മനാമ- ഒന്നര മാസത്തിനിടെ ബഹ്‌റൈനില്‍ മരിച്ചത് 39 വിദേശികള്‍. ഇവരില്‍ 26 പേര്‍ക്കും ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജീവന്‍ പൊലിഞ്ഞത്. മൂന്ന് പേര്‍ വാഹനാപകടത്തെ തുടര്‍ന്നും രണ്ട് പേര്‍ സ്വാഭാവികമായും മരിച്ചു. എട്ടു പേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കോവിഡ് 19 ഭീതിയെ തുടര്‍ന്നുണ്ടായ മാനസിക പിരിമുറക്കവും ഉത്കണ്ഠയും കാരണമാണ് പ്രവാസികളില്‍ ഹൃദയാഘാതം വര്‍ധിപ്പിച്ചതെന്ന് എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യ ചെയ്ത എട്ടുപേരില്‍ ഏഴും, ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചവരില്‍ 12 പേരും ഇന്ത്യക്കാരാണ്, ഇവരില്‍ അഞ്ച് പേര്‍ 40 വയസ്സിന് താഴെ പ്രായക്കാരാണെന്നും കേരള പ്രവാസി മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ പറഞ്ഞു.
ഹൃദയാഘാതം കാരണം മരിച്ചവരില്‍ ശേഷിക്കുന്ന 14 പേരും ബംഗ്ലാദേശികളാണ്. ഇവരില്‍ ആറ് പേര്‍ 30നും 40നുമിടക്കും അഞ്ച് പേര്‍ 40നും 50നുമിടക്കും പ്രായമുള്ളവരാണ്.