ഓർമകൾ മരിക്കാത്ത തീരം

സംഗമത്തിന് തുടക്കം കുറിച്ച് മുൻ പ്രധാന അധ്യാപകൻ കെ.വി.കൃഷ്ണൻ മാസ്റ്റർ വൃക്ഷത്തൈ നടുന്നു

ഓർമകൾ നഷ്ടപ്പെടുന്ന തലമുറ മരണത്തെ വരിക്കുന്ന തലമുറയാണ്. നമ്മെ മറവിയിലേക്ക് നയിക്കാനായി ഒരു പുതിയ നാഗരികത ഇവിടെ വളർന്നു വരുന്നുണ്ട്. ഓർമയും മറവിയുമില്ലാത്ത ഒരു മരവിപ്പിലേക്ക് വരുംതലമുറയെ തള്ളിവിടുകയാണത് ചെയ്യുന്നത്. സാംസ്‌കാരികമായ അൽഷിമേഴ്‌സ് ബാധിച്ചിരിക്കുകയാണെവിടെയും. വേഗതയുടെ കാലത്ത് മനുഷ്യന് വിവേകം നഷ്ടപ്പെടുന്നു. ഉത്തരേന്ത്യയിൽ നിരവധി കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചപ്പോൾ മിണ്ടാതിരുന്നവരാണ് കപടദൈവത്തെ കോടതി ശിക്ഷിച്ചതിന്റെ പേരിൽ ഇന്ത്യ കത്തിക്കാൻ ശ്രമിച്ചത്.  

