കേരളത്തിൽ ആശങ്കയുടെ നാളുകൾ അകന്നുവെന്നു വേണം മനസ്സിലാക്കാൻ. സംസ്ഥാനത്തെ പ്രമുഖ വ്യവസായമായ വിവാദ നിർമാണം പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയത് ഇതിന്റെ തെളിവ്. മെയ് നാലിനകം മലയാള നാട് പൂർവ സ്ഥിതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം. പാവം പ്രതിപക്ഷ നേതാവ് ബഹ്്റൈനിലെ ഉസ്മാനെയും വിളിച്ച് ആളുകളെ ചിരിപ്പിച്ചു കഴിഞ്ഞു വരുന്നതിനിടയ്ക്കാണ് അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ മാസ് എൻട്രി. ചാനലുകളിൽ ചർച്ചകൾ കൊഴുത്തു. ഏറ്റവും മാന്യമായി പ്രതികരിച്ചത് ലീഗ് നേതാവും മുൻ മന്ത്രിയുമായ മുനീറായിരുന്നു. ചെന്നിത്തല പലതും പറഞ്ഞ കൂട്ടത്തിൽ കഴമ്പുള്ള ചില കാര്യങ്ങളുമുണ്ടായിരുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവാങ്ങുന്ന സാലറി ചലഞ്ചെന്തിന്? ഒരു കാര്യവുമില്ലാതെ കോടികൾ മുടക്കി സർക്കാർ തീറ്റിപ്പോറ്റുന്ന ഭരണ പരിഷ്കാര കമ്മീഷനുപ്പെടെയുള്ളതെല്ലാം പിരിച്ചുവിട്ടാൽ പോരേ?
ടെലിവിഷൻ ചാനലുകളിൽ ഫുട്ബോൾ മാച്ചിലെ സ്കോറുകൾ പോലെ പല രാജ്യങ്ങളിലും ആളുകൾ മരിക്കുന്നത് വിവരിക്കുമ്പോൾ കൈരളിയുടെ തമാശ ചാനലുകൾ കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. വന്നു വന്ന് അവരുടെ സകല വാർത്ത, പ്രവാസി സകല വാർത്ത എന്നിവയെല്ലാം സമ്പൂർണ കോമഡിയായി മാറി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു വനിത പ്രവാസ ലോകത്തെ സകല വാർത്തകളും വായിക്കുന്നു. ബ്രിട്ടനെപ്പറ്റി പറഞ്ഞാൽ സ്ക്രീനിലെ എഴുത്ത് അഫ്ഗാനിസ്ഥാനിലേത്, അമേരിക്കയിലെ വാർത്ത വായിക്കുമ്പോൾ പ്രേക്ഷകർ കാണുന്നത് കുവൈത്തിനെ കുറിച്ചുള്ള ലിഖിതം. ഈ കുട്ടി വല്ല ബഹിരാകാശത്തും പോയിരുന്നാവുമോ വാർത്ത വായിക്കുന്നത്.
ഏഷ്യാനെറ്റിൽ കോവിഡുമായി ബന്ധപ്പെട്ട് ആശ്വാസകരമായ രണ്ട് വാർത്തകൾ കണ്ടു. രണ്ടും അന്താരാഷ്ട്രീയം. യൂറോപ്പിനെയാകെ കൊറോണ പിടിച്ചു കുലുക്കിയപ്പോൾ ഇതിൽ നിന്ന് രക്ഷപ്പെട്ടത് ചെക് റിപ്പബ്ലിക്കാണ്. അവിടത്തെ തൂവാല വിപ്ലവം ഗുണം ചെയ്തുവെന്നും വാർത്തയിൽ. മറ്റൊന്ന് സ്വീഡനിൽ ലോക്ഡൗൺ ഏർപ്പെടുത്താത്തത് സംബന്ധിച്ചും. അല്ലെങ്കിലും സ്വീഡൻ പല കാര്യങ്ങളിലും പൗരൻമാർക്ക് യഥേഷ്ടം സ്വാതന്ത്ര്യം നൽകുന്ന നാടാണല്ലോ. കൊറോണ വൈറസ് ഇറ്റലിയിൽ പടർന്നുപിടിച്ച ആദ്യ ഘട്ടത്തിൽ സഹായിക്കാൻ തയാറാവാത്തതിൽ ഇറ്റലിയോട് യൂറോപ്യൻ യൂനിയൻ ക്ഷമാപണം നടത്തിയത് യൂറോ ന്യൂസിൽ തലവാചകമായി. യൂനിയൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ ഇറ്റലിയോട് ക്ഷമാപണം നടത്തിയത്.
