നാല് വർഷങ്ങൾക്കപ്പുറം ഓഗസ്റ്റ് മധ്യത്തിൽ കേരളത്തിൽ പുറത്തിറങ്ങിയ മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളിൽ ഒന്നാം പേജിലെ പ്രധാന വാർത്ത സൗദിയിലെ ഇന്ത്യക്കാരെ കുറിച്ചായിരുന്നു. രണ്ട് വൻകിട നിർമാണ കമ്പനികൾ ലേ ഓഫ് ചെയ്തതിനെ തുടർന്ന് ആയിരക്കണക്കിന് ഭാരതീയർ വഴിയാധാരമായി. തൊട്ടടുത്ത ദിവസം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേതായി ഒരു പ്രസ്താവന വന്നു. ന്യൂദൽഹിയിൽ താൻ ഈ പദവിയിൽ തുടരുന്നിടത്തോളം കാലം ലോകത്തിന്റെ ഒരു ഭാഗത്തും ഒറ്റ ഇന്ത്യക്കാരനും പട്ടിണി കിടക്കാൻ അനുവദിക്കില്ല. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ സഹമന്ത്രി വി.കെ. സിംഗ് ജിദ്ദയിൽ വന്നിറങ്ങുന്നു. ഞൊടിയിടയിൽ പ്രശ്‌ന പരിഹാരം. പിന്നീട് ഇറാഖിലെ മലയാളി നഴ്‌സുമാരുടെ വിഷയമുണ്ടായപ്പോഴും സംഘർഷം മുറ്റിനിൽക്കുന്ന യെമനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തു കാര്യത്തിലും മന്ത്രി സുഷമ നേതൃപരമായ കടമ നിറവേറ്റി മാതൃകയായി. അതെല്ലാം ഒരു കാലം. കൂരിരുൾ നിറഞ്ഞ ഇക്കാലത്തും ആശ്വാസമായി ചിലരുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മലയാളം ചാനലുകൾ സംപ്രേഷണം ചെയ്ത വാർത്താ സമ്മേളനം ശ്രവിച്ച ലക്ഷക്കണക്കിന് വിദേശ മലയാളികൾക്ക് ആശ്വാസത്തിന്റെ കുളിർമഴയായാണ് അത് അനുഭവപ്പെട്ടത്. ഈ നാട് നമ്മുടേത് മാത്രമല്ല. അവരുടേത് കൂടിയാണെന്ന് ഓർമ വേണം. തിരക്കുള്ള ഒരു ബസിൽ കേറിക്കഴിഞ്ഞാൽ പിന്നെ എവിടേം നിർത്തി ആളെ എടുക്കരുതെന്ന് ചിന്തിക്കുന്നവരുണ്ട്. സർക്കാറിനെ സംബന്ധിച്ചിടത്തോളം എത്ര പേർ തിരികെ വന്നാലും അവർക്കൊക്കെ സുരക്ഷിത സംവിധാനമൊരുക്കുക എന്നത് തന്നെ മുഖ്യം. അത് നിറവേറ്റുക തന്നെ ചെയ്യും -കാരണം ഈ നാട് അവരുടേത് കൂടിയാണ്. പത്രസമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് ദുർഘട ഘട്ടങ്ങൾ തരണം ചെയ്യുന്ന സമയത്ത് ഒരു നേതാവിന്റെ വാക്കുകൾക്കുണ്ടാവേണ്ട കരുത്ത്.... ഏത് മഹാമാരിയേയും നേരിടാൻ ഈ ആത്മവിശ്വാസം വേണം.
മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയുള്ള ദിവസങ്ങളിൽ മാധ്യമ പ്രവർത്തകരെ കാണില്ല എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ വാരത്തിൽ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. കെ.എം. ഷാജി വിവാദവും സ്പ്രിംഗഌ വിവാദവും കത്തിനിൽക്കുമ്പോൾ ആയിരുന്നു അത്. ഷാജിയെ പേടിച്ചിട്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത് എന്ന് വരെ ചിലർ പറഞ്ഞുകളഞ്ഞു.

ശേഷമുള്ള ദിവസങ്ങളിൽ പ്രതിപക്ഷം ആഞ്ഞടിക്കുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും പ്രതിപക്ഷത്തിന് ലഭിച്ചു. ഒറ്റ ദിവസം കൊണ്ട് ശക്തമായ തിരിച്ചുവരവാണ് പിണറായി വിജയൻ നടത്തിയത്. പതിഞ്ഞ് പറയേണ്ടിടത്ത് പതിഞ്ഞ് പറഞ്ഞും തെളിച്ച് പറയേണ്ടിടത്ത് തെളിച്ചു പറഞ്ഞും ആഞ്ഞടിക്കേണ്ടിടത്ത് ആഞ്ഞടിച്ചും പിണറായി വിജയൻ തകർത്താടുകയായിരുന്നു.