ആലങ്കോട് ലീലാകൃഷ്ണന് സ്‌നേഹസംഗമത്തിന്റെ ഉപഹാരം റസാഖ് കൂടല്ലൂർ സമ്മാനിക്കുന്നു
പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളെപ്പോലെ അവർ അഞ്ഞൂറിലധികം പേർ നിളാതീരത്തെ അറിവിന്റെ ഇല്ലപ്പറമ്പിൽ ഒത്തുകൂടി. മതത്തിന്റെയും ധനത്തിന്റെയും വലിപ്പച്ചെറുപ്പമില്ലാത്ത സ്‌നേഹസംഗമം. ആ ചരിത്രനിമിഷത്തെ അനുഗ്രഹിക്കാൻ സ്‌നേഹനിധികളായ ഗുരുക്കന്മാരും. 
ചരിത്രവും ഐതിഹ്യവുമുറങ്ങുന്ന നിളാതീരത്തെ തൃത്താല ഹൈസ്‌കൂൾ അങ്കണം മൂന്നു പതിറ്റാണ്ടിന് ശേഷം പഴയ സഹപാഠികളുടെ സംഗമവേദിയായി. ചിതലരിച്ചിട്ടില്ലാത്ത ഓർമകളിലൂടെ അവർ ചികഞ്ഞെടുത്തത് 1986-87 കാലത്തെ കുട്ടിക്കാലം. സ്മരണകളെ താലോലിക്കുകയും ഗുരുക്കന്മാരെ വണങ്ങുകയും ചെയ്യുന്ന കേരളത്തിലെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ നിരയിൽ ഈ സ്‌നേഹസംഗമം കൂടി.
മുപ്പത് വർഷം മുമ്പ് തൃത്താല ഹൈസ്‌കൂളിൽ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് വേർപിരിഞ്ഞവർ പിന്നീട് ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ചേക്കേറി. പലരും വിവിധ ഗൾഫ് നാടുകളിൽ ജോലിക്കാരായി. മറ്റു ചിലർ നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥരായി, അധ്യാപകരായി, ബിസിനസുകാരായി, ടൈലർമാരായി, കൂലിപ്പണിക്കാരായി, കലാകാരന്മാരായി, അങ്ങനെ 
വിവിധ വേഷങ്ങളിൽ ജീവിതസായന്തനത്തിന്റെ പടിവാതിക്കലിലേക്ക് നടന്നടുക്കുകയാണ്. അവരുടെ കൂടിച്ചേരലിന് പക്ഷെ പ്രായത്തിന്റെ നര ബാധിച്ചില്ല. ഗൾഫിലുള്ളവർ ഒരു ദിവസത്തെ അവധിയെടുത്ത് കൂട്ടായ്മയിൽ പങ്ക് ചേരാനെത്തി, അന്നു തന്നെ തിരിച്ചു പോയി. ഒരു ദിവസത്തെ കൂലി നഷ്ടപ്പെട്ടാലും പഴയ കൂട്ടുകാരെ കാണാനുള്ള ദൃഢനിശ്ചയത്തോടെ സാധാരണക്കാർ ജോലി ഉപേക്ഷിച്ചെത്തി. അടുത്ത ബന്ധുവീട്ടിലെ കല്യാണം പോലും ഒഴിവാക്കി സ്ത്രീകൾ കുട്ടികളുമായെത്തി. സ്വന്തം കലാലയമുറ്റത്ത് അവർ വീണ്ടും കുട്ടികളായി, ചിത്രശലഭങ്ങളായി....
'പന്തീരുമക്കൾ തൻ കുലപ്പൊരുളിൽ
കയ്പ്പില്ലാക്കാഞ്ഞീരക്കഥപ്പെരുമ;
താളത്തിലൊഴുകുന്ന നിളപ്പൊലിമ
താലത്തിലപ്പന്റെ യുഗമഹിമ'
ഐതിഹ്യവും ചരിത്രവും പ്രണയിക്കുന്ന നിളാതീരത്തിന്റെ മഹത്വം കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ ഉദ്യോഗസ്ഥയായ ഇ.വി.സിന്ധുവും ദുബായിൽ ജോലി ചെയ്യുന്ന ഷംസുദ്ദീൻ അത്താണിയും ചേർന്ന് പാടിയാണ് സ്‌നേഹസംഗമത്തിന് സ്വാഗതമരുളിയത്. 
വരുംതലമുറയ്ക്ക് തണലൊരുക്കാൻ സ്‌കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ട് മുപ്പത് വർഷം മുമ്പ് സ്‌കൂളിൽ പ്രധാന അധ്യാപകനായിരുന്ന കെ.വി. കൃഷ്ണൻ മാസ്റ്റർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ കവിയും വള്ളുവനാടിന്റെ സാംസ്‌കാരിക ശബ്ദവുമായ ആലങ്കോട് ലീലാകൃഷ്ണൻ, ഓർമകൾ നിലനിൽക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചാണ് തന്റെ മുഖ്യപ്രഭാഷണത്തിൽ ഉന്നിപ്പറഞ്ഞത്. മനുഷ്യന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിൽ ഓർമകളുടെ പങ്ക് മഹത്തരമാണ്. ഓർമകൾ നഷ്ടപ്പെടുന്ന തലമുറ മരണത്തെ വരിക്കുന്ന തലമുറയാണ്. നമ്മെ മറവിയിലേക്ക് നയിക്കാനായി ഒരു പുതിയ നാഗരികത ഇവിടെ വളർന്നു വരുന്നുണ്ട്. ഓർമയും മറവിയുമില്ലാത്ത ഒരു മരവിപ്പിലേക്ക് വരും തലമുറയെ തള്ളിവിടുകയാണത് ചെയ്യുന്നത്. സാംസ്‌കാരികമായ അൽഷിമേഴ്‌സ് ബാധിച്ചിരിക്കുകയാണെവിടെയും. വേഗതയുടെ കാലത്ത് മനുഷ്യന് വിവേകം നഷ്ടപ്പെടുന്നു. ഉത്തരേന്ത്യയിൽ നിരവധി കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചപ്പോൾ മിണ്ടാതിരുന്നവരാണ് കപടദൈവത്തെ കോടതി ശിക്ഷിച്ചതിന്റെ പേരിൽ ഇന്ത്യ കത്തിക്കാൻ ശ്രമിച്ചത്. നമുക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നു. ഗുരുനാഥന്മാരെ ആദരിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. ഗുരുക്കൻമാരാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. അവസാനമില്ലാത്ത അറിവിലൂടെ സ്വയംതിരിച്ചറിയാനാണ് അവർ നമ്മെ പഠിപ്പിച്ചത്. സാമൂഹികമായും സാംസ്‌കാരികമായുമുള്ള നവോഥാനങ്ങൾക്ക് ശക്തിപകർന്നത് അവർ നൽകിയ തിരിച്ചറിവുകളാണ് - ലീലാകൃഷ്ണൻ ഓർമിപ്പിച്ചു. 

