Sorry, you need to enable JavaScript to visit this website.

പ്രയാണത്തെ പ്രണയിച്ച പെൺകുട്ടി

സ്‌കൂൾ പഠനകാലം തൊട്ടേ യാത്രകളെ ഏറെ സ്‌നേഹിച്ചിരുന്ന കുട്ടിയായിരുന്നു ഗീതു മോഹൻദാസ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നേച്ചർ ക്യാമ്പിന്റെ ഭാഗമായി സംസ്‌കൃതാധ്യാപികയായിരുന്ന ശാരദാ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ശിരുവാണി യാത്രയുടെ ഓർമകൾ ഇന്നും ഗീതുവിന്റെ മനസ്സിലുണ്ട്. ശിരുവാണിയുടെ മടിത്തട്ടിലെ കാറ്റ് വന്നു കാതിൽ കഥ പറഞ്ഞപ്പോൾ യാത്രകളെ അവൾ ജീവിതത്തോടൊപ്പം ചേർത്തു. പ്രകൃതിയെക്കുറിച്ച് കൂടുതലറിയാൻ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ നിറഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പതിവാക്കി. ആ യാത്രയാണിപ്പോൾ മഞ്ഞുമൂടിയ ആർട്ടിക് മേഖലയിലെത്തിയിരിക്കുന്നത്. സാഹസിക യാത്രികരുടെ സ്വപ്നമായ പോളാർ എക്‌സ്‌പെഡിഷനിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് ഈ ആലുവക്കാരി. മാർച്ച് മാസം ഒടുവിൽ ആരംഭിക്കേണ്ടിയിരുന്ന യാത്ര കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷത്തേക്കു മാറ്റിയിരിക്കുകയാണ് സംഘാടകർ.


ആലുവ മുപ്പത്തടം സ്വദേശിയായ ഗീതുവിന്റെ മനസ്സിൽ യാത്രകളുടെ വിത്തു പാകിയത് അച്ഛൻ മോഹൻ ദാസായിരുന്നു. മാതാപിതാക്കളോടൊപ്പം കുട്ടിക്കാലത്ത് നടത്തിയ യാത്രകളായിരുന്നു ഗീതുവിനെ യാത്രാകുതുകിയാക്കിയത്. ട്രക്കിംഗും മഴയാത്രയും പുഴയിൽ കുളിക്കുന്നതുമെല്ലാം ഹരമാക്കിയ ഗീതുവും സംഘവും വളർന്നപ്പോഴും ആ ശീലം ഉപേക്ഷിച്ചില്ല. കൊച്ചിൻ യൂനിവേഴ്‌സിറ്റിയിലെ ബി.ടെക് പഠനകാലത്തും യൂത്ത് വെൽഫെയർ അസോസിയേഷന്റെ കോ ഓർഡിനേറ്റർ എന്ന നിലയിൽ നേച്ചർ ക്യാമ്പുകളും ഫോട്ടോ എക്‌സിബിഷനുമെല്ലാം നടത്തിയിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിലെ പി.ജി പഠനകാലത്ത് വിമൺ എന്റർപ്രണറിന്റെ ഭാഗമായി സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങിയതും യാത്രയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. രണ്ടു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലും പങ്കെടുത്തു. സമീപ സ്ഥലങ്ങളായ വയനാട്ടിലും മുക്കത്തുമെല്ലാമുള്ള സ്ഥലങ്ങളിലേക്കും യാത്ര നടത്തി.


