Sorry, you need to enable JavaScript to visit this website.

ലോക്ഡൗണ്‍ കാലത്ത് സ്വന്തം മുറിയില്‍ ഓടാറുണ്ടോ?

ലോക്ഡൗൺ കാല ഏകാന്തതയെ സർഗാത്മകമാക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലരും പല രസകരങ്ങളായ ഉപാധികളും കണ്ടെത്തിയതും ആസ്വദിക്കുന്നതും ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നു. സ്വന്തം മുറിയിൽ നിന്ന് മാരത്തൺ ഓടുന്നവർ, ഹിമാലയം ചവിട്ടിക്കയറാൻ ആവശ്യമായത്രയും പടവുകൾ വീട്ടിലെ കോണിപ്പടികളിൽ നടന്നു കയറിയവർ, ഒളിംപിക് ഗെയിമുകൾ പരിശീലിച്ചവർ തുടങ്ങി അസംഖ്യം വൈവിധ്യങ്ങളിലേക്ക് ആ ലിസ്റ്റ് നീളുന്നതായി കാണാം. 
സോഷ്യൽ മീഡിയയിൽ ഓരോരോ ചിന്ന ചോദ്യങ്ങൾ ചോദിക്കുന്നത് പതിവാക്കിയവരെയും ധാരാളമായി കാണാം. സുഹൃത്തുക്കളുടെ ക്ഷേമ കാര്യങ്ങൾ അന്വേഷിക്കുന്നവർ, വിവാദങ്ങൾക്ക് തിരി കൊളുത്തുന്നവർ, പഴയ ഫോട്ടോകൾ പ്രദർശിപ്പിച്ച് സായൂജ്യമടയുന്നവർ, സ്വയം കളിയാക്കി വിനീതരാവുന്നവർ തുടങ്ങി പരസഹസ്രം രീതികളിൽ വിവര പ്രവാഹിനിയിലൂടെ ലോക് ഡൗൺ കാല ഒഴിവു സമയത്തേയും സൗകര്യത്തേയും ഉപയോഗപ്പെടുത്തുന്നവരാണ് ബഹു ഭൂരിപക്ഷവും. 


ലോകത്തിലെ പല യൂണിവേഴ്‌സിറ്റികളും പാഠശാലകളും സൗജന്യമായി നിരവധി കോഴ്‌സുകൾ ലോകർക്ക് ലഭ്യമാക്കിയ നാളുകൾ കൂടിയാണിത്. നിരവധി പേർ വീട്ടിലിരുന്ന് പുതിയ വിദ്യകൾ, കഴിവുകൾ നേടിയെടുത്തു കൊണ്ടിരിക്കുന്നു. അപ്രശസ്തരായ പ്രതിഭാശാലികളിൽ ചിലരുടെ സർഗവൈഭവം പൊടുന്നനെ ലോകമറിഞ്ഞു. എത്രയെത്ര പുതിയ കവികൾ, സിനിമ സംവിധായകർ, അഭിനേതാക്കൾ, പ്രഭാഷകർ, സരസർ, ചെപ്പടിവിദ്യക്കാർ ഇതിനകം രംഗ പ്രവേശം ചെയ്തു! പല വലിയ വിദ്വാൻമാർ പലരും ചെറിയവരായി മാറിപ്പോയി. ചെറിയവനെന്ന് നിനച്ച് പതുങ്ങിയിരുന്ന പല പ്രതിഭകളും ലോകോത്തര പ്രശസ്തരായി മാറികൊണ്ടിരിക്കുന്നു. എത്രയെത്ര പുതിയ യൂടൂബർമാർ, ചിത്രകാരന്മാർ, കലാകാരികൾ. ജീവ കാരുണ്യ രംഗത്താകട്ടെ പുതു പുത്തൻ ഹീറോകളുടെ ഘോഷയാത്രയാണ്. 


വൻ വിഗ്രഹങ്ങളായി സ്വയം മേനി നടിച്ച രാജ്യക്കാരുടേയും ലോക നേതാക്കളുടേയും പൊള്ളത്തരങ്ങളും വിടുവായത്തങ്ങളും നിമിഷം പ്രതി ലോകമറിഞ്ഞ് തുടങ്ങി. കഥയില്ലായ്മ അലങ്കാരമാക്കി ഞെളിയുന്ന ചിലരുടെയും അവരുടെ സ്തുതി പാഠകരുടെയും നിന്ദ്യമായ തനിരൂപം മറനീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.
പരമത വിദ്വേഷം കൊണ്ട് ഇരുളടഞ്ഞ ചില ദുർമനസ്സുകളുടെ മുഖംമൂടികൾ അഴിഞ്ഞ് വീഴുന്നു. അവസരവാദികളുടെ ഞാണിൻമേൽ കളി കൊണ്ട് വാദങ്ങളും പ്രതിവാദങ്ങളും പുത്തനവബോധങ്ങളും ഉൾകാഴ്ചകളും അന്വേഷകർക്ക് പ്രദാനം ചെയ്യുന്നു. മതബോധമില്ലാത്ത ശാസ്ത്രവാദക്കാരും ശാസ്ത്ര ബോധമില്ലാത്ത മതക്കാരും ഇരുളിൽ തപ്പുന്നതിന്റെ അങ്കലാപ്പ് വേണ്ടുവോളം പലയിടങ്ങളിലും കാണാനുണ്ട്. 


