Sorry, you need to enable JavaScript to visit this website.

അപസർപ്പക കഥകളുടെ ബോസ്

എൺപതുകളുടെ ആദ്യ കാലത്താണ്. അന്ന് കോട്ടയത്തെ ജനകീയ വാരികകളിൽ ഒന്നായ മാമാങ്കത്തിന്റെ ഓഫീസിൽ ഒരു കുറ്റാന്വേഷണ നോവൽ കിട്ടുന്നു. രചയിതാവ് ഒരു പുതുമുഖ എഴുത്തുകാരനാണ്. അന്ന് മലയാള കുറ്റാന്വേഷണ നോവൽ സാഹിത്യ രംഗം അടക്കി വാഴുന്ന ഒറ്റ നാമമേയുള്ളു-കോട്ടയം പുഷ്പനാഥ്! കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് വായനക്കാരുടെ മനസ്സിൽ ഒരു വെള്ളിനക്ഷത്രം പോലെ പ്രഭ പരത്തി അദ്ദേഹം തിളങ്ങി നിൽക്കുന്ന കാലം. ശക്തമായ ആ താരപ്രഭയെ മറികടന്നു കൊണ്ട് ഒരു നവാഗത കുറ്റാന്വേഷണ എഴുത്തുകാരൻ രംഗപ്രവേശം ചെ യ്യാനും പിടിച്ചുനിൽക്കാനും സാധ്യമാണോ എന്ന് പോലും അന്ന് പ്രസിദ്ധീകരണങ്ങൾ സംശയിച്ചിരുന്നു. പക്ഷെ, മാമാങ്കം വാരികയുടെ പത്രാധിപസമിതി ആ പുതിയ എഴുത്തുകാരന്റെ നോവൽ വായിച്ച് വിസ്മയിക്കുകയും കോ ട്ടയം പുഷ്പനാഥിന് ഒരു പിൻഗാമിയെ കണ്ടെത്തി എന്ന ആഹ്ലാദത്തിൽ അദ്ദേഹത്തിന്റെ പേര് വിളംബരം ചെയ്യുകയും ചെയ്തു- ബാറ്റൺ ബോസ്!


മാമാങ്കം വാരികയ്ക്ക് തെറ്റിയില്ല. കുറ്റാന്വേഷണ നോവലെഴുത്തിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് ബാറ്റൺ ബോസ് എന്ന പേര് ബ്രാന്റ് ചെയ്യപ്പെട്ടു. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും അനിയന്ത്രിതമായ ആവേശത്തോടെ വായിപ്പിക്കുകയും ചെയ്യുന്ന നവീനമായ ആശയങ്ങളും എഴുത്തുരീതിയുമാണ് അദ്ദേഹം തന്റെ നോവലുകൾക്കായി സ്വീകരിച്ചത്. അതിന് അനുസൃതമായി ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളും നാടകീയതയും പരീക്ഷണങ്ങളും കോർത്തിണക്കി നോവലുകളെ സംഭവബഹുലമാക്കി. ആധുനിക മലയാള അപസർപ്പക സാഹിത്യത്തിലെ ആചാര്യനായിരുന്ന കോട്ടയം പുഷ്പനാഥ് ഒന്നരപതിറ്റാണ്ടു കൊണ്ട് സൃഷ്ടിച്ചെടുത്ത അപ്രമാദിത്വത്തിനകത്തേക്ക് നുഴഞ്ഞുകയറി സ്വന്തമായി ഒരിടം കണ്ടെത്താൻ മാമാങ്കം വാരികയിൽ പ്രസിദ്ധീകരിച്ച ഡോ. സീറോ എന്ന ആദ്യനോവലിലൂടെ തന്നെ ബാറ്റൺ ബോസിന് കഴിഞ്ഞു. 