പഠനാനന്തരം ബാംഗ്ലൂരിൽ ഹാർഡ്‌വേർ എൻജിനീയറായി ജോലി നേടിയപ്പോഴും ഗീതു തന്റെ യാത്രാമോഹം കൈവിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസത്തെ വിശ്രമമില്ലാത്ത ജോലി കഴിഞ്ഞ് രണ്ടു ദിവസത്തെ അവധി സമയത്ത് കൂട്ടുകാരെല്ലാം ഉറങ്ങിയും സിനിമ കണ്ടും വിരസത അകറ്റിയപ്പോൾ ഗീതു അവിടെയും യാത്രയെ കൂട്ടുപിടിച്ചു. ബാംഗ്ലൂരിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം കണ്ടു. ഒരു ദിവസം കൊണ്ട് മടങ്ങിവരാവുന്ന സഞ്ചാരം. പിന്നീടത് രണ്ടു ദിവസം നീണ്ടതായി.
താൻ മാത്രമല്ല, സഹപ്രവർത്തകർക്കും ഇത്തരം സ്ഥലങ്ങൾ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെറ്റസ് ഗോ ഫോർ എ ക്യാമ്പ് എന്നൊരു ഫേസ് ബുക്ക് കൂട്ടായ്മയുണ്ടാക്കിയത്. ആദ്യയാത്ര കോഴിക്കോട് കക്കാടംപൊയിലിലേയ്ക്കായിരുന്നു. യാത്രയെക്കുറിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. വടക്കേ ഇന്ത്യക്കാരായ സുഹൃത്തുക്കളെല്ലാം ചേർന്ന് മുപ്പതു പേരുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് ബുക്ക് ചെയ്ത് യാത്ര തുടങ്ങി. അതൊരു മൺസൂൺ ക്യാമ്പായിരുന്നു. നല്ല മഴയുണ്ടായിരുന്നു. രണ്ടു ദിവസം ശരിക്കും ആസ്വദിച്ചാണ് എല്ലാവരും മടങ്ങിയത്.


ആ യാത്ര നല്ല ആവേശമായി. അടുത്ത ക്യാമ്പിനെക്കുറിച്ചായി പലരുടെയും ചോദ്യം. അട്ടപ്പാടിയിലെ നെല്ലിക്ക എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. തരിശു ഭൂമിയായിരുന്ന അവിടെ റെജി എന്ന കർഷകൻ ആദിവാസികളുമായി ചേർന്ന് നെല്ലിക്കത്തോട്ടമാക്കി. അതിനകത്തു വെച്ചായിരുന്നു ക്യാമ്പ്. തുടർന്ന് കുടജാദ്രിയിലേക്ക് പതിനാലു കിലോമീറ്റർ നടന്നുകയറിയുള്ള യാത്രയായിരുന്നു. യാത്രയിൽ വഴിയിലുണ്ടായിരുന്നു പ്ലാസ്റ്റിക്കുകളെല്ലാം പെറുക്കി വൃത്തിയാക്കുകയും ചെയ്തു. സ്ഥലം കാണുക, ഫോട്ടോയെടുക്കുക എന്ന പതിവു രീതികൾ മാറ്റി യാത്ര പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ ജീവിത രീതികളെക്കുറിച്ചുമെല്ലാം കൃത്യമായ അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.


സ്ത്രീകൾക്കു മാത്രമായി ഒരു യാത്ര ഒരുക്കലായിരുന്നു അടുത്ത ലക്ഷ്യം. അതിനായി സൃഷ്ടി എന്നൊരു ഗ്രൂപ്പുണ്ടാക്കി. കുടജാദ്രിയിലെ സർവജ്ഞ പീഠത്തിനടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ടായിരുന്നു ആ യാത്ര. തുടർന്നും പല ക്യാമ്പുകൾ... പലർക്കും ഇതൊരു തിരിച്ചറിവായി. ഒറ്റക്കു യാത്ര ചെയ്യാനും പൊതുഗതാഗതം ഉപയോഗിക്കാനുമെല്ലാം സ്ത്രീകളെ പ്രാപ്തരാക്കുക എന്നൊരു ലക്ഷ്യവും ഇത്തരം യാത്രകൾക്കുണ്ടായിരുന്നു സൃഷ്ടിയുടെ പേരിൽ അമ്മയും കുട്ടിയും ചേർന്ന യാത്രയും ഒരുക്കിയിട്ടുണ്ട്. അമ്മയും കുഞ്ഞാറ്റയും എന്നു പേരിട്ടായിരുന്നു അത്തരം യാത്രകൾ. അട്ടപ്പാടിയിലും കണ്ണൂരിലുമെല്ലാമായി നാലഞ്ചു ക്യാമ്പുകൾ നടത്തിയിരുന്നു.