ഇറ്റലിക്ക് സഹായം ആവശ്യമായിരുന്ന സമയത്ത് ആരും അതിനു തയാറായിരുന്നില്ല. ആളുകൾ ഉണ്ടായിരുന്നില്ല എന്നതും സത്യമാണ്. ഇതിന് യൂറോപ്പ് ഒന്നാകെ ഇറ്റലിയോട് ക്ഷമാപണം നടത്തുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് പറഞ്ഞു. പ്രതിസന്ധിയുടെ തുടക്കത്തിൽ യൂറോപ്യൻ യൂനിയനിലെ അംഗങ്ങളായ രാജ്യങ്ങൾ ഇറ്റലിയെ സഹായിച്ചിരുന്നില്ല എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഫ്രാൻസും ജർമനിയും സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾക്കു കയറ്റുമതി നിരോധനവും ഏർപ്പെടുത്തിയിരുന്നു.
*** *** ***
കോവിഡ് പടർന്നുപിടിക്കുന്നതിനിടെ ലോക്ഡൗൺ ലംഘിച്ച് യാത്ര ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും മരുമകനും. ഇവാൻക ട്രംപും ഭർത്താവ് ജരേഡ് കുഷ്നറുമാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്തത്. ജൂത വിശ്വാസപ്രകാരമുള്ള പെസഹാ ആചരിക്കുന്നതിന് വേണ്ടിയാണ് ഇവർ ലോക്ഡൗൺ ലംഘിച്ച് പുറത്ത് പോയത്. വൈറ്റ് ഹൗസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാഷിങ്ടണിലെ തങ്ങളുടെ വസതിയിൽ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിൻസ്റ്ററിലുള്ള ഗോൾഫ് റിസോർട്ടിലേക്കാണ് ഇരുവരും യാത്ര ചെയ്തത്.
ഇരുവരും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയ വാർത്ത ആദ്യമായി പുറത്തുവിട്ടത് അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസാണ്. ഇവർ പങ്കെടുത്ത ചടങ്ങിൽ പുറത്തുനിന്ന് ആരും എത്തിയിരുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിവരം. സ്വന്തം വീട്ടിനുള്ളിൽ കഴിയുന്നതിന് തുല്യമാണ് ഇരുവരും ബെഡ്മിൻസ്റ്ററിൽ തങ്ങിയതെന്നും വാഷിങ്ടണിൽ നിന്ന് ഇവിടെ വരെയുള്ള യാത്ര വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള യാത്ര പോലെ കണ്ടാൽ മതിയെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്. ലോക്ഡൗണിന്റെ ഭാഗമായി വാഷിങ്ടണിൽ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ലെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഈ നിർദേശങ്ങൾ നിലനിൽക്കേയാണ് ഇവാൻകയും ഭർത്താവും പുറത്തേക്ക് യാത്ര ചെയ്തത്.
നിയന്ത്രണങ്ങളെ തുടർന്ന് അമേരിക്കയിൽ പെസഹാ സമയത്ത് ബന്ധുക്കളെ സന്ദർശിക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോളുകൾ വഴിയാണ് പരസ്പരം ആശംസകൾ പങ്കുവെച്ചിരുന്നത്.
