ലീഡറുടെ ഓണം... സഖാവിന്റേയും

ഗൃഹാതുരത്വത്തിന്റെ ഓർമകളുണർത്തി വീണ്ടും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഒരോണക്കാലം. ധർമ്മവും സത്യവും നീതിയും പാലിച്ച് ഒരു ജനതയെ മുഴുവൻ ഒന്നായി കണ്ട നല്ല കാലത്തിന്റെ ഓർമയാണ് മലയാളിയുടെ ദേശീയോൽസവമായ ഓണം. ഐതിഹ്യ കഥകളിലെ ഭരണാധികാരികൾക്കും നാട്ടുരാജാക്കന്മാർക്കും ശേഷം കേരളത്തിന്റെ ഭരണ സിരാകേന്ദ്രം രാഷ്ട്രീയക്കാരുടെ കൈകളിൽ ഭദ്രമായത് 1957 ന് ശേഷം. അവരിൽ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന രണ്ടു പേർ -കെ.കരുണാകരനും ഇ.കെ.നായനാരും. 
രാഷ്ട്രീയ കേരളം കണ്ട എക്കാലത്തേയും ജനപക്ഷ ഭരണാധികാരികൾ. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസിന്റെ ഉടമകൾ. രാഷ്ട്രീയത്തിലെ ഔന്നത്യവും അധികാരത്തിന്റെ അംഗീകാരവും നേടിയവർ. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലുള്ളവരോട് പോലും പരസ്പരം മനസ്സറിഞ്ഞ് സ്‌നേഹിക്കാനുളള സിദ്ധി രാഷ്ട്രീയത്തിൽ ഇരുവരേയും പോലെ അധികമാർക്കും കൈമുതലായിട്ടില്ല. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടേയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)യുടേയും കരുത്തിൽ മന്ത്രിയായി, മുഖ്യമന്ത്രിയായി, പ്രതിപക്ഷ നേതാവായി, രാഷ്ട്രീയ ചാണക്യന്മാരായി കഴിഞ്ഞവർ. ജനഹൃദയങ്ങളിലെ ലീഡറും സഖാവും ഓർമയായെങ്കിലും കേരളീയന്റെ ദേശീയാഘോഷമായ ഓണദിനങ്ങളിൽ അവരുള്ള കാലം ഓർത്തെടുക്കുകയാണ് കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലും ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറും. പൊയ്‌പ്പോയ കാലത്തെ ഓണനാളുകളിലേക്ക് ഇരുവരും സഞ്ചരിച്ച് മലയാളം ന്യൂസിനായി മാത്രം അത്തപ്പൂക്കളമൊരുക്കി.

ലീഡറുടെ ഓണം, ഞങ്ങളുടേയും -പത്മജ 
രാഷ്ട്രീയത്തിലായാലും വ്യക്തിജീവിതത്തിലായാലും കാലം കഴിയുന്തോറും കൂടുതൽ ദൃശ്യമാകുന്ന ശൂന്യതയാണ് കെ. കരുണാകരൻെറ അഭാവം. കുടുംബത്തെയും ആഘോഷങ്ങളെയും ഏറെ സ്‌നേഹിച്ച അച്ഛൻെറ കുറവ് ഇപ്പോഴാണ് ശരിക്കും അനുഭവപ്പെടുന്നത്. വീട്ടിൽ രാഷ്ട്രീയം ചർച്ചചെയ്തിരുന്ന ആളല്ലായിരുന്നു അദ്ദേഹം. തികഞ്ഞ കുടുംബനാഥൻ. അമ്മയോടൊക്കെ വളരെ സ്‌നേഹത്തോടെയും സരസമായും ഇടപെടുന്നത് കാണാമായിരുന്നു. 37-ാം വയസ്സിൽ വൈകിയാണ് അച്ഛന്റെ വിവാഹം. തിരക്കിനിടയിലും ആഘോഷങ്ങളിലും കുടുംബ കാര്യങ്ങളിലും എന്നും നീതി പുലർത്തിയിരുന്ന അച്ഛനായിരുന്നു എനിക്കും മുരളിയേട്ടനും അദ്ദേഹം.
