Sorry, you need to enable JavaScript to visit this website.

കഥാവശേഷം

പതിവുപോലെ വെള്ളിയാഴ്ച മക്കളെ തജ്‌വീദ് ക്ലാസിൽ അയച്ച ശേഷം ഇസ്‌ലാമിക് സെന്ററിന്റെ കോൺഫറൻസ് ഹാളിൽ ഖുർആൻ വിവർത്തനം കേൾക്കാൻ ഇരിക്കുമ്പോഴാണ് ആസിഫയുടെ പൊടുന്നനെയുണ്ടായ വികാര ക്ഷോഭവും പൊട്ടിക്കരച്ചിലും ഞങ്ങളിൽ നടുക്കമുളവാക്കിയത്. എന്തിനാണവൾ കരയുന്നതെന്നോ എന്താണ് കാരണമെന്നോ അറിയാതെ എല്ലാവരും പരസ്പരം നോക്കി. അതുവരേയും ഏറെ പ്രസരിപ്പോടെ ഖുർആനും ഹദീസുമൊക്കെ  സംസാരിച്ചു കൊണ്ടിരുന്നവൾ, പുതുതായി കുട്ടികളെ ചേർക്കാനെത്തിയ നസ്സിം ബാനുവുമായി സംസാരിക്കുന്നത് കണ്ടിരുന്നു. അതിനു ശേഷമാണ്, ആസിഫയുടെ കൺകോണിലെ ചിരിത്തിളക്കം മാഞ്ഞതും ഇരുണ്ട ശൂന്യത കനത്തതും.
ഹൈദരാബാദിനടുത്തുള്ള ഷംഷാബാദിലാണ് നസ്സിം ബാനുവിന്റെ വീട് എന്നറിഞ്ഞപ്പോൾ, അവിടെ കോമൾ ബേക്കറി നടത്തുന്ന രാധാകൃഷ്ണ റെഡ്ഢിയെപ്പറ്റിയും ഭാര്യ സന്ദുദേവിയെപ്പറ്റിയും ആസിഫ അന്വേഷിച്ചിരുന്നു. ഗാന്ധിഗുഢയിലാണ് നസ്സിം ബാനുവിന്റെ സ്വന്തം വീട്. മരുമകളെന്ന നിലയിൽ ഷംഷാബാദുമായി അടുപ്പം കുറവാണ്. എന്നാലും ബേക്കറിയുടെ പേര് പറഞ്ഞപ്പോൾ നസ്സിമിന് മനസ്സിലായി.
ബേക്കറി ഉടമ രാധാകൃഷ്ണറെഡ്ഡി നാലഞ്ച് വർഷം മുമ്പ് മരിച്ച് പോയല്ലോ. അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. കഷ്ടകാലമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ ഇളയ പുത്രൻ വീരുവും കഴിഞ്ഞ വർഷം ഒരാക്‌സിഡന്റിൽ മരണപ്പെട്ടു. വീരു സ്‌റ്റേറ്റിനുവേണ്ടി കളിക്കുന്ന ഫുട്‌ബോളർ ആയിരുന്നു. ഇപ്പോൾ മൂത്ത മകൻ സുധാകർ ആണ് ബേക്കറി നടത്തുന്നത്.
ഇനി ഒരുപക്ഷേ അവർ ആസിഫയുടെ പരിചയക്കാർ വല്ലവരും ആയിരിക്കും. അതായിരിക്കാം പെട്ടെന്ന് സങ്കടം വന്നത്. നസ്സിം സംശയം മറച്ചുവെച്ചില്ല.
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ആസിഫ വീണ്ടും പഴയ പ്രസന്നത വീണ്ടെടുത്തു. ഒന്നും സംഭവിക്കാത്ത മട്ടിൽ ഇമാം ബുഖാരി ഉദ്ദരിച്ച ഒരു ഹദീസിനെപ്പറ്റി സംസാരിച്ച് തുടങ്ങി. എങ്കിലും പൊടുന്നനെയുണ്ടായ പ്രളയത്തിൽപ്പെട്ട് ഒറ്റപ്പെട്ട ദ്വീപ് പോലെയായി ആസിഫ. ഇടയ്ക്കിടെ സ്വരം ഇടറുന്നതും, ഒലിച്ചിറങ്ങുന്ന കണ്ണുകളെ  കടലാസ് തൂവാല കൊണ്ട് അമർത്തിത്തുടയ്ക്കുന്നതും ഞാൻ കണ്ടില്ലെന്ന് നടിച്ചു.