*** *** ***
മതത്തിന്റെ പേരിൽ കൊറോണ രോഗികളെ തരം തിരിച്ച് അഹമ്മദാബാദിലെ ആശുപത്രി. അഹമ്മദാബാദ് സിവിൽ ആശുപത്രിയാണ് കൊറോണ ബാധിതരായ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പ്രത്യേകം വാർഡുകൾ നൽകി മതപരമായി വിഭജിച്ചത്.
കൊറോണ മതമോ രാജ്യമോ ഇല്ലാതെ പടർന്നു പന്തലിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിചിത്ര വാർത്ത. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരമാണ് കൊറോണ വാർഡ് തരം തിരിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. സാധാരണയായി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കൊറോണ വാർഡുകൾ തയാറാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണ്.
ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 186 പേരിൽ 150 പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്ത അഹമ്മദാബാദ് വാർത്തക്കൊപ്പം പ്രചരിച്ച മറ്റൊരു വാർത്തയാണ് ഉത്തരേന്ത്യയിലെ ചില കേന്ദ്രങ്ങളിൽ മുസ്്ലിം കച്ചവടക്കാരിൽ നിന്ന് പച്ചക്കറി വാങ്ങാൻ പലർക്കും വിമുഖത. നോർത്ത് ഇന്ത്യയിലെ ഹിന്ദു പാനി, മുസ്ലിം പാനി എന്നിവയെക്കുറിച്ച് പണ്ട് കേട്ടിട്ടുണ്ട്. ഇന്ത്യയിൽ വിഷ വൈറസുകൾ വ്യാപിക്കുകയാണ്.
എബിപി, റിപ്പബ്ലിക്, ഇന്ത്യ ടിവി, സീ ന്യൂസ് എന്നീ ചാനലുകൾ കഠിനമായി അധ്വാനിച്ചതിന്റെ ഫലം കണ്ടുവെന്നർഥം. ലോകത്തെ മറ്റു രാജ്യങ്ങൾക്ക് കോവിഡിന്റെ കാര്യം നോക്കിയാൽ മതി. ഇന്ത്യക്ക് അതിലും ഭീകരമായ വർഗീയ വൈറസിനെയും നിയന്ത്രിക്കേണ്ടതുണ്ട്. ദൽഹിയിൽ ലോക് ഡൗൺ ദുരിതത്തിൽ പെട്ട മനുഷ്യർക്ക് റേഷൻ വിഭവങ്ങൾ ലഭിക്കുന്നില്ലെന്ന് മാതൃഭൂമി ന്യൂസ്. ആബ് ഭരണം തകർക്കുകയാണ്.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പാൻ, പുകയില, കൈനി, ഗുഡ്ക തുടങ്ങിയവ ചവച്ച് പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കാനൊരുങ്ങുകയാണ് ദൽഹി കോർപറേഷൻ. പിടികൂടുന്നവരിൽ നിന്ന് 2000 രൂപ വരെ പിഴ ഈടാക്കാനാണ് കോർപറേഷന്റെ തീരുമാനമെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. നല്ല കാര്യം. ഇത് ആഗോള തലത്തിൽ വ്യാപിപ്പിക്കാവുന്നതാണ്.
*** *** ***
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച ടി.വി ചാനലിനെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. മോഡി ഹെലികോപ്റ്ററിൽ നിന്നും താഴേയ്ക്ക് പണം വിതരണം ചെയ്യുമെന്നായിരുന്നു കന്നഡ ചാനലായ പബ്ലിക് ടി.വി നൽകിയ വാർത്ത. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹെലികോപ്റ്റർ വഴി പണം വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നായിരുന്നു ചാനലിന്റെ തെറ്റിദ്ധാരണാജനകമായ വാർത്ത. ഈ വാർത്ത കണ്ട് നിരവധി സാധുക്കൾ മാനത്ത് നോക്കി നിന്നതായും റിപ്പോർട്ടുണ്ട്. ഏപ്രിൽ 15 ന് രാത്രി എട്ടരയ്ക്കായിരുന്നു ചാനൽ ഹെലികോപ്റ്റർ നള്ളി സുരിത്തര മോഡി എന്ന പേരിൽ ഒരു പരിപാടി സംപ്രേഷണം ചെയ്തത്.
