ദുബായ്- കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങി നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികൾ ബന്ധപ്പെട്ടു തുടങ്ങി.
വിമാനത്തിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഇതിനകം പലർക്കും ഫോൺ കോളുകൾ ലഭിച്ചതായാണ് വിവരം. അതേസമയം, അസാധാരണ സാഹചര്യം പരിഗണിക്കാതെ ഇരട്ടി ചാർജാണ് ടിക്കറ്റിനായി ഈടാക്കുന്നത്. 650 ദിർഹമാണ് യുഎഇ- കേരള സെക്ടറിലെ ടിക്കറ്റ് നിരക്ക് എന്നാണ് ഇവർക്ക് നൽകിയ സൂചന.
ലഭിക്കുന്ന അപേക്ഷകളിൽ മുൻഗണനാ അടിസ്ഥാനത്തിലാണ് അബൂദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് അന്തിമപട്ടിക തയ്യാറാക്കുന്നത്. അതിൽ ആദ്യഘട്ട സർവീസ് പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽനിന്ന് ഫോണിലൂടെയോ അല്ലെങ്കിൽ ഇ-മെയിൽ വഴിയോ ബന്ധപ്പെടുന്ന പ്രക്രിയയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസില്‍നിന്നു വേണം ടിക്കറ്റ് വാങ്ങാൻ. വെബ്സൈറ്റ്, ട്രാവൽസ് വഴി ടിക്കറ്റ് ലഭിക്കില്ല.
സ്ഥാനപതി കാര്യാലയം തയ്യാറാക്കി നൽകുന്ന പട്ടികപ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസുകളിൽനിന്ന് മാത്രമാണ് ടിക്കറ്റ് ലഭിക്കുകയെന്നും എംബസി അധികൃതർ അറിയിച്ചു. എംബസിയോ കോൺസുലേറ്റോ തയ്യാറാക്കുന്ന അന്തിമപട്ടിക പ്രകാരം മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂവെന്ന് എയർ ഇന്ത്യ എക്സ്പ്രസും വ്യക്തമാക്കി.
വ്യാഴാഴ്ച ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക ഇന്ത്യന്‍ കോണ്‍സുലേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം എല്ലാവര്‍ക്കും മെയിലുകള്‍ അയച്ചിട്ടുണ്ടെങ്കിലും മുപ്പതോളം ആള്‍ക്കാര്‍ മാത്രമേ പ്രതികരിച്ചിട്ടുള്ളൂവെന്ന് സിജി ഓഫീസ് അറിയിച്ചു.
ഇടക്കിടെ മെയില്‍ പരിശോധിക്കാന്‍ മറക്കരുത്. മെയില്‍ ലഭിച്ചാലുടന്‍ പ്രതികരിക്കണം, മറുപടി നല്‍കാന്‍ വൈകിയാല്‍ ചിലപ്പോള്‍ അവസരം നഷ്ടമായേക്കുമെന്നും അധികൃതർ വ്യക്തമാക്കി