ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാരിന്റെ സമ്പന്നരായ ചങ്ങാതിമാര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി ആരോപിച്ചു. ഉത്തരാഖണ്ഡില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും സമ്പന്നരായ തീര്‍ഥാടകരെ കൊണ്ടുവരാന്‍ ആഡംബര ബസുകള്‍ അയക്കാനും രാജസ്ഥാനില്‍നിന്ന് സമ്പന്ന കുടുംബത്തിലെ 7,500 വിദ്യാര്‍ഥികളെ യുപിയിലേക്കും ഗുജറാത്തിലേക്കും മടക്കിക്കൊണ്ടുവരാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് കഴിയുമെങ്കില്‍ പട്ടിണി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യം കൂടി കേന്ദ്രം ക്രമീകരിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും യെച്ചൂരി ട്വിറ്ററില്‍ ആരോപിച്ചു.
വിമര്‍ശനങ്ങള്‍ വകവെച്ചില്ല; 300 ബസുകളില്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച് യോഗി
പൊതുജനങ്ങളുടെ പണം കൊണ്ടുപ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ ചാനല്‍ പൊതുസേവനത്തിനുള്ളതാണെന്നും ബി.ജെ.പിയുടേയും മോഡിയുടേയും സ്വകാര്യസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പ്രയോജനം ലഭിച്ചെന്ന് വ്യക്തമാക്കി മോഡിക്ക് ആളുകള്‍ നന്ദി പറയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഏതാനും ദിവസങ്ങളിലായി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തുവരുന്നത്. ഇതിനെതിരെയാണ് യെച്ചൂരിയുടെ വിമര്‍ശം. ബി.ജെ.പിയുടേയും മോഡിയുടേയും പി.ആര്‍ ജോലികളാണ് ദൂരദര്‍ശന്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.






