അരങ്ങിൽ ജ്വലിച്ച ജയശങ്കർ

അരങ്ങിനും അഭ്രപാളിക്കും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു ജയശങ്കർ പൊതുവത്തിന്റെ ജീവിതം. ആയുസ്സിന്റെ ഭൂരിഭാഗവും കലയ്ക്കായി നീക്കിവെച്ച അദ്ദേഹം ഇപ്പോഴും വിശ്രമിക്കുന്നില്ല. നാടക രചനയും നാടകക്കൂട്ടായ്മകളുമായി ഇന്നും അരങ്ങിന്റെ ഭാഗമായി നിലകൊള്ളുന്നു. ഇരുപത്തിമൂന്നോളം നാടകങ്ങളും എട്ടോളം സിനിമകളും ഇദ്ദേഹത്തിന്റെ തൂലികത്തുമ്പിലൂടെ പിറവികൊണ്ടു. നാടകവും സിനിമയുമായി ഊരു ചുറ്റുന്നതിനിടയിൽ വിവാഹം പോലും മറന്നുപോയ അവധൂതൻ. എന്നിട്ടും കലാകേരളം ഇദ്ദേഹത്തെ വേണ്ടവിധം അംഗീകരിച്ചോ എന്നു സംശയമാണ്. പരാതികളും പരിഭവങ്ങളുമില്ലാതെ, ഏകാകിയായി വായനയിലും എഴുത്തിലും മനസ്സർപ്പിച്ചു കഴിയുകകയാണ് ഈ മനീഷി.
തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് സംസ്‌കൃത പണ്ഡിതനായ ബാലകൃഷ്ണ മേനോന്റെയും വടക്കെ പൊതുവത്ത് ജാനകിയമ്മയുടെയും മകനായാണ് ജനനം. അച്ഛൻ കല്ലായി സ്റ്റാൻഡേർഡ് ഫർണിച്ചർ കമ്പനി ഉദ്യോഗസ്ഥനായതു വഴിയാണ് ജയശങ്കർ കോഴിക്കോട്ടുകാരനായത്. കുട്ടിക്കാലം തൊട്ടേ കലാതൽപരനായിരുന്ന അദ്ദേഹം ആഴ്ചവട്ടം സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പുള്ളിമാൻ എന്ന ആദ്യ നാടകം രചിച്ചത്. തുടർന്നും നിരവധി സ്‌കൂൾ നാടകങ്ങളെഴുതിയെങ്കിലും ഗുരുവായൂരപ്പൻ കോളേജിലെ പ്രീയൂനിവേഴ്‌സിറ്റി പഠനത്തിനിടയിലാണ് നാടകരംഗത്ത് സജീവമായത്. 1970 ൽ എൻജിനീയറിംഗ് പഠനത്തിനിടെ രചിച്ച പിലാത്തോസ് എന്ന നാടകം വൈ.എം.സി.എ ഒരുക്കിയ അഖില കേരള നാടക മത്സരത്തിലൂടെ ആദ്യമായി അരങ്ങിലെത്തി. തുടർന്ന് സുഹൃത്തുക്കളുമൊത്ത് നാടകമെഴുത്തായി പ്രധാന ജോലി. പഠനം പാതിവഴിയിലുപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് പൊറ്റമ്മലിൽ മിനി ട്യൂട്ടോറിയൽ കോളേജ് തുടങ്ങി. ഇതിനിടയിൽ നെല്ലിക്കോട് ഭാസ്‌കരനുമായി അടുത്തു. ട്യൂഷൻ കഴിഞ്ഞാൽ നേരെ ഭാസ്‌കരേട്ടന്റെ വീട്ടിലെത്തും. പല നാടകങ്ങളുടെയും റിഹേഴ്‌സൽ അവിടെയാണ്. കോഴിക്കോട് കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക നാടക മത്സരത്തിനായി കുന്തി രചിക്കുന്നത് അക്കാലത്താണ്. കുട്ട്യേടത്തി വിലാസിനിയും പ്രേംജിയും പ്രധാന വേഷത്തിലെത്തിയ ഈ നാടകം മികച്ച നടനും നടിക്കും സംവിധാനത്തിനും അവതരണത്തിനും ചമയത്തിനുമെല്ലാം അവാർഡിന് അർഹമായി. നെല്ലിക്കോട് ഭാസ്‌കരൻ സംവിധാനം ചെയ്ത ഈ നാടകം പുരാണ കഥാപാത്രമായ കുന്തീദേവിയുടെ ജീവിതം ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ആവിഷ്‌കരിച്ചതു വഴിയാണ് അംഗീകാരിക്കപ്പെട്ടത്. ഐ.എ.എസുകാരിയായ ഭവാനിയമ്മക്ക് അവിഹിതമായുണ്ടായ മകനെ അപ്പുനായർക്ക് വളർത്താൻ നൽകുന്നതും വാർധക്യത്തിൽ അവനെ ദത്തെടുക്കുന്നതുമാണ് കുന്തിയുടെ പ്രമേയം.