*** *** ***
ഗോസിപ്പുകൾ ഏറെ കേൾക്കേണ്ടി വന്ന തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് തിരുവല്ലക്കാരി നയൻതാര. സാധാരണ അഭിമുഖങ്ങൾക്കു വിസമ്മതിക്കാറുള്ള നയൻസ് തന്റെ മുൻകാല പ്രണയങ്ങളെക്കുറിച്ച് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മനസ്സു തുറന്നത്. വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് ഒറ്റക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു -നയൻസ് പറഞ്ഞു. വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളിൽ നിന്നൊക്കെ കര കയറാൻ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.
സീ അവാർഡ് സ്വീകരിക്കാനെത്തിയ നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫോട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായാണ് തുറന്നു പറഞ്ഞത്. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു. ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസ്സിനു സമാധാനമുണ്ട്. എന്തൊരു തിരിച്ചറിവ്.
*** *** ***
ഇന്ത്യയിൽ ലോക്ഡൗണിനെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി പ്രാദേശിക ചാനലുകളിലൂടെ വെർച്വൽ ക്ലാസുകൾ നടത്താനൊരുങ്ങി ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾതല വിദ്യാർഥികൾക്ക് കരിക്കുലം അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകൾ തയാറാക്കിയത്. 10, 12 ക്ലാസുകളിലെ വിദ്യാർഥികളെ വാർഷിക പരീക്ഷക്കും വിവിധ പ്രവേശന പരീക്ഷകൾക്കും സജ്ജരാക്കാനുള്ള ക്ലാസുകളും ഇതുവഴി നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ വിദഗ്ധർ നടത്തുന്ന ക്വിസ്, പഠന സെഷനുകളും ഇത്തരത്തിൽ നടത്തുമെന്ന് ദൂരദർശനും എ.ഐ.ആറും അറിയിച്ചു. കേരളം, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിൽ ദൂരദർശൻ വഴി വെർച്വൽ ക്ലാസുകൾ നടത്തുന്നുണ്ട്. ദൂരദർശനിൽ രണ്ടര മണിക്കൂറും റേഡിയോയിൽ അര മണിക്കൂറുമാണ് വെർച്വൽ ക്ലാസുകൾ നടത്തുക. ശോഷിച്ചു കഴിയുന്ന സർക്കാർ സ്ഥാപനങ്ങൾ ഇങ്ങനെയെങ്കിലും ഉപകരിക്കട്ടെ.
*** *** ***
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലത്തിലെ പാനൂരിൽ സ്കൂൾ അധ്യാപകൻ പിഞ്ചു ബാലികയെ പീഡിപ്പിച്ചത് രണ്ടു മാസം മുമ്പ്. ലോക്കൽ പോലീസ് ഇരുട്ടിൽ തപ്പുമ്പോൾ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം വിഷയം ഉപേക്ഷിച്ചു. അടുത്തെങ്ങും തെരഞ്ഞെടുപ്പ് ഇല്ലല്ലോ. അപ്പോഴാണ് കഴിഞ്ഞ ശനിയാഴ്ച ഏഷ്യാനെറ്റ് കണ്ണൂർ ലേഖകൻ കുട്ടിയുടെ സഹപാഠിയുടെ അഭിമുഖമെടുത്ത് സംപ്രേഷണം ചെയ്തത്. വടകര-തലശ്ശേരി താലൂക്കുകളിലെ കിഴക്കൻ മലയോര മേഖലയിലെ സ്ലാംഗിൽ നിഷ്കളങ്കയായ ആ കുരുന്ന്് കാര്യങ്ങൾ വിവരിച്ചു. വിഷയം സോഷ്യൽ മീഡിയയിൽ ആളിപ്പടർന്നു. ആലസ്യം വിട്ട പോലീസ് മണിക്കൂറുകൾക്കകം പ്രതിയെ പൊക്കി. ഇതു താൻടാ പോലീസ്.






