Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ 1733 പേര്‍ക്ക്കൂടി കോവിഡ്; കുവൈത്തിലും യു.എ.ഇയിലും മരണം

റിയാദ് - ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊറോണബാധ സ്ഥിരീകരിച്ചത് 1,733 പേര്‍ക്ക്. ഖത്തറില്‍ ആദ്യമായാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ഖത്തറില്‍ ഇതുവരെ കൊറോണബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28,272 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഖത്തറില്‍ 4,811 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 1,43,938 പേര്‍ക്കാണ് കൊറോണ പരിശോധനകള്‍ നടത്തിയത്. പുതുതായി 213 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുമുണ്ട്. ഖത്തറില്‍ ഇതുവരെ ആകെ 3,356 പേരാണ് കൊറോണ വൈറസില്‍ നിന്ന് മുക്തരായത്. ഖത്തറില്‍ പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 14 കൊറോണ രോഗികളാണ് മരിച്ചത്.
യു.എ.ഇയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 37,000 ലേറെ പേര്‍ക്ക് കൊറോണ പരിശോധനകള്‍ നടത്തിയതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 698 പുതിയ കൊറോണ കേസുകള്‍ കണ്ടെത്തി. ഇതോടെ യു.എ.ഇയില്‍ കൊറോണബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21,084 ആയി ഉയര്‍ന്നു. രണ്ടു കൊറോണ രോഗികള്‍ കൂടി മരിച്ചതോടെ യു.എ.ഇയില്‍ കൊറോണ മരണങ്ങള്‍ 208 ആയി. ഇരുപത്തിനാലു മണിക്കൂറിനിടെ യു.എ.ഇയില്‍ 407 പേര്‍ കൂടി രോഗമുക്തി നേടി. യു.എ.ഇയില്‍ ഇതുവരെ 6,930 കൊറോണ രോഗികളുടെ അസുഖം ഭേദമായിട്ടുണ്ട്.
 കുവൈത്തില്‍ ആറു കൊറോണ രോഗികള്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ 88 കൊറോണ രോഗികളാണ് മരിച്ചത്. കുവൈത്തില്‍ 947 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 11,975 ആയി. 118 കൊറോണ ബാധിതര്‍ കൂടി രോഗമുക്തി നേടിയതോടെ കുവൈത്തില്‍ കൊറോണ വൈറസ് വിമുക്തരായവരുടെ എണ്ണം 3,451 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 322 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. 80 സ്വദേശികള്‍ക്കും 242 വിദേശികള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 4,341 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കൂട്ടത്തില്‍ 1,303 പേര്‍ രോഗമുക്തി നേടി. ഒമാനില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 17 കൊറോണ രോഗികളാണ് ഒമാനില്‍ ഇതുവരെ മരിച്ചത്.

 

Latest News