അണുനശീകരണം സ്മാര്‍ട്ടായി, യജ്ഞത്തിന് റഡാറുകളും

അബുദാബി- രാത്രി 10 നും രാവിലെ ആറിനുമിടയില്‍ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിന് റോഡ് റഡാര്‍ ഉപകരണങ്ങളും സ്മാര്‍ട്ട് സംവിധാനങ്ങളും സജീവമാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയന്ത്രണം ലംഘിക്കുന്നവരുടെ മേല്‍ ഓട്ടോമാറ്റിക്കായി പിഴകള്‍ ഏര്‍പ്പെടുത്തുമെന്നും ദേശീയ അണുനശീകരണ പദ്ധതിയോടുള്ള പൊതുജനങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുന്നതിന് എമിറേറ്റിലുടനീളം പട്രോളിംഗ് ശക്തമാക്കും.
ആളുകള്‍ വീട്ടില്‍ താമസിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഊന്നിപ്പറഞ്ഞ പോലീസ് അണുനശീകരണ കാലയളവില്‍ ചികിത്സാവശ്യത്തിനും അടിസ്ഥാന വസ്തുക്കള്‍ വാങ്ങുന്നതിനും ഒഴികെയുള്ള കാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌കുകളും കയ്യുറകളും ധരിക്കണമെന്നും പോലീസ് ഉണര്‍ത്തി.
ജോലി ആവശ്യാര്‍ഥമോ ആവശ്യമില്ലാതെയോ അടിസ്ഥാന ആവശ്യങ്ങള്‍ വാങ്ങാനോ വേണ്ടിയല്ലാതെ നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയം വീട് വിടുന്നവരില്‍നിന്ന് 2000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
റമദാന് മുമ്പ് ദേശീയ അണുനശീകരണ യത്‌നം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും റമദാനില്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ എട്ട് മണിക്കൂറായി ചുരുക്കുകയായിരുന്നു.
കൊറോണ ബാധ സ്ഥിരീകരിച്ചത് മുതല്‍, യു.എ.ഇ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു.

 

Latest News