ചരിത്രം ഇഷ്ടപ്പെടുന്നവർക്കായി ഇതിഹാസ എന്ന പേരിലും യാത്രകൾ നടത്തിയിട്ടുണ്ട്. ചരിത്ര സ്മാരകങ്ങളിൽ എന്തെങ്കിലും എഴുതിയിടുന്ന ശീലം ഉപേക്ഷിക്കാനായിരുന്നു ആ യാത്ര. ചരിത്രത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി കൊടുങ്ങല്ലൂരിലെ മുസിരിസിലും തെയ്യങ്ങളുടെ നാടായ കണ്ണൂരിലേക്കുമുള്ള യാത്രകൾ ഈ ലക്ഷ്യത്തിലുള്ളതായിരുന്നു.
രാജ്യത്തിനകത്തു മാത്രമല്ല, തായ്‌ലന്റ്, നേപ്പാൾ, ഭൂട്ടാൻ, ലഡാക് എന്നിവിടങ്ങളിലേക്കും ഗീതു യാത്ര ചെയ്തിട്ടുണ്ട്. തായ്‌ലന്റ് എന്നു കേൾക്കുമ്പോൾ സെക്‌സ് ടൂറിസത്തിനു പേരു കേട്ട പട്ടായയാണ് പലരുടെയും മനസ്സിലെത്തുന്നത്. അതിനപ്പുറം ആ രാജ്യത്ത് ഏറെ പഠിക്കാനുള്ള നിരവധി സ്ഥലങ്ങളുണ്ടെന്ന് ഗീതു പറയുന്നു. ഏറെ പ്രസിദ്ധമല്ലാത്ത അതിമനോഹരങ്ങളായ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അവിടത്തെ ജീവിത രീതികളും ചരിത്രവും പഠിക്കുകയായിരുന്നു പതിനാലംഗങ്ങളുടെ ഗ്രൂപ്പിന്റെ ശ്രമം. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും വ്യത്യസ്തമായ അനുഭവമായിരുന്നു തായ്‌ലന്റിലേത്. നാം കഴിക്കാത്ത നിരവധി വിഭവങ്ങൾ അവിടെ ലഭിക്കും. ഭൂട്ടാനാണെങ്കിൽ സമാധാനത്തിന്റെ നാടാണ്. ആരെയും ഉപദ്രവിക്കാതെ സമാധാനപരമായ ജീവിതം നയിക്കുന്നവരാണ് ഭൂട്ടാനിലുള്ളവർ. അസൂയപ്പെടുത്തുന്ന ജീവിതമാണ് അവരുടേത്. നേപ്പാളിലുള്ളവരാകട്ടെ ആതിഥ്യ മര്യാദകൊണ്ടാണ് നമ്മെ അത്ഭുതപ്പെടുത്തുക. നിഷ്‌കളങ്കരായ ഗ്രാമവാസികളാണ് നേപ്പാളിന്റെ പ്രത്യേകത.


എത്ര കണ്ടാലും മതിവരാത്ത നാടാണ് ലഡാക്. സമുദ്ര നിരപ്പിൽനിന്നും 11,500 അടി മുകളിലുള്ള ലഡാക് സഞ്ചാരികളുടെ പറുദീസയാണ്. ലഡാക്കിലെ സുഹൃത്തായ ഡോൽമയുമായി ചേർന്നായിരുന്നു യാത്ര. ഹിമാലയൻ ഗ്രാമങ്ങളും ഇൻഡസ് മലനിരകളും കടന്ന് സൻസ്‌കാർ, സിന്ധുനദികളുടെ മനോഹാരിതയും തണുത്തുറഞ്ഞ നുബ്ര മരുഭൂമിയും ഉപ്പു തടാകമായ പാൻഗോംഗുമെല്ലാമുള്ള ലഡാക് ഒരിക്കലും മറക്കാനാവില്ല. ബൈക്ക് സഞ്ചാരികളുടെ ഇഷ്ടയിടം കൂടിയാണ് ലഡാക്. അവിടത്തെ തക്മചിക്ക്, തിയ്യ എന്നീ ഗ്രാമങ്ങളിൽ സഞ്ചരിക്കാനും അവരോടൊപ്പം താമസിച്ച് അവരുടെ ജീവിത രീതികൾ പഠിക്കാനും കഴിഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി ഇത്തരം യാത്രകൾ സഹായിക്കുമെന്ന് അവരെ പഠിപ്പിക്കാനും കഴിഞ്ഞു. ലെറ്റസ് ഗോ ഫോർ എ ക്യാമ്പിന്റെ നേതൃത്വത്തിൽ സ്ത്രീകൾ മാത്രമുള്ള പതിമൂന്നംഗങ്ങളുടെ ഓരോ സംഘങ്ങളായി മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ അവിടെയെത്തും. ഗ്രാമവാസികളുടെ സ്‌നേഹവും ശാന്തതയുമാണ് അവിടേക്ക് വീണ്ടുമെത്താൻ പ്രേരിപ്പിക്കുന്നത്. ലഡാക്കിലെ ഗ്രാമങ്ങളിൽ താമസിച്ച് അവരുടെ ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോൾ അതിനുള്ള പണം നൽകിയുള്ള യാത്രകൾ. സ്ത്രീശാക്തീകരണം കൂടി ലക്ഷ്യം വെച്ചുള്ളതായിരുന്നു ഇത്തരം യാത്രകൾ.