ക്ലാസ് കഴിഞ്ഞ് ആസിഫയുടെ ഭർത്താവ് ഫയാസ് ആണ് ഞങ്ങളെ വീട്ടിൽ വിടുന്നത്. വണ്ടിയിലിരിക്കുമ്പോഴും ആസിഫ മൗനിയായിരുന്നു. മുഖം കണ്ടാലറിയാം മനസ്സിൽ സങ്കടങ്ങളുടെ ഒരു മഹാസമുദ്രം അലയടിക്കുന്നുണ്ടെന്ന്.
ഒരു വ്യാഴവട്ടക്കാലത്തെ പരിചയമുണ്ട് ആസിഫയുടെ കുടുംബവുമായിട്ട്. മക്കൾ സ്‌കൂളിലും മദ്‌റസയിലും ഒന്നിച്ചാണ് പഠിച്ചിരുന്നത്. പെരുന്നാളും ആഘോഷങ്ങളും ഒന്നിച്ച് തന്നെ. എല്ലാത്തിലും മിതത്വം പാലിക്കുന്ന ഒരുത്തമ വിശ്വാസിനിയായിരുന്നു അവൾ. എല്ലാവരോടും സൗഹൃദപരമായി ഇടപെടുകയും, ദീനിന്റെ വിഷയത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു.
ആരോടും പങ്കുവെയ്ക്കാൻ കഴിയാത്ത എന്ത് വിഷമമായിരിക്കും അവളെ അലട്ടുന്നത്. വീട്ടുജോലികൾക്കിടയിൽ അതേക്കുറിച്ച് ആലോചിച്ച്  മനസ്സമാധാനം ലഭിക്കാതെ വന്നപ്പോഴാണ് ഭർത്താവിനേയും കൂട്ടി അവരുടെ വീട്ടിലേക്ക് ചെന്നത്. വാതിൽ തുറന്ന് തരുമ്പോൾ, ആസിഫ നമസ്‌കരിക്കുകയാണെന്ന് ഫയാസ് പറഞ്ഞു. മക്കൾ സ്റ്റഡി റൂമിലും.  ഫയാസിന്റെ മുഖത്തും പതിവില്ലാത്ത മ്ലാനത പ്രകടമായിരുന്നു. വരവിന്റെ ഉദ്ദേശ്യം അറിഞ്ഞ ഫയാസ്, ഞങ്ങൾക്ക് മുന്നിൽ അവിശ്വസനീയമായ ഒരു കഥയുടെ ചുരുളഴിച്ചു.
ഹുസ്‌നാബാദുകാരനായ ഫയാസ് അഹമ്മദ് ഷംഷാബാദിലുള്ള ഒരു പ്ലാസ്റ്റിക് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന കാലത്താണ് കമ്പനിയോട് ചേർന്നുള്ള ഇൻസ്റ്റിറ്റിയൂട്ടിൽ ടൈപ്പ് റൈറ്റിംഗ് പഠിക്കാനെത്തിയ കോമളുമായി പരിചയപ്പെടുന്നത്. കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന, കോമളിന്റെ അച്ഛൻ രാധാകൃഷ്ണ റെഡ്ഢിയും അമ്മ സന്ദുദേവിയും മധുരപലഹാരങ്ങൾ ഉണ്ടാക്കി, വീടുകളിലും കടകളിലും വിതരണം ചെയ്തിരുന്നു. രണ്ട് സഹോദരന്മാർക്ക് ഒരേയൊരു പെങ്ങൾ എന്ന നിലയിൽ കോമൾ കുടുംബത്തിൽ ഏവരുടേയും വാത്സല്യഭാജനമായിരുന്നു. അവളുടെ ഇഷ്ടങ്ങൾ നിറവേറ്റിക്കൊടുക്കാൻ മത്സരിച്ച ആങ്ങളമാർക്ക് പെങ്ങളുടെ കണ്ണ് നിറയുന്നത് സഹിക്കാനേ കഴിഞ്ഞിരുന്നില്ല. ഇളയവൻ വീരേന്ദർ എന്ന വീരു മികച്ച ഫുട്‌ബോൾ കളിക്കാരനായിരുന്നു.