പിണറായിയുടെ ക്ലാസ് ഡയലോഗുകൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി. പത്രസമ്മേളനങ്ങൾ ജേണലിസം ക്ലാസുകളായി മാറി. ഇങ്ങള് കമല ഇന്റർനാഷണൽ കണ്ടിനാ മുതൽ എന്റെ പൊന്നാപുരം കോട്ട പോലുള്ള വീട് കണ്ടോ എന്നൊക്കെയായി അന്വേഷണങ്ങൾ. പ്രൈം ടൈമിൽ മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ് കുതിച്ചുയർന്നു. മുഖ്യമന്ത്രിയുടെ എഫ്ബി പേജിലെ ലൈവ് അതിനെയും കവച്ചു വെച്ചു.
*** *** ***
മലയാള ടെലിവിഷൻ ചാനലുകളുടെ പ്രധാന പ്രശ്‌നം അനുകരണമാണ്. സ്വന്തമായെന്ന് എടുത്തു പറയാൻ പ്രോഗ്രാമുകളില്ല. ലോകത്തിന്റെ പല ഭാഗത്തും ന്യൂസ് ചാനലുകൾ തുടങ്ങിയത് സിഎൻഎൻ-ബിബിസി എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചുവടൊപ്പിച്ചാണ്. 24 ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ എന്ന പ്രോഗ്രാം കണ്ടപ്പോൾ ഇതെങ്കിലും ഒറിജിനലായിരിക്കുമെന്ന് കരുതി. ഇന്ത്യാ ടുഡേ സംപ്രേഷണം ചെയ്യുന്ന സെവൻ അറ്റ് സെവൻ കൈകാര്യം ചെയ്യുന്നതും ഇതേ വിഷയമാണ്.
കൊറോണ വൈറസ് വ്യപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ലോക് ഡൗൺ അവസാനിക്കുന്നത് വരെ ഇന്ത്യയൊട്ടാകെ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന വാർത്ത വ്യാജം. കേന്ദ്ര ടെലികോം വകുപ്പ് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകളിൽ പ്രചരിച്ചിരുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ വിവരങ്ങൾക്കൊപ്പമുള്ള ലിങ്കുകളും വ്യാജമാണെന്നാണ് പി.ഐ.ബി വ്യക്തമാക്കുന്നു. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കായി ടെലികോം വകുപ്പ് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നു എന്നായിരുന്നു വാർത്ത. കൊറോണ വൈറസ് പ്രതിരോധിക്കാനായി എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നും പോസ്റ്റിൽ പറയുന്നു. ലോക്ഡൗൺ കാലയളവിൽ ടെലികോം വകുപ്പ് ഒരു വിധത്തിലുമുള്ള സൗജന്യ ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുന്നില്ല എന്നതാണ് വാസ്തവം.
*** *** ***
മനുഷ്യ രാശിക്ക് പ്രതീക്ഷയേകി ബ്രിട്ടനിൽ കോവിഡ് വാക്‌സിൻ ട്രയൽ തുടങ്ങി. ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചു. പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട 800 വോളന്റിയർമാരിൽ രണ്ടു പേരിലാണ് വ്യാഴാഴ്ച വാക്‌സിൻ കുത്തിെവച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നൽകിയത്. ആത്മവിശ്വാസത്തോടെയാണ് താൻ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞ കൂടിയായ യുവതി വ്യക്തമാക്കി. മൂന്നു മാസത്തെ ഗവേഷണത്തിനൊടുവിലാണ് ജെന്നർ ഇൻസ്റ്റിറ്റിയൂട്ടിലെ വാക്‌സിനോളജി പ്രൊഫ സാറാ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. പരീക്ഷണം വിജയകരമായാൽ സെപ്റ്റംബർ മാസത്തോടെ പത്തു ലക്ഷം ഡോസുകൾ ലഭ്യമാക്കത്തക്ക വിധമുള്ള ഒരുക്കമാണ് ഓക്‌സ്‌ഫോർഡ് സർവകലാശാല നടത്തുന്നത്.
