അതിരുകളില്ലാത്ത ആകാശം

കായികരംഗത്ത് ശോഭിച്ചു തുടങ്ങിയതോടെയാണ് സമൂഹത്തിൽ പ്രത്യേക പരിഗണന ലഭിച്ചതെന്ന് ആകാശ് പറയുന്നു. കോമാളികളായി കണ്ട് കളിയാക്കിയവർക്കുള്ള മറുപടിയായിരുന്നു 2013 ലെ ഡ്വാർഫ് ഗെയിംസിലൂടെ നൽകിയത്. ആകാശിന്റെ സ്വപ്നങ്ങൾക്ക് അതിരുകളില്ല. അടുത്ത ലോക ഡ്വാർഫ് ഗെയിംസിൽ രാജ്യത്തിനുവേണ്ടി ഒരു സ്വർണമെഡൽ നേടുകയാണ് ലക്ഷ്യം. അതിനുള്ള പരിശീലനത്തിലാണിപ്പോൾ. സുവർണനേട്ടം കൈവരിച്ച് സ്റ്റാന്റിൽ കയറി ദേശീയ ഗാനം ആലപിക്കണമെന്നാണ് മോഹം. 

 വളരാൻ വിസമ്മതിച്ച ശരീരത്തിന്റെ പരിമിതിയെ ചിരിച്ചു തള്ളി അസാധ്യമായതായി ഒന്നുമില്ലെന്ന തിരിച്ചറിവിലെത്തിയ ചെറുപ്പക്കാരനെ പരിചയപ്പെടുക. 
മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഇടത്തളമഠത്തിൽ സേതുമാധവന്റെയും ഗീതയുടെയും മകനായ ആകാശ് എസ്. മാധവ് ഇന്ന് ലോകമറിയപ്പെടുന്ന കായികതാരമാണ്. പൊക്കക്കുറവ് ഒരു ന്യൂനതയല്ലെന്നും അതൊരു ഭാഗ്യമാണെന്നും കരുതി നേട്ടങ്ങളോരോന്നും പൊരുതിനേടിയ ഇദ്ദേഹം രാജ്യത്തിനുതന്നെ അഭിമാനമാണ്. ലോക ഡ്വാർഫ് ഗെയിംസിൽ രണ്ടുതവണയായി ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം മൂന്നു മെഡലുകളാണ് ആകാശ് കൈപ്പിടിയിലൊതുക്കിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലു മുതൽ പന്ത്രണ്ടുവരെ കാനഡയിലെ ടൊറന്റോയിൽ നടന്ന ലോക ഡ്വാർഫ് ഗെയിംസിൽ ജാവലിൻ ത്രോയിലും ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും പങ്കെടുത്ത ആകാശിന് ജാവലിൻ ത്രോയിൽ വെങ്കലമെഡൽ നേടാനായി.
കടുത്ത മത്സരമായിരുന്നു ഇത്തവണ നേരിടേണ്ടിവന്നതെന്ന് ആകാശ് പറയുന്നു. ' വിദഗ്ധ പരിശീലകരിൽനിന്നും പ്രത്യേക പരിശീലനം നേടിയവർ നേട്ടങ്ങൾ കൊയ്തപ്പോൾ  കാര്യമായ പരിശീലനം ലഭിക്കാത്തതാണ് പിൻനിരയിലേക്ക് തള്ളപ്പെടാൻ കാരണമായത്. സ്വന്തമായി പരിശീലകനെ കണ്ടെത്തണം. അതിന് പണം വേണം. ചെർപ്പുളശ്ശേരിയിലെ നന്ദൻസാറിൽനിന്നാണ് പരിശീലനം നേടുന്നത്. അതും ആഴ്ചയിൽ രണ്ടുദിവസം മാത്രം.'
ത്രോ ഇനങ്ങളിൽ മാത്രമല്ല, ബാഡ്മിന്റൺ സിംഗിൾസിലും ഡബിൾസിലും ആകാശ് മത്സരിച്ചിരുന്നു. സിംഗിൾസിൽ പൂൾ മത്സരത്തിൽനിന്നുതന്നെ പുറത്തായപ്പോൾ ഡബിൾസിൽ ക്വാർട്ടർ ഫൈനലിലാണ് പുറത്തായത്. കൂടെയുണ്ടായിരുന്നത് മണിപ്പുരി സ്വദേശിയായ ടാർസനായിരുന്നു. യാത്രപ്പടിയായി രണ്ടുലക്ഷത്തോളം രൂപയാണ് ചെലവായത്. സ്‌പോൺസർമാരോ സർക്കാർ സഹായമോ ഇല്ലാതെയാണ് കാനഡയിലെ മത്സരത്തിൽ പങ്കെടുത്തതെന്നത് ഈ കായികതാരത്തിന്റെ ആത്മാർപ്പണത്തിന്റെ തെളിവാണ്.
പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവനിൽനിന്നും സ്‌കൂൾ വിദ്യാഭ്യാസവും അങ്ങാടിപ്പുറം ടെക്‌നിക്കൽ ഹയർ സെക്കണ്ടറിയിൽനിന്നും പ്ലസ് ടുവും പാസായ ആകാശ് കോയമ്പത്തൂരിലെ തമിഴ്‌നാട് കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ബിരുദവും നേടിയതിനുശേഷമാണ് കായികരംഗത്ത് കുതിച്ചുയരാൻ തുടങ്ങിയത്.
ഒരു ടെലിവിഷൻ പരിപാടിയാണ് ആകാശിന്റെ ജീവിതം മാറ്റിമറിച്ചത്. സ്‌കൂൾ പഠനകാലത്ത് മോണോ ആക്ടിലും നാടകങ്ങളിലുമെല്ലാമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിൽ പഠനശേഷം കായികരംഗത്ത് ശോഭിക്കാനായിരുന്നു വിധി. 
ഏഷ്യാനെറ്റിൽ ശ്രീണ്ഠൻ നായർ അവതരിപ്പിച്ച നമ്മൾ തമ്മിൽ എന്ന പരിപാടിയാണ് വഴിത്തിരിവായത്. ഉയരംകുറഞ്ഞ മനുഷ്യരുടെ ജീവിതവും സ്വപ്നങ്ങളുമെല്ലാം വരച്ചുകാട്ടിയ ആ പരിപാടിയിൽ തൃശൂരിൽനിന്നുള്ള ബൈജുവിന്റെ കഥയാണ് ആകാശിന്റെ മനസ്സിലും ചിന്തയുണർത്തിയത്. ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സ്‌പെയിനിലേയ്ക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയായിരുന്നു ബൈജു. ബൈജുവിന്റെ കഥയറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണണമെന്നായി. ചാനൽവഴി അദ്ദേഹത്തെ പരിചയപ്പെട്ടു. അദ്ദേഹം എറണാകുളത്തുകാരനായ ജോബി മാത്യുവിനെ പരിചയപ്പെടുത്തി. പിന്നീട് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചായിരുന്നു കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. 2013 ൽ അമേരിക്കയിലെ മിഷിഗണിൽ നടന്ന ഡ്വാർഫ് ഗെയിംസിൽ കേരളത്തിൽനിന്നും ഞങ്ങൾ മൂന്നുപേരാണ് പങ്കെടുത്തത്. അന്ന് ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടിയാണ് മടങ്ങിയത്. അന്ന് നാട്ടുകാർ നൽകിയ സ്വീകരണം ഇപ്പോഴും മറക്കാനാവില്ല.'' ആകാശ് പറയുന്നു.
' ഇത്തവണ കാനഡയിലേക്കുള്ള യാത്രയിൽ ബൈജു ഉണ്ടായിരുന്നില്ല. സാമ്പത്തികപ്രശ്‌നം തന്നെ കാരണം. മറ്റു കായികതാരങ്ങൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക പരിഗണന ഞങ്ങൾക്കും ലഭിക്കണമെന്നേ പറയുന്നുള്ളു. ശാരീരിക വെല്ലുവിളി നേരിടുന്ന ഞങ്ങളെപ്പോലുള്ളവരെ തഴയരുത്. എല്ലാവർക്കും തുല്യപരിഗണനയാണ് വേണ്ടത്. ഇതും ഒളിമ്പിക്‌സ് തന്നെയാണ്. ആദ്യകാലത്ത് ഡ്വാർഫ് ഒളിമ്പിക്‌സ് എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ലോക ഡ്വാർഫ് ഗെയിംസ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.'