അമ്മ മരിക്കും വരെ ഓണവും വിഷുവുമെല്ലാം അമ്മയുടെ നാടായ തൃശൂരിലായിരുന്നു. എന്നാൽ അച്ഛന്റെ നാടായ കണ്ണൂരിലെ വിഭവങ്ങളോടും രീതികളോടുമായിരുന്നു എനിക്ക് താൽപര്യം. ആയതിനാൽ ഓണം ഒരു തൃശൂർ-കണ്ണൂർ ജില്ലകളിലെ നാട്ടുനന്മയുടെ കൂടിച്ചേരലായിരുന്നു കുടുംബത്തിൽ. കണ്ണൂരിലും തൃശൂരിലും ഓണപ്പൂക്കളമൊരുക്കുന്നത് തൊട്ട് ഓണസദ്യയിൽ വരെ മാറ്റങ്ങളുണ്ട്. ഓണത്തിന് പൂക്കളം ഒരുക്കുന്നത് അച്ഛന് വലിയ ഇഷ്ടമായിരുന്നു. പൂക്കളമില്ലാത്ത ഓണം കുടുംബത്തിലെ പ്രധാനപ്പെട്ടവർ മരിച്ചപ്പോഴല്ലാതെ മുടക്കിയിട്ടില്ല. കണ്ണൂരിൽ തൃക്കാക്കരയപ്പൻ വെച്ച് അത്തം തൊട്ട് പൂവിടും. എന്നാൽ തൃശൂരിൽ അതില്ല. 
അച്ഛൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്തായിരുന്നു. അവിടെ ഒരു തമിഴ് രീതിയാണ്. ഓണം സർക്കാർ തന്നെ ആഘോഷമാക്കിയതോടെ അച്ഛനും തിരക്കായിരുന്നു. എന്നാലും മക്കൾക്കുള്ള പുടവയുമായി അച്ഛനെത്തും. ഭക്ഷണത്തിൽ ഓണത്തിന് മൽസ്യവും കോഴിയുമൊക്കെ കണ്ണൂരിലുണ്ടാകും. തൃശൂരിൽ പച്ചക്കറി മാത്രവും. മൽസ്യവും ഇറച്ചിയും കഴിക്കാനുളള കൊതികൊണ്ടാണ് ഞാൻ കണ്ണൂരിലേക്ക് പോകാൻ തിടക്കും കാട്ടുന്നതെന്ന് അച്ഛന് അറിയാമായിരുന്നു. മക്കളുടെ സന്തോഷത്തിനായിരുന്നു എന്നും അച്ഛൻ മുൻതൂക്കം നൽകിയിരുന്നത്.
 1993 ലാണ് അമ്മയുടെ മരണം. അച്ഛനെ വല്ലാതെ തളർത്തിയ സംഭവം. ഇതിനു ശേഷം തിരുവോണം എന്റെ കൂടെയും ഉത്രാടം മുരളിയേട്ടന്റെ കൂടെയുമായിരുന്നു. ഗുരുവായൂരിൽ ഉത്രാടക്കുല കാഴ്ച വെക്കൽ അച്ഛൻ മരണം വരെ മുടക്കിയിട്ടില്ല. തന്ത്രിയും പൂജാരിയും കഴിഞ്ഞാൽ മൂന്നാമാനായി ഉത്രാടക്കുല വെക്കുന്നത് അച്ഛനായിരുന്നു. അത് കഴിഞ്ഞാൽ നേരെ തൃശൂരിൽ വന്ന് അച്ഛൻ സാധാരണക്കാരായവർക്ക് ഓണത്തിന് മുണ്ട് നൽകും. ജാതിമത ചിന്തകൾക്കപ്പുറം പ്രവർത്തിക്കാനും ജീവിക്കാനുമായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്. വീട്ടിലും ഓഫീസിലും അത് പാലിച്ചിരുന്നു.
