ദുബായ്- കൊറോണ വൈറസ് ഭീതിയിലായ പ്രവാസികള്‍ എത്രയും വേഗം നാടുപിടിക്കാന്‍ ആഗ്രഹിക്കുകയാണ്. ലോക്ഡൗണിന്റെ പേരില്‍ വിമാനങ്ങള്‍ ഇല്ലാതായത് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുന്ന സര്‍ക്കാര്‍ നയം അവരില്‍ പ്രതിഷേധമുണ്ടാക്കി തുടങ്ങിയിട്ടുണ്ട്.
പല രാജ്യങ്ങളും പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി സ്വന്തം പൗരന്മാരെ കൊണ്ടുപോകാന്‍ ആരംഭിച്ചെങ്കിലും ഇന്ത്യ മടിച്ചു നില്‍ക്കുകയാണ്. ഗള്‍ഫ് നാടുകളിലെ നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അത്യാവശ്യക്കാര്‍ക്ക് നാട്ടില്‍ എത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കേന്ദ്രസര്‍ക്കാറും അതിനായുള്ള ശക്തമായ സമ്മര്‍ദത്തിന് സംസ്ഥാന സര്‍ക്കാരും തയാറാവണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
നിര്‍ത്തലാക്കിയ വിമാനയാത്ര സംവിധാനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന്
കോഴിക്കോട് ജില്ലാ പ്രവാസി ആവശ്യപ്പെട്ടു. രോഗികളും അല്ലാത്തവരുമായ ആയിരക്കണക്കിന് പ്രവാസികള്‍ കഷ്ടപ്പെടുകയാണ്. ലോക്ഡൗണിന്റെ പേരില്‍ ഗള്‍ഫ് നാടുകളിലും മറ്റും ജോലിക്കുപോലും പോകാനാവാതെ, ശമ്പളമില്ലാതെ ജോലി നഷ്ടപ്പെട്ടേക്കാമെന്ന ഭീഷണിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ എത്തിപ്പെടാന്‍പോലും സാഹചര്യം ഇല്ലാതായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ട് നിബന്ധനകള്‍ക്ക് വിധേയമാക്കിയെങ്കിലും വിമാനസര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി യു.എ.ഇ ഭാരവാഹികളായ രാജന്‍ കൊളാവിപാലം, അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
തിരികെ പോവാന്‍ തയാറാവുന്നവര്‍ക്ക് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്ന്
യു.എ.ഇ.ഐ.എം.സി.സി പറഞ്ഞു. താമസ സ്ഥലങ്ങളില്‍ തിങ്ങിഞെരുങ്ങി ജീവിക്കുന്ന മലയാളികളടക്കമുള്ളവര്‍ ആശങ്കയിലും ഭീതിയിലുമാണ്. സന്ദര്‍ശക വിസയില്‍ ഇവിടങ്ങളില്‍ എത്തുകയും ലോക് ഡൗണില്‍ കുടുങ്ങി പോവുകയും ചെയ്ത ഒട്ടേറെ പ്രായമായവരും കുട്ടികളും ഉണ്ട്. ഇവരില്‍ പലരും നിത്യരോഗികളും സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവരുമാണ്.
രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുകയും വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്യണമെന്ന് ഖാന്‍ പാറയില്‍, എന്‍.എം.അബ്ദുള്ള, റഷീദ് താനൂര്‍, നബീല്‍ അഹമ്മദ്, താഹിറലി പൊറപ്പാട്, മനാഫ് കുന്നില്‍, അഷറഫ് തച്ചരോത്, റിയാസ് തിരുവനന്തപുരം എന്നിവര്‍ പറഞ്ഞു.
ലോക് ഡൗണ്‍ കാരണം ജോലിയും ശമ്പളവുമില്ലാതെ ദുരിതമനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ നാട്ടിലേത്തിക്കാന്‍ കേന്ദ്രകേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെടണമെന്ന് കെസെഫ് പറഞ്ഞു. കോവിഡ് 19 പോസിറ്റീവ് അല്ലാത്തവര്‍, ഗര്‍ഭിണികള്‍, വിസിറ്റ് വിസയില്‍ വന്ന മാതാപിതാക്കള്‍, ജോലി അന്വേഷിച്ച് എത്തിയവര്‍ തുടങ്ങിയവരെ നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ ദുരിതത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിയും. സര്‍ക്കാര്‍ ഇതിനുള്ള നടപടി ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് കെസെഫ് ഭാരവാഹികളായ ബി.എ.മെഹമൂദ്, മാധവന്‍ അണിഞ്ഞ, അമീര്‍ കല്ലട്ര, ഹുസൈന്‍ പടിഞ്ഞാര്‍ ആവശ്യപ്പെട്ടു.
തൊഴിലന്വേഷിച്ചും വിസിറ്റിലും വന്ന വയോധികരടക്കമുള്ള നിത്യ രോഗികളെയും നാട്ടില്‍ പോകാന്‍ കാത്തുനിന്ന ഗര്‍ഭിണികള്‍ അടക്കമുള്ള യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കണമെന്നും അതിനായി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തണമെന്നും ഷാര്‍ജ അനന്തപുരി പ്രവാസി കൂട്ടായ്മ ആവശ്യപ്പെട്ടു. ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലുമായും വിഷമജീവിതം നയിക്കുന്നവരുടെ അവസ്ഥ പരിഗണിച്ച് ടിക്കറ്റ് സൗജന്യമാക്കുകയോ സൗജന്യ നിരക്കിലോ നല്‍കി ഈ അവസരത്തില്‍ അവര്‍ക്ക് കൈത്താങ്ങാകണമെന്ന് ഭാരവാഹികളായ ചന്ദ്രബാബു, രഞ്ജി ചെറിയാന്‍, ഖാന്‍ പാറയില്‍, ബിജോയ് ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ടവരുള്‍പ്പെടെ പ്രതിസന്ധിയിലായ മുഴുവന്‍ മലയാളികളെയും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ അധികൃതര്‍ സഹായിക്കണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു.
നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്ന പ്രവാസികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ഖജാന്‍ജി സി.എ. ബിജുവും ആവശ്യപ്പെട്ടു.






