കൊറോണ (ക്രൗൺ) അഥവാ കിരീടം ശിരസ്സിലണിഞ്ഞ രാക്ഷസ വേഷത്തിൽ പ്രശസ്ത കലാകാരി മേതിൽ ദേവിക മഹാമാരിക്കെതിരായ പ്രതിരോധത്തിന് മോഹിനിയാട്ടത്തിലൂടെ പോർമുഖം തുറക്കുന്നു...
നവരസ ഭാവങ്ങളിൽ ലാസ്യവും ശൃംഗാരവും രൗദ്രവും സമന്വയിക്കുന്ന മോഹിനിയാട്ട വേദിയിൽ ഡോ. മേതിൽ ദേവിക ആരെയും വിസ്മയിപ്പിക്കും. നാട്യത്തിലും നടനത്തിലും നയന ചലനങ്ങളിലുമെല്ലാം അവർ മറ്റു നർത്തകിമാരിൽനിന്നും വേറിട്ടു നിൽക്കുന്നു. അതുകൊണ്ടു തന്നെ അനുഗ്രഹിക്കപ്പെട്ട നർത്തകിയെന്നാണ് ദേവികയെ പലരും വിശേഷിപ്പിക്കുന്നത്.
മോഹിനിയാട്ടം എന്ന നൃത്തകലയുടെ സാമ്പ്രദായിക രീതികളിൽനിന്നും വഴിമാറി സമകാലിക സംഭവങ്ങളെ കോർത്തിണക്കി അരങ്ങിലെത്തിക്കാനുള്ള ദേവികയുടെ കഴിവിനെയാണ് ഇന്ന് ലോകം വാഴ്ത്തുന്നത്. കോവിഡ്19 എന്ന മഹാമാരി മനുഷ്യ കുലത്തെ കാർന്നുതിന്നാൻ തുടങ്ങിയപ്പോൾ അവരുടെ ഭീതിയകറ്റി യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താൻ എന്തു ചെയ്യാനാകും എന്ന ചിന്തയാണ് ഇത്തരമൊരു ബോധവൽക്കരണ പ്രവൃത്തിയിലേക്ക് ദേവികയെ നയിച്ചത്. കൊറോണക്ക് കാരണക്കാരനായ വൈറസിനെ നശിപ്പിക്കാനാവില്ലെങ്കിലും ജാഗ്രത്തായ മനസ്സുണ്ടെങ്കിൽ അതിനെ അതിജീവിക്കാനാവും എന്ന സന്ദേശമാണ് ദേവിക നൽകുന്നത്. അതിനായി കണ്ടെത്തിയ മാർഗമാകട്ടെ നൃത്താവിഷ്‌കാരവും. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ദേവിക തിരുവനന്തപുരം കുമാരപുരത്തെ മാധവത്തിൽനിന്നും മലയാളം ന്യൂസിനോടു മനസ്സു തുറക്കുകയായിരുന്നു.

ബ്രേക്ക് ദ ചെയിൻ എന്ന ആശയം ഉരുത്തിരിഞ്ഞത്?
അടുത്ത സുഹൃത്തും ഇ.എൻ.ടി സർജനുമായ ഡോ. അരുൺ അസീസാണ് എന്തുകൊണ്ട് ബ്രേയ്ക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി ഒരു നൃത്തരൂപം ഒരുക്കിക്കൂടാ എന്നു ചോദിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഒരു നൃത്തരൂപം ചിട്ടപ്പെടുത്തുക എന്നത് ഏറെ പ്രയാസകരമായിരുന്നു. ക്വാറന്റൈൻ കാലമായതിനാൽ സഹായത്തിനായി ആരും വരണമെന്നില്ല. എന്റെ കാഴ്ചപ്പാടിലുള്ള നൃത്തമാകണമെങ്കിൽ അതൊരു ക്ലാസിക്കലാകണം. പോരാത്തതിന് കാഴ്ചക്കാർക്ക് മനസ്സിലാവുകയും വേണം. അതിൽ ഒരു ഭാരതീയ ദർശനം കൊണ്ടുവന്നാലേ പ്രേക്ഷകർക്ക് ഗ്രാഹ്യമാവൂ എന്ന ചിന്തയുമുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച മുത്തുസ്വാമി ദീക്ഷിതരുടെ കൃതിയിലൂടെ പറയുന്നതല്ലേ നല്ലത് എന്നൊരു ബോധമുണ്ടായി. അതിൽ കാലചക്രത്തെ പ്രതിപാദിക്കുന്ന വരികൾ ഇതിന് ഏറെയിണങ്ങുമെന്നു തോന്നിയതിനാൽ ആ വരികൾ തന്നെ ഉപയോഗിക്കുകയായിരുന്നു. അഞ്ചു ദിവസം കൊണ്ടാണ് ചിട്ടപ്പെടുത്തിയെടുത്തത്. സ്വന്തമായി സംഗീതമൊരുക്കി നൃത്തസംവിധാനം ചെയ്യുകയായിരുന്നു. കോട്ടയം ജമനീഷ് ഭാഗവതരാണ് പാടിയത്. വീഡിയോ ഒരുക്കി ഇംഗ്ലീഷിലും മലയാളത്തിലും സബ് ടൈറ്റിലുകളും കൊടുത്തു. ഇംഗ്ലീഷ് ടൈറ്റിലുകൾ ഞാനും മലയാളത്തിലുള്ളത് ഡോക്ടറുമാണ് തയാറാക്കിയത്.

