ആദിവാസി വിഭാഗത്തിൽനിന്ന് കേരളത്തിലാദ്യമായി ഐ.എ.എസ് നേടിയ ശ്രീധന്യ. വയനാട് അമ്പലക്കൊല്ലി ഊരിലെ കഷ്ടദിനങ്ങൾ കടന്ന് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറുടെ പദവിയോളമെത്തിയ ഒരു സ്ഥിരോൽസാഹിയുടെ ആവേശകരമായ ജീവിതവഴികളിലൂടെ...
പോരാട്ടവീര്യം സിരകളിലേറ്റു വാങ്ങിയ വിജയമാണ് വയനാട്ടിലെ കുറിച്യ സമുദായാംഗമായ ശ്രീധന്യ സുരേഷിന്റേത്. നിശ്ചയദാർഢ്യവും ആത്മബലവും കൈമുതലാക്കി സിവിൽ സർവീസിന്റെ പടികൾ ചവിട്ടിക്കയറിയപ്പോൾ വയനാട്ടിലെ ആദിവാസി ഊരുകൾക്കെല്ലാം അതൊരു ചരിത്രമുഹൂർത്തമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിതപ്രാരബ്ധങ്ങളും മറികടന്നാണ് ഈ പെൺകുട്ടി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ആദിവാസി വിഭാഗത്തിൽനിന്നുള്ള ഒരു പെൺകുട്ടി ഐ.എ.എസ് നേടുന്നതും അസിസ്റ്റന്റ് കലക്ടറായി നിയമിതയാകുന്നതും.

സിവിൽ സർവ്വീസ് പരീക്ഷയിൽ നാനൂറ്റിപത്താം റാങ്കുകാരിയായിരുന്നു ശ്രീധന്യ. വയനാട് ചുരംതാണ്ടിയെത്തുന്നവർക്ക് വൈത്തിരി റോഡിൽ ഇടിയംവയലിനടുത്തായി അമ്പലക്കൊല്ലി കോളനി കാണാം. കുത്തനെയുള്ള കയറ്റവും ചെങ്കുത്തായ ഇറക്കവുമെല്ലാം താണ്ടിവേണം കോളനിയിലെത്താൻ. എന്നാൽ ഈ യാത്രയൊന്നും ശ്രീധന്യയ്ക്കു മുന്നിൽ വെല്ലുവിളി ഉയർത്തിയില്ല. കഠിനമായ ജീവിതപ്രതിസന്ധികളെ പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിടാനുള്ള ത്രാണി അവൾക്ക് സമ്മാനിച്ചത് അച്ഛൻ സുരേഷും അമ്മ കമലയുമായിരുന്നു.
നിവർന്നുനിൽക്കാൻ പോലുമാകാത്ത കൊച്ചുകൂരയായിരുന്നു ശ്രീധന്യയുടേത്. ബ്ലോക്ക് പഞ്ചായത്താണ് ഇപ്പോൾ താമസിക്കുന്ന വീട് അനുവദിച്ചത്. ചുടുകട്ടകൊണ്ട് ചുമർപണിഞ്ഞ് കനംകുറഞ്ഞ കോൺക്രീറ്റിന്റെ മേൽക്കൂരയുമിട്ടത് പതിനാറു വർഷങ്ങൾക്കുമുൻപായിരുന്നു. തേച്ചുമിനുക്കിയിട്ടില്ലാത്ത നിലമാണിപ്പോഴും. പാളിയില്ലാത്ത ജനലുകൾ സാരികൊണ്ട് മറച്ചതും മഴ പെയ്താൽ മുറിയിലെല്ലാം വെള്ളമെത്തുന്നതും കാറ്റടിച്ചാൽ പറന്നുപോകുന്ന മേൽക്കൂരയുള്ള അടുക്കളയുമുള്ള കൊച്ചുവീട്. ചോർച്ചയിൽ നനഞ്ഞുപോകാതിരിക്കാനായി പുസ്തകങ്ങളെല്ലാം ചാക്കിലാണ് കെട്ടിെവച്ചിരിക്കുന്നത്. പ്രളയജലം വീടിനെ മുക്കിയപ്പോഴും പുസ്തകങ്ങൾ നെഞ്ചോടുചേർത്തുപിടിച്ച നിശ്ചയദാർഢ്യം.