സ്‌നേഹസംഗമത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു

കുട്ടികൾ ഒരുമിച്ചിരിക്കുകയും ഒരുമിച്ച് പഠിക്കുകയും ചെയ്ത ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. മാവിന്റെ ഏറ്റവും ഉയരത്തിലുള്ള കൊമ്പിലെ മാങ്ങ എറിഞ്ഞു ചാടിച്ച് മനക്കലെ ഉണ്ണിത്തമ്പുരാനും അബൂബക്കറും രാജനും ഉപ്പ്കൂട്ടി മാറിമാറിക്കടിച്ചൊരു കാലവും നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് ഓരോ മതങ്ങൾക്കും വേവ്വെറെ സ്‌കൂളുകളും സ്‌കൂൾ വണ്ടികളുമായി. കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയാണ്. നഷ്ടപ്പെട്ട മാനുഷിക മൂല്യങ്ങളെ തിരിച്ചു പിടിക്കാൻ ഓർമകളുടെ ബലമുള്ള കൂട്ടായ്മകളാണ് വേണ്ടതെന്ന് ആലങ്കോട് ഓർമിപ്പിച്ചു.
മുപ്പത് വർഷം മുമ്പ് സൗഹാർദ്ദവും പ്രണയവും സമരാവേശവും മുറ്റിനിന്ന ഒരു കാലത്തിന്റെ ഓർമകൾ ഈ വിദ്യാലയമുറ്റത്ത് ഒരിക്കൽ കൂടി പുനർജനിക്കുകയായിരുന്നു. സ്വാഗതസംഘം ചെയർമാൻ കെ. സുന്ദരൻ കൂടല്ലൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സ്‌നേഹസംഗമം പൂർവ വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്‌കൂളിൽ നിന്ന് വിരമിച്ച 61 അധ്യാപകരെ ഉപഹാരവും പൊന്നാടയും നൽകി പൂർവ്വവിദ്യാർഥികൾ ആദരിച്ചു. മുഖ്യാഥിതി ആലങ്കോട് ലീലാകൃഷ്ണന് സംഗമത്തിന്റെ സ്‌നേഹോപഹാരം റസാഖ് കൂടല്ലൂർ സമ്മാനിച്ചു. സംഗമത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അധ്യാപകർക്ക് അടുത്ത ദിവസം അവരുടെ വീടുകളിലെത്തി ഉപഹാരം സമ്മാനിച്ചു. അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സംഗമസദ്യയും നടന്നു. തുടർന്ന് ഇ.വി.സിന്ധു, ഷംസുദ്ദീൻ അത്താണി, അഞ്ജലി, ഐശ്വര്യ സുദീപ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിദ്യപകർന്നു തന്ന വിദ്യാലയത്തിനും ഗുരുക്കന്മാർക്കും ഗാനാർച്ചന നടത്തിയാണ് ആ സമാഗമത്തിന് വിരാമമായത്-
'അറിവിന്റെ അക്ഷയവാനമിതിൽ
കൈകോർത്ത് തോൾചേർന്ന് നിന്ന കാലം
പുസ്തകത്താളിലെ കനകാക്ഷരങ്ങളിൽ
മയിൽപ്പീലിത്തുണ്ടൊന്ന് ചേർത്ത കാലം...
അലിവോതി, വഴികാട്ടി, അധ്യാപകർ നമ്മിൽ
അറിവിന്റെ കുറിവർണമിട്ട തീരം...'

Latest News