ലോക ചരിത്രത്തിലെ സുപ്രധാന ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ലോകത്തെ നൂറ്റിഎൺപതിലേറെ രാജ്യങ്ങളിൽ കോവിഡ്19 എന്ന് ഓമനപ്പേരുള്ള കൊറോണ വൈറസെത്തി. ഒരിടത്തും ലഭിക്കാത്ത സ്വീകരണം വൈറസിന് ഇന്ത്യയിൽ ലഭിച്ചു. രാജ്യത്തുനീളം ലൈറ്റ് ആന്റ് സൗണ്ട് ഷോ ഒരുക്കി നമ്മൾ വ്യത്യസ്തരായി. മഹാമാരി അവസാനിച്ചാൽ ലോകത്ത് പല മാറ്റങ്ങളുമുണ്ടാവുമെന്ന് കരുതുന്നവരുണ്ട്. ബി.സി, എ.ഡി എന്നൊക്കെ പറയാറുള്ളത് പോലെ ബിഫോർ കോവിഡ്, ആഫ്റ്റർ കോവിഡ് എന്നായിരിക്കും ചരിത്രത്തിൽ രേഖപ്പെടുത്തുക. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഉറ്റ സുഹൃത്താണ് യു.എസ് ഭരിക്കുന്ന ട്രംപ് ചേട്ടൻ. കോവിഡ് 19 നെ മൂപ്പർ തുടക്കത്തിൽ ഗൗരവമായെടുക്കാത്തതിന്റെ ദുരന്തമാണ് ഏഴാം കടലിനക്കരെയുള്ളവർ ഇപ്പോൾ അനുഭവിക്കുന്നത്. അസമയത്ത് കുഞ്ഞുങ്ങൾ കിടന്ന് നിലവിളിച്ചാൽ നമ്മളെന്ത് ചെയ്യും? രാവിലെ മെഡിക്കൽ ഷോപ്പ് തുറന്നിട്ടാവാമെന്ന് വിചാരിക്കാതെ അടുത്ത അയൽവാസിയുടെ വാതിൽക്കൽ മുട്ടും. അവരുടെ പക്കലുള്ള മെറ്റാസിനോ, പാരസെറ്റമോളോ, ഡെറ്റോളോ വാങ്ങി കാര്യം സാധിക്കും. ഇത് പോലൊരു അനുഭവമാണ് ഇന്ത്യക്ക് പിന്നിട്ട വാരത്തിലുണ്ടായത്. ട്രംപേട്ടൻ അത്യാവശ്യമായി മരുന്ന് വേണമെന്ന് പറഞ്ഞു. യു.എസിനും ഇസ്രായിലിനും എല്ലാം ആവശ്യാനുസരണം മലമ്പനിയുടെ മരുന്ന് കൊടുത്തു വിട്ടു. ഒരു കാര്യം ഉറപ്പാണ്. കൊറോണാനന്തര ലോക ചരിത്രത്തിൽ ഭാരതത്തിന്റെ പേര് സുവർണ ലിപികളിൽ രേഖപ്പെടുത്തും. ലോക പോലീസായിരുന്ന അമേരിക്കക്ക് രോഗം വന്നപ്പോൾ ഔഷധമെത്തിച്ചത് ഇന്ത്യയാണെന്ന്.
മലേറിയ വാക്‌സിൻ അമേരിക്കക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചതിനെ തുടർന്ന് കുരുക്കിലായിരിക്കുകയാണ് ഇന്ത്യാ ടുഡേ അവതാരകൻ രാഹുൽ കൻവാൾ. മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്‌ളോറോകിൻ നൽകണമെന്ന ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന ഇന്ത്യ അംഗീകരിച്ചെന്നും വലിയ മനസ്സുള്ള രാഷ്ട്രങ്ങൾ ഇതാണ് ചെയ്യേണ്ടതെന്നും കൻവാൾ ട്വീറ്റ് ചെയ്തു. സ്വന്തം ആവശ്യങ്ങൾക്കുള്ള മരുന്നുകൾ കൈവശമുണ്ടെങ്കിൽ അവർ മറ്റ് രാജ്യങ്ങളെ കൂടി സഹായിക്കണം. അമേരിക്കയെ മാത്രമല്ല, അയൽരാജ്യങ്ങളെ കൂടി സഹായിക്കാൻ തയാറാണെന്നും കൂടി ഇന്ത്യ പറഞ്ഞിട്ടുണ്ടെന്നായിരുന്നു കൻവാളിന്റെ ട്വീറ്റ്. ട്രോളൻമാർക്കിത് വലിയ പെരുന്നാളായി.
