ശൂന്യതയിൽ തളിരിട്ട സർഗസിദ്ധി 

സൗദി അറേബ്യയിൽ മാറ്റത്തിന്റെ കാറ്റ് ശക്തമായി ആഞ്ഞു വീശുകയായിരുന്നു. സ്വദേശി വനിതകൾ കാറുകളോടിക്കുന്നു. കളിക്കളങ്ങളിലും പരിവർത്തനത്തിന്റെ യുഗപ്പിറവി. ദശകങ്ങൾക്ക് ശേഷം മുത്തശ്ശി നഗരത്തിലും സിനിമാ സ്‌ക്രീനുകൾ സജീവമായി. കലാസാംസ്‌കാരിക രംഗത്ത് ലഭ്യമായ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തിയത് മലയാളി പ്രവാസികളാണെന്നത് പ്രത്യേകം പറയേണ്ടതില്ല. രണ്ട് മാസം മുമ്പ് മാർച്ച് ആദ്യത്തിലും മത്സരിച്ച്  മലയാളികൾ മേളകൾ സംഘടിപ്പിച്ചു. മുമ്പൊക്കെ മലയാള സിനിമാ താരങ്ങൾ ഗൾഫ് പ്രോഗ്രാമിന്റെ ചാർട്ട് തയാറാക്കുമ്പോൾ ആദ്യം ഒഴിവാക്കുക സൗദിയെന്ന രാജ്യമാണ്. വന്ന് വന്ന് 2020 ആയപ്പോഴേക്ക് സൂപ്പർ, മെഗാസ്റ്റാറുകൾ വരെ ഇങ്ങോട്ട് വരാൻ മത്സരിച്ചു. മറ്റു ഗൾഫ് നഗരങ്ങളിൽ ഒന്നും നടത്താനായില്ലെങ്കിലും വേണ്ടില്ല ജിദ്ദ, ദമാം, റിയാദ് എന്നീ സൗദി അറേബ്യയിലെ പട്ടണങ്ങളിൽ താരനിശകൾ സംഘടിപ്പിക്കുന്ന വിഷയത്തിൽ ഇവന്റ് കമ്പനികൾ മത്സരിച്ചു. മലയാളി സംഘടനകളുടെ ബാനറിൽ മാനാഞ്ചിറയും തൃശൂർ പൂരവുമെല്ലാം ജിദ്ദ നഗരത്തിൽ പുനരാവിഷ്‌കരിച്ചു. 


വാരാന്ത്യത്തിൽ ഒരു പാട്ടുകച്ചേരി എന്നത് മാറി നിത്യേന മലയാളികളുടെ കലാപരിപാടികളെന്ന നിലയിൽ എത്തിനിൽക്കുകയായിരുന്നു മാർച്ചിൽ. മഹാനഗരത്തിലെ കൂട്ടായ്മകളിൽ സുപരിചിതനായ മലപ്പുറം മേലാറ്റൂർ സ്വദേശി മുസ്തഫ തോളൂർ ചുക്കാൻ പിടിച്ച നിരവധി പ്രോഗ്രാമുകളും അരങ്ങേറി വരികയായിരുന്നു. ചൈനയിലെ വുഹാനിൽ ആവിർഭവിച്ച കോവിഡിന്റെ കരിമേഘങ്ങൾ മരുഭൂ നാട്ടിലെ ചക്രവാളത്തിലും വ്യാപിക്കുന്നുണ്ടായിരുന്നു. ഇനിയും മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത മഹാവ്യാധിയ്ക്ക് ഒറ്റ ചികിത്സയേ ലഭ്യമായിട്ടുള്ളു. ലോക് ഡൗൺ എന്ന ഓമനപ്പേരിലറിയപ്പെടുന്ന അടച്ചുപൂട്ടൽ എന്നതാണ് മറുമരുന്ന്. കിഴക്കൻ പ്രവിശ്യയിലെ ചില സ്ഥലങ്ങളിൽ കർഫ്യൂ എന്നൊക്കെ കേട്ടപ്പോഴേ താമസിയാതെ ജിദ്ദയിലും ഇതേർപ്പെടുത്തുമെന്ന് കണക്കാക്കിയിരുന്നുവെന്ന് ജിദ്ദയിലെ കലാകാരനും സംഘാടകനുമായ മുസ്്തഫ തോളൂർ പറഞ്ഞു. തുടക്കത്തിൽ സന്ധ്യ മുതൽ പ്രഭാതം വരെ എന്നായിരുന്നു കണക്ക്. ക്രമേണ ദിവസം മുഴുവൻ അടച്ചിടുകയെന്നതായി വ്യവസ്ഥ. നിത്യേന മനുഷ്യസംഗമങ്ങൾക്ക് സാക്ഷ്യം വഹിച്ച് നിർവൃതിയടഞ്ഞിരുന്ന മുസ്തഫയ്ക്ക് ഇത് ആലോചിക്കാനേ വയ്യ. ഗൾഫ് പ്രവാസം തുടങ്ങുന്നതിന് മുമ്പ് മഞ്ചേരി കച്ചേരിപ്പടിയിലെ സ്‌കൂൾ ഓഫ് ഫൈൻ ആർട്‌സിൽനിന്ന് ചിത്രരചനയിൽ കെ.ജി.ടി.ഇ ഡിപ്ലോമ നേടിയിരുന്നു.