മഹാഭാരതത്തിലെ ശകുനിയെ പോലെ കൗശലക്കാരനായ ഒരു പ്രതിഹാര ദാഹിയുടെ കഥയാണ് ശകുനി എന്ന നാടകത്തിന് ഇതിവൃത്തമായത്. സ്വാർത്ഥ ലക്ഷ്യങ്ങൾക്കു വേണ്ടിയും പണത്തിനും പദവിക്കും വേണ്ടിയും എന്തും ചെയ്യാൻ മടിയില്ലാത്ത മനുഷ്യന്റെ കഥ പറഞ്ഞ ഈ നാടകവും നെല്ലിക്കോട് രചനാ തിയേറ്റേഴ്‌സിന്റെ ബാനറിൽ നെല്ലിക്കോട് ഭാസ്‌കരനാണ് സംവിധാനം ചെയ്തത്. കുതിരവട്ടം പപ്പുവും സാവിത്രി ശ്രീധരനും ബാലചന്ദ്രനുമെല്ലാം പ്രധാന വേഷത്തിലെത്തിയ ഈ നാടകം നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സുരാസുവിനെ നായകനാക്കി ഒരുക്കിയ കഴുതകളുടെ സ്വർഗം, കുതിരവട്ടം പപ്പു വേഷമിട്ട ദയാഹരജി, വൃത്തം ഇതിവൃത്തം... അരങ്ങിൽ പുതിയ പരീക്ഷണങ്ങൾക്ക് അവസരമൊരുക്കുകയായിരുന്നു ജയശങ്കർ.
ഷേക്‌സ്പിയറുടെ ഹാംലെറ്റും ജൂലിയസ് സീസറുമെല്ലാം വിവർത്തനം ചെയ്ത് അരങ്ങിലെത്തിച്ചിട്ടുണ്ട്. ഫ്രോയിഡിന്റെ ശിഷ്യനായ യുങിന്റെ ജീവിതം, ഭാഷാപ്രേമികൾക്കായി രചിച്ച നവീന ശൈലീനിഘണ്ടുവായ ശൈലീസാഗരം, വാൻഗോഗ്, ചാർളി ചാപ്ലിൻ, ഷേക്‌സ്പിയർ, ബർണാഡ്ഷാ, ദെയ്‌തേവ്‌സ്‌കി തുടങ്ങി പ്രശസ്ത വ്യക്തികളുടെ പ്രണയങ്ങൾ ചേർത്തൊരുക്കിയ പ്രതിഭാശാലികളുടെ പ്രണയം... തുടങ്ങി നാടകത്തിൽനിന്നും വഴിമാറിയും സഞ്ചരിച്ചു. അടിയന്തരാവസ്ഥക്കാലത്താണ് വർഗം എന്ന നാടകമെഴുതിയത്. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന രാജൻ ഈ നാടകം കോളേജിൽ അവതരിപ്പിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഭരണ വർഗം കലാരംഗത്തും പിടിമുറുക്കിയതോടെയാണ് കുതിരവട്ടം പപ്പുവിന്റെ പ്രേരണയിൽ ജയശങ്കർ മദിരാശിയിലേയ്ക്ക് ചുവടുവെച്ചത്. സിനിമയായിരുന്നു ലക്ഷ്യം. നിർമാതാവ് ആർ.എസ്.പ്രഭുവിനോട് കഥ പറഞ്ഞ് ഇഷ്ടമായെങ്കിലും സംവിധായകൻ ശശികുമാർ ചില രംഗങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അത് സ്വീകാര്യമല്ലാത്തതിനാൽ ആ പ്രോജക്ട് നടന്നില്ല. തുടർന്നാണ് ഭാസ്‌കരൻ മാസ്റ്ററുടെ ശിഷ്യനായ ഗോപികുമാർ എന്റെ മനോരഥം എന്ന തിരക്കഥ സംവിധാനം ചെയ്യാൻ സമ്മതിക്കുന്നത്. ഭാസ്‌കരൻ മാസ്റ്റർ തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ രാഘവൻ, കെ.