കുങ്കുമച്ചാറ് പഞ്ചസാര ചേർത്ത് പാലിൽ പതപ്പിച്ചും, റോസാദളങ്ങളും പനിനീരും കലർത്തിയും സന്ദുദേവിയുണ്ടാക്കുന്ന പലഹാരങ്ങൾക്ക് അന്നാട്ടിൽ വലിയ പ്രശസ്തിയായിരുന്നു. നാൻ കട്ടായി, ജൗസി ഹൽവ, ബദാം ജാലി മുതൽ കാജു കട്ട്‌ലിയും, സ്വീറ്റ് ബാദുഷയും, സോന പാപ്പിടി വരെ സന്ദു ദേവി സ്വാദോടെ ഉണ്ടാക്കി. ആവശ്യക്കാർ അധികരിച്ചപ്പോഴാണ്, ഷംഷാബാദ് നഗരത്തിൽ തന്നെ അവർ കോമൾ ബേക്കറി തുടങ്ങിയത്. വേദങ്ങളും ഉപനിഷത്തുകളും, പുരാണങ്ങളും ഐതീഹ്യങ്ങളുമൊക്കെ ചെറുപ്പത്തിലേ അവർക്ക് ഹൃദിസ്ഥമായിരുന്നു. ഗീതയും ഭാഗവതവും പാരായണം ചെയ്യുന്ന ഉന്നതകുലജാതർ, അന്നത്തെ ജാതിവ്യവസ്ഥയെ അങ്ങേയറ്റം അംഗീകരിച്ചിരുന്നു.
ഫയാസിനോടുള്ള പരിചയവും ദിനേനെയുള്ള കൂടിക്കാഴ്ചയും കോമളിന്റെയുള്ളിൽ പ്രണയമുകിലുകളായ് ചേക്കേറി. ഒരിക്കലും സാർത്ഥകമാകാൻ സാധ്യതയില്ലാത്ത ഒരു ബന്ധം എന്ന നിലയിൽ,  അവളെ പിന്തിരിപ്പിക്കാൻ, ഫയാസ് പലതവണ ശ്രമിച്ചു നോക്കി. വേദപ്രമാണങ്ങളുരുവിടുന്ന ശൂദ്രന്റെ നാവറുത്ത പാരമ്പര്യമുള്ള വരേണ്യത ഒരു വശത്ത്. വേഷവിധാനങ്ങളിലുൾപ്പെടെ, ദൈവീക മതാചാരങ്ങളിൽ അടിയുറച്ച ഇസ്്‌ലാമിക ജീവിതപ്പകർച്ച മറുവശത്ത്.. സംഭവിക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയൊക്കെ  അയാളവളെ സവിസ്തരം പറഞ്ഞ് മനസ്സിലാക്കി. പ്രായത്തിന്റെ പക്വതക്കുറവോ പ്രണയാന്ധതയോ, പ്രതിസന്ധികളൊന്നും കോമളിന് ഒരു വിഷയമേയല്ലായിരുന്നു. ഹൃദയത്തിൽ പ്രണയത്തിന്റെ അഗ്‌നിപർവതം പുകയുമ്പോൾ, ഫയാസിനോടൊപ്പം ജീവിക്കാൻ എന്ത് ത്യാഗം സഹിക്കാനും അവളൊരുമ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ ഫയാസ് വിവരം വീട്ടിലറിയിച്ചു. മതം മാറി വന്നാൽ സ്വീകരിക്കാം എന്ന നിലപാടിലായിരുന്നു ഫയാസിന്റെ മാതാപിതാക്കൾ. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അവൾ അതിനും തയാറായി.