ഇത്തരം യാത്രകളാണ് ലോകത്തിലെ ഏറ്റവും സാഹസിക യാത്രകളിലൊന്നായ ഉത്തരധ്രുവത്തിലെ മഞ്ഞുമലയിലേക്കുള്ള യാത്രയെന്ന സ്വപ്നത്തിലേക്കു ഗീതുവിനെ നയിച്ചത്. സ്വീഡിഷ് കമ്പനിയായ ഫിയാൽ രേവൻ നടത്തുന്ന പോളാർ എക്‌സ്‌പെഡിഷനെക്കുറിച്ച് അറിഞ്ഞതോടെ മനസ്സ് ആ മഞ്ഞുമലകളിലേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. മൈനസ് മുപ്പത് ഡിഗ്രി തണുപ്പിലൂടെ അഞ്ചു ദിവസം കൊണ്ട് മുന്നൂറ് കിലോമീറ്റർ വരുന്ന ആർട്ടിക് മേഖലയിലൂടെയുള്ള അതിസാഹസിക യാത്രയാണ് പോളാർ എക്‌സ്‌പെഡിഷൻ. എട്ട് നായ്ക്കൾ വലിക്കുന്ന വണ്ടിയായ സ്‌ളെഡ്ജിലാണ് യാത്ര. നായ്ക്കളെ നിയന്ത്രിക്കാനുള്ള പരിശീലനം അവർ നൽകും. പാക്കറ്റുകളിൽ കൊണ്ടുപോകുന്ന ഭക്ഷണം സ്വന്തമായി പാകം ചെയ്തു വേണം കഴിക്കാൻ. പാചകത്തിനുള്ള വെള്ളം ലഭിക്കണമെങ്കിൽ മഞ്ഞുകട്ടകൾ ഉടച്ച് ചൂടാക്കിയെടുക്കണം. കൂടാതെ ടെന്റ് കെട്ടണം. നായകളെ പരിപാലിക്കുകയും വേണം. ഉത്തരവാദിത്തങ്ങളേറെയാണ്. സൂര്യനിൽനിന്നുള്ള വൈദ്യുത കണങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന വെളിച്ചമായ അറോറ ബോറിയാലിസ് കാണാനും പോളാർ യാത്രികർക്ക് ഭാഗ്യമുണ്ടാകും.


കഠിനമായ തണുപ്പിനെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുള്ള യാത്രയാണിത്. ലോക രാജ്യങ്ങളെ പത്തു സോണുകളായി തിരിച്ച് ഓൺലൈൻ വോട്ടിംഗിലൂടെ ആദ്യ സ്ഥാനത്തെത്തുന്ന പത്തു പേരാണ് ആർട്ടിക് ദൗത്യത്തിന് യോഗ്യത നേടുന്നത്. ബാക്കിയുള്ള പത്തു പേരെ ജൂറിയുടെ തീരുമാനത്തിൽ തെരഞ്ഞെടുക്കും. അറുപത് രാജ്യങ്ങൾ ഉൾപ്പെടുന്ന ദ വേൾഡ് വിഭാഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ നവംബറിലായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഫോട്ടോയും വീഡിയോയും കൂടാതെ ഈ ഭൂമി നമ്മൾ കാണുന്നതു പോലെ അടുത്ത തലമുറയും കാണണം എന്ന ടാഗ്‌ലൈനിലുള്ള ഒരു കുറിപ്പും അയക്കണം. ഡിസംബറിലായിരുന്നു വോട്ടിംഗ്. ഓരോരുത്തരുടെയും പ്രൊഫൈൽ നോക്കിയാണ് വോട്ട് ചെയ്യുന്നത്. ഫലം വന്നപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു. വോട്ടിംഗ് രീതിയെക്കുറിച്ച് ഒരു മാസത്തെ നിരീക്ഷണമുണ്ടാകും. നിരീക്ഷണം കഴിഞ്ഞപ്പോൾ വോട്ടിംഗിൽ ക്രമക്കേടുകൾ കണ്ടെത്തി. ആദ്യത്തെ രണ്ടുപേരെ ഒഴിവാക്കി ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഒടാവുൽ യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകവേയാണ് കോവിഡ് ഭീഷണിയായത്.


