വിമര്‍ശനങ്ങള്‍ വകവെച്ചില്ല; 300 ബസുകളില്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച് യോഗി

ലഖ്‌നൗ- ലോക്ഡൗണില്‍  രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ 300 ബസുകളിലായി തിരിച്ചെത്തിച്ച് യോഗി ആദിത്യനാഥ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ക്കിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ലോക്ഡൗണിനെ അപ്രസക്തമാക്കുന്ന നടപടിയാണിതെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാവ് കൂടിയായ നിതീഷ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, വിമര്‍ശനങ്ങള്‍ക്ക് വകവെക്കാതെ രാജസ്ഥാനിലെ കോട്ടയിലേക്ക് ആഗ്രയില്‍നിന്ന്  ഇരുന്നൂറും ഝാന്‍സിയില്‍നിന്ന് നൂറും ബസുകള്‍ അയച്ച് വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. വിവിധ കോച്ചിങ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണിവര്‍. ശനിയാഴ്ച ഉത്തര്‍പ്രദേശിലെത്തിയ വിദ്യാര്‍ഥികളെ പരിശോധന നടത്തിയ ശേഷമാണ് വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് മറ്റുള്ളവര്‍ക്കും പ്രതീക്ഷക്ക് വകെയാരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയാല്‍ എന്തുകൊണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളെ അനുവദിക്കുന്നില്ല എന്ന് ചോദ്യത്തിന് ഉത്തരം പറയേണ്ടി വരുമെന്നും നിതീഷ് ചൂണ്ടിക്കാട്ടി. എന്നാല്‍, വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുപോകുന്നതില്‍ അനുകൂല പ്രതികരണമണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടി മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്പറഞ്ഞു. അതേസമയം, തൊഴില്‍ നഷ്ടപ്പെടുകയും ഭക്ഷണമടക്കം ലഭ്യമാവാതെ കുടുങ്ങി കിടക്കുകയും ചെയ്യുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പലായനം വലിയ അപരാധമായിട്ടായിരുന്നു കേന്ദ്രമടക്കം നോക്കികണ്ടത്. എവിടെയാണ് അവിടെ തന്നെ ലോക്ഡൗണ്‍ കഴിയുന്നത് വരെ തുടരുക എന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കുന്നതിലടക്കം കേന്ദ്രത്തിന്റെ നിലപാട്.

 

Latest News