90കളുടെ ആദ്യത്തിലായിരുന്നു അത്. അതിൽ പിന്നെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സർക്കാർ വിദ്യാലയങ്ങളിൽ ചിത്രകലാ അധ്യാപകനായി നിയമിച്ചുള്ള കാർഡുകൾ തേടിയെത്തി. ഗൾഫ് പ്രവാസത്തിന്റെ തിരക്കിനിടയിൽ അഭിരുചിയുള്ള വിഷയമായിരുന്നിട്ടും ഡ്രോയിംഗ് മാസ്റ്ററാകാൻ കഴിഞ്ഞില്ല. അതിന്റെയെല്ലാം വിഷമം ഇല്ലാതായത് ഓർക്കാപ്പുറത്ത് കൈവന്ന ലോക്ഡൗൺ നാളുകളിലാണ്. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് കഴിയുമ്പോൾ ഓർമയിൽ ആദ്യം തെളിഞ്ഞു വന്നത് നഗരത്തിലെ കലാ-സാംസ്‌കാരിക രംഗങ്ങളിലെ പരിചിത മുഖങ്ങളാണ്. ഗായകർ, പ്രഭാഷകർ, സന്നദ്ധ പ്രവർത്തകർ എന്നിങ്ങനെ ജിദ്ദയുടെ പരിഛേദമായ സുഹൃത്തുക്കൾ. വേദികളിൽനിന്ന് വേദികളിലേക്ക് മിന്നിമായുന്ന ഇവരെല്ലാം ഇപ്പോൾ വീടുകളുടെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുകയായിരിക്കില്ലേ. മുസ്്തഫയുടെ ഭാവനയിൽ മുഖങ്ങൾ ഓരോന്നായി തെളിഞ്ഞു.  നമ്മിലേക്ക് ഒതുങ്ങാനും ഏകാന്തതയെ വിശാലമായി കാണാനും കൊറോണ നമ്മെ പഠിപ്പിച്ചു. ആരും നിർബന്ധിക്കാതെയും പ്രോത്സാഹിപ്പിക്കാതെയും അനുമോദിക്കാതെയും സൃഷ്ടികൾ രൂപപ്പെടുന്ന വേള. ഫ്‌ളാറ്റിന്റെ ജനലിലിരുന്ന് കൊറോണ മൂലം നിശ്ചലമായ പുറം ലോകത്തെ വീക്ഷിക്കുന്ന പൂച്ചയും ലോകമാകെ  കൊറോണ വൈറസിന്റെ പിടിയിലമർന്നപ്പോൾ ഭൂമിയിൽ ഒറ്റക്കൊറ്റക്കായ മനുഷ്യരുമെല്ലാം ചിത്രങ്ങളായി മാറിയത് അങ്ങനെയാണ്-മുസ്്തഫ വിവരിച്ചു. ഇരുപത് പേരെ വരച്ച് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തപ്പോൾ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ പേരെ ഇനിയും വരക്കാൻ ഇത് പ്രചോദനമാവുന്നു. 
വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇടക്കിടെ നാട്ടിലേക്ക് പോകാറുള്ള മുസ്്തഫ ഒരു യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് കോവിഡിന്റെ ഉപോൽപന്നമായി ലോക്ഡൗണെത്തിയത്. ജിദ്ദയിലെ കലാലോകത്തിന് സുപരിചിതനായ മുസ്്തഫ രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ സലിം അഹമ്മദ് സംവിധാനം ചെയ്ത പ്രവാസികളുടെ കഥ പറയുന്ന പത്തേമാരിയിൽ ഏതാനും ഷോട്ടുകളിലേ അഭിനയിച്ചുള്ളൂവെങ്കിലും മെഗാ സ്റ്റാർ മമ്മൂട്ടിയ്‌ക്കൊപ്പമാണെന്നതിനാൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. എറണാകുളത്ത് സജ്ജമാക്കിയ എയർപോർട്ടിൽ തന്റെ സാന്നിധ്യം സിനിമ കണ്ടവരെല്ലാം തിരിച്ചറിഞ്ഞു. സാബു ഉസ്മാൻ സംവിധാനം ചെയ്ത വിശുദ്ധ പുസ്തകത്തിലാണ് രണ്ടാമത് അഭിനയിച്ചത്. ജിദ്ദയിലും പത്തനംതിട്ടയിലുമായിരുന്നു ലൊക്കേഷൻ. പപ്പയുടെ സ്വന്തം അപ്പൂസിൽ ബാലതാരമായി രംഗത്തെത്തിയ ബാദുഷയായിരുന്നു നായകൻ. ജിദ്ദയിലെ ഒരു സൂപ്പർമാർക്കറ്റിലെ കാഷ്യറായി അഭിനയിക്കുന്ന രംഗമാണ് സൗദിയിൽ ചിത്രീകരിച്ചത്. മതമൈത്രിയുടെ സന്ദേശം പകർന്ന ഈ ചിത്രം കഴിഞ്ഞ വർഷമാണ് തിയേറ്ററുകളിലെത്തിയത്. 