തൊഴിലുറപ്പ് പണിയും നാടൻ പണികളുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഈ ദമ്പതികൾ നൂറു രൂപ കിട്ടിയാൽ തൊണ്ണൂറു രൂപയും മകളുടെ വിദ്യാഭ്യാസത്തിനായാണ് ചെലവഴിച്ചത്. കൂലിയിൽനിന്നും മിച്ചം പിടിച്ചും സുമനസ്സുകളുടെ സഹായംകൊണ്ടുമാണ് മകളെ ഐ.എ.എസുകാരിയാക്കിയതെന്നു പറയാൻ അദ്ദേഹത്തിന് മടിയില്ല.
വിശപ്പും ജീവിതവും മറന്ന് മുണ്ടു മുറുക്കിയുടുത്ത് പകലന്തിയോളം മണ്ണിനോടു പടവെട്ടിയാണ് ആ മാതാപിതാക്കൾ മക്കളെ പഠിപ്പിച്ചത്. മകളുടെ വിജയത്തെക്കുറിച്ചറിയാൻ വിളിച്ചപ്പോഴും അദ്ദേഹം ഇഞ്ചികൃഷിക്കായി മറ്റൊരാളുടെ നിലമൊരുക്കുകയായിരുന്നു. കുറച്ചുകാലമായി ഭാര്യക്ക് ജോലിയൊന്നുമില്ല. വിറക് വെട്ടിയും കൃഷിപ്പണി ചെയ്തുമാണ് ആ പിതാവ് മകളുടെ സ്വപ്നങ്ങൾക്ക് നിറം നൽകുന്നത്. മകൾ എന്ന് നാട്ടിലെത്തുമെന്ന് അദ്ദേഹത്തിനറിയില്ല. മസൂറിയിലെ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണവൾ. ഇതിനിടയിലാണ് നിയമന ഉത്തരവ് ലഭിച്ചിരിക്കുന്നത്. കൊറോണ പശ്ചാത്തലത്തിൽ രണ്ടാഴ്ചക്കകം നാട്ടിലെത്തി ജോലിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം പറയുന്നു.

ഒരു നാട് മുഴുവൻ ആഹ്ലാദത്തിമിർപ്പിലാണ്. അമ്പലക്കൊല്ലി കോളനിയിലെ റോഡുകളിലെല്ലാം വിവിധ വർണ്ണങ്ങളിലെ പോസ്റ്ററുകളും ബാനറുകളും നിരന്നുകഴിഞ്ഞു. തങ്ങൾക്കിടയിലുള്ള ഒരു പെൺകുട്ടിയുടെ ഉയർച്ചയിൽ അവരെല്ലാം ഒരുപോലെ ആഹ്ലാദിക്കുന്നു. സ്വന്തം മകളെപ്പോലെയാണ് അവരുടെ ശ്രീധന്യയോടുള്ള പെരുമാറ്റമെന്നും സുരേഷ് പറയുന്നു.
തലയ്ക്കൽ ചന്തുവിന്റെ പിന്മുറക്കാരാണ് തങ്ങളെന്നാണ് സുരേഷിന്റെ ഭാഷ്യം. പഴശ്ശിരാജയോടൊപ്പംനിന്ന് ബ്രിട്ടീഷുകാരെ വിറപ്പിച്ച പടയാളിയായിരുന്നു കുറിച്യ വംശജനായ തലയ്ക്കൽ ചന്തു. കുറിച്യർ എന്നാൽ കുറിക്ക് കൊള്ളിക്കുന്നവർ എന്നാണ് അർത്ഥം. അമ്പെയ്ത് കുറിക്കു കൊള്ളിക്കാൻ മിടുക്കരാണിവർ. ഗറില്ലാ പോരാളികളെപ്പോലെ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നവർ. അതിന്റെ ശേഷിപ്പ് ഇപ്പോഴും ആ വീട്ടുമുറ്റത്തുണ്ട്. അമ്പെയ്ത്ത് പഠിക്കാൻ ഇപ്പോഴും ആളുകളെത്താറുണ്ട്. പണ്ടെല്ലാം നായാട്ടിന് പോകാറുണ്ടായിരുന്നു. നായാട്ടിനുള്ള ഉപകരണങ്ങളും നിർമ്മിച്ചുനൽകിയിരുന്നു. പഞ്ചായത്ത് കലോത്സവങ്ങളിൽ അമ്പെയ്ത്തു മത്സരങ്ങളിൽ ഇപ്പോഴും പങ്കെടുക്കാറുണ്ട്.