ഇൻസ്റ്റിറ്റിയൂട്ടിനടുത്ത് ഇസ്്‌ലാമിക ക്ലാസുകൾ നടത്തിയിരുന്ന ഷേയ്ഖ റഹ്മത്തുന്നിസ ഖാസിമിയുടെ പക്കൽനിന്ന് വളരെ രഹസ്യമായി അവൾ അറബി പഠിച്ചു. ഇസ്്‌ലാമിന്റെ വാതായനങ്ങൾ തുറന്ന് കൊടുത്ത്, അവർ അവളെ മതാനുഷ്ഠാനങ്ങൾ അഭ്യസിപ്പിച്ചു. ഒടുവിൽ ഷെയ്ഖയുടെ ഭർത്താവ്, വക്കീലായ, ബദറുദ്ദീൻ ഒവൈസിയുടെ സഹായത്തോടെ, പള്ളി ഇമാമിന്റെ കാർമികത്വത്തിൽ തപോവനവിശുദ്ധിയോടെ, സഹസ്രനാമങ്ങൾ ഉരുവിട്ടിരുന്ന അവളുടെ നാവും ചുണ്ടും ശഹാദത്ത് കലിമ ഏറ്റു ചൊല്ലി. ഏതാനും ദിവസം കൂടി വീട്ടുകാരും സുഹൃത്തുക്കളും ഒന്നുമറിഞ്ഞില്ല. പിന്നീട് അതേ ഇമാമിന്റെ കാർമികത്വത്തിൽ നിക്കാഹ് നടന്നപ്പോഴാണ് വീട്ടിലും സമുദായത്തിലും പൊട്ടിത്തെറികളുണ്ടായത്. പലഹാരമാവ് കുഴച്ചുകൊണ്ടിരുന്ന സന്ദുദേവി കുഴഞ്ഞു വീണു. ഗദ്ഗദങ്ങളുടെ മുറിവ് പേറി സഹോദരന്മാർ  രോഷാകുലരായി. ഇരു ചേരിയിലും സാമുദായിക കലാപങ്ങളുണ്ടായി. ജീവിതം ഒരു അഗ്‌നിപരീക്ഷയായി മാറിയ നാളുകൾ. മകളെ തിരിച്ചെടുക്കാൻ, രാധാകൃഷ്ണ റെഡ്ഢി നിയമത്തിന്റെ പലവഴികളും തെരഞ്ഞു. പക്ഷേ പ്രായപൂർത്തിയായ സ്ത്രീ എന്ന നിലയിൽ  കോമളിന്റെ തീരുമാനത്തിനാണ് കോടതി പരിഗണന നൽകിയത്.
മാതാപിതാക്കളുടേയും സഹോദരന്മാരുടേയും സ്‌നേഹക്കുളിരിൽനിന്ന്  തികച്ചും മറ്റൊരു വ്യക്തിയായി, പ്രണയപ്പച്ച തേടിയിറങ്ങിയ മകളെ വീട്ടുകാർ പടിയടച്ച് പിണ്ഡം വെച്ചു. സമുദായത്തിനൊന്നടങ്കം മാനഹാനിയുണ്ടാക്കിയവളെ, ഒരുമ്പെട്ടവൾ എന്ന വിളിപ്പേരോടെ സമുദായവും ഊരുവിലക്കി. സ്‌നേഹധമനികളെല്ലാം മുറിച്ചു മാറ്റി,  ജീവിതത്തിന്റെ എല്ലാ അർത്ഥങ്ങളേയും മായ്ച്ച് കളഞ്ഞ്, 20 വർഷക്കാലത്തെ സന്തോഷവും സങ്കടങ്ങളുമെല്ലാം പിന്നിലുപേക്ഷിച്ച് ബുർഖയും ധരിച്ച് വീട് വിട്ടിറങ്ങുമ്പോൾ, അവൾക്ക് തെല്ലും കുറ്റബോധമോ മനസ്സാക്ഷിക്കുത്തോ ഉണ്ടായില്ല. ഹൃദയത്തിന്റെ ആഴത്തിൽ വിതയ്ക്കപ്പെട്ട പ്രണയത്തിന്റെ വിത്തുകൾ ഒരു വന്മരക്കാടായ് വളർന്നു പന്തലിച്ചിരുന്നു. ഫയാസിന്റേയും വീട്ടുകാരുടേയും ആത്മാർഥസ്‌നേഹം അവളിലെ കൊച്ചു കൊച്ചു  സങ്കടങ്ങളെയെല്ലാം അലിയിച്ചു കളഞ്ഞു. ഒരിക്കലും ഗൃഹാതുരത അവളെ അലട്ടാതിരിക്കാൻ ഫയാസും പരമാവധി ശ്രദ്ധിച്ചു. വേദാർത്ഥങ്ങൾ, മഹാ ഋഷിമാരാൽ രചിക്കപ്പെട്ട മന്ത്രങ്ങൾ ഒക്കെയും ഓർമിക്കാൻ പാടില്ലാത്ത ഓർമകളായി ഉരുകിത്തീർന്നു. ഫയാസിനോടുള്ള അന്ധമായ സ്‌നേഹത്തിൽ, മക്കളുടേ കൺകുളിർമയിൽ ജന്മം നൽകിയ മാതാപിതാക്കളേയും സഹോദരന്മാരേയും അവൾ പാടേ മറന്നു. അങ്ങനെയൊരു മകൾ ജനിച്ചിട്ടില്ല എന്ന മട്ടിൽ അവരും മനസ്സിൽ അപരിചിതത്വത്തിന്റെ വന്മതിൽ  പടുത്തുയർത്തിക്കഴിഞ്ഞിരുന്നു.
