ന്യൂയോര്‍ക്ക്- ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 2,034,529 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ പകുതിയില്‍ ഏറേയും യൂറോപ്യന്‍ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കോവിഡ് 19 ബാധിതരുള്ള അമേരിക്കയില്‍ ഇതുവരെ 6,18,856 പേര്‍ക്കാണ് രോഗം തിരിച്ചറിഞ്ഞിരിക്കുന്നത്. ലോകത്ത് വൈറസ് ബാധിതരില്‍ 30 ശതമാനത്തില്‍ അധികവും യുഎസിലാണ്.
കോവിഡ് 19 കാരണം 129,186 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 26,213 യുഎസിലും ഇറ്റലി 21,067, സ്പെയിന്‍ 18,579, ഫ്രാന്‍സ് 15,729, ബ്രിട്ടന്‍ 12,868, ഇറാന്‍ 4,777, ബെല്‍ജിയം 4,440, ജര്‍മനി 3,592, ചൈന 3,342 എന്നിങ്ങനെയാണ് മരണക്കണക്കുകള്‍. മാര്‍ച്ച് 11 മുതല്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള മരണങ്ങള്‍ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ച് 11 ന് ശേഷം "കോറോണ കാരണമെന്ന് സംശയിക്കുന്ന" മൂവായിരത്തിന് അടുത്ത് മരണങ്ങള്‍ ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ കോവിഡ് 19 തന്നെയാണോ എന്നത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതാണ് അവ്യക്തതയ്ക്ക് കാരണം.