 ഓണക്കോടിയില്ലാത്ത ഓണത്തെക്കുറിച്ച് കേരളീയന് ചിന്തിക്കാൻ കഴിയില്ല. ഓണത്തിന്റെ പര്യായം തന്നെയാണ് ഓണക്കോടി. മഹാബലി തമ്പുരാനെ പുതുവസ്ത്രമിട്ട് വരവേൽക്കാനാണ് പൂക്കളമൊരുക്കി പ്രജകൾ പുതുവസ്ത്രമണിഞ്ഞ് കാത്തിരിക്കുന്നത്. 
അച്ഛനിൽ നിന്ന് ലഭിക്കുന്ന ഓണപ്പുടവയാണ് ഓണനാളിലെ വലിയ ഓർമ്മ. അമ്മയ്ക്കും എനിക്കും മുരളിയേട്ടന്റെ ഭാര്യക്കുമെല്ലാം അച്ഛൻ തന്നെ തിരുവനന്തപുരത്തെ ഖാദി ബോർഡിൽനിന്ന് സിൽക്കിന്റെ തുണി വാങ്ങിവരും. മരിക്കുന്നതിന്റെ മുമ്പുളള ഓണത്തിന് രണ്ടു സാരിവാങ്ങി എനിക്ക് തന്നു. പൊതുവെ അച്ഛൻ പിശുക്ക് കാണിക്കാറുണ്ട്. എന്നാൽ ഇത്തവണ വില കൂടിയ രണ്ട് സിൽക്കിന്റെ സാരി എന്നെ ഏൽപ്പിച്ചു. ഇതെന്താ അച്ഛാ...രണ്ടെണ്ണം എന്ന് ഞാൻ ചോദിച്ചു. ഒന്ന് ചിരിച്ചിട്ട് നീ വെച്ചോ എന്നു പറഞ്ഞു. അത് പക്ഷേ അവസാനത്തെ ഓണപ്പുടവയാകുമെന്ന് കരുതിയില്ല.
 പാലടപ്രഥമനും പാൽപ്പായസവും കാളനും ഓലനും അവിയലും കൂട്ടുകറിയും പച്ചടി, കിച്ചടി അങ്ങിനെ നാക്കിലയിലേക്ക് വിളമ്പുന്ന ഓണസദ്യയുടെ രുചി ആ വർഷം മുഴുവൻ നാവിൻ തുമ്പിൽ നിന്ന് മായില്ല. തിരുവോണം, ഒന്നാം ഓണം, രണ്ടാം ഓണം ഇവ മൂന്നും അച്ഛന് നിർബന്ധമായിരുന്നു. ആയതിനാൽ സദ്യ മൂന്ന് ദിവസമുണ്ടാവും. ആൾക്കൂട്ടത്തിലായിരുന്നു എന്നും അച്ഛൻ. 
ഓണസദ്യക്ക് അനുയായികളും നിരവധി പേരുണ്ടാകും. രാഷ്ട്രീയം മറന്നായിരുന്നു അച്ഛന്റെ സ്‌നേഹം. മുസ്‌ലിം ലീഗിലേയും സി.പി.എമ്മിലേയും നിരവധി നേതാക്കളും പ്രവർത്തകരും അച്ഛന് പ്രിയപ്പെട്ടവരായിരുന്നു. 
സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് തങ്ങൾ കുടുംബം, ഇ.കെ.നായനാരുടെ കുടുംബം, ഞങ്ങളുടെ പാർട്ടിയിലെ തന്നെ നിരവധി നേതാക്കളുടെ കുടുംബങ്ങൾ..ഇവരൊക്കെയായിട്ട് അച്ഛന് വ്യക്തിബന്ധമുണ്ടായിരുന്നു. അത് ഞാനും മുരളിയേട്ടനും ഇന്നും കാത്ത് സൂക്ഷിക്കുന്നുണ്ട്.