നിങ്ങൾക്കെന്തെങ്കിലും നേടാൻ താൽപര്യമുണ്ടെങ്കിൽ, നിങ്ങളുടെ കണ്ണുകൾ തുറന്നിടുക. ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്കാവശ്യമുള്ളത് കൃത്യമായി അറിയാമെന്ന് ഉറപ്പാക്കുക. കണ്ണുകളടച്ച് ആർക്കും അവരുടെ ലക്ഷ്യത്തിലെത്താൻ കഴിയില്ല. -പൗലോ കൊയ്ലോ
പഴശ്ശിരാജയുടെ മരണത്തോടെ നാട്ടുരാജാക്കന്മാരായിരുന്നു ജന്മികളായെത്തിയത്. ജമീന്ദാർമാർക്കായിരുന്നു കൈവശാവകാശം. പിന്നീട് വനംവകുപ്പിന്റെ ചുമതലയിലായി. ഭൂമിക്ക് ഇപ്പോഴും കൈവശാവകാശമില്ല. സ്വന്തമായി വീട് നിർമ്മിക്കാനാവില്ല. മരം മുറിക്കാൻ പാടില്ല. വൈദ്യുതി എത്തിയിട്ടുതന്നെ കുറച്ചുകാലമേ ആയുള്ളു. ആനയും കടുവയും കാട്ടികളും വിഹരിക്കുന്ന കാട്ടിൽ ഭയപ്പാടോടെയുള്ള ജീവിതം. ആദിവാസികളുടെ ദൈന്യതയെക്കുറിച്ച് സംസാരിച്ചുതുടങ്ങുകയായിരുന്നു സുരേഷ്.
കുട്ടിക്കാലംതൊട്ടേ പഠിക്കാൻ മിടുക്കരായിരുന്നു മക്കൾ. നൂറു ശതമാനം മാർക്ക് വാങ്ങണമെന്ന് പറയാറില്ല. എങ്കിലും മോശമല്ലാത്ത മാർക്ക് വാങ്ങണമെന്ന് അവരെ ഉപദേശിക്കാറുണ്ട്. പരീക്ഷ കഴിഞ്ഞാൽ ഉത്തരക്കടലാസുകൾ നോക്കും. മാർക്ക് കുറഞ്ഞാൽ കൃത്യമായി പഠിക്കാൻ പറയും. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യം നിമിത്തം ഒൻപതാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്ന സുരേഷ് തനിക്ക് ലഭിക്കാതിരുന്നത് മക്കളിലൂടെ നേടുകയായിരുന്നു. മൂത്ത മകൾ സുഷിതയ്ക്ക് എസ്.എസ്.എൽ.സിക്ക് എൺപത്തഞ്ച് ശതമാനം മാർക്കുണ്ടായിരുന്നു. തരിയോട് നിർമ്മല ഹൈസ്കൂളിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പ്ലസ്ടുവും ജെ.ഡി.എസ് ഡിപ്ളോമയും കരസ്ഥമാക്കിയ സുഷിത ഒറ്റപ്പാലം കോടതിയിൽ അറ്റൻഡറായി ജോലി നോക്കുകയാണ്. കോളനിയിൽനിന്നും ആദ്യമായി സർക്കാർ സർവീസിലെത്തുകയായിരുന്നു അവൾ. ഇളയ മകൻ ശ്രീരാഗ് മീനങ്ങാടി പോളിടെക്നിക്കിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ഡിപ്ളോമ വിദ്യാർത്ഥിയാണ്.