പഴയൊരു കൃതി തെരഞ്ഞെടുക്കാൻ കാരണം?
പഴമയുടെ ലാളിത്യമായിരുന്നു പ്രധാനം. പഴമയോട് എപ്പോഴും ആളുകൾക്ക് താൽപര്യമുണ്ടാകും. അതിൽ അവർ ആശ്വാസം കണ്ടെത്തും. അതിലൂടെ എന്തിനെയും തരണം ചെയ്യാൻ കഴിയും. സയൻസിന്റെ പരിഹാരത്തിലുപരി അത് മനുഷ്യ മനസ്സിന് നൽകുന്ന ശക്തിയും ശാന്തിയുമാണ് പ്രധാനം. ഈ കൃതിയിൽനിന്നും ചില വരികൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. നവരാണകൃതിയിൽ പെട്ട മഹാരോഗ ചക്രത്തിൽ നിന്നാണ് ഇതെടുത്തത്. ഭീകരതാപത്രയേ... എന്നാണ് തുടക്കം. ശ്രീചക്ര ഉപാസനക്കായി പാടുന്ന കൃതിയാണിത്. ഈ നൃത്താവിഷ്‌കാരത്തിൽ ലോകധർമമ്മിയും നാട്യധർമിയും ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ഏറെക്കാലത്തെ ഗവേഷണവും പരിശീലനവും കൊണ്ടായിരിക്കാം ദൈവ സഹായത്താൽ ഈയൊരു കൃതി തെരഞ്ഞെടുക്കാൻ തോന്നിയത്.

നൃത്താവിഷ്‌കാരത്തിലൂടെ ലക്ഷ്യമിട്ടത്?
മനുഷ്യ സമൂഹത്തിന് മൂന്നു വിധത്തിലുള്ള ദുരിതങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. പ്രകൃതിജന്യമായതും മറ്റു ജീവജാലങ്ങളിൽനിന്നുള്ളവയും അവ മനുഷ്യ മനസ്സിലുണ്ടാക്കുന്ന ആകുലതകളുമാണവ. പ്രകൃതിജന്യമായ ഈ വൈറസ് ബാധയുടെ വ്യാപനത്തിൽ മനുഷ്യന് വലിയ പങ്കുണ്ട്. ഇതിനോടുള്ള നമ്മുടെ പ്രതികരണമെങ്ങനെയായിരിക്കണം എന്നാണ് ഈ നൃത്തരൂപത്തിലൂടെ ആവിഷ്‌കരിക്കുന്നത്. കൊറോണ വൈറസ് ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും അവയെ എങ്ങനെ ഉന്മൂലനം ചെയ്യണമെന്നുമാണ് മോഹിനിയാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്.