രണ്ട് കുട്ടികളുടെ ജനന ശേഷമാണ്, ഭേദപ്പെട്ട ഒരു ജോലി ലഭിച്ച് ഫയാസ് സൗദിയിലെത്തുന്നത്. താമസിയാതെ കുടുംബത്തെ കൂടെ കൂട്ടുകയും ചെയ്തു. ശേഷം ആൾപ്പാർപ്പില്ലാത്ത തരിശ് ഗ്രഹത്തിലെന്നപോലെ ഒറ്റപ്പെട്ട ഒരു ജീവിതം. ആത്മീയവും മതപരവുമായ കാര്യങ്ങളിൽ തൽപരനായ ഫയാസിന്റെ പാതയിൽ ആസിഫയും ഒരു യോഗിനിയെപ്പോലെ തന്റെ ജീവിതത്തിന് കടിഞ്ഞാണിട്ടു. മക്കളെ സ്‌കൂളിലയച്ച ശേഷം, വീട്ടുജോലികൾ ചെയ്യുകയും മതപരമായ ആരാധനകൾ കൃത്യതയോടെ നിർവഹിക്കുകയും ചെയ്തു. ഒടുവിൽ സൗദി മതകാര്യവകുപ്പിന് കീഴിലുള്ള  ജാലിയാത്തിൽ സ്ത്രീകൾക്കുള്ള പ്രബോധക എന്ന നിലയിലും ആസിഫ തന്റെ ജീവിതത്തിന് അർഥം കണ്ടെത്തി. പക്ഷേ എത്രയോ വർഷങ്ങൾക്ക് ശേഷം ഇന്ന് ആ ഹൃദയം പിടഞ്ഞ് നീറിയിരിക്കുന്നു. മാതാപിതാക്കളും സഹോദരനും മരണത്തിന്റെ വെള്ള പുതച്ച്, ജീവിതത്തിന്റെ വിരാമചിഹ്നം കുറിച്ചതറിഞ്ഞ്, അവളുടെ മാനസിക സമാധാനനില തകർന്നിരിക്കുന്നു. സൗഹൃദവലയത്തിലെ ആഴ്ചക്കൂടിക്കാഴ്ചകളിൽ ആർക്കും വെളിപ്പെടുത്താതിരുന്ന ആ കഥ പറഞ്ഞു നിർത്തുമ്പോൾ നെഞ്ചിലെ കനം കാരണം ഫയാസിന്റെ വാക്കുകൾ ഇടറി. ഒരു വാക്കുപോലും മറുത്ത് പറയാനാവാതെ സ്തബ്ദയായിപ്പോയ ഞാൻ, ആ വലിയ രഹസ്യത്തിന്റെ ഉള്ളറകളിലേക്കിറങ്ങിച്ചെന്നപ്പോൾ, ആരോട് സഹതപിക്കണം ആരോട് അനുതപിക്കണം എന്ന ആശയക്കുഴപ്പത്തിലായി.  ജാതിവ്യവസ്ഥകളെയെല്ലാം പുച്ഛിച്ച് തള്ളി, കണ്ണേ കരളെയെന്ന് വിളിച്ച് അതുവരെ ലാളിച്ച് വളർത്തിയ മാതാപിതാക്കളെ ധിക്കരിച്ച് മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയ ധിക്കാരിയായ മകളായിട്ടോ, സ്‌നേഹിച്ച പുരുഷനെ ലഭിക്കാൻ സ്വന്തവും ബന്ധവുമെല്ലാം ത്യജിച്ച ആദർശ കാമുകിയെന്നോ എങ്ങനെയാണ് ഞാൻ ആസിഫയെ വിവർത്തനം ചെയ്യേണ്ടത്.