പി. ഉമ്മർ, അടൂർ ഭാസി, ശാരദ, കെ.പി.എ.സി ലളിത തുടങ്ങിയവരുമുണ്ടായിരുന്നു. എസ്. ബാബു സംവിധാനം ചെയ്ത ഓർക്കുക വല്ലപ്പോഴും ആയിരുന്നു അടുത്ത ചിത്രം. ജയനും കെ.പി. ഉമ്മറും ജയഭാരതിയുമായിരുന്നു വേഷമിട്ടത്. രാജശ്രീ ഫിലിംസിനു വേണ്ടി സോമനും വിധുബാലയും വേഷമിട്ട കൈവഴികൾ പിരിയുന്നു എന്ന ചിത്രമൊരുക്കിയെങ്കിലും പുറത്തിറങ്ങിയില്ല. മനോജ് ബാബു സംവിധാനം ചെയ്ത മനക്കലെ തത്തയായിരുന്നു മറ്റൊന്ന്. ചന്ദ്രകുമാർ സംവിധാനം ചെയ്ത ഈഗിൾ എന്ന ചിത്രത്തിനും തിരക്കഥയൊരുക്കി. നടൻ മധുവിനെ നായകനാക്കി എങ്ങനെ നീ മറക്കും, കിംഗ് ലിയർ എന്നീ ചിത്രങ്ങൾ ഒരുക്കിയെങ്കിലും പുറത്തിറങ്ങിയില്ല. കൂടാതെ അശ്രുപൂജ, ഉൾത്തുടിപ്പുകൾ എന്നിവയും വെളിച്ചം കണ്ടില്ല. ഇതിനിടയിലാണ് സത്യൻ അന്തിക്കാട് അർത്ഥം എന്ന ചിത്രം സംവിധാനം ചെയ്യാനെത്തുന്നത്. ഞാനെഴുതിയ ദയാഹരജി എന്ന നാടകത്തിന്റെ ചലച്ചിത്ര ഭാഷ്യമായിരുന്നു അത്. മമ്മൂട്ടിയായിരുന്നു നായകൻ. മികച്ച പ്രതിഫലമായിരുന്നു ഈ ചിത്രത്തിലൂടെ ലഭിച്ചതെന്ന് ജയശങ്കർ ഓർക്കുന്നു.


കഥയും തിരക്കഥയും ഒരുക്കുന്നതിനിടയിൽ ചില ചിത്രങ്ങളിൽ വേഷമിടാനും ജയശങ്കറിന് അവസരം ലഭിച്ചിരുന്നു. 
പ്രാദേശിക വാർത്തകളിലെ സാഹിത്യകാരനും, ഭൂമിഗീതത്തിലെ വിപ്ലവകാരിയും ആനവാൽ മോതിരത്തിലെ സംവിധായകനും അഗ്രജനിലെ ചിത്രകാരനുമെല്ലാം അക്കൂട്ടത്തിലുണ്ട്. കൂടാതെ സത്യൻ അന്തിക്കാടിന്റെ എന്നും നന്മകൾ, പി.ജി. വിശ്വംഭരന്റെ ദാദ, ശിവപ്രസാദിന്റെ ചേരി എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
സിനിമാലോകമല്ല, അരങ്ങാണ് തന്റെ തട്ടകമെന്ന തിരിച്ചറിവാണ് ജയശങ്കറെ മദിരാശിയിൽനിന്നും നാട്ടിലേക്കു മടങ്ങാനുള്ള പ്രേരണയായത്.  സംഗമം തിയേറ്റേഴ്‌സിനു വേണ്ടി ഒരുക്കിയ ശാരദയായിരുന്നു അടുത്ത നാടകം. ഒ. ചന്തുമേനോന്റെ അപൂർണമായ നാടകം തന്റേതായ ശൈലിയിൽ പൂർത്തിയാക്കി അരങ്ങിലെത്തിക്കുകയായിരുന്നു ജയശങ്കർ. കൂട്ടുകുടുംബത്തെയും സംബന്ധങ്ങളെയും മരുമക്കത്തായത്തെയുമെല്ലാം ചോദ്യം ചെയ്ത ഈ നാടകം നാനൂറിലേറെ വേദികളിലാണ് അവതരിപ്പിച്ചത്. കൂടാതെ 1994 ൽ മികച്ച നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തിനും ശാരദ അർഹമായി.