ഈ വാക്‌സിൻ പരീക്ഷണം വിജയിക്കണമെന്ന് ലോകം ആഗ്രഹിക്കുമ്പോൾ നേരെ തിരിച്ച് ആഗ്രഹിക്കുകയാണ് ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസർ. ഡോ. എമിലി കൊസീൻ. വാക്‌സിൻ പരീക്ഷണം സുപ്രധാനമാണെന്ന കാര്യത്തിൽ എമിലിക്ക് സംശയമൊന്നുമില്ല. പക്ഷേ എല്ലാ മത്സരത്തിലും വിജയിയും പരാജയപ്പെട്ടവരും ഉണ്ടാകും. ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുടെ വാക്‌സിനാണ് ആദ്യം വിജയിക്കുന്നതെങ്കിൽ ബ്രിട്ടൻ പണ്ട് ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കുമെന്നും ആ വിജയം രാഷ്ട്രീയ നേട്ടമായും രാജ്യത്തിന്റെ കഴിവിന്റെ പ്രതീകമായും വാഴ്ത്തിപ്പാടാനൊരുങ്ങും. ചൈന ഒരു ഭീഷണിയെ തുറന്നുവിട്ടു. ബ്രിട്ടീഷുകാർ ലോകത്തെ രക്ഷിച്ചു ഇങ്ങനെയാകും കഥകൾ ചമക്കപ്പെടുകയന്നും എമിലി പറയുന്നു. മാത്രമല്ല, രാജ്യത്ത് കൊറോണ വ്യാപനത്തിന് കാരണമായ സർക്കാറിന്റെ പരാജയങ്ങൾ ഇതോടെ ആളുകൾ മറക്കാൻ തുടങ്ങും -അവർ കൂട്ടിച്ചേർത്തു. എന്തൊരു ജാതി പ്രൊഫസർ?
*** *** ***
മലയാള സിനിമയിൽ ശാരദ-ഷീല-ജയഭാരതി കാലഘട്ടത്തിൽ എത്രയെത്ര സിനിമകളാണ് വർഷാവർഷം പുറത്തിറങ്ങിയത്. എല്ലാവരും നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ച റെക്കോർഡിട്ടു. എൺപതുകൾക്ക് ശോഭന, പാർവതി, മഞ്ജു വാരിയർ തുടങ്ങിയവരുടെ സീസണും വലിയ കുഴപ്പമില്ലായിരുന്നു. ഇപ്പോഴത്തെ നായികമാരുടെ കാര്യമാണ് മഹാ കഷ്ടം. വല്ലപ്പോഴും ഒരു ചിത്രത്തിൽ മിന്നിമായാനായാലായി. പാവങ്ങൾ പലരും ട്രോളൻമാർ ജീവിച്ചു പോയ്‌ക്കോട്ടെ എന്നു കരുതിയാണ് അഭിനയിക്കുന്നതെന്നും സംശയിക്കാവുന്നതാണ്. പ്രേമത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികമാരിൽ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലേക്കും അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറി.
അടുത്തിടെ ഒരു അഭിമുഖത്തിൽ മഡോണ നടത്തിയ ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ട്രോൾമഴക്ക് ഇടയാക്കിയിരിക്കുന്നു. ഒരു വയസ്സും ഒന്നര വയസ്സും ഉള്ളപ്പോൾ നീന്തിയതും ഓടിയതുമൊക്കെ ഓർക്കുന്നുവെന്നാണ് താരം പറഞ്ഞത്. മഡോണയുടെ ഓട്ടത്തിന്റെയും നീന്തലിന്റെയും ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. തനിക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ തന്നെ ഗ്രൗണ്ടിൽ ഓടിച്ചിരുന്നുവെന്നും ഒന്നര വയസ്സുള്ളപ്പോൾ പുഴയിൽ നീന്തിച്ചു എന്നൊക്കെമുള്ള അവിശ്വസനീയമായ കാര്യങ്ങളാണ് ട്രോളുകൾക്ക് വഴിവെച്ചത്.
*** *** ***
2014 ൽ മോഡി യുഗം തുടങ്ങിയതിൽ പിന്നെയാണ് കേന്ദ്ര സർക്കാർ ഇഫ്്താർ സംഗമങ്ങൾ വേണ്ടെന്നുവെച്ചത്. മാറിയ ഇന്ത്യയിൽ കൊറോണ പടരുന്നതിന് പോലും പുത്തൻ വ്യാഖ്യാനങ്ങളുണ്ടായി. അതിനിടക്കാണ് പ്രധാനമന്ത്രിയുടെ വ്യത്യസ്തമായ പ്രസ്താവന സീ ന്യൂസിൽ വന്നത്.
ജാതി, മതം, നിറം, ഭാഷ, അതിർത്തികൾ ഒന്നും നോക്കാതെയാണ് കൊറോണ വൈറസ് ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സാഹോദര്യവും ഒരുമയും കൊണ്ട് വേണം കോവിഡിന് നാം മറുപടി കൊടുക്കേണ്ടത്. നമ്മളെല്ലാവരും ഇതിൽ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാവർക്കും റമദാൻ മുബാറക് നേർന്നു. എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊറോണക്കാലം വരുത്തുന്ന ഓരോ മാറ്റങ്ങൾ.