ആ നോവലിന് വായനക്കാരുടെ ഇടയിൽ വ്യാപകമായ പ്രചാരം കിട്ടുന്നു എന്നറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കേരളഭൂഷണം പത്രത്തിന്റെ സൺഡെ സപ്ലിമെന്റിന് ബാറ്റൺ ബോസ് അടുത്ത നോവൽ നൽകിയത്. ആഫ്റ്റർ ഡെത്ത് എന്നു പേരുള്ള ആ നോവൽ സൈൻസ്ഫിക്ഷൻ ത്രില്ലർ ഗണ ത്തിൽപെടുത്താവുന്ന ഒന്നായിരുന്നു. വായനക്കാർക്ക് വ്യത്യസ്തമായ വായനാനുഭവം നൽകണം എന്ന് ചിന്തിച്ചുറച്ചു കൊണ്ടു തന്നെയാണ് അത്തരം ഒരു പരീക്ഷണ നോവൽ രചിച്ചത്. കേരളഭൂഷണം പത്രാധിപസമിതി വളരെ പെട്ടെന്ന് നോവൽ പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തു. കേരളഭൂ ഷണത്തിന്റെ മാനേജ്‌മെന്റിന് കീഴിലായിരുന്നു അന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്ന മനോരാജ്യം വാരിക. ആഫ്റ്റർ ഡെത്ത് കേര ളഭൂഷണത്തിന്റെ സൺഡെ സപ്ലിമെന്റിൽ വരുന്ന പരസ്യം മനോരാജ്യത്തിൽ കൂടി വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച്് വന്നു. അതോടെ വായനക്കാരുടെ ഇടയിൽ ബാറ്റൺ ബോസ് എന്ന നാമം പ്രിയങ്കരമായി. 


അടിമാലിയിലെ കൂമ്പമ്പാറയിലുള്ള ഫാത്തിമ മാതാ യു.പി സ്‌കൂളിലും എസ്എൻഡിപി ഹയർ സെക്കന്ററിയിലുമായിരുന്നു ബാറ്റൺ ബോസിന്റെ സ്‌കൂൾ പഠനം. ആറാം ക്ലാസ് മുതലെ നല്ലതു പോലെ വായിക്കും. വിശുദ്ധരുടേയും പുണ്യവാളൻമാരുടേയും മഹാൻമാരുടേയും പ്രചോദനാത്മകവും ഗു ണപാഠങ്ങൾ ഉൾക്കൊള്ളുന്നതുമായ ജീവിത കഥകളായിരുന്നു അവയിൽ ഏ റെയും. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അടിമാലി പബ്ലിക് ലൈബ്രറിയിൽ ചേരുന്നത്. പക്ഷെ, ഇന്നതു വായിക്കണം എന്നു പറഞ്ഞു തരാൻ അന്ന് ആ രുമുണ്ടായിരുന്നില്ല. അതിനാൽ തോന്നിയതു പോലെ വായിച്ചു. മുട്ടത്ത്് വർക്കി, കാനം, ചെമ്പിൽ ജോൺ, ജോയ് മുട്ടാർ, ജെയിംസ് മണിമല എന്നിവരായിരുന്നു ആദ്യകാലത്തെ ആവേശം. പിന്നെ പെരുമ്പടവം ശ്രീധരനും എസ്. കെ.പൊറ്റക്കാടും മറ്റും വായനയിലേക്ക് വന്നു (എസ്.കെ യുടെ സഞ്ചാര സാഹിത്യ കൃതികൾ മാത്രമെ താൻ വായിച്ചിട്ടുള്ളൂ എന്നദ്ദേഹം പറഞ്ഞു). തുടർന്ന് മിഖായേൽ ഷോളോക്കോവിനെ പോലുള്ള വിദേശ എഴുത്തുകാരുടെ കൃ തികളും വായിച്ചു തുടങ്ങി.