വെല്ലുവിളികളെ അതിജീവിക്കാനുള്ള ഉറച്ച മനസ്സാണ് ആകാശിനെ അജയ്യനാക്കി നിലനിർത്തുന്നത്. പ്ലസ് ടു കഴിഞ്ഞപ്പോൾ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ആകാശിനെ ഉയരക്കുറവിന്റെ പേരിൽ തഴഞ്ഞ ചരിത്രമുണ്ട്. സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് കാണിച്ചുതരാമെന്ന് പറഞ്ഞപ്പോൾ സീറ്റിലിരുന്ന് ബ്രേക്ക് ചവിട്ടാനാവില്ലെന്നായിരുന്നു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ ന്യായം. ഓട്ടോമൊബൈൽ എൻജിനീയറിംഗ് പഠിക്കാൻ ആകാശിനെ പ്രേരിപ്പിച്ചതും ഇത് തന്നെയായിരുന്നു.
ഒരിക്കൽ തഴയപ്പെട്ടതിനുള്ള മധുരപ്രതികാരമായിരുന്നു പിന്നീട് കണ്ടത്. എൻജിനീയറിംഗ് കഴിഞ്ഞ് വീണ്ടും ടെസ്റ്റിന് ചെന്നു. ഇത്തവണ മൂന്ന് പെഡലുകൾ സ്ഥാപിച്ച് വാഹനത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ടെസ്റ്റിന് മുൻപ് അവയെല്ലാം അഴിച്ചു മാറ്റി. ടെസ്റ്റ് പാസായപ്പോൾ ആർ.ടി.ഒയെ വിളിച്ച് കാണിച്ചുകൊടുത്തു. റോഡ് ടെസ്റ്റായിരുന്നു അടുത്തത്. പ്യൂണിനോട് തനിക്കൊപ്പം ഇരിക്കാനും നിർദ്ദേശിച്ചു. പിന്നാലെ ആർ.ടി.ഒയുമെത്തി. പ്യൂണിനോട് എങ്ങനെയുണ്ടെന്ന ചോദ്യത്തിന് സൂപ്പർ എന്നായിരുന്നു മറുപടി. ചില സിഗ്നലുകൾ കാണിക്കാൻ പറഞ്ഞതും കാണിച്ചുകൊടുത്തു. രണ്ടാഴ്ചക്കകം ലൈസൻസ് വീട്ടിലെത്തുമെന്ന് പറഞ്ഞാണ് അദ്ദേഹം യാത്രയാക്കിയത്. ഉയരക്കുറവുള്ളവർക്ക് നൽകുന്ന സ്‌പെഷ്യൽ ലൈസൻസല്ല, സാധാരണ ലൈസൻസാണ് തനിക്കുള്ളതെന്നു പറയുമ്പോൾ ആത്മവിശ്വാസത്തിന്റെ തിളക്കമായിരുന്നു ആ കണ്ണുകളിൽ തെളിഞ്ഞുകണ്ടത്.ഉയരം വെറും 130 സെന്റി മീറ്ററായതാണ് തന്റെ ഭാഗ്യമെന്ന് ആകാശ് പറയുന്നു. കാരണം 140 സെന്റി മീറ്ററിൽ താഴെ ഉയരമുള്ളവർക്ക് മാത്രമേ ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കാൻ അർഹതയുള്ളു. കുറച്ചുകൂടി ഉയരമുണ്ടായിരുന്നെങ്കിൽ ഈ നേട്ടങ്ങളൊന്നും എത്തിപ്പിടിക്കാൻ കഴിയുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഈ ഉയരക്കുറവ് വിനയായതും ആകാശ് ഓർമ്മിക്കുന്നു. കോയമ്പത്തൂരിൽ എൻജിനീയറിംഗിന് പഠിക്കുന്ന കാലം. കോളേജിൽനിന്നും മെയിൻ റോഡിലേക്കെത്താൻ ഒരു കിലോമീറ്റർ ദൂരമുണ്ട്. ക്ലാസ് കട്ട് ചെയ്ത് ഞങ്ങൾ നാലുപേർ നടന്നുപോകുമ്പോൾ അധികൃതരുടെ കണ്ണിൽപ്പെടുന്നത് ഉയരം കുറഞ്ഞ ഞാനായിരിക്കും. എന്നെ പിടിച്ചാൽ മറ്റുള്ളവർ ആരെന്ന് മനസ്സിലാക്കാനും എളുപ്പം. ഒടുവിൽ പോംവഴി ഞങ്ങൾ തന്നെ കണ്ടുപിടിച്ചു. ആദ്യം ഞാനൊറ്റയ്ക്ക് പോവുക. കുറച്ചുകഴിഞ്ഞ് മറ്റുള്ളവരെത്തുക എന്ന നയമായിരുന്നു പിന്നീട് സ്വീകരിച്ചത്.
