വനശലഭങ്ങൾ

  • ചോരനിറമുള്ള പാകമായ പഴങ്ങൾ. കരടി തിന്നു ബാക്കി വെച്ച പഴങ്ങൾ മരച്ചോട്ടിൽ പൂക്കളം പോലെ കിടന്നു. ഇടക്ക് ഞങ്ങൾ അത് തിന്നു കൊടിയ വിശപ്പ് അടങ്ങിയില്ലെങ്കിലും സമാധാനമായി. നീർച്ചോലകളിലെ വെള്ളം കുടിച്ചു. മഴ നിന്നതേയില്ല. ഇടയ്ക്ക് വീണ്ടും വനം വകുപ്പുകാർക്ക് സംശയം. പോകണോ? തിരിച്ചു വരുമ്പോൾ ആനക്കൂട്ടത്തിൽ നിന്ന് എങ്ങനെ രക്ഷ നേടാനാവും? വലിയ റിസ്‌കാണ്. പിന്നെ ഞങ്ങളെ പറയരുത്. പക്ഷേ ഞങ്ങൾ അതൊന്നും ഗൗനിച്ചില്ല. നടപ്പ് തുടർന്നു. ഒടുവിൽ മൂന്നുമണിയോടെ ഞങ്ങൾ അവിടെയെത്തി. നല്ല തണുപ്പിൽ അടുപ്പിൽ തീ കാഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെയാണ് ആദ്യം കണ്ടത്. അടുത്ത് പ്രസവിച്ച കുഞ്ഞും അമ്മയും കൂടെ അച്ഛനുമായുണ്ടായിരുന്നു. വളരെ ചെറുപ്പം. പിന്നെ രണ്ടു മൂന്നു കുട്ടികളും
  • ചിത്രങ്ങൾ: അജീബ് കോമാച്ചി

 

കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ വികസനപരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗമാണ് ചോലനായ്ക്കരുടേത്. അവർക്ക് അവരുടേതായ പ്രത്യേക ഭാഷയുണ്ട്. ആദിവാസി വിഭാഗങ്ങളിൽ വെച്ച് ഏറ്റവും സാക്ഷരത കുറഞ്ഞ സമൂഹമാണിത്. ഭക്ഷണം കാട്ടിൽനിന്നു ശേഖരിച്ചു കഴിക്കുന്ന രീതിയായിരുന്നു ഇവർക്ക്. കിഴങ്ങ്  വർഗങ്ങൾ ശേഖരിച്ച് വേവിച്ചു കഴിക്കാറുണ്ട് ഇപ്പോഴും. കൃഷി ചെയ്യുന്ന സ്വഭാവത്തിലേക്ക് എത്തിയിട്ടില്ല ഇതുവരെ. 

ചോല നായ്ക്കർ നിലമ്പൂർ താലൂക്കിലെ അമരമ്പലം, കരുളായി, വഴിക്കടവ് പഞ്ചായത്തുകളിലും വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലുമാണ് താമസിച്ചു വരുന്നത്. പുറംലോകവുമായി അധികം ബന്ധപ്പെടുന്നില്ല ഇപ്പോഴും ചോലനായ്ക്കർ. എണ്ണത്തിൽ മുന്നൂറിൽ താഴെ മാത്രമുള്ള ഈ ആദിവാസി വിഭാഗം നിലനിൽപിനായുള്ള സമരത്തിലാണ്. ഏറ്റവും കുറഞ്ഞ ലിംഗാനുപാതം സൂചിപ്പിക്കുന്നത് ആരോഗ്യപരമായ നിലനിൽപ്പ് പ്രതിസന്ധിയിലാണ് എന്നതാണ്.


