കാസർകോട് ജില്ലയിൽ ആരോഗ്യ സംവിധാനം തീരെ അപര്യാപ്തമാണെന്ന് ബോധ്യപ്പെടുത്തിയ നാളുകളാണ് പിന്നിടുന്ന കൊറോണക്കാലം. മഞ്ചേശ്വരത്തിനപ്പുറം മറ്റവൻമാർ മണ്ണിട്ട് മൂടിയപ്പോൾ പൊലിഞ്ഞത് പതിമൂന്ന് മലയാളി ജീവിതങ്ങൾ. ഇത് കാസർകോടിന്റെ മാത്രം കാര്യമല്ല. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാർ ജില്ല കേരളത്തിൽ ചേർത്തത് മുതൽ വടക്കൻ കേരളം ഇങ്ങനെയാണ്. മുഖ്യമന്ത്രിമാരെ സമ്മാനിച്ച ഈ പ്രദേശം പലപ്പോഴും അവഗണിക്കപ്പെട്ടു. കോഴിക്കോടിന് വടക്ക് റെയിൽ പാത ഇരട്ടിപ്പിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. റെയിലിനിരുവശവും ഭൂമി ഏറ്റെടുത്തിട്ടും വർഷങ്ങളോളം പണി തുടങ്ങിയില്ല. കേന്ദ്രം ഫണ്ട് അനുവദിച്ചുവെങ്കിലും നിർമാണമാരംഭിക്കാൻ എന്തോ ഒരു മടി. അങ്ങനെയിരിക്കേ 90 കളിൽ പെട്ടെന്ന് ഒരു നാൾ കോഴിക്കോട് മാതൃഭൂമിക്കടുത്ത് രണ്ടാം ഗെയിറ്റിനടുത്ത് തൊഴിലാളികൾ കാടുകൾ വെട്ടിത്തെളിക്കുന്നു. അത് വഴി കടന്നു വന്ന ആകാശവാണി ലേഖകൻ കാര്യമന്വേഷിച്ച് റിപ്പോർട്ട് ചെയ്തു. കാത്തിരിപ്പിന് വിരാമമായി, കോഴിക്കോട്-മംഗലാപുരം പാത ഇരട്ടിപ്പിക്കൽ ജോലി തുടങ്ങുന്നുവെന്നതായിരുന്നു എക്‌സ്‌ക്ലൂസീവ് വാർത്ത. മാധ്യമമേതായാലും റിപ്പോർട്ടർ ജോലി തെരഞ്ഞെടുക്കുന്നവർക്ക് വാർത്ത മണത്തറിയാനുള്ള മൂക്ക് വേണമെന്ന് പറയുന്നത് ഇതിനാലാണ്. ചാരു കസേരയിലിരിക്കുന്ന സുഖിയൻമാർക്ക് പറഞ്ഞതല്ല ഇപ്പണിയെന്ന് ചുരുക്കം. കേരളത്തിലെ കുടിയേറ്റ തൊഴിലാളികളെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആലുവയിൽ നിന്ന് ഒറീസയിലെ ഭുവനേശറിലേക്ക് പ്രത്യേക നോൺ സ്‌റ്റോപ്പ് ട്രെയിനിൽ തിരിച്ചയക്കുന്ന കാര്യം ആലുവ സ്റ്റേഷന് മുമ്പിൽ വെച്ച് റിപ്പോർട്ട് ചെയ്യേണ്ടി വന്നു നമ്മുടെ മാധ്യമ സിംഗങ്ങൾക്ക്. പെരുമ്പാവൂരിൽ നിന്ന് അതിഥി തൊഴിലാളികളെ കൊണ്ടുവരാനുള്ള ഏർപ്പാട് പെട്ടെന്ന് സംഭവിച്ചതായിരിക്കില്ല. മെഡിക്കൽ, റവന്യൂ, പോലീസ് വിഭാഗങ്ങളുടെ ദിവസങ്ങളായുള്ള അധ്വാനം ഇതിന് പിന്നിലുണ്ടാവുമെന്നതിൽ സംശയമില്ല. സംസ്ഥാനം തിരിച്ചുള്ള കണക്കെടുപ്പ് തുടങ്ങി കുറച്ചു നാളുകളായി കാണണം. വെള്ളിയാഴ്ച ഇറങ്ങിയ ദേശാഭിമാനിയിലെ ലീഡ് കുടിയേറ്റത്തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടി എന്നായിരുന്നു. അതിഥികളുടെ പേര് മാറ്റിയോ ആവോ? ഒറീസ എന്നത് നമുക്കത്ര അപരിചതമായ സംസ്ഥാനമല്ല. തലശ്ശേരി താലൂക്കിൽ നിന്ന് ബി.