പ്രേക്ഷക പ്രതികരണം?
പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളികൾ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു പോലും നല്ല പ്രതികരണമുണ്ടായി. അതിരാത്രത്തിന് പേരുകേട്ട പാഞ്ഞാൾ ഇല്ലത്തെ പ്രമുഖ തന്ത്രി വിളിച്ചുപറഞ്ഞത് ഈ കാലഘട്ടത്തിൽ ഇതു പോലൊരു കൃതി തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായിരിക്കുന്നുവെന്നാണ്. ഭാഷാഭേദമില്ലാതെ തമിഴരും തെലുങ്കരും ബംഗാളികളുമെല്ലാം അഭിനന്ദിച്ചു. മാത്രമല്ല, അമേരിക്കയിൽനിന്നും മെക്‌സിക്കോയിൽനിന്നുമെല്ലാം അഭിനന്ദനങ്ങളെത്തുന്നുണ്ട്.

സർപ്പതത്വം എന്ന നൃത്തരൂപത്തെ കുറിച്ച്?
മോഹിനിയാട്ടത്തിലൂടെ സർപ്പങ്ങളെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെയും പരിചയപ്പെടുത്തുകയായിരുന്നു സർപ്പതത്വം എന്ന ഡാൻസ് ഡോക്യുമെന്ററിയിലൂടെ സാധ്യമാക്കിയത്. പ്രാചീന സംഗീതത്തിലും വരികളിലും ഊന്നി വ്യത്യസ്തമായ രീതിയിലാണ് ഈ ഡോക്യുമെന്ററി ഒരുക്കിയത്. മകുടിയുടെ രാഗവും താളവുമാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ഓസ്‌കർ കണ്ടൻഷണൽ ലിസ്റ്റിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തം കൂടിയായിരുന്നു അത്. നൃത്തം എപ്പോഴും കൂടെയുണ്ടെങ്കിലും ഒരിക്കലും അത് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താറില്ല. നമ്മുടെ ഉള്ളിലുള്ള കലാപാടവം മറ്റുള്ളവരിലും എത്തിക്കണം, ഞങ്ങൾ കുറച്ചുപേർ മാത്രം കണ്ടാൽ പോരാ എന്ന് സുഹൃത്തുക്കൾ പലപ്പോഴും പറയാറുണ്ട്. മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ജയസൂര്യ, ടൊവിനോ തോമസ്, വിനീത് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഈ ഡോക്യുമെന്ററി പുറത്തിറക്കിയത്.

ഇത്തരം നൃത്തരൂപങ്ങൾ നൽകുന്ന പാഠം?
നൃത്തരൂപങ്ങളുടെ വീഡിയോ കണ്ട പ്രേക്ഷകർ വലിയ പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത്. അവർക്ക് ഇത്രയും താൽപര്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഇത്തരത്തിലുള്ള ശക്തമായ പ്രമേയങ്ങൾ അവതരിപ്പിക്കണമെങ്കിൽ ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കാൻ പാടില്ല എന്നാണ് വിശ്വാസം. പല നർത്തകരും ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കാൻ മെനക്കെടാറില്ല എന്നതാണ് സത്യം. പതിഞ്ഞ കാലത്തിലൂടെ പറയുമ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകും. ഇതിന് സാധ്യതകളേറെയുണ്ടുതാനും. പ്രത്യേകിച്ച് ചെണ്ട, മദ്ദളം എന്നിവയുടെ താളത്തിൽ കഥ പറയാനാവും. സംഗീതത്തോട് ഏറെ താൽപര്യമുള്ളതുകൊണ്ടാണ് ഇതു പറയുന്നത്. സംഗീതത്തിനനുസരിച്ചുള്ള നടനമാണ് ജടായു എന്ന നൃത്തത്തിലൂടെ സാധ്യമാക്കിയത്. രാജീവ് അഞ്ചൽ ഒരുക്കിയ ഈ നൃത്തശിൽപം ഒ.എൻ.വി സാറിന്റെ ജടായുസ്മൃതിയെ ഇതിവൃത്തമാക്കിയായിരുന്നു ഒരുക്കിയത്. കൂടാതെ സുവീരൻ സംവിധാനം ചെയ്ത നാഗാ എന്ന നാടകത്തിൽ ഭർത്താവ് മുകേഷിനൊപ്പവും വേഷമിട്ടിരുന്നു.