നിലമ്പൂരിലെ ചോലനായ്ക്കർ ഏറെയും കരുളായി മാഞ്ചീരി കേന്ദ്രീകരിച്ചാണ് താമസിക്കുന്നത്. അവിടെ നിന്ന്  അകലത്തിലായി അഞ്ചാറിടത്തായി താമസിക്കുന്നു അവർ. വിവിധ 'ജമ്മം'കരാണെങ്കിലും അവർ പല കാര്യത്തിനായി ഒത്തുകൂടുക അവിടെയാണ്. അവിടെപ്പോയി അവരെ പലവട്ടം കണ്ടിട്ടുള്ളതുകൊണ്ടാണ് അവരെ അറിയാൻ കഴിഞ്ഞത്. അവരുടെ കൂട്ടത്തിൽ ആണുങ്ങൾ മുടി മുറിക്കാറില്ല. നീണ്ട  മുടി കെട്ടിവെച്ചും കാണാറില്ല. ഇപ്പോഴും ഏറെപ്പേർക്കും മേൽക്കുപ്പായമില്ല. പട്ടണത്തിലേക്ക് പോകുമ്പോഴായിരിക്കും കുപ്പായമിടുന്നത്. പട്ടണത്തിലേക്ക് വരുമ്പോൾ സ്ത്രീകൾ വരാറില്ല. കാട്ടുവഴികളിൽ ഗജരാജന്മാരുടെ സാന്നിധ്യമുണ്ട്. കുട്ടികളെയും കൊണ്ട് അവർക്ക് മരത്തിൽ കേറാൻ ബുദ്ധിമുട്ടായതുകൊണ്ടെന്നാണ് ആണുങ്ങൾ പറയുന്നത്. കാട്ടുവഴികളിലൂടെയുള്ള  നടപ്പും ശ്രമകരമാണ്. ഇടയ്ക്ക് നിറഞ്ഞ തോടുകൾ കയറ്റവും ഇറക്കവും. മാഞ്ചീരി മലയിലെ സമൂഹ അടുക്കളയിൽ നിന്ന് ആണുങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ളത് പൊതിഞ്ഞു കൊണ്ടുപോകും. അവരുടെ വനവിഭവങ്ങൾ ശേഖരിക്കുന്ന വലിയ കൂടകളിൽ ഭക്ഷണപ്പൊതികൾ കൂടി ഉണ്ടാകും തിരിച്ചു പോകുമ്പോൾ. മാഞ്ചീരിക്ക് വരുമ്പോൾ അതിൽ ശതാവരിയും മറ്റുമാണെങ്കിൽ തിരിച്ചു പോകുമ്പോൾ അരിയും പയറും പൊതിച്ചോറുമായിരിക്കും. കുറെ അധികം വലിമുള്ള ഈ കൂട അവർ തന്നെ ഉണ്ടാക്കുന്നതാണ്.


ഈ കൂട പുറത്ത് ഉറപ്പിക്കാവുന്ന തരത്തിലുള്ളതാണ്. സ്‌കൂൾ ബാഗ് പോലെ. പുറത്തുറപ്പിച്ചാൽ കൈകൾ സ്വതന്ത്രമായി ഉപയോഗിക്കാം. നല്ല ബലമുള്ള ഈ കൂട ചൂരൽ കൊണ്ടാണ് ഉണ്ടാക്കുന്നത്. മരത്തിൽ കയറുമ്പോൾ പോലും പുറത്തിടാം.  ഈ കൂടയുടെ ഒരു മാന്ത്രികതയും ഉപയോഗ ശഷിയും സൗകര്യവും  എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.  പലപ്പോഴും ആദിവാസികളുടെ ാര്യത്തിൽ പൊതുവായി   തോന്നിയ മറ്റൊരു സംശയവും ഇതോടൊപ്പം എന്നെ അലോസരപ്പെടുത്തി. എങ്ങനെയാണിവരെ വികസനപരമായി പിന്നോക്കമെന്നു പറയുക? അപ്പോൾ വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കാൻ ഞാൻ എന്ന് തന്നെ പ്രാപ്തമാക്കും. പക്ഷേ ഈ  'ബാക്ക്പാക്ക്' ന്റെ അനന്യത വേറെ തന്നെയാണ്. അത് ലോകത്തിൽ വേറെ കണ്ടെത്താൻ ആവില്ല.
ചോലനായ്ക്കരുടെ അമരമ്പലം പഞ്ചായത്തിലെ സങ്കേതത്തിലേക്ക് അധികം ആരും പോയിട്ടില്ല എന്നാണ് കേട്ടിരിക്കുന്നത്. അത് വളരെ ഉൾക്കാട്ടിലാണ്. ഗതാഗത യോഗ്യമായ റോഡ് ഇല്ല. കാട്ടാന ശല്യം കാരണം അവർ താമസ സ്ഥലം മാറിക്കൊണ്ടിരിക്കുന്നു എന്നിങ്ങനെയുള്ള കാരണങ്ങൾ പലരും പറഞ്ഞിരുന്നു. എന്തായാലും ആ സങ്കേതത്തിലേക്ക് പോകണം എന്ന് ഞങ്ങൾ തീരുമാനിച്ചു. സമീപിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ കഴിയാവുന്ന തരത്തിലൊക്കെ ഞങ്ങളെ നിരുത്സാഹപ്പെടുത്തി. 