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയുമെല്ലാം പിന്തുണയാണ് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചത്. സ്‌കൂളിൽ പോകാനും കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ള പ്രോത്സാഹനം നൽകിയത് അവരായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ ഖൊ-ഖൊ ടീമിലുണ്ടായിരുന്നു. മത്സരത്തിൽ റണ്ണറപ്പായപ്പോൾ ആകാശിനുൾപ്പെടെ എല്ലാവർക്കും വെള്ളിമെഡൽ ലഭിച്ചു. വർഷങ്ങൾ കഴിഞ്ഞ് ആകാശിനെ കണ്ടത് രാജ്യത്തിന്റെ പേരെഴുതിയ ജഴ്‌സിയണിഞ്ഞായിരുന്നു. ആ മത്സരത്തിലും വെള്ളിമെഡൽ നേടാൻ കഴിഞ്ഞു.
അച്ഛനോടൊപ്പം ചേർന്ന് പെരിന്തൽമണ്ണയിൽ ആയുർവ്വേദ മരുന്നുകളുടെ മൊത്തവിപണനം നടത്തുകയാണ് ആകാശ്. ഇതിനിടയിൽ പരിശീലനത്തിനും സമയം കണ്ടെത്തുന്നു. ഷാർജയിലെ ഒരു കമ്പനിയിൽ പർച്ചേസ് മാനേജരായിരുന്ന സേതുമാധവൻ നാട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മകനോടൊപ്പം ചേർന്ന് പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചത്.
കായികരംഗത്ത് ശോഭിച്ചുതുടങ്ങിയതോടെയാണ് സമൂഹത്തിൽ പ്രത്യേക പരിഗണന ലഭിച്ചതെന്ന് ആകാശ് പറയുന്നു. കോമാളികളായി കണ്ട് കളിയാക്കിയവർക്കുള്ള മറുപടിയായിരുന്നു 2013 ലെ ഡ്വാർഫ് ഗെയിംസിലൂടെ നൽകിയത്. ആകാശിന്റെ സ്വപ്നങ്ങൾക്ക് അതിരുകളില്ല. അടുത്ത ലോക ഡ്വാർഫ് ഗെയിംസിൽ രാജ്യത്തിനുവേണ്ടി ഒരു സ്വർണമെഡൽ നേടുകയാണ് ലക്ഷ്യം. അതിനുള്ള പരിശീലനത്തിലാണിപ്പോൾ. സുവർണനേട്ടം കൈവരിച്ച് സ്റ്റാന്റിൽ കയറി ദേശീയ ഗാനം ആലപിക്കണമെന്നാണ് മോഹം. എന്നാൽ ഓരോ വർഷം കഴിയുന്തോറും മത്സരം കൂടുതൽ കടുത്തതാവുകയാണ്. കൃത്യമായ പരിശീലനത്തിലൂടെയും സർക്കാർ സഹായത്തോടെയുമാണ് പല താരങ്ങളും മത്സരത്തിനെത്തുന്നത്. അവർക്കു മുന്നിൽ കൃത്യമായ പരിശീലനമില്ലാതെ എങ്ങനെ മെഡൽ നേടാനാകും? - ആകാശ് ചോദിക്കുന്നു.
ഇതിനിടയിൽ നവംബറിൽ സൗത്ത് കൊറിയയിൽ നടക്കുന്ന ഡ്വാർഫ് ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. സാമ്പത്തികഭദ്രതയാണ് വിലങ്ങുതടിയാകുന്നത്. ഞങ്ങളുടെ എം.എൽ.എയായ സ്പീക്കർ ശ്രീരാമകൃഷ്ണൻ സാറിനെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് പരിശീലനം തുടരുന്നത്.
തന്നെപ്പോലെ ശാരീരിക വെല്ലുവിളി നേരിടുന്നവരോട് ആകാശിന് ഒന്നേ പറയാനുള്ളു. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യം കാണിക്കാതെ മടിച്ചിരിക്കുന്നത് ഒഴിവാക്കുക. കിട്ടുന്ന അവസരങ്ങളിലെല്ലാം പങ്കാളികളാകുക. ജയപരാജയം വിഷയമല്ല. ഇത്തരം മത്സരങ്ങളിൽനിന്നും ലഭിക്കുന്ന ആത്മവിശ്വാസമാണ് ജീവിതവിജയത്തിന് അടിസ്ഥാനം. ഇത്തരം വിജയങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും, ഉറപ്പാണ് -  അനുഭവത്തിന്റെ വെളിച്ചത്തിൽ ആകാശ് പറഞ്ഞുനിർത്തുന്നു.


 

Latest News