മനാമ- മനുഷ്യനിര്‍മിത ദ്വീപായ സിത്‌റയില്‍ കോവിഡ് രോഗികള്‍ക്കായി ബഹ്‌റൈന്‍ ഗവണ്‍മെന്റ് രണ്ടാമത്തെ ആശുപത്രി തുറന്നു. അത്യാധുനിക സൗകര്യങ്ങളോടെ, വിശാലമായ ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഐ.സി.യു യൂണിറ്റുകള്‍ സ്ഥാപിച്ച് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. അതീവ ഗുരുതരവാസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി നടപ്പിലാക്കുന്ന അഞ്ച് പദ്ധതികളുടെ ഭാഗമായാണ് സിത്‌റയിലെ അത്യാധുനിക ആശുപത്രി. 14 ദിവസം കൊണ്ടാണ് 55 ഡോക്ടര്‍മാരും 250 നഴ്‌സുമാരും അടങ്ങിയ മെഡിക്കല്‍ സംഘം സേവനം ചെയ്യുന്ന ഈ 154 ബെഡുകളുള്ള ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായത്. ഇതിനോട് ചേര്‍ന്ന് വിശാലമായ ഒരു ക്വാറന്റൈന്‍ കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയോടനുബന്ധിച്ച് നൂതന സൗകര്യങ്ങളോടെ ലബോറട്ടറി, ഫാര്‍മസി, എക്‌സറേ മെഷീനുകളും ഒരുക്കിയിട്ടുണ്ട്.