എഡ് ബിരുദമെടുക്കാൻ ധാരാളം പേർ പണ്ട് ചെന്നിരുന്ന നാടാണത്. ചെന്നൈ വരെ വെസ്റ്റ് കോസ്റ്റിലും മദ്രാസ് മെയിലിലും തുടർന്ന് കൊറമാണ്ടൽ എക്‌സ്പ്രസിലുമായി സർക്കസിന്റെ ഈറ്റില്ലത്തിൽ നിന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ വിദ്യാർഥികൾ പ്രവഹിച്ചിരുന്നത്. ഒറീസക്കാർ എന്തിനാവും ബംഗാളി എന്ന അപര നാമത്തിൽ കേരളത്തിൽ ജോലിയെടുത്തത്?
വെള്ളിയാഴ്ച രാത്രി ഏഷ്യാനെറ്റ് സംവാദത്തിൽ കേരളത്തിലെ മറുനാടൻ തൊഴിലാളികൾക്ക് പകരം ഗൾഫിൽ തൊഴിൽ രഹിതരായി വരുന്നവരെ ഉപയോഗപ്പെടുത്തിക്കൂടേയെന്ന് അവതാരകൻ. അത് നടക്കില്ല, അറുപതുകളിലും എഴുപതുകളിലും പ്രവാസം തെരഞ്ഞെടുത്തവരെ പോലുള്ളവരല്ല ഇപ്പോൾ കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതെന്ന് പാനലിലെ വിദഗ്ധൻ. വിദ്യാസമ്പന്നരും ഉയർന്ന പദവികളിലിരിക്കുന്നവരുമാണ് മലയാളി പ്രവാസികളിൽ ഭൂരിഭാഗവുമെന്ന് പാനലിസ്റ്റ്.
ശനിയാഴ്ചയും കേരളത്തിൽ നിന്ന് അഞ്ച് ട്രെയിനുകൾ ഉത്തരേന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഏഷ്യാനെറ്റ് വാർത്തയിൽ കേട്ടത് അടുത്ത ദിവസം കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും ട്രെയിനുകൾ പുറപ്പെടുമെന്ന് കേട്ടു. അതിന് പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ റെയിൽ പാത ഇല്ലല്ലോ സർ?
*** *** ***
കൊറോണ അടങ്ങിയാലും ഇല്ലെങ്കിലും ഉടൻ തെരഞ്ഞെടുപ്പ് നടത്താനുള്ള തിരക്കിലാണ് മൈ ബ്രണ്ട് ട്രംപ്. അമ്പത് സ്റ്റേറ്റുകളിൽ പാതിയെങ്കിലും ഉടനെ തുറക്കുമെന്ന് മൂപ്പർ. ഇന്ത്യയിൽ കുടുങ്ങിയ അമേരിക്കൻ പൗരന്മാർ ഉടൻ നാട്ടിലേക്കില്ലെന്നാണ് പറയുന്നത്. എയർ ലിഫ്റ്റിന് അപേക്ഷ നൽകിയിരുന്ന മിക്കവരും ഇപ്പോൾ ഇന്ത്യയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലാൻ ബ്രൗ ലീ പറഞ്ഞു. വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അറിയിപ്പുകളോട് എയർ ലിഫ്റ്റിനായി രജിസ്റ്റർ ചെയ്തിരുന്നവർ പ്രതികരിക്കുന്നില്ല, രണ്ടാഴ്ച മുൻപ് വരെ നാട്ടിലേക്ക് മടങ്ങാൻ ഇവർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രതികരണം ഒന്നുമില്ല -ബ്രൗ ലീ വ്യക്തമാക്കി. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ തന്നെ തുടരാൻ അമേരക്കൻ പൗരൻമാർ തീരുമാനിച്ചത്.