ഇന്ത്യ മലേറിയ മരുന്നു വിട്ടുനൽകിയിട്ടില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് യഥാർത്ഥത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ രാഹുൽ കൻവാളിന്റെ ട്വീറ്റിൽ ഇത് അഭ്യർത്ഥനയായി മാറിയിരിക്കുകയാണ്. തിരിച്ചടി ഭയന്നാണ് ഇന്ത്യ മരുന്ന് നൽകാൻ തീരുമാനിച്ചതെന്ന് പറയാൻ രാഹുൽ തയാറായില്ലെന്നാണ് വിമർശനം. . രാഹുൽ കൻവാളിന്റെ നിഘണ്ഡുവിൽ അഭ്യർത്ഥന എന്ന വാക്ക് ഭീഷണി, തിരിച്ചടി എന്നിവക്കുള്ള അർത്ഥമാണെന്നും പെയിഡ് മീഡിയയുടെ ജോലി ഇതാണെന്നും പരിഹാസമുണ്ട്. ട്രംപിന്റെ പ്രസ്താവനക്ക് വീഡിയോ തെളിവായിട്ടുള്ളത് നന്നായി, അല്ലെങ്കിൽ നമ്മൾ വിശ്വസിച്ചു പോയേനേയെന്നും രാഹുൽ കൻവാലിനെ പോലുള്ള പെയ്ഡ് മാധ്യമ പ്രവർത്തകർ സത്യത്തെ എപ്പോഴും വളച്ചൊടിക്കും. ഈ തുറന്നുകാണിക്കൽ എല്ലാ ഇന്ത്യക്കാരിലേക്കും എത്തിക്കണമെന്നും ഒരു ട്വിറ്റർ യൂസർ ആഹ്വാനം ചെയ്തതും കണ്ടു.
*** *** ***
മലേറിയ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ (എച്ച്‌സിക്യു). റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നിവയുടെ ചികിത്സക്കും ഹൈഡ്രോക്‌സി ക്ലോറോക്വിൻ നൽകുന്നുണ്ട്.
കോവിഡ്19 ന്റെ പരീക്ഷണാത്മക ചികിത്സക്കായും ഇത് ഉപയോഗിക്കുന്നുണ്ട്. 2020 മാർച്ച് 28 ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) യു.എസ് സർക്കാറിന് ദശലക്ഷക്കണക്കിന് ഡോസ് ആന്റി മലേറിയ മരുന്നുകൾ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ വിതരണം ചെയ്യാൻ അടിയന്തര അനുമതി നൽകി. എന്നിരുന്നാലും കൊറോണ വൈറസ് അണുബാധ തടയുന്നതിനായി ഈ മരുന്നുകളുടെ ദീർഘകാല ഉപയോഗത്തിന് എഫ് ഡി എ അംഗീകാരം നൽകിയിട്ടില്ല.
മലേറിയ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് എന്നിവ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കോവിഡ്19 ന്റെ കാര്യത്തിൽ അങ്ങനെ ഒരു സ്ഥിരീകരണം വന്നിട്ടില്ല. കൊറോണ വൈറസിനെതിരെ ഈ മരുന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കോവിഡ്19 രോഗികൾക്ക് ഇത് സുരക്ഷിതമാണെന്നും മനസ്സിലാക്കുന്നതിനായി കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് യു.എസിലെ ആരോഗ്യ വിദഗ്ധൻ ഡോ. ആന്റണി ