മുംബൈയിൽനിന്ന് കേരളത്തിലേക്ക് യാത്രാ നിരക്ക് എത്ര വരും? മോഡിക്കാലവും സ്വകാര്യ ട്രെയിനുകളും വരുന്നതിന് മുമ്പ് സി.എസ്.ടി, കുർള, പൻവേൽ സ്റ്റേഷനുകളിൽ നിന്ന് 500 രൂപ മുടക്കിയാൽ നാട്ടിലെത്താം. ഇപ്പോഴത് ഇരട്ടിയായിട്ടുണ്ടാവുമെന്ന് തന്നെ കരുതുക. ലോക് ഡൗണിന് മുമ്പെ ആഭ്യന്തര വിമാനങ്ങളിൽ മുംബൈ-കാലിക്കറ്റ് ഫെയർ ഏകദേശം 5000 രൂപയായിരുന്നു. മുംബൈ മഹാനഗരത്തിൽ കേരള തലസ്ഥാനത്തിലുള്ളതിന്റെ നാലഞ്ച് ഇരട്ടി മലയാളികൾ കഴിയുന്നു. മഹാമാരിക്കാലത്ത് മുംബൈയിൽ കുടുങ്ങിയ ഒരു വനിത തന്റെ വിഷമം മാതൃഭൂമി ന്യൂസിൽ വിവരിക്കുന്നത് കേട്ടു. രണ്ട് ലക്ഷം രൂപ നൽകിയാൽ ഒരാളെ കേരളത്തിലെത്തിക്കാമെന്നാണ് ടാക്‌സി കാറുകാർ പറയുന്നത്. വളരെ മര്യാദക്കാരായിരുന്നു മുംബൈയിലെ മഞ്ഞ ടാക്‌സികൾ. ഇതേതാണപ്പാ ഈ കൊള്ളക്കാരൻ? അടുത്ത ആഴ്ച അഹമ്മദാബാദിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വരുന്നതോടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതാം.
*** *** ***
കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് നഗരങ്ങളിൽ നിന്ന് ഇരുനൂറിൽ താഴെ യാത്രക്കാരുമായി വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നുതുടങ്ങി. ഈ ഓപ്പറേഷന് വന്ദേഭാരത് എന്ന പേരുമുണ്ട്. 700 ദിർഹം മുതൽ 1500 വരെ മുടക്കിപ്പോകുന്നവർക്കാണ് ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗഭാഗ്യം. മലയാളം ചാനലുകളിലെ കോലാഹലമാണ് സഹിച്ചു കൂടാത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യമെന്നൊക്കെയാണ് തള്ള്. എന്തൊരു ചരിത്രബോധം? മനോരമ ന്യൂസിലെ ക്യാമറ ഇല്ലായിരുന്നുവെങ്കിൽ പാവം മലയാളി കൊച്ചിയിൽ ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ ഹെഡ് ലൈറ്റിന്റെ ആദ്യ ദൃശ്യം കാണാൻ ബുദ്ധിമുട്ടിയേനെ. നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയത് യുദ്ധ വിമാനമൊന്നുമല്ലല്ലോ.
സംഘർഷഭരിതമായ യെമനിൽ നിന്ന് ഇന്ത്യ ജിബൂട്ടി വഴി ആളുകളെ ഒഴിപ്പിച്ചു കൊണ്ടു വന്നിട്ടും ഇറാഖിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരെ തിരികെയെത്തിച്ചിട്ടും കാലമേറെയായിട്ടില്ല. ഇറാഖിലെ ഓപ്പറേഷനെ ആസ്പദമാക്കി മലയാള സിനിമയുമിറങ്ങി. ലോക ചരിത്രത്തിൽ ശ്രദ്ധേയമായ കുവൈത്ത് കുടിഒഴിപ്പിക്കലിൽ 1,70,000 ഇന്ത്യക്കാരെയാണ് കൊണ്ടുവന്നത്. എയർ ഇന്ത്യയുടെ അഞ്ഞൂറോളം വിമാനങ്ങളിൽ ഒന്നര മാസമെടുത്ത് പൂർത്തിയാക്കിയതായിരുന്നു ഒന്നാം ഗൾഫ് യുദ്ധസമയത്തെ രക്ഷാ പ്രവർത്തനം. മലയാളി വീടുകളിൽ ആദ്യമായി സിഎൻഎൻ ചാനലിലെ മിസൈൽ ആക്രമണ രംഗങ്ങൾ മിനി സ്‌ക്രീനിൽ ദർശിച്ച വേള. അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയിൽ ആർ.കെ ലക്ഷ്മൺ വരച്ച ഒന്നാം പേജ് കാർട്ടൂൺ ഇന്ത്യയുടെ വിദേശ മന്ത്രി ഐ.കെ ഗുജ്്‌റാൾ രക്ഷാ ദൗത്യവുമായി ഇറങ്ങിത്തിരിച്ചതിനെ കുറിച്ചായിരുന്നു. കുവൈത്ത് ഒഴിപ്പിക്കുമ്പോൾ വി.പി സിംഗ് പ്രധാനമന്ത്രി. കേരളം ഭരിച്ചത് ഇ.കെ നായനാർ. നോർക്കയും ലോക കേരള സഭയുമില്ലാത്ത അന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ സർക്കാർ ഹെൽപ് ഡെസ്‌ക് ഏർപ്പെടുത്തി വെറും കൈയുമായി തിരിച്ചെത്തിയവർക്ക് പോക്കറ്റ് മണി നൽകി. വടക്കൻ കേരളത്തിൽനിന്ന് തുടർച്ചയായി എം.പിയായ മഹാനൊക്കെ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയത് കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർത്തെടുത്തു പോയെന്ന് മാത്രം. കേരളത്തിലെ മന്ത്രി ടി.കെ ഹംസ ഓപ്പറേഷനിൽ പങ്കാളിയായത് അദ്ദേഹം സഫാരി ചാനലിൽ മുമ്പ് സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ ഓർമിപ്പിച്ചിട്ടുണ്ട്.