 സ്‌നേഹവും ആത്മാർത്ഥതയും കുറയുന്ന ഇന്നത്തെ കാലത്ത് പഴയകാല ഓർമ്മകൾക്ക് വല്ലാത്ത നിറമാണ്. അതു കൊണ്ട് തന്നെ കാലം കഴിയുമ്പോഴും അച്ഛനെക്കുറിച്ച ഓർമകൾ എന്നിൽ ജ്വലിച്ച് നിൽക്കുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ, ഉപദേശങ്ങൾ ആഘോഷങ്ങൾ, സമ്മാനങ്ങൾ എന്നിങ്ങനെ അച്ഛനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷവും സദാ ഓർമിക്കപ്പെടുന്നു.


ഞങ്ങളുടെ ഓണം, സഖാവിന്റെയും - ശാരദ ടീച്ചർ

കമ്യൂണിസ്റ്റ് പാർട്ടിക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ണാണ് എക്കാലത്തും കണ്ണൂരിലെ കല്ല്യാശ്ശേരി. സഖാവിന്റെ ഭാര്യയായി എത്തുന്നതിന് മുമ്പ് തന്നെ കമ്യൂണിസ്റ്റ് നേതാക്കളേയും പാർട്ടിയേയും കുറിച്ച് അറിയാമായിരുന്നു. എന്റെ ജീവിതത്തിൽ ഓണാഘോഷം രണ്ടു രീതിയിലുളളതാണ്. ഒന്ന് കുട്ടിക്കാലത്തേത്. രണ്ടാമത്തേത് സഖാവിനൊപ്പമുള്ളതും. കുട്ടിക്കാലത്ത് ഓണത്തിന് പൂവ് തേടിപ്പോകുന്നത് തന്നെയാണ് ഏറ്റവും ആവേശം. സ്‌കൂളിലെ സഹപാഠികളോടൊപ്പം മൽസരിച്ചാണ് പൂവ് ശേഖരിക്കാൻ പോവുക. ഓണത്തിന്റെ പൂക്കളം ഒരുക്കുക എന്നത് വീട്ടിലെ പെൺകുട്ടികളുടെ കടമയാണ്. അത്തം തൊട്ട് പൂക്കളം ഒരുങ്ങിയിരിക്കും. ഇന്നത്തെപ്പോലെ പണം കൊടുത്ത് പൂവ് വാങ്ങുന്ന പതിവില്ല. തെങ്ങോല കൊണ്ടുണ്ടാക്കിയ പൂവട്ടിയുമായി സ്‌കൂൾ വിട്ടുവന്നാൽ പുറത്തിറങ്ങും. പൂവട്ടി തൂക്കി പാവാടക്കാരി പെൺകുട്ടികൾ തൊടിയിലും വയലിൻ കരയിലും വേലിപ്പടർപ്പിലും തോട്ടുവക്കിലും വിരിഞ്ഞു നിൽക്കുന്ന പൂക്കൾ മൽസരബുദ്ധിയോടെ ശേഖരിക്കും.