സൗദി അറേബ്യയിലെത്തിയത് മുതൽ ആർടിസ്റ്റായാണ് ജോലി ചെയ്തത്. അബു സാമിർ അഡ്വർടൈസിംഗിനായി ബാനറുകൾ തയാറാക്കി തുടക്കം. പ്രൊഫഷണലായി വീഡിയോ പരസ്യങ്ങൾ തയാറാക്കാൻ സാധിച്ചുവെന്നത് നേട്ടം. ഏറ്റവുമൊടുവിൽ ബ്രേക്ക് ദ ചെയിൻ സന്ദേശം പ്രചരിപ്പിക്കാൻ നാട്ടിലിറങ്ങിയ രണ്ട് ഷോർട്ട് ഫിലിമുകൾക്ക് ആശയം നൽകി. ടെലിവിഷൻ ചാനലുകളിൽ റമദാൻ പ്രോഗ്രാമുകൾ തയാറാക്കിയ മുസ്്തഫ ജീവൻ ടി.വിയിൽ ഒന്നര വർഷം അറേബ്യൻ വർണങ്ങൾ എന്ന പേരിൽ പ്രതിവാര പ്രോഗ്രാം അവതരിപ്പിച്ചു. ഇവന്റ് മാനേജ്‌മെന്റ് രംഗത്തും നേട്ടങ്ങൾക്കുടമയാണ് മുസ്്തഫ. സിനിമ, മാപ്പിളപാട്ട് രംഗങ്ങളിലെ പ്രമുഖരെ സൗദി അറേബ്യയിൽ കൊണ്ടുവന്ന് പ്രോഗ്രാമുകൾ അവതരിപ്പിക്കാനായി. ബിജു നാരായണൻ, കോട്ടയം നസീർ, ജാഫർ ഇടുക്കി, നാദിർഷാ, റംലാ ബീഗം, വി.എം കുട്ടി, നിസാം കാലിക്കറ്റ്, ആസിഫ് കാപ്പാട് എന്നീ സെലിബ്രിറ്റികളെ ആദ്യമായി സൗദിയിൽ 
അവതരിപ്പിക്കാനായെന്നത് നേട്ടമാണ്. ചില സുഹൃത്തുക്കളുടെ സഹകരണവും ഇതിന് ലഭിച്ചിരുന്നു. സലിം അഹമ്മദിനേയും ജോയ് ആലുക്കയേയും മറ്റും പങ്കെടുപ്പിച്ച് ഗൾഫ് കെയർ അവാർഡ് നിശയും നടത്താനായതും പിന്തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനിക്കാൻ വക നൽകുന്നു.

Latest News