*** *** ***
ഇന്ത്യയിൽ കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച സംസ്ഥാനമാണ് ഗുജറാത്ത്. മഹാാരഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും മരണം റിപ്പോർട്ട് ചെയ്തതും ഇവിടെയാണ്. എന്തുകൊണ്ടാണ് രോഗം ഇത്രയുമധികം വ്യാപിക്കാൻ കാരണം. സംഭവത്തിന് പിന്നിൽ നമസ്‌തെ ട്രംപ് എന്ന പേരിൽ ഗുജറാത്തിൽ സംഘടിപ്പിച്ച പരിപാടിയാണെന്ന് കോൺഗ്രസ് സംശയിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 24നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനും സംഘത്തിനും അഹമ്മദാബാദിൽ കൂറ്റൻ സ്വീകരണം നൽകിയത്. ഗുജറാത്തിലെ ബിജെപി സർക്കാരാണ് നമസ്‌തെ ട്രംപ് എന്ന പേരിൽ ഫെബ്രുവരിയിൽ പരിപാടി സംഘടിപ്പിച്ചത്.
സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് ചവ്ദ ആവശ്യപ്പെട്ടു. കൊറോണ രോഗം ഗുജറാത്തിൽ വ്യാപിക്കാൻ കാരണം സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ അലസമായ നിലപാടാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ അമിത് ചവ്ദ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയിൽ ആയിരങ്ങളാണ് സംബന്ധിച്ചത്. അഹമ്മദാബാദിലെ ആരുമോർക്കാത്ത തബ്്‌ലീഗ്.
*** *** ***
അർണബ് ഗോസ്വാമിയ്ക്കിതാ ഒരു കൊച്ചനുജൻ. ചാനൽ ചർച്ചയിൽ മുസ്്‌ലിം വിഭാഗത്തിനെതിരെ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തിയ സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്കെതിരെ കേരള പോലീസ് കേസെടുത്തു. ഐഐവൈഎഫ് നേതാവ് അഡ്വ. പി. ഗാവസിന്റെ പരാതിയിൽ കോഴിക്കോട് കസബ പോലീസാണ് സുധീർ ചൗധരിക്കെതിരെ കേസെടുത്തത്.
മാർച്ച് 11ന് സംപ്രേഷണം ചെയ്ത ഡിഎൻഎ എന്ന പരിപാടിയിലെ പരാമർശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. പരസ്യമായി അവഹേളിക്കുന്നതും മതസ്പർധ വളർത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ പരാമർശങ്ങളാണ് സുധീർ ചൗധരി നടത്തിയതെന്ന് പരാതിയിലുണ്ട്. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധമാണ് എന്ന മുഖവുരയോടെ സ്‌ക്രീനിൽ ഒരു ഡയഗ്രം വരച്ചാണ് അദ്ദേഹം ചാനലിൽ അവതരിപ്പിച്ചത്.
സോണിയാ ഗാന്ധിയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ വലിയ പുലിവാല് പിടിച്ചിരിക്കുകയാണ് റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. അർണബിനെതിരെ കോൺഗ്രസ് പരാതിയിൽ 150 ഓളം കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എടുത്തിരിക്കുന്നത്. ചാനലിന്റെ സാമ്പത്തിക സ്രോതസ്സ്, പണമിടപാടുകൾ എന്നിവ സംബന്ധിച്ച് പോലീസ് അന്വേഷിക്കും. കേസ് മുംബൈ പോലീസ് സംസ്ഥാന സാമ്പത്തിക കുറ്റകൃത്യ വകുപ്പിന് കൈമാറിയേക്കും. വളരെ ചെറിയ കാലയളവിന് ഉള്ളിൽ എങ്ങനെയാണ് ചാനൽ ഇത്ര വളർച്ച കൈവരിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കും.