കൊറോണ വൈറസ് പ്രതിരോധത്തിൽ ലോകത്തിനു മാതൃകയാണ് കേരളമെന്നാണ് റഷ്യൻ ടി.വി ചർച്ചയിൽ പറഞ്ഞത്. മാതൃകാ സംസ്ഥാനം എന്നാണ് ചാനൽ കേരളത്തെ വിശേഷിപ്പിച്ചത്. എഴുത്തുകാരനും ചരിത്രകാരനുമായ വിജയ് പ്രസാദ് പങ്കെടുത്ത ചർച്ചയിലാണ് കേരളത്തിന് പ്രശംസ. കൊറോണ വ്യാപനം തടയാൻ ആത്മാർത്ഥമായ ശ്രമമാണ് കേരളം നടത്തുന്നതെന്നും അത് മാതൃകാപരമാണെന്നും ചർച്ചയിൽ അവതാരിക പറഞ്ഞു. ചൈനയിൽ കൊറോണ റിപ്പോർട്ട് ചെയ്തത് മുതൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നുവെന്നും ചർച്ചയിൽ വ്യക്തമാക്കി. എല്ലാം ശരി, മനോരമ ന്യൂസിലെ അയപ്പദാസ് എന്ന മാധ്യമ പ്രവർത്തകനെ
മോശക്കാരനായി ചിത്രീകരിക്കുന്നത് ശരിയല്ല. -അദ്ദേഹം സ്വന്തം ജോലിയാണ് ചെയ്യുന്നത്.
*** *** ***
കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ റിപ്പബ്ലിക് ടി.വി ചാനൽ മേധാവിയും അവതാരകനുമായ അർണബ് ഗോസ്വാമിക്കെതിരെ ശക്തമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയർന്നത്. കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ എടുത്ത കേസിൽ അർണബിനെ 12 മണിക്കൂറോളം മുംബൈ പോലീസ് ചോദ്യം ചെയ്തു. അർണബിന്റേത് മികച്ച അഭിനയം ആണെന്നാണ് പ്രശസ്ത സംവിധായകൻ അനുഭവ് സിൻഹ അഭിപ്രായപ്പെട്ടത്. ഏപ്രിൽ 22 ന് രാത്രി ചാനൽ ചർച്ചക്ക് ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെയും ഭാര്യയെയും ബൈക്കിൽ എത്തിയ രണ്ടുപേർ ആക്രമിക്കുകയാണെന്നായിരുന്നു അർണബിന്റെ ആരോപണം. മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്ന്യാസിമാരും ഡ്രൈവറും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ചാനൽ ചർച്ചയിലായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രസ്താവനകൾ അർണബ് ഗോസ്വാമിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മൗലവിമാരും ക്രിസ്ത്യൻ വൈദികന്മാരും ഇത്തരത്തിൽ കൊല ചെയ്യപ്പെടുമ്പോൾ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ (സോണിയാ ഗാന്ധി) അപ്പോഴും നിശ്ശബ്ദയായിരിക്കുമോ എന്നുമാണ് തനിക്ക് അറിയേണ്ടതൊയിരുന്നു അർണബ് ഗോസ്വാമി ചാനൽ ചർച്ചയിൽ പറഞ്ഞത്. ഈ ലോക് ഡൗൺ കാലത്തും ഭാര്യയെയും കൂട്ടി കാറിൽ കറങ്ങിയ അർണബിന് ചുരുങ്ങിയത് ഒരു പത്മശ്രീ ചേരും.
*** *** ***
കോവിഡ് പ്രതിസന്ധിയുടെ പേരിൽ കോൺഗ്രസ് ചാനലായ ജയ്ഹിന്ദിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. കോവിഡിനെത്തുടർുള്ള സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടിയൊണ് ചാനൽ മാനേജിങ് ഡയറക്ടർ എം.എം. ഹസൻ ഇറക്കിയ ഉത്തരവിൽ പറയുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച ചെലവു ചുരുക്കൽ നടപടിയാണിതെന്ന് ചാനൽ എം.ഡി പറയുന്നു.