പോളാർ എക്‌സ്‌പെഡിഷന് ഗീതുവിന് ധൈര്യം പകർന്നത് ജനുവരിയിൽ നടത്തിയ ഛാദർ ട്രക്കിംഗായിരുന്നു. തണുത്തുറഞ്ഞ സൻസ്‌കാർ നദിക്കു മുകളിലൂടെയുള്ള യാത്ര. തണുപ്പു കൊണ്ട് നഖങ്ങൾക്കിടയിൽ വരെ വേദന അനുഭവിച്ചുകൊണ്ടുള്ള യാത്ര നടത്തിയ പത്തൊൻപതു പേരടങ്ങിയ സംഘത്തെ നയിച്ചത് ഗീതുവായിരുന്നു.
ഒറ്റക്കു യാത്ര ചെയ്യുന്ന പെൺകുട്ടികളോട് ഗീതുവിന് പറയാനുള്ളത് ആത്മവിശ്വാസത്തോടെ ഇരിക്കുക എന്നതാണ്. യാത്രകൾ നന്നായി പ്ലാൻ ചെയ്യുക. രാത്രിസമയത്ത് അപരിചിതമായ സ്ഥലത്ത് എത്തിച്ചേരുന്ന യാത്രകൾ കഴിവതും ഒഴിവാക്കുക. താമസിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞു വെക്കുക. പോവുന്ന സ്ഥലത്തുള്ളവരോട് നന്നായി സംസാരിക്കുക. അടുത്തിരിക്കുന്നവരോടും കണ്ടക്ടറോടും ഡ്രൈവറോടുമെല്ലാം സംസാരിച്ച് നല്ല ബന്ധമുണ്ടാക്കുകയാണ് പ്രധാനം.


2018 ൽ ലഡാക്കിലേക്കു നടത്തിയ യാത്രയാണ് ഗീതുവിന്റെ മനസ്സിൽ ഇപ്പോഴും മറക്കാനാവാത്തത്. ഒക്‌ടോബറിലായിരുന്നു യാത്ര. ആ സമയം ടൂറിസ്റ്റുകൾ കുറവായിരിക്കും. ലഡാക്കിലേക്കുള്ള മണാലി റോഡും കാർഗിൽ റോഡും അടക്കും. ഒരു സ്‌കൂട്ടർ വാടകക്കെടുത്ത് ഇരുന്നൂറോളം കിലോമീറ്റർ യാത്ര ചെയ്താണ് സിന്ധുനദിയുടെ സമീപമുള്ള ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലെ ഒരു വീട്ടിലായിരുന്നു താമസം. നല്ല തണുപ്പുണ്ടായിരുന്നു.  സിന്ധുനദിയുടെ ഒഴുക്കിന്റെ ഭയങ്കര ശബ്ദവും. ഒരു ദിവസം താമസിക്കാനാണെത്തിയതെങ്കിലും മൂന്നു ദിവസം അവിടെ കഴിഞ്ഞു. ഭൂമിയിൽ ഏറ്റവും നല്ല മനുഷ്യരാണ് അവിടെയുള്ളത് എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്.


യാത്രാ കുതുകിയായ ഗീതുവിന് എന്നും പിന്തുണയുമായി മാതാപിതാക്കളുണ്ടായിരുന്നു. ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ മോഹൻദാസും അമ്മ    ശ്രീദേവിയും അനുജൻ ഗോകുലുമെല്ലാം യാത്രക്ക് പിന്തുണ നൽകുന്നു. 
വിവാഹ ശേഷം ഭർത്താവ് ആദിഷും ഗീതുവിന് കൂട്ടായുണ്ട്. ഒന്നിച്ചു പഠിച്ച കൊല്ലം പുനലൂർകാരനായ ആദിഷും സോഫ്റ്റ്‌വെയർ എൻജിനീയറായി ബാംഗ്ലൂരിൽ തന്നെയാണ് ജോലി നോക്കുന്നത്. തന്നേക്കാൾ യാത്രാഭ്രാന്താണ് ആദിഷിനെന്നും ഗീതു കൂട്ടിച്ചേർക്കുന്നു.

Latest News