ഡിസംബർ മാസത്തിലെ കൊടും മഞ്ഞ് വാതിലിന്റെ വിടവിലൂടെ ഇരച്ചു കയറി. തണുത്ത് ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങിയപ്പോൾ, ഞാനെഴുന്നേറ്റ് ഹീറ്റർ ഓണാക്കി. അടുക്കളയിൽ പോയി കാപ്പിയുണ്ടാക്കി, ബാഗിൽ കരുതിയിരുന്ന പോപ്‌കോണും എടുത്ത് മേശപ്പുറത്ത് വെച്ച് കുട്ടികളെ വിളിച്ചു. നമസ്‌കാരം കഴിഞ്ഞ്, നാലാമത്തെ കുഞ്ഞിനെ തുണിത്തൊട്ടിലാട്ടുകയായിരുന്നു ഞാനകത്തു ചെല്ലുമ്പോൾ ആസിഫ. ഒരു നേരിപ്പോട് ഉള്ളിലൊതുക്കി ഒറ്റയ്ക്കിരിക്കുന്ന അവളെ ഒട്ടൊരപരിചിതത്വത്തോടെയാണ് ഞാൻ നോക്കിയത്.
നിങ്ങൾ വന്നത് ഞാനറിഞ്ഞിരുന്നു. ഫയാസ് എല്ലാം പറയട്ടെയെന്ന് കരുതി. പിന്നെ ഒരുപാട് നമസ്‌കരിച്ച് പ്രാർത്ഥിച്ചു. ഇനി അവർക്കു വേണ്ടി അതല്ലേ എനിക്ക് ചെയ്യാൻ കഴിയൂ. അവൾ കൊടുങ്കാറ്റിന്റെ ആവേഗത്തിൽ ഒരു നെടുവീർപ്പുതിർത്തു. സമാധാനിപ്പിക്കാൻ വാക്കുകൾ പരതുകയായിരുന്നു ഞാനപ്പോൾ. ഞാനവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. പ്രപഞ്ചത്തിന്റെ മുഴുവൻ നിഷ്‌കളങ്കതയും, നനഞ്ഞൊഴുകുന്ന ആ കണ്ണുകളിലുണ്ടായിരുന്നു.
ഇത്ര ചെറു പ്രായത്തിലേ, എന്നേക്കാൾ മുന്നേ എന്റെ വീരു...എങ്ങനെ പ്രായശ്ചിത്തം ചെയ്യണമെന്നറിയില്ല ദീദി.
ആസിഫാ, ഒരു സ്വയം വിലയിരുത്തൽ നടത്തുമ്പോൾ, നിന്റെ പ്രവൃത്തികളോർത്ത്, ഒരിക്കലെങ്കിലും ആത്മനിന്ദ തോന്നിയിട്ടുണ്ടോ ...?
ഇല്ല ദീദി..എന്റെ തലവര ഇങ്ങനെ ആയിരുന്നിരിക്കാം. നമ്മൾ വിചാരിച്ചാൽ തിരുത്താൻ കഴിയുന്നതല്ലല്ലോ നമ്മുടെ വിധി.
ദുഃഖഭാരമമർന്ന് നെഞ്ചിൻകൂട് തകർന്നിരിക്കുന്ന അവളുടെ ആ സമയത്തെ ഹൃദയത്തിൽ തട്ടിയുള്ള നോട്ടത്തിന്റെ നനവ് ഇന്നും ഓർമയിൽ മായാതെ നിൽക്കുന്നു. ആയുർകാലത്തിന്റെ പൂർണചക്രം കറങ്ങിത്തീരും വരെ ഈ വ്യഥയും പേറി വേണ്ടേ ഇനിയവൾ ജീവിക്കാൻ. കാലം തെറ്റി മഴ പെയ്ത ദിവസമായിരുന്നു അത്.  തിരികെപ്പോരാനായി, പുറത്ത് ആഞ്ഞുവീശുന്ന ശീതക്കാറ്റിലേക്കിറങ്ങുമ്പോഴും, അസാധാരണവും അത്ഭുതകരവുമായ ആ അപൂർവബന്ധത്തെ നിർദ്ധാരണം ചെയ്യാനറിയാതെ കുഴങ്ങുകയായിരുന്നു ഞാൻ.
 

Latest News