പക്ഷേ പോകണമെന്ന തീരുമാനത്തിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നുവെന്നുറപ്പ് വന്നപ്പോൾ അവർ അനുമതി തന്നു.  ഞാൻ, സഹപ്രവർത്തകരായ റജീന, ഫസീല ഉൾപ്പെട്ട സംഘം. എന്നേക്കാൾ ഉത്സാഹമായിരുന്നു റജീനക്കും ഫസീലക്കും. ആ മനുഷ്യർ അവിടെ താമസിക്കുന്നുണ്ടല്ലോ അവർ വരികയും പോവുകയും ചെയ്യുന്നുണ്ടാവുമല്ലോ..  അത്യാവശ്യത്തിനെങ്കിലും അതുകൊണ്ട് നമുക്കും പോകാൻ ആവും. അങ്ങനെ നിരവധി നിരുത്സാഹപ്പെടുത്തലുകളെ അവഗണിച്ചുകൊണ്ട് ആ ദിവസം അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു. വനംവകുപ്പിന്റെ ഓഫീസിൽ എല്ലാം പറഞ്ഞേൽപിച്ചിരുന്നുവെങ്കിലും ഒന്നും അറിയാത്തപോലെ അവർ പെരുമാറി. പിന്നെ വീണ്ടും മേലുദ്യോഗസ്ഥരെ വിളിച്ചു സഹായം അഭ്യർത്ഥിച്ചു. അപ്പോൾ വീണ്ടും തടസ്സവാദങ്ങൾ. പോയേ പറ്റൂവെന്ന സാഹചര്യത്തിൽ അവർ മനമില്ലാമനസ്സോടെ കൂടെ വന്നു. ഒരു ആദിവാസി വാച്ചർ മാത്രമാണ് അവിടെ പോയ ആളായിട്ട് കൂടെ ഉണ്ടായിരുന്നത്. പോകുന്നിടങ്ങളിലെ ആപത്തുകളെക്കുറിച്ച് എല്ലാവരും വാചാലരായി. വഴിയിലെ മദയാനകൾ, വീഴാറായ വന്മരങ്ങൾ, വലിയ മലകളുടെ ശിഖരങ്ങൾ എല്ലാറ്റിനും പുറമെ ഒരു 'എസ്' വളവിനെക്കുറിച്ചും അവർ  ഭീകര കഥകൾ പറഞ്ഞു തന്നു. നിങ്ങൾ പോയിട്ടില്ലല്ലോ എന്ന് ചോദിക്കാൻ പലവട്ടം തോന്നിയെങ്കിലും പക്ഷേ വേണ്ടെന്നുവെച്ചു. സഹയാത്രികരാവാൻ പോകുന്നവരാണല്ലോ.