പ്രേക്ഷക ക്രിയേഷൻസിനു വേണ്ടി കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും ചേർന്ന് സംവിധാനം ചെയ്ത വാസ്‌കോ ഡ ഗാമയായിരുന്നു മറ്റൊരു നാടകം. കുരുമുളകു വാങ്ങാനും അതോടൊപ്പം ക്രിസ്തുമതം പ്രചരിപ്പിക്കാനുമാണ് പോർച്ചുഗീസുകാർ ഈ മണ്ണിലെത്തിയതെന്നും ഇവിടം നടമാടിയിരുന്ന ജാതിവ്യവസ്ഥയാണ് വിദേശികൾക്ക് കടന്നുകയറാനുള്ള അവസരമൊരുക്കിയതെന്നും ഈ നാടകം വിളിച്ചോതുന്നു. 
മുന്നൂറോളം വേദികളിൽ അരങ്ങേറിയ ഈ നാടകം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുതിരവട്ടം പപ്പുവിന്റെ വിയോഗം. താൻ മരിച്ചാലും നാടകം മുടങ്ങരുതെന്ന പപ്പുവേട്ടന്റെ അഭ്യർത്ഥന മാനിച്ച് അന്നേ ദിവസം വൈകിട്ട് കുറ്റിപ്പുറത്ത് നാടകം അരങ്ങേറിയത് ഇന്നും വേദനിപ്പിക്കുന്ന ഓർമയായി ജയശങ്കറിന്റെ ഓർമയിലുണ്ട്.


മുരളി, നരേന്ദ്രപ്രസാദ് പ്രധാന കഥാപാത്രങ്ങളായി ഏഷ്യാനെറ്റിനു വേണ്ടി ജയശങ്കർ സംവിധാനം ചെയ്ത സർവം പ്രേമമയം എന്നൊരു പരമ്പര ഒരുക്കിയെങ്കിലും സംപ്രേഷണം ചെയ്യാൻ കഴിഞ്ഞില്ല. നാല് എപ്പിസോഡുകൾ ചിത്രീകരിച്ചെങ്കിലും നിർമാതാവിന്റെ അകാല മരണവും പിന്നാലെ മുരളിയുടെ വിയോഗവും കൂടിയായപ്പോൾ ആ സംരംഭം വെളിച്ചം കണ്ടില്ല.
കലാപ്രവർത്തനത്തിൽ വ്യാപൃതനായതു കൊണ്ടാകാം വിവാഹം കഴിക്കാൻ തോന്നാതിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഒറ്റക്കുള്ള ജീവിതവുമായി ഞാൻ പൊരുത്തപ്പെട്ടു. ഇത്രയേറെ പുസ്തകങ്ങൾ എഴുതാൻ കഴിഞ്ഞത് ഈ ഏകാന്ത ജീവിതം കൊണ്ടാകാം. ഇപ്പോൾ എല്ലാം ശീലമായി. അതുകൊണ്ടു തന്നെ ഈ ജീവിതത്തിൽ ഞാൻ സന്തുഷ്ടനാണ്'' -ജയശങ്കർ പറയുന്നു.
കോഴിക്കോട് വെള്ളയിൽ റെയിൽവേ സ്‌റ്റേഷനടുത്തുള്ള പ്രേക്ഷകയിൽ ഇന്നും അരങ്ങിനെ ഉപാസിച്ചു കഴിയുകയാണ് ഈ കലാകാരൻ. അക്ഷരങ്ങളിൽ മഷി പുരട്ടി ഇനിയും അരങ്ങിൽ ഗർജിക്കുന്ന കഥാപാത്രങ്ങൾക്കായി അദ്ദേഹം കാതോർക്കുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽനിന്നും വഴിമാറി നടക്കുകയാണ് എഴുപതിലേക്ക് കടക്കുന്ന ഈ പച്ചയായ മനുഷ്യൻ.

Latest News