നതിനുമുമ്പ് തന്നെ, വാക്‌സിൻ കണ്ടെത്തുന്നതിനു മുമ്പ് തന്നെ മാനസികമായി രോഗത്തോട് പടപൊരുതി സുരക്ഷിതത്വം പാലിച്ച് വ്യാപനം നിയന്ത്രിക്കാൻ നാം ഏറെ ബാധ്യതപ്പെട്ടിരിക്കുന്നുവെന്നതാണ് ഈ രംഗത്തെ ചരിത്രകാരന്മാർ നൽകുന്ന മുന്നറിയിപ്പ്. പല രാജ്യങ്ങളിലും ക്രമേണ അത് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ജനം അവരുടേതായ രീതിയിൽ  സുരക്ഷാക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് ഇപ്പോൾ നവസാധാരണത്വത്തിലേക്ക് തിരിച്ചുവരികയാണ്.
ചില നിയന്ത്രണങ്ങൾ പാലിച്ചു ക്രമേണ ജനജീവിതം പുതു പൂർവാവസ്ഥ കൈവരിക്കുമ്പോഴും സ്വശരീരത്തിന്റേയും കുടുംബത്തിന്റേയും ആരോഗ്യ പരിപാലനത്തിന് മുമ്പത്തേക്കാളേറെ പ്രാധാന്യവും പരിഗണനയും നൽകേണ്ടി വരും. ആവശ്യമായ മുൻകരുതലും പിഴക്കാത്ത ശുചിത്വ ശീലങ്ങളും ജീവിതത്തിന്റെ ഭാഗമാക്കേണ്ടി വരും. അപ്പോൾ മാത്രമേ ഈ ഭീകര വൈറസ് അകന്നുപോകുന്നു എന്ന ബോധ്യവും ബോധവും എല്ലായിടത്തും എല്ലാവരിലും കൈവരികയുള്ളൂ. 
ആരോഗ്യ പ്രവർത്തകരും സർക്കാറുകളും മാധ്യമപ്രവർത്തകരും ഈ  കാര്യം ഗൗരവമായി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അകാരണമായ ഭീതി ഒരു സുപ്രഭാതത്തിൽ ഇല്ലാതാവില്ല. ക്ഷമയും ശുഭാപ്തി വിശ്വാസവും കൈവിടാതെ ശുചിത്വ ശീലങ്ങളും സാമൂഹ്യ നിയമങ്ങളും പരമാവധി പാലിച്ച് മുന്നേറുക. ഈ പ്രതിസന്ധിയും നാം തരണം ചെയ്യും. കൊറോണ വൈറസ് കാരണമായി ലോകമെമ്പാടുമുണ്ടായ  കെടുതികൾ, ഞെരുക്കങ്ങളൊക്കെ നാം അതിജീവിക്കും. മനോബലവും മാനസിക സമനിലയും കൈവിടാതെ, ഇത്തരം ജീവിത പ്രതി സന്ധികൾ പകർന്നേകുന്ന സവിശേഷ പാഠങ്ങൾ ഗൗരവമായി ഉൾക്കൊണ്ട് വ്യക്തി ജീവിതവും കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും  പുനഃക്രമീകരിക്കുക. 'സഫലമീ യാത്ര' എന്ന കവിതയിൽ എൻ.എൻ. കക്കാട് ഉണർത്തിയ ചിന്തകൾ സ്മരണീയമാണീ അവസരത്തിൽ; കാലമിനിയുമുരുളുമെന്നും വിവിധ ഋതുക്കൾ മാറി വരുമെന്നും ഓർക്കുക. അപ്പോഴാരെന്നു മെന്തെന്നുമാർക്കറിയാം എന്ന ചിന്ത യുണ്ടാവട്ടെ. പരസ്പരാദരവും സ്‌നേഹ വായ്പകളും കൈവിടാതിരിക്കാം. ആർദ്രരായ് സൗമ്യരായി നമുക്കീ മാറ്റങ്ങളെ സമചിത്തരായി എതിരേൽക്കാനും ഉൾക്കാള്ളാനും പരമാവധി ശ്രമിക്കാം. ശാരീരികമായി ചേർന്ന് നിൽക്കാമെന്നത് തൽക്കാലം കുറച്ച് നാളുകൾ  കൂടി കഴിഞ്ഞിട്ടാവാമെന്ന് മാത്രം. 

Latest News