 തോട്ടുവരമ്പിലെ അതിരാണിപ്പൂവ്, തുമ്പപ്പൂവ്, നെല്ലിപ്പൂവ്, ഹനുമാൻ കിരീടം, ചെമ്പരത്തി, വെള്ളിയില തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. വളരെ ചെറിയ പൂവുകളാണ് അധികവും. ആയതിനാൽ വളരെ ശ്രദ്ധയോടെ വേണം പൂ പറിക്കാൻ. പൂക്കളിൽ വെള്ളിയില ലഭിക്കുന്നത് അത്യപൂർവ്വമാണ്. അമ്മ കറുത്ത്, മകൾ വെളുത്ത്, മകളുടെ മകളോ പൂത്തുമ്പി എന്നൊരു പഴഞ്ചൊല്ല് തന്നെ വെളളിയിലക്കുണ്ട്. പൂക്കളം ഒരുക്കുന്നതിന് മുമ്പ് അരിമാവ് കൊണ്ട് രാത്രിയിൽ പൂക്കളം വരക്കും. ആൺകുട്ടികളാണ് ഇതിന് മുന്നിലുണ്ടാവുക. പിന്നീട് രാവിലെയാണ് പൂക്കളത്തിൽ പൂവിടുക. വൃത്തം, ചതുരം, ത്രികോണം എന്നിങ്ങനെ ജ്യാമിതീയ ചിഹ്നങ്ങളാണ് അത്തപ്പൂക്കളിൽ ആലേഖനം ചെയ്യുന്നത്. പൂക്കളമിട്ടു കഴിഞ്ഞാൽ പിന്നെ ഒരു ഓട്ടമാണ്. കൂട്ടുകാരികളുടെ പൂക്കളം കാണാൻ. ആരുടെ പൂക്കളമാണ് കേമമായതെന്ന് നോക്കാനാണ് ഈ ഓട്ടം. മിഥുനം, കർക്കിടകം മാസങ്ങളിൽ മഴമേഘങ്ങളിൽ മറഞ്ഞിരിക്കുന്ന സൂര്യൻ ഇടക്കൊന്ന് തെളിയുന്നത് ചിങ്ങമാസത്തിലാണ്. സൂര്യനെകൂടി ഓർമിപ്പിക്കുകയാണ് അത്തപ്പൂക്കളിലൂടെ. പകലിന്റെ വെളുപ്പും, രാവിന്റെ കറുപ്പും, സമൃദ്ധിയുടെ മഞ്ഞയും ഉദയാസ്തമയങ്ങളിലെ ചുവപ്പും ചേർത്ത് പഞ്ചവർണ ഭാഷ രചിക്കുകയാണ് പൂക്കളത്തിലൂടെ ചെയ്യുന്നത്.
 ഓണപ്പൂക്കളിൽ ഒന്നാം സ്ഥാനം തുമ്പപ്പൂവിന് തന്നെയാണ്. തുമ്പപ്പൂ ഇല്ലാത്ത പൂക്കളം അത്തക്കളമല്ലെന്നാണ് പഴമൊഴി. ഒരു ഔഷധച്ചെടികൂടിയായ തുമ്പപ്പൂ ഓണത്തിന്റെ വരവറിയിച്ച് വിരിഞ്ഞുനിൽക്കുന്നത് കാണാൻ തന്നെ ചന്തമാണ്. തുമ്പ കഴിഞ്ഞാൽ മുക്കൂറ്റിപ്പൂവിനോടാണ് മാവേലിത്തമ്പുരാന് പ്രിയം എന്നാണ് പഴമക്കാരുടെ ഭാഷ്യം. ഇളം റോസ് നിറത്തിലെ ഓണപ്പൂ, പൊന്നോണത്തിന്റെ രാജകീയ പരിവേഷം നൽകുന്ന കൃഷ്ണകിരീടം, ഇളം നീലയും ഇരുണ്ട വയലറ്റും നിറങ്ങളുളള കാക്കപ്പൂ എന്ന കിങ്ങിണിപ്പൂ അങ്ങിനെ പൂക്കളുടെ വർണം കൂടിയാണ് ഓണപ്പൂക്കളം. എന്നാൽ വയലും പറമ്പും ഇന്ന് കോൺക്രീറ്റ് സൗധങ്ങളായപ്പോൾ പൂക്കൾക്ക് തോവാളയോ, ഗുണ്ടൽപേട്ടോ ആശ്രയിക്കേണ്ട ഗതികേടിലാണ് നമ്മളിന്ന്. കഴിഞ്ഞ ദിവസം എറണാകുളത്തിന് നിന്ന് കല്ല്യാശ്ശേരിയിലേക്ക് വരുമ്പോൾ പൂക്കൾ വിൽപ്പനക്ക് വെച്ചത് കണ്ടപ്പോൾ ഞാൻ പഴയതൊക്കെ ഓർത്തുപോയി.