കോവിഡിന്റെ മറവിൽ മാധ്യമ പ്രവർത്തകർ നേരിടുന്ന ചൂഷണങ്ങൾ സംബന്ധിച്ച് കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം നിഷേധിക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ സ്ഥാപനങ്ങളെ അറിയിച്ചിരുന്നു. ഇതൊരിക്കലും അനുവദിക്കാൻ പറ്റില്ല. ജയ്ഹിന്ദിനാവാമെങ്കിൽ നമുക്കും പറ്റില്ലേ എന്ന് നല്ല വരുമാനമുണ്ടാക്കുന്ന സ്ഥാപനങ്ങളും ചിന്തിച്ചു തുടങ്ങും.
*** *** ***
മുതിർന്ന പ്രവാസികളിൽ പലരും ആദ്യമായി കണ്ട വർണശബളമായ ബോളിവുഡ് ചിത്രം കഴിഞ്ഞ വാരത്തിൽ വിട പറഞ്ഞ ഋഷി കപൂർ നായകനായെത്തിയ ബോബിയായിരിക്കും. ഹം തും ഏക് കംറേ മെ .. പാട്ട് വീണ്ടും ഓർമപ്പെടുത്തി ലോക്ഡൗൺ കാലമെത്തിയപ്പോഴാണ് ഋഷി അരങ്ങൊഴിഞ്ഞത്. മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടി ശ്രദ്ധേയമായി. ബാലതാരമായെത്തിയ ഋഷിയുടെ രംഗമാണ് ഇതിന്റെ ഹൈലൈറ്റ്. ദേശീയ മാധ്യമമായ ടി.വി 9 ചാനലിൽ കണ്ട ഗുജറാത്ത് സുന്ദർ നഗറിലെ പെട്ടിപ്പീടികയിലെ വാഗൺ ട്രാജഡി കണ്ടാലറിയാം ലോക്ഡൗൺ അടുത്ത കാലത്തൊന്നും പൂർണമായി പിൻവലിക്കാനാവില്ലെന്ന്. അഹമ്മദാബാദ് നഗരത്തിൽ മാത്രം പ്രതിദിനം 6000 ലിറ്റർ ഗോമൂത്രമാണ് ചെലവാകുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏപ്രിൽ 30 നാണ് ഒഞ്ചിയം രക്തസാക്ഷി ദിനം. ഇതോടനുബന്ധിച്ച് കൈരളി സംപ്രഷണം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പത്‌നി കമലാ ടീച്ചറുടെ അഭിമുഖം സന്ദർഭോചിതമായി. എന്നാൽ ശബ്ദക്രമീകരണം ശരിയായില്ല.
മലയാള ചലച്ചിത്ര താരം അനു സിത്താര രണ്ട് ദിവസം മുമ്പ് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ മത്തൻ താളിപ്പ് എങ്ങനെ തയാറാക്കാമെന്നതിനെകുറിച്ചാണ്. സെലിബ്രിറ്റിയുടെ വീഡിയോ ആയതിനാൽ ആയിരങ്ങളാണ് ആദ്യ മണിക്കൂറിൽ തന്നെ ഇത് കണ്ടത്. നോമ്പിന് മലപ്പുറത്തുകാരിയായ ഉമ്മ റുഖിയ (പിതാവിന്റെ അമ്മ) താൻ കുട്ടിയായിരിക്കുമ്പോൾ അത്താഴത്തിന് വിളിക്കുന്നതും അസമയത്ത് ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം മാറ്റാൻ താളിപ്പ് ഉപകരിച്ചുവെന്നതും താരം പറയുന്നു. സൗദിയിലെ മലപ്പുറം പ്രവാസികളുടെ ഫേവറിറ്റ് ഡിഷ് ആണിത്. ഇതിന്റെ റെസിപ്പി വിവരിക്കുന്നത് കാണുമ്പോൾ സത്യൻ അന്തിക്കാടിന്റെ ഫഹദ്-അമല ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിൽ അയ്മനം സാജൻ കപ്പ പുഴുങ്ങിയതിന്റെ പാചക രീതി ഓർത്തു പോകും.