വളരെ യാദൃച്ഛികമായാണ് മനോരാജ്യം വാരികയിൽ വന്ന കോട്ടയം പുഷ്പനാഥിന്റെ ഡെവിൾ എന്ന കുറ്റാന്വേഷണ നോവൽ വായിക്കാൻ ഇടയായത്. പുതുമയും ഉദ്വേഗവും സസ്‌പെൻസും നിറഞ്ഞ ആ നോവൽ നൽകിയത് അവാച്യമായ ഒരു വായനാനുഭൂതിയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പല നോവലുകളും വായിച്ചു. അതോടെ കുറ്റാന്വേഷണ നോവലുകളുടെ വായന ഒരു ശീലവും ഹരവുമായി മാറി. ദുർഗാ പ്രസാദ് ഖത്രിയുടെ ശാസ്ത്രീയ കുറ്റാന്വേഷണ നോവലുകൾ ഏതാണ്ടെല്ലാം വായിച്ചു തീർത്തു. അക്കാലത്ത് തന്നെയാണ് പി.പി. ജോർജ് എന്ന എഴുത്തുകാരന്റെ (പ്രണാബ്)പല നോവലുകളും വായിക്കുന്നത്. തുടർന്ന് ഷെർലക് ഹോംസും അഗതാ ക്രിസ്റ്റിയും ഹാഡ്‌ലി ചേയ്്്‌സും ഇയാൻ ഫ്‌ളെമിങിന്റെ ബോണ്ട് നോവലുകളും വായിച്ചു. ആ വായനക്കിടയിൽ എപ്പൊഴോ ആണ് അത്തരം ഒരു നോവൽ എഴുതിയാലോ എന്ന് ചിന്തിച്ചത്. 
അങ്ങനെയാണ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിലെ കൈയ്യെഴുത്തു മാസികയ്ക്ക് വേണ്ടി എഴുതിയ ഒരു കൊച്ചു കഥയെ ഏഴുവർഷം കഴിഞ്ഞ് ഡോ. സീറോ എന്ന കുറ്റാന്വേഷണ നോവൽ ആക്കിമാറ്റുന്നത്. ഓസ് ട്രേലിയയുടെ പശ്ചാത്തലത്തിലുള്ള ആ നോവൽ എഴുതാനിരിക്കുമ്പോൾ കെ.എം. ചാക്കോയുടെ (അന്നദ്ദേഹം ബാറ്റൺബോസ് ആയിട്ടില്ല) പക്കലുണ്ടായിരുന്നത് സ്‌കൂൾ പാഠപുസ്തകത്തിലെ ഓസ്േ്രടലിയയുടെ ഒരു ഭൂപടം മാ ത്രമായിരുന്നു. അതിൽ പെർത്ത്, ഡാർവിൻ, സിഡ്‌നി, മെൽബൺ എന്നീ സ്ഥലങ്ങളും കാൾഗുർലി, കുൾഗാർലി, കിംബർലി എന്നീ സ്വർണഖനികളും അടയാളപ്പെടുത്തിയിരുന്നു. അതു മാത്രം വെച്ചാണ് 30 അധ്യായങ്ങളിൽ ആ നോവൽ അദ്ദേഹം വികസിപ്പിക്കുന്നത്. വായനക്കാരെ പിടിച്ചിരുത്തി ഇഞ്ചോടിഞ്ച് വായിപ്പിച്ച അതിലെ സംഭവപരമ്പരകളെല്ലാം തന്നെ തന്റെ ഭാവനയിൽ മാത്രം രൂപമെടുത്തവയാണ് എന്നദ്ദേഹം വിശദീകരിച്ചു.