അതിരില്ലാതെ ആനയിക്കപ്പെട്ടവർ, ആഘോഷിക്കപ്പെട്ടവർ, എത്രയെത്ര ജഡ ജാഡകളുടെ പൊയ്മുഖങ്ങൾ ഈ കൊറോണ കൊടുങ്കാറ്റ് തൂത്തെറിഞ്ഞിരിക്കുന്നു! അനീതി, രോഗം, മരണം, പട്ടിണി, ത്യാഗം, വിരഹം ,കണ്ണുനീർ തുടങ്ങിയവ ലോകമെമ്പാടും താണ്ഡവമാടുന്നതിനിടയിലാണിതൊക്കെയെന്നോർമ വേണം. 'ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ' എന്ന് ക്രാന്തദർശിയായി കവി വൈലോപ്പിള്ളി എഴുതിയതെത്ര മേൽ ശരിയാണെന്ന് ഓർത്ത് പോവുന്നു. 


ഇതിനിടയിലും അവനവൻ കാര്യം അമിതമായി ചിന്തിച്ച് മനസ്സ് പുണ്ണാക്കുന്നവരിൽ ഉറക്കം നഷ്ടപ്പെടുന്നതിന്റെയും മനോരോഗത്തിലേക്ക് വഴുതുന്നതിന്റെയും വാർത്തകളും പെരുകിക്കൊണ്ടിരിക്കുന്നു. 36 വർഷം ജയിലിൽ കഴിഞ്ഞ പോർട്ടോ റിക്കൻ രാഷ്ട്രീയതടവുകാരനായ ഓസ്‌ക്കർ ലോപസ് റിവേറ ഈയടുത്ത കാലത്ത് യുസി ബേക്ക്‌ലിയിലെ പ്രഭാഷണത്തിൽ പറഞ്ഞത് ശ്രദ്ധേയമാണ്. കഠിനമായ ജയിൽ ജീവിതവും പന്ത്രണ്ട് വർഷക്കാലത്തെ അതിഭീകരമായ ഏകാന്തതടവും അദ്ദേഹം തരണം ചെയ്തത് നന്ദിബോധപരിശീലനത്തിലൂടെയായിരുന്നത്രെ. ഈ കാര്യം നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട്. അതിഭീകരമായ ദുരനുഭവങ്ങളുടെ നടുവിലും നാം അനുഭവിക്കുന്ന അനുഗ്രഹങ്ങളിലുള്ള കൃതജ്ഞതാ ബോധം നമ്മെ കൂടുതൽ ശുഭാപ്തി വിശ്വാസികളും ആവേശഭരിതരുമാക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയിക്കേണ്ടതില്ല എന്നർത്ഥം.


'ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിപ്പൊരു കയ്പ് താനുമേ' എന്ന് പറയാറുണ്ട്. എന്തെന്തിന്റെയെല്ലാം പേരിൽ ഞാനിന്ന് കൂടുതൽ നന്ദിയുള്ളയാളാവണം എന്ന ചോദ്യം കയ്‌പേറും നാളുകളിൽ ജീവിതത്തോട് നിരന്തരം ചോദിച്ചു കൊണ്ടിരിക്കുക. വിഷാദ മനോഭാവത്തിൽ നിന്ന് മുക്തമായി പ്രസാദാത്മക ജീവിതം നയിക്കാൻ അത് നമ്മെ തുണയ്ക്കുമെന്നറിയുക. ''ഒരു താരകയെ കാണുമ്പോഴതു രാവ് മറക്കും, പുതുമഴ കാൺകെ വരൾച്ച മറക്കും, പാൽച്ചിരി കണ്ടത് മൃതിയെ മറന്ന് സുഖിച്ചേ പോവും പാവം മാനവ ഹൃദയം'' എന്ന സാധ്യതയെ തിരിച്ചറിയുക. ഈ പൊള്ളുന്ന വെല്ലുവിളികളുടെ കാലത്ത് തനിച്ചല്ല താനെന്ന അറിവിൽ നിരന്തരം കുളിരട്ടെ മനം.
 

Latest News