രണ്ടാമത്തെയാളായിരുന്നു ശ്രീധന്യ. കുട്ടിക്കാലംതൊട്ടേ പഠനത്തിൽ
മിടുക്കിയായിരുന്നു. തരിയോട് സെന്റ് മേരീസ് യു.പി. സ്കൂളിലേയ്ക്ക് നാലു കിലോമീറ്ററോളം നടന്നാണ് പോയത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വൈകുവോളം പഠിക്കുമായിരുന്ന ശ്രീധന്യക്ക് എസ്.എസ്.എൽ.സിക്ക് എൺപത്തഞ്ച് ശതമാനം മാർക്കുണ്ടായിരുന്നു. തരിയോട് ഗവൺമെന്റ് ജി.എച്ച്.എസ്.എസിൽനിന്നും പ്ലസ്ടുവിനും നല്ല മാർക്ക് വാങ്ങി. ബിരുദപഠനം കോഴിക്കോട് ദേവഗിരി കോളേജിലായിരുന്നു. സുവോളജിയായിരുന്നു ഐച്ഛിക വിഷയം. തുടർന്ന് കാലിക്കറ്റ്്് യൂണിവേഴ്സിറ്റി കാമ്പസിൽ എം.എസ്സി അപ്ളൈഡ് സുവോളജിയിൽ പി.ജിയെടുത്തു. പഠനത്തിന് സ്കോളർഷിപ്പുണ്ടായിരുന്നു. അധ്യാപകരുടെയും പിൻബലമുണ്ടായിരുന്നു. കുട്ടിക്കാലത്ത് പോലീസും വക്കീലുമൊക്കെയാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പി.ജി. പഠനത്തിനിടയിലാണ് ഐ.എ.എസ് എന്ന മോഹമുദിക്കുന്നത്. മോഹം സഫലമാക്കാനുള്ള വഴിയൊന്നും അന്ന് മനസ്സിലുണ്ടായിരുന്നില്ല.
ട്രൈബൽ ടൂറിസം ഡവലപ്മെന്റിന്റെ വൈത്തിരി ഓഫീസിൽ പ്രോജക്ട് അസിസ്റ്റന്റായുള്ള താൽക്കാലിക ജോലിക്കിടയിലാണ് തന്റെ സ്വപ്നയാത്രയ്ക്കുള്ള വഴി തെളിഞ്ഞതെന്ന് ശ്രീധന്യ പറഞ്ഞിട്ടുണ്ട്. കോഴിക്കോട് കലക്ടറായ ശ്രീറാം സാംബശിവറാവു അന്ന് വയനാട് സബ് കലക്ടറായിരുന്നു. അദ്ദേഹം പങ്കെടുത്തിരുന്ന ചടങ്ങിൽ മിനുട്ട്സ് എഴുതാനുള്ള ചുമതലയായിരുന്നു ശ്രീധന്യക്ക്. അന്നുവരെ ഒരു കലക്ടറെ നേരിട്ടു കണ്ടിട്ടില്ലാത്ത ശ്രീധന്യയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. സബ്കലക്ടറുടെ വരവിൽ ഉദ്യോഗസ്ഥരും പോലീസുകാരും തികഞ്ഞ ആദരവാണ് കാണിച്ചത്. ഒരു ഐ.എ.എസുകാരന്റെ അധികാരവും അദ്ദേഹത്തോടുള്ള ആദരവും നേരിട്ടു കണ്ട ശ്രീധന്യ തന്റെയും ലക്ഷ്യം ഇതുതന്നെ എന്നു മനസ്സിലുറപ്പിക്കുകയായിരുന്നു. അദ്ദേഹവുമായി പരിചയപ്പെട്ടു. ഐ.എ.എസിനുള്ള എൻട്രൻസ് എഴുതാൻ പ്രോത്സാഹിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
ശ്രമം വിഫലമായില്ല. ആദ്യശ്രമത്തിൽതന്നെ എൻട്രൻസ് പരീക്ഷ വിജയിച്ചു. മാതാപിതാക്കളുടെയും സുമനസ്സുകളുടെയും സഹായത്തോടെ തിരുവനന്തപുരത്തെ മണ്ണന്തല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സിവിൽ സർവീസസ് ട്രെയിനിംഗ് സൊസൈറ്റിയിലായിരുന്നു പരിശീലനം. സർക്കാർ സഹായവുമുണ്ടായിരുന്നു. കഠിനമായ പരിശീലനം നടത്തിയെങ്കിലും പ്രിലിമിനറി പരീക്ഷയിൽ വിജയം നേടാനായില്ല. എങ്കിലും തോറ്റുകൊടുക്കാൻ മനസ്സനുവദിച്ചില്ല. തിരുവനന്തപുരം ഫോർച്യുൺ ഐ.എ.എസ് അക്കാദമിയിൽ ചേർന്നു. അമ്മ കുടുംബശ്രീയിൽനിന്നും വായ്പയെടുത്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയത്. തുടർന്നുള്ള കഠിനമായ പരിശ്രമം വിജയം കാണുകയായിരുന്നു. മലയാളമായിരുന്നു ഐച്ഛിക വിഷയമായെടുത്തത്. എം.ടിയായിരുന്നു പ്രിയപ്പെട്ട എഴുത്തുകാരൻ. ജൂൺ
മാസത്തിൽ നടന്ന പ്രിലിമിനറി പരീക്ഷയും ഒക്ടോബറിൽ നടന്ന മെയിൻ പരീക്ഷകളും നല്ല നിലയിൽ വിജയിച്ചു. ദൽഹിയിൽവെച്ചായിരുന്നു കൂടിക്കാഴ്ചാ പരീക്ഷ. ഫലം വന്നപ്പോൾ നാനൂറ്റി പത്താം റാങ്കും ലഭിച്ചു.