എഴുതിത്തുടങ്ങിയപ്പോൾ അത് പിന്നെ വല്ലാത്ത ആവേശമായി. ഒപ്പം,         മുഴുവൻ എഴുതിത്തീർത്തിട്ടേ ബാക്കി കാര്യമുള്ളൂ എന്ന വാശിയുമായി. വീട്ടിലെ പലതരം പണികളുടെ ഇടവേളകളിലാണ് എഴുതുക. തലേന്ന് രാത്രി തന്നെ ആലോചിച്ച് പിറ്റേന്ന് എഴുതേണ്ടതിനെ കുറിച്ച് ഒരു ഏകദേശ രൂപം മനസിൽ കാണും. അതുവെച്ചാണ് എഴുത്ത് പുരോഗമിക്കുക. അപ്പോഴും എഴുത്ത് ഒരു തൊഴിലായി എടുക്കാമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത്, അത് ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ അടിച്ചു വരണം, കുറേ ആളുകൾ വാ യിക്കണം എന്നതുമാത്രമായിരുന്നു. കൂട്ടത്തിൽ ഒരു രഹസ്യം കൂടി പറയാം- ലക്ഷക്കണക്കിന് വായനക്കാർ ആവേശത്തോടെ വായിച്ച എന്റെ ആദ്യ രണ്ടു നോവലുകളായ ഡോ. സീറോയ്ക്കും ആഫ്്റ്റർ ഡെത്തിനും ഒരു പൈസ പോലും പ്രതിഫലം കിട്ടിയില്ല. 
അതേസമയം ഡോ.സീറോ എന്ന നോവലെഴുതാൻ താൻ വായിച്ച പല പുസ്തകങ്ങളും എഴുത്തുകാരും പ്രചോദനമായി തീർന്നിട്ടുണ്ട് എന്ന് ഇതാദ്യമായി ബാറ്റൺ ബോസ് വെളിപ്പെടുത്തി. ബോണ്ട് നോവലായ ഗോൾഡ്ഫിംഗറിലെ ലണ്ടൻ ബാങ്ക് കൊള്ളയുടെ ആശയം കടമെടുത്താണ് താൻ ഡോ.സീ റോ എഴുതിയത് എന്നദ്ദേഹം വ്യക്തമാക്കി. ബോണ്ട് നോവലായ ഡോ.നോ യിൽ നിന്നാണ് അദ്ദേഹം തന്റെ ആദ്യ നോവലായ ഡോ. സീറോയുടെ പേര് കണ്ടെത്തിയത്. അതിലെ വില്ലന്റെ പേരും ഡോ. സീറോ എന്നുതന്നെ ആയിരുന്നു. അതുപോലെ കോട്ടയം പുഷ്പനാഥിന്റെ പല നോവലുകളുടേയും വായന തനിക്ക് എഴുതാൻ വലിയ ആവേശം നൽകിയിട്ടുണ്ട് എന്ന് അങ്ങേയറ്റം നന്ദിയോടെ ഇന്നും ബാറ്റൺ ബോസ് സ്മരിക്കുന്നു. 
വാരികകളിൽ നോവൽ എഴുതിത്തുടങ്ങിയ കാലത്ത് കോട്ടയത്തുവന്ന് കോട്ടയം പുഷ്പനാഥിനെ പരിചയപ്പെട്ട കാര്യവും അദ്ദേഹം ഓർമിച്ചു. ചിരകാല സുഹൃത്തിനോടെന്ന പോലെയാണ് അദ്ദേഹം തന്നോട് പെരുമാറിയത് എന്ന് ബാറ്റൺ ബോസ് വ്യക്തമാക്കി. ഇതാ നോവലെഴുത്തിലെ തന്റെ പ്രധാന എതിരാളി എന്ന മനോഭാവം ഒരിക്കലും അദ്ദേഹം കാണിച്ചില്ല. കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം കുശലം പറയുകയും ഒരുമിച്ച് ചായകുടിക്കുകയും ഏറെനേരം സംസാരിച്ചിരിക്കുകയും ചെയ്തു. ഒരേ രംഗത്ത് പ്രവർത്തിക്കു മ്പോഴും ആരോഗ്യകരമായ ഒരു ബന്ധവും സൗഹൃദവും അവർ തമ്മിലുണ്ടായിരുന്നു. തന്റെ സ്‌പേസിൽനിന്നു കൊണ്ട് താനും അദ്ദേഹത്തിനുള്ള സ്‌പേസിൽ നിന്നു കൊണ്ട് അദ്ദേഹവും എഴുതി എന്ന് ബാറ്റൺ ബോസ് വിശദീകരിക്കുന്നു. പരസ്പരം എഴുത്തിടങ്ങളിൽ അവർ കടന്നു കൈയ്യേറിയില്ല. അതിന്റെ ആവശ്യമേ വന്നില്ല എന്നദ്ദേഹം പറഞ്ഞു. വിശാലമായ കുറ്റാന്വേഷണ സാഹിത്യ മേഖലയിൽ തന്റേതായ ഒരു പാതയുണ്ടാക്കി അതിലൂടെ മാത്രം സഞ്ചരിക്കാനാണ് ബാറ്റൺ ബോസ് എന്ന എഴുത്തുകാരൻ എന്നും ശ്രമിച്ചത്. 