*** *** ***
ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ മൂലം താരങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. അക്കൗണ്ട് ഇല്ലാത്തവരുടെ പേരിൽ വരെ വ്യാജ പേജുണ്ടാക്കുന്ന സ്ഥിതിയാണ് പലരും. ഇപ്പോഴിതാ തന്റെ പേരിൽ സജീവമായിരിക്കുന്ന എഫ്ബി പേജിനെതിരേ നടി ഭാവനയും രംഗത്തു വന്നിരിക്കുന്നു. തനിക്ക് ഫേസ്ബുക്ക് പേജില്ലെന്നും തന്റെ പേരിൽ മറ്റാരോ ആണ് അത് ഉപയോഗിക്കുന്നതെന്നും ഭാവന പറഞ്ഞു. എല്ലാവരും ദയവ് ചെയ്ത് ഫെയ്ക്ക് അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്നാണ് താരത്തിന്റെ ആവശ്യം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാവന ഇതിനെക്കുറിച്ച് പറഞ്ഞത്. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന മലയാളത്തിൽ അവസാനമായി അഭിനയിച്ച സിനിമ. വിവാഹത്തിന് ശേഷം ബംഗളൂരുവിലാണ് ഭാവന ഇപ്പോൾ താമസം.
2018 ജനുവരിയിലായിരുന്നു കന്നഡ നിർമ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം. കുറച്ചുനാളുകൾക്ക് ശേഷം അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തി. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. തെന്നിന്ത്യൻ താരം തമന്നയാണ് സോഷ്യൽ മീഡിയയുടെ ആക്രമണത്തിന്റെ മറ്റൊരു ഇര. താരം വിവാഹിതയാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച. പാക് ക്രിക്കറ്റ് കോച്ച് അബ്ദുൾ റസാക്കുമായുള്ള വിവാഹത്തിന് താരം ഒരുങ്ങുകയാണെന്നാണ് പ്രചരിക്കുന്നത്. സാനിയയ്ക്ക് ശേഷം പാക്കിസ്ഥാന്റെ മരുമകളാകാൻ ഒരുങ്ങുകയാണെന്ന് പ്രചരിപ്പിക്കുന്നു. തമന്നയും അബ്ദുൾ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയിൽ നിൽക്കുന്ന ചിത്രമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. അബ്ദുൾ റസാക്ക് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്.
തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാർത്തകൾ തമന്ന തള്ളി. പ്രണയമെന്ന ആശയത്തെ താൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാർത്തകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് തമന്ന പറയുന്നത്. തമന്നയും അബ്ദുൾ റസാക്കും ഒന്നിച്ച് 2017ൽ ദുബായിൽ ഒരു ജുവല്ലറി ഉദ്ഘാടന വേളയിൽ പകർത്തിയ ചിത്രമാണ് ഗോസിപ്പുകാർ ഉപയോഗപ്പെടുത്തുന്നത്.
*** *** ***
കൊറോണ മഹാമാരിയെ പിടിച്ചുകെട്ടിയതിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അഭിനന്ദനം അറിയിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സന്ദേശത്തിൽ ചൈനീസ് പ്രസിഡന്റിനെ കിം അഭിവാദ്യം അറിയിക്കുകയും ആശംസ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വളരെ പ്രതിസന്ധി സൃഷ്ടിച്ച ഒരു മഹാമാരിയുമായുള്ള യുദ്ധത്തിൽ വിജയിക്കാനുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി എന്നാണ് കിമ്മിന്റെ വാക്കുകൾ. കിം മരിച്ചതായി റിപ്പോർട്ട് ചെയ്തവരിൽ മലയാളത്തിലെ പ്രമുഖ ചാനലുമുണ്ട്. എല്ലാവരും കരുതിയിരുന്നോളൂ. ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വഷളായെന്നും അദ്ദേഹം മരണപ്പെട്ടെന്നുമുള്ള വാർത്തകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രചരിച്ചത്. 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
*** *** ***
ചടുലമായ അവതരണ രീതിയിലൂടെ 24 ന്യൂസ് മലയാളം ചാനലുകളിൽ മുന്നേറുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൃശൂർ പൂരം, മാലി, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുള്ള ഒഴിപ്പിക്കൽ എന്നിവയെല്ലാം ഓഗ്്‌മെന്റഡ് റിയാലിറ്റിയിലൂടെ ആകർഷകമായ രീതിയിൽ അവതരിപ്പിച്ചു. അവതാരകരെ ട്രോളി രസിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് സോഷ്യൽ മീഡിയ. കൂട്ടത്തിൽ ഹൃദയവുമായി പറന്ന സർക്കാർ ഹെലികോപ്ടറിന്റെ ശനിയാഴ്ചയിലെ ദൃശ്യം മനോഹരമായി. കേരള സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യ രക്ഷാ ദൗത്യമായിരുന്നു ഇത്. ഇത്തരമൊരെണ്ണം നേരത്തേയുണ്ടായിരുന്നുവെങ്കിൽ മംഗലാപുരം അതിർത്തിയിൽ ലോക്ഡൗണിനിടെ പൊലിഞ്ഞ പതിമൂന്ന് ജീവനുകളിൽ കുറേയെണ്ണമെങ്കിലും രക്ഷപ്പെടുത്താമായിരുന്നു.






