താരങ്ങളുടെ പ്രതിഫലം പാതിയാക്കണം -പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം-കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിനോദ മേഖല ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലെ പ്രതികൂല സാഹചര്യങ്ങളെല്ലാം നീങ്ങി സിനിമ മേഖല പഴയ അവസ്ഥയിലേക്ക് വരാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വരും. ആ സാഹചര്യം നിലനില്‍ക്കെ കോവിഡ് സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി. സുരേഷ് കുമാര്‍.
കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ സിനിമാമേഖല ഇനി റീ ഓപ്പണ്‍ ചെയ്യണം എങ്കില്‍ എല്ലാവരും ഒന്നിച്ചിരുന്ന് ഒരു ചര്‍ച്ച ആവശ്യമാണ്. അഞ്ച് ശതമാനം ഒഴികെ ബാക്കിയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും എല്ലാം പ്രതിസന്ധിയിലാണ്. താരങ്ങള്‍ പണ്ട് വാങ്ങിച്ചിരുന്ന പ്രതിഫലത്തുക ഇനി നല്‍കുവാന്‍ സാധിക്കുകയില്ല. എല്ലാവരും സഹകരിച്ചെങ്കില്‍ മാത്രമേ സിനിമയുടെ റിലീസും വിതരണവും പഴയപടി ആവുകയുള്ളൂ.' പ്രിയദര്‍ശന്റെ മരക്കാര്‍ പോലൊരു സിനിമയുടെയൊക്കെ റിലീസ് പോലും എപ്പോഴത്തേക്ക് പറ്റുമെന്ന് ആലോചിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍. ചൈനീസ് ഭാഷയില്‍ ഉള്‍പ്പെടെ ഡബ്ബ് ചെയ്ത സിനിമയാണ്. വേള്‍ഡ് റിലീസ് ഒക്കെ പഴയ പോലെ സാധ്യമാകണമെങ്കില്‍ നല്ല സമയം എടുക്കും.' ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

Latest News