യാത്ര ദുഷ്‌കരമാണെന്ന പാഠം ഞങ്ങൾക്ക് വളരെ സഹായമായി. നല്ല മഴയായിരുന്നു. വഴിയുണ്ടാക്കിയായിരുന്നു യാത്ര. കയറ്റം, ഇറക്കം, കാട്ടുവഴികൾ. ഇടക്കിടക്ക് നല്ല ഒഴുക്കുള്ള നീർച്ചോലകൾ. ഞങ്ങൾ കൈകോർത്തുപിടിച്ചു ഒഴുക്ക് മുറിച്ചു കടന്നു. ആദിവാസി സുഹൃത്ത് വലിയ വടിയും കൊടുവാളും ഉപയോഗിച്ചു ഓടക്കാടുകൾ മടക്കി വെച്ചുകൊണ്ട് കൊണ്ട് വഴിയുണ്ടാക്കുമ്പോഴും ഇടക്കിടക്ക് ഓടക്കുറ്റികൾ ഞങ്ങളോടിടഞ്ഞു. ഞങ്ങളെ അടിച്ചും കുത്തിയും പരിഭവം കാട്ടി. വഴികളിൽ ഇടയ്ക്ക് വന്മരങ്ങൾ വീണുകിടന്നു. വലിയ വള്ളിപ്പടർപ്പുകൾ. പേരറിയാത്ത കായ്കൾ, പഴങ്ങൾ. കൗതുകങ്ങളുടെ  വൻശേഖരങ്ങൾ. വലിയ മൂട്ടിപ്പഴ മരങ്ങൾ(ആമരരമൗൃലമ രീൗൃമേഹഹലിശെ)െ. ചോരനിറമുള്ള പാകമായ പഴങ്ങൾ.  കരടി തിന്നു ബാക്കി വെച്ച പഴങ്ങൾ മരച്ചോട്ടിൽ പൂക്കളം പോലെ കിടന്നു. ഇടക്ക് ഞങ്ങൾ അത് തിന്നു. കൊടിയ വിശപ്പ് അടങ്ങിയില്ലെങ്കിലും സമാധാനമായി. നീർച്ചോലകളിലെ വെള്ളം കുടിച്ചു. മഴ നിന്നതേയില്ല. കുടയുണ്ടായിരുന്നു. പക്ഷേ ആ കാട്ടിൽ കുട പിടിക്കാൻ ആകില്ല. നനഞ്ഞു കുതിർന്നു നടന്നു. എപ്പോഴെത്തും എന്നൊന്നും ആർക്കും വലിയ പിടിയില്ല. ഇടയ്ക്ക് വീണ്ടും വനം വകുപ്പുകാർക്ക് സംശയം. പോകണോ? തിരിച്ചു വരുമ്പോൾ ആനക്കൂട്ടത്തിൽ നിന്ന് എങ്ങനെ രക്ഷ നേടാനാവും? വലിയ റിസ്‌കാണ്. പിന്നെ ഞങ്ങളെ പറയരുത്. പക്ഷേ ഞങ്ങൾ അതൊന്നും ഗൗനിച്ചില്ല. നടപ്പ് തുടർന്നു. ഒടുവിൽ മൂന്നു മണിയോടെ ഞങ്ങൾ അവിടെയെത്തി.       നല്ല തണുപ്പിൽ അടുപ്പിൽ തീ കാഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെയാണ് ആദ്യം കണ്ടത്. അടുത്ത് പ്രസവിച്ച കുഞ്ഞും അമ്മയും കൂടെ അച്ഛനുമായുണ്ടായിരുന്നു. വളരെ ചെറുപ്പം. പിന്നെ രണ്ടു മൂന്നു കുട്ടികളും.


വീടുകൾ എന്ന് പറയാവുന്ന തരത്തിൽ സംവിധാനങ്ങളൊന്നുമില്ല. തണുപ്പിൽ എങ്ങനെ കഴിയുമെന്നറിയില്ല. ഒരു ചോദ്യത്തിനും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. കുറച്ചു നേരം മാത്രം അവിടെ തങ്ങി. കാര്യങ്ങൾ മനസ്സിലാക്കി. തിരിച്ചു പോരാൻ വൈകിക്കൂടാ. അവിടെ താമസിക്കാൻ പറ്റില്ല. വന്ന വഴിയത്രയും തിരിച്ചുനടക്കണം. വഴികളിലത്രയും അട്ടകളായിരുന്നു. അട്ടകളെ എടുത്തുകളയാൻ പോലും സമയം കളയാതെ ആയിരുന്നു നടപ്പ്.


ഇപ്പോൾ അട്ടകൾ കാലുകളും കടന്ന് മുകളിലേക്ക് വന്നുകൊണ്ടിരുന്നുവെന്നു ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. തിരിച്ചു നടക്കുമ്പോൾ വഴികൾ കുറച്ചുകൂടി വ്യക്തമായിരുന്നു. മഴ കുറഞ്ഞിരുന്നു. ഒഴുക്കുകൾ കുറഞ്ഞിരുന്നുവെങ്കിലും തനിയെ മുറിച്ചുകടക്കാൻ ആവുമായിരുന്നില്ല. പിന്നെ സന്ധ്യ കഴിയുമ്പോഴേക്കും ഞങ്ങൾ തിരിച്ചെത്തുകയായിരുന്നു.

Latest News