കൊറോണ പഠിപ്പിച്ച പാഠം?
കൊറോണ നമ്മെ പഠിപ്പിക്കുന്നത് നിരവധി പാഠങ്ങളാണ്. വൈറസിനെ നശിപ്പിക്കാനാവില്ലെങ്കിലും തരണം ചെയ്യാനാവും. അതിന് ജാഗ്രതയാണ് വേണ്ടത്. ആർഭാട ജീവിതത്തിൽനിന്നും ലളിത ജീവിതത്തിലേക്കു വഴിമാറാനുള്ള താക്കീതും കൂടിയാണിത്. എന്തിനും ഏതിനും ആശുപത്രികളെ അഭയം പ്രാപിക്കുന്ന സ്ഥിതിക്കും മാറ്റം വന്നിരിക്കുന്നു. കുടുംബ ജീവിതത്തിനും പുതിയൊരു താളം സംഭവിച്ചിട്ടുണ്ട്. പണത്തിനും പ്രശസ്തിക്കും പിറകെ സഞ്ചരിച്ചവർ ഇന്ന് ജീവന്റെ നിലനിൽപിനു വേണ്ടി ഒതുങ്ങിക്കഴിയുന്നു. കൊറോണക്ക് വലിയവനും ചെറിയവനുമില്ല. സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടിയെന്നോ വൃദ്ധനെന്നോ ഉള്ള തരംതിരിവില്ല. മനുഷ്യർ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും ഒരുപോലെ ജീവിക്കാനും ഈ മഹാമാരി എന്തുകൊണ്ട് സംഭവിച്ചു എന്നു തിരിച്ചറിയാനുമുള്ള അവസരം കൂടിയാണിത്.

ഭർത്താവിൽനിന്നുള്ള സഹകരണം?
മുകേഷേട്ടന്റെ സഹകരണം എപ്പോഴുമുണ്ട്. അഭിനേതാവ്, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ എപ്പോഴും തിരക്കിന്റെ ലോകത്താണ് അദ്ദേഹം. എങ്കിലും പുതുതായി എന്തെങ്കിലും ചിട്ടപ്പെടുത്തുമ്പോൾ വളരെ അഭിമാനത്തോടെ പ്രോത്സാഹിപ്പിക്കാറുണ്ട്. കലയോട് തികഞ്ഞ ആദരവാണ് അദ്ദേഹത്തിനെപ്പോഴും.
നൃത്താധ്യാപിക എന്ന നിലയിൽ?
വീട്ടിൽ തന്നെ ഒരുക്കിയിട്ടുള്ള ചിത്രകൂടം നൃത്തകളരിയിൽ പത്തോളം കുട്ടികൾ നൃത്തം അഭ്യസിക്കുന്നുണ്ട്. കൂടാതെ ഗൾഫ് നാടുകളിൽ നിന്നും മെക്‌സിക്കോയിൽനിന്നുമെല്ലാം നൃത്തപഠനത്തിനായി കുട്ടികളെത്താറുണ്ട്. അത്തരം കുട്ടികൾക്ക് ഒരു മാസത്തോളം പരിശീലനം നൽകാറുണ്ട്. എങ്കിലും സ്വന്തം ആശയങ്ങൾക്കനുസരിച്ച് നൃത്തം ചിട്ടപ്പെടുത്താനാണ് കൂടുതൽ സമയം ചെലവഴിക്കാറ്. മുമ്പ് കാലടി ശങ്കരാചാര്യ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായും ന്യൂയോർക്കിലെ യോർക്ക് യൂനിവേഴ്‌സിറ്റിയിൽ റിസർച്ച് ഗൈഡായും ജോലി നോക്കിയിട്ടുണ്ട്.
അമ്മയുടെ നൃത്തവാസന മകനിൽ കാണുന്നുണ്ടോ?
മകൻ ദേവാംഗ് ഒൻപതാം ക്ലാസിലേക്കാണ്. അവനിപ്പോഴാണ് നൃത്തത്തോട് താൽപര്യം തോന്നിത്തുടങ്ങിയത്. ഗിരിജാ ചന്ദ്രനിൽ നിന്നാണ് പരിശീലനം തേടുന്നത്. എന്തും പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് നൃത്തം എളുപ്പത്തിൽ വഴങ്ങുമെന്നു തോന്നുന്നു.






