അശോകന്റെ ആത്മഹത്യക്ക് കാരണം കോവിഡ് അല്ലെന്ന് ദുബായ് പോലീസ്

ദുബായ്- മലയാളി യുവാവ് അശോകന്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയതിന് കോവിഡുമായി ബന്ധമില്ലെന്ന് ദുബായ് പോലീസ്. രണ്ടാം നിലയിലെ കുളിമുറിയില്‍ കയറി കാലുകളുടെ ഞരമ്പുകള്‍ മുറിച്ച ശേഷമാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടിയത്. താഴെ നിര്‍ത്തിയിരുന്ന തൊഴിലാളികളുടെ ബസിന് മുകളിലേക്കാണ് പതിച്ചത്.
ഗുരുതര പരുക്കേറ്റ അശോകന്‍ മരിച്ചിരുന്നില്ല. ഉടന്‍ റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ മൂന്നിന് മരണത്തിന് കീഴടങ്ങി.
അര്‍ധരാത്രി 12നാണ് ജബല്‍ അലി പോലീസില്‍ വിവരം ലഭിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായിട്ടുള്ളത്. ആ കെട്ടിടത്തില്‍ അണുബാധയുണ്ടായിട്ടില്ലെന്നും പോലീസ്  വ്യക്തമാക്കി. പോലീസില്‍നിന്ന് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.
കോവിഡ് പരിശോധനക്കായി അശോകന്‍ രക്തസാമ്പിള്‍ നല്‍കിയിരുന്നെന്നും അസുഖം ബാധിക്കുമോ എന്ന ഭീതിയില്‍നിന്നുണ്ടായ മാനസികസംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

 

Latest News