ഒരു ഐ.പി.എൽ മത്സരത്തിന് 55 കോടി
ന്യൂദൽഹി - അടുത്ത അഞ്ചു വർഷത്തേക്കുള്ള ഐ.പി.എല്ലിന്റെ മീഡിയ അവകാശം റെക്കോർഡ് തുകക്ക് വിറ്റു. ക്രിക്കറ്റിലെ ഏറ്റവും വലിയ കരാറിൽ ആഗോള സംപ്രേഷണാവകാശവും ഡിജിറ്റൽ അവകാശവും ലഭിക്കാൻ സ്റ്റാർ ഇന്ത്യ നൽകുന്നത് 16,347.50 കോടി രൂപയാണ്. ഒരു കളിക്ക് 55 കോടി രൂപ എന്ന കണക്കിൽ. ഇന്ത്യൻ ടീമിന്റെ ഒരു മത്സരത്തിന് ഇതേ കമ്പനി നൽകുന്നതിനെക്കാൾ 12 കോടി രൂപ കൂടുതൽ. ഈ കരാറിൽനിന്ന് മാത്രം ഒരു വർഷം ബി.സി.സി.ഐക്ക് ലഭിക്കുക 3270 കോടി രൂപയാണ്. 2012-2018 കാലയളവിൽ സ്റ്റാർ ഇന്ത്യ കരാർ നേടിയത് ഒരു മത്സരത്തിന് 43 കോടി രൂപ എന്ന കണക്കിൽ വർഷം 3851 കോടി രൂപക്കാണ്.
മൂന്ന് പ്രധാന ക്രിക്കറ്റ് ബോർഡുകൾക്ക് ലഭിക്കുന്ന മൊത്തം തുകക്ക് ഒപ്പം വരും ഐ.പി.എല്ലിന് ലഭിക്കുന്ന തുക. ബി.സി.സി.ഐക്കും ഇംഗ്ലണ്ട് ബോർഡിനും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും സ്വന്തം ദേശീയ ടീമുകളുടെ സംപ്രേഷണാവകാശത്തിന് മൊത്തം കിട്ടുന്നത് 51.2 കോടി ഡോളറാണ്. ഐ.പി.എല്ലിന് കിട്ടുന്നത് 50.8 കോടി ഡോളറും. ഐ.പി.എല്ലിനോട് കിടപിടിക്കുന്ന ഓസ്‌ട്രേലിയയിലെ ബിഗ്ബാഷ് ട്വന്റി20 ലീഗിന് ലഭിക്കുന്നത് വെറും രണ്ടു കോടി ഡോളറാണ്.
ഇന്ത്യൻ ടീമിന്റെ കളികൾക്കായി ബി.സി.സി.ഐ അടുത്ത വർഷം കരാർ ക്ഷണിക്കുകയാണ്. ഇപ്പോഴത്തെ നിലയനുസരിച്ചാണെങ്കിൽ ആ കരാറിലും വൻ വർധനയുണ്ടാവും. ബി.സി.സി.ഐ ഭരണത്തിൽ വലിയ പ്രതിസന്ധിയുണ്ടെങ്കിലും ഇന്ത്യയിൽ ക്രിക്കറ്റ് കളി കാണുന്നത് ഇപ്പോഴും ഹരം പിടിപ്പിക്കുന്ന അനുഭവമാണെന്ന് സ്റ്റാർ ഇന്ത്യ സി.ഇ.ഒ ഉദയ് ശങ്കർ പറഞ്ഞു. 'ഞങ്ങൾ നൽകുന്നത് അമിതമല്ല, കമ്പോള വില തന്നെയാണ്'.
24 കമ്പനികൾ അപേക്ഷാ ഫോം വാങ്ങിയിരുന്നുവെങ്കിലും പതിനാലെണ്ണം മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. ഏഴും ചേർന്നാണ് സ്റ്റാർ ഇന്ത്യ കരാറുറപ്പിച്ചത്. നിലവിലെ കരാറിനെക്കാൾ 158 ശതമാനം വർധനയാണ് ഉണ്ടായത്. ഇന്ത്യൻ കമ്പോളത്തിലെ ടി.വി, ഡിജിറ്റൽ അവകാശത്തിനായി സ്റ്റാർ ആയിരുന്നില്ല കൂടുതൽ തുക വാഗ്ദാനം ചെയ്തത്, സോണിയും ഫെയ്‌സ്ബുക്കും ആയിരുന്നു. എന്നാൽ ഓരോ വിഭാഗത്തിലും വാഗ്ദാനം ചെയ്യപ്പെട്ട ഉയർന്ന തുക മൊത്തം പരിഗണിച്ചാൽ സ്റ്റാറിന്റേത് 528 കോടി രൂപ കൂടുതലായിരുന്നു.