അന്തരിച്ച കുറ്റാന്വേഷണ എഴുത്തുകാരൻ തോമസ് ടി. അമ്പാട്ടുമായും തന്റെ ബന്ധം വളരെ ഊഷ്മളമായിരുന്നു എന്ന് ബാറ്റൺ ബോസ് പറഞ്ഞു. പുതിയ കാലത്തെ കുറ്റാന്വേഷണ/ത്രില്ലർ എഴുത്തുകാരായ എൻ. കെ. ശശിധരൻ (ബാറ്റൺ ബോസും എൻ.കെ.ശശിധരനും ചേർന്ന് സംയുക്തമായി മലയാള മനോരമ ആഴ്ചപ്പതിപ്പിന് വേണ്ടി ലിക്കർമാഫിയ എന്ന നോവൽ എഴുതുകയുണ്ടായി) മെഴുവേലി ബാബുജി, ജിജി ചിലമ്പിൽ, കെ.കെ.ഭാസ്‌കരൻ പയ്യന്നൂർ തുടങ്ങിയവരുമായും ആരോഗ്യകരമായ സൗഹൃദം തന്നെ അദ്ദേഹം വെച്ചുപുലർത്തുന്നു. 
അതേസമയം എഴുതാനും എഴുത്തിൽ ശ്രദ്ധേയനാകാനും അതികഠിനമായി അധ്വാനിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് സ്വന്തം അനുഭവങ്ങളിൽ നിന്നുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. അതിന്റെ പിന്നാമ്പുറങ്ങളിലേക്കു ചെന്നാൽ കെ.എം. ചാക്കോ എന്ന ഇടുക്കിയിലെ വളരെ സാധാരണക്കാരനായ ഒരു അടിമാലിക്കാരൻ, ബാറ്റൺ ബോസ് എന്ന തൂലികാനാമം സ്വീകരിച്ച് കുറ്റാന്വേഷണ നോവലുകളെഴുതി, പിന്നീട് കോട്ടയത്തെത്തി, അവിടെയുള്ള മിക്കവാറും എല്ലാ ജനകീയ പ്രസിദ്ധീകരണങ്ങളേയും കീഴടക്കി ജൈത്രയാത്ര നടത്തിയതിന്റെ ചരിത്രം കാണാം. ഒപ്പം അത് തളരാത്ത അധ്വാനത്തിന്റെയും തകരാത്ത നിശ്ചയദാർഢ്യത്തിന്റെയും പ്രചോദനാത്മകമായ പാഠം കൂടിയാണ്. ഒന്നോ രണ്ടോ കഥകളെഴുതി പ്രസിദ്ധീകരണത്തിന് നൽകി അവരത് നിരാകരിക്കുമ്പോൾ നിരാശയുടെ പടുകുഴിയിലേക്ക് വീണ് എഴുത്തുനിർത്താൻ ആലോചിക്കുന്നവർക്കുള്ള വലിയ പാഠം.