വർഷങ്ങൾക്കുമുൻപ് സർക്കാർ സർവീസിലേയ്ക്ക് പരീക്ഷയെഴുതി പതിനാലാം റാങ്ക് നേടിയെങ്കിലും ജോലി ലഭിക്കാതിരുന്ന സുരേഷിന്റെ ജീവിതത്തിലെ അഭിമാനമുഹൂർത്തമായിരുന്നു അത്. വയനാട് ജില്ലാ ആംഡ് റിസർവ്വ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഉന്നത വിജയം നേടിയെങ്കിലും എസ്.എസ്.എൽ.സിയില്ലാത്തതിനാൽ നിരസിക്കുകയായിരുന്നു. കൂടെ പരീക്ഷയെഴുതിയ സുഹൃത്തിന് ജോലി ലഭിച്ചു. അവൻ അടുത്തിടെയാണ് വിരമിച്ചത്. അക്കാലത്ത് അതൊന്നും പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല.
പിന്നീട് തിരുവനന്തപുരം പട്ടത്ത് ഡി.സി.ആർ.ബിയിൽ സ്വീപ്പർ തസ്തികയിൽ നാലുവർഷത്തോളം ജോലി നോക്കിയെങ്കിലും രാജി വെക്കുകയായിരുന്നു. അവിടെനിന്നാണ് ജാതീയമായ അധിക്ഷേപങ്ങൾ ഏറെ നേരിട്ടതെന്ന് സുരേഷ് പറയുന്നു. ഗോത്രപ്പേരായ വെള്ളൻ എന്ന പേരുമാറ്റി സുരേഷ് എന്നാക്കിയതും അവിടെെവച്ചായിരുന്നു. എവിടെചെന്നാലും ആദിവാസിയെന്ന പരിഹാസവും അവഹേളനവും. തന്റെ പേരിൽ മക്കൾ പരിഹാസം അനുഭവിക്കരുതെന്ന തോന്നലായിരുന്നു പേരുമാറ്റത്തിനു പിന്നിൽ.
സ്വന്തം പരിമിതിക്കുള്ളിൽ ജീവിക്കുക എന്ന ആദിവാസി സമൂഹത്തിന്റെ ശീലത്തിൽനിന്നും വ്യതിചലിച്ചുള്ള സഞ്ചാരത്തിന് മകൾ മാതൃകയാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും സുരേഷ് കൂട്ടിച്ചേർക്കുന്നു.
'സിവിൽ സർവ്വീസ് ഒരു ബാലികേറാമലയല്ല. ആഗ്രഹവും കഠിനാധ്വാനവുമുണ്ടെങ്കിൽ ആർക്കും നേടിയെടുക്കാനാവും.'' സ്വന്തം ജീവിതസാഹചര്യങ്ങളെ ചൂണ്ടിക്കാട്ടി ശ്രീധന്യ പറയുന്നു.
ജീവിതപ്രാരബ്ധങ്ങളിൽ അടിപതറാതെ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ നേടിയ ശ്രീധന്യയുടെ വിജയം കേരളത്തിനുതന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയും ഗവർണറും വയനാട് എം.പി രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെല്ലാം അഭിനന്ദനമറിയിക്കാൻ നേരിട്ടെത്തിയത് സ്വപ്നതുല്യമായാണ് ശ്രീധന്യക്ക് തോന്നുന്നത്. എന്തായാലും തന്റെ മോഹങ്ങൾക്ക് നിറച്ചാർത്തൊരുക്കിയ കലക്ടർ സാംബശിവറാവുവിന് കീഴിൽതന്നെ നിയമനം ലഭിച്ചതിൽ ഏറെ സന്തോഷവതിയാണ് ശ്രീധന്യ.