 സഖാവിന്റെ കൂടെയുളള ജീവിതത്തിലും ഓണമുണ്ട്. എന്നാൽ സഖാവ് പറയും: നീ ആഘോഷിച്ചോ എന്ന്.സഖാവിന് വിശ്വാസം കമ്യൂണിസമായിരുന്നു.
ആഘോഷങ്ങളെ ഒരിക്കലും അദ്ദേഹം നിരുൽസാഹപ്പെടുത്തിയിരുന്നില്ല. അദ്ദേഹം പൊതു പ്രവർത്തനത്തിനിറങ്ങുമ്പോൾ മക്കൾക്കുളള ഡ്രസ്സ്, മറ്റു വീട്ടുകാര്യങ്ങളെല്ലാം അദ്ദേഹം എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ശാരദേ..അതെല്ലാം നിന്റെ ഡിപ്പാർട്ട്‌മെന്റാണ്. എന്നാണ് സഖാവ് പറയുക. വിഷുവിന് പടക്കവും, കമ്പിത്തിരിയുമൊക്കെ വാങ്ങിക്കൊണ്ടുവന്ന് മക്കൾ കത്തിക്കും. മക്കളോടൊത്ത് ഞാനും കൂടും. സഖാവുളളപ്പോൾ ഇതിനൊക്കെ ചെറിയ നിയന്ത്രങ്ങൾ വരുത്തും.മക്കളും അച്ഛനെ തിരിച്ചറിഞ്ഞ് പെരുമാറും.അദ്ദേഹത്തിന് മക്കളെ വലിയ കാര്യമായിരുന്നു. പോളിറ്റ് ബ്യൂറോ ഇല്ലാത്ത സമയങ്ങളിലൊക്കെ ആഘോഷങ്ങൾക്ക് അദ്ദേഹം വീട്ടിലെത്താറുണ്ട്. ഓണസദ്യയിൽ സഖാവിന് ഏറ്റവും പ്രിയം ഓലൻ ആയിരുന്നു,
പിന്നെ സാമ്പാറിനോടും. ഇതോടൊപ്പം ചെമ്മീനും കൂടിയുണ്ടായാൽ സഖാവ് വയറ് നിറച്ച് ഭക്ഷണം കഴിക്കും. എളവനും തൊലികളഞ്ഞ ഏത്തക്കായും ചേമ്പും വേവിച്ച് തേങ്ങാപ്പാൽ ഒഴിച്ചുണ്ടാക്കുന്ന ഓലൻ എല്ലാ ആഘോഷങ്ങളിലും പ്രത്യേക വിഭവമായുണ്ടാകും.വീട്ടിൽ ഞാനും സഖാവ് മുഖ്യമന്ത്രിയായ കാലം മുതലുളള പാചകക്കാരനും ഇത് മുടക്കാറില്ല.
ഓണം ജനകീയോൽസവമായി മാറ്റിയത് തന്നെ സംസ്ഥാന സർക്കാറാണ്. ആയതിനാൽ അതിൽ നിന്നൊന്നും വിഘടിച്ച് നിൽക്കാൻ അദ്ദേഹത്തിനായിരുന്നില്ല. ഈ വർഷം കുടംബത്തിൽ മരണമുണ്ടായത് കൊണ്ട് ഓണം ആഘോഷിക്കുന്നില്ല. എങ്കിലും സഖാവിനെ ഓർമയിൽ കണ്ട് ഓണത്തെ വരവേൽക്കുന്നു.

Latest News