ഡോ.സീറോയും ആഫ്റ്റർ ഡെത്തും വായനക്കാരുടെ ഇടയിൽ ഏറെ ശ്രദ്ധേയമായെങ്കിലും തുടർന്ന് ഒരു ഹ്രസ്വകാലത്തേക്ക് വാരികകളിലൊന്നും ബാറ്റൺ ബോസിന്റെ നോവലുകൾ വന്നതേയില്ല എന്നത് ആശ്ചര്യകരമായിരുന്നു. അത് അദ്ദേഹം നോവലുകൾ എഴുതാത്തതു കൊണ്ടായിരുന്നില്ല. മറിച്ച് അദ്ദേഹം പ്രസിദ്ധീകരണത്തിന് നൽകിയ നോവലുകൾ വാരികകൾ നിഷ്‌കരുണം നിരാകരിച്ചു എന്നതു കൊണ്ടായിരുന്നു. രണ്ടു നോവലുകൾ വായനക്കാരുടെ ഇടയിൽ വലിയ പ്രചാരം നേടിയിട്ടും അടുത്തൊരു നോവൽ പ്രസിദ്ധീകരിച്ചെടുക്കാൻ അദ്ദേഹത്തിന് വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നു. അത്ഭുത കരമായ ദുര്യോഗം എന്നാണ് അതിനെ കുറിച്ച് ബാറ്റൺ ബോസ് അഭിപ്രായപ്പെട്ടത്.


എഴുതിയ കുറ്റാന്വേഷണ നോവലുകളുമായി കോട്ടയത്തെ പല വാരികകളുടേയും പടികൾ പലതവണ കയറിയിറങ്ങി കാലുകുഴഞ്ഞതിന്റെ ദുരിതപൂ ർണമായ കഥകൾ ഒരുപാടുണ്ട് അക്കാലത്തെ കുറിച്ച് ബാറ്റൺ ബോസിന് ഓർക്കാൻ. ആ സമയത്ത് വാരികകളൊന്നും അദ്ദേഹത്തിന്റെ നോവലുകൾ പരിഗണിച്ചതേയില്ല. പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്ന അവരുടെ പറച്ചിൽ കേട്ട് അദ്ദേഹത്തിന് കാതുകൾ തഴമ്പിച്ചു. പക്ഷെ, നിരാശ നാകാതെ ഓരോ പ്രാവശ്യവും അടിമാലിയിലേക്ക് തിരിച്ചുപോയി. അവിടെ ഇരുന്ന് പുതിയ നോവലുകൾ എഴുതി. അവയുമായി വീണ്ടും കോട്ടയത്ത് വന്ന് പത്രമാപ്പീസുകളിൽ ചെന്നു. വാരികകളിലെ പത്രാധിപൻമാരുടെ നിരാക രിക്കൽ ഓരോന്നും എഴുതാനുള്ള തന്റെ ആവേശം കൂട്ടുകയല്ലാതെ കുറച്ചില്ല എന്ന് ബാറ്റൺ ബോസ് പറഞ്ഞു. എങ്ങനെയും വാരികകളിൽ നോവൽ എഴുതി പ്രസിദ്ധീകരിച്ചിട്ടു തന്നെ കാര്യം എന്ന വാശി മനസിൽ അദ്ദേഹം കെടാതെ കാത്തുസൂക്ഷിച്ചു. 
അതിന്റെ വിജയകരമായ പരിസമാപ്തി ആയിരുന്നു തുടർന്നുള്ള മൂന്നു -മൂന്നര പതിറ്റാണ്ടിനിടയിൽ കോട്ടയത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഏതാണ്ട് എല്ലാ വാരികകളിലും ബാറ്റൺ ബോസ് നോവലുകൾ എഴുതി എന്നുള്ളത്. അവയിൽ ചെമ്പകവും ജനനിയും മലയാള മനോരമയും മനഃശബ്ദവും മംഗളവും മനോരാജ്യവും തരംഗിണിയും പശ്ചിമതാരകയും പൗരധ്വനിയും ഒക്കെയുണ്ട്. ഒരേസമയം ഏഴു വാരികകളിൽ വരെ നോവലുകൾ എഴുതാനുള്ള ഭാഗ്യവും അദ്ദേഹത്തിന് കിട്ടിയിരുന്നു. ഒരിക്കൽ തന്റെ നോവലുകൾ നിരാകരിച്ച വാരികകൾ പലതും പിന്നീട് തന്റെ നോവലുകൾക്കായി കാത്തുകെട്ടിക്കിടക്കുന്നതു കണ്ട് അദ്ദേഹം ആഹ്ലാദിച്ചിട്ടുണ്ട് (ഒട്ടും അഹങ്കരിച്ചില്ല എന്ന് ബാറ്റൺ ബോസ് പറയുന്നു). ഇക്കാലയളവിനുള്ളിൽ എഴുതിയത് 200-ലേറെ നോവലുകൾ. ഡോ.സീറോ, ആഫ്റ്റർ ഡെത്ത്, സ്പാനർ, കറുത്ത നീരാളി, റെയ്ഞ്ചർ, കൊള്ളിയാൻ, വാറണ്ട്, ചോരയ്ക്ക് നിറം ചുവപ്പ്, കാസിനോ തുടങ്ങി അവയുടെ ശീർഷകങ്ങളുടെ പട്ടിക നീണ്ടതാണ്. പല നോവലുകളും തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ബ്ലാക്ക്‌ബെൽട്ട് എന്ന നോവൽ ശാന്തം ഭീകരം എന്ന പേരിലും റെയ്ഞ്ചർ, ക്യാപ്റ്റൻ എന്ന പേരിലും സിനിമയായി.
കുറ്റാന്വേഷണ കൃതികൾ എഴുതിത്തുടങ്ങുകയും പിന്നീട് ക്രൈം നോവലുകളും ത്രില്ലറുകളും ക്രൈം ത്രില്ലറുകളും എഴുതി എഴുത്തിൽ പുതിയ പാതകൾ തുറക്കുകയാണ് ബാറ്റൺ ബോസ് ചെയ്തത്. അപ്പോഴും ഈ എ ഴുതുന്നതൊക്കെയും കുറ്റാന്വേഷണ കൃതികൾ തന്നെ എന്നാണ് അദ്ദേഹത്തിന്റെ വാദം. അഥവാ കുറ്റാന്വേഷണ സാഹിത്യത്തിലെ പലതരം വകഭേദങ്ങൾ മാത്രമാണവ. 
കുറ്റാന്വേഷണ നോവലുകൾ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പി ക്കുകയല്ല മറിച്ച് അതിനെതിരെ വലിയൊരു സന്ദേശം മുന്നോട്ടു വെക്കുകയാണ് ചെയ്യുന്നത് എന്നദ്ദേഹം പറഞ്ഞു. അതായത് എത്രയൊക്കെ തയ്യാറെടുപ്പും തെളിവു നശിപ്പിക്കലും നടത്തിയാലും ഒടുവിൽ നിയമം കുറ്റവാളിയെ പിടികൂടും എന്ന വലിയ സന്ദേശം. അതിനാൽ തന്നെ അത്തരം നോവലുകളുടെ പ്രസക്തി സമൂഹത്തിൽ ഒരിക്കലും അവസാനിക്കുന്നില്ല. പലരൂപത്തിലും വൈവിധ്യങ്ങളിലും അവ സാഹിത്യത്തിൽ നിലനിൽക്കുമെന്നുതന്നെയാണ,് മലയാള കുറ്റാന്വേഷണ നോവൽ സാഹിത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ഒരു സുവർണകാലം ആഘോഷിച്ചതിന് കാര്യകാ രണക്കാരായവരിൽ പ്രമുഖ സ്ഥാനമുള്ള ബാറ്റൺ ബോസ് എന്ന എഴുത്തുകാരന്റെ അഭിപ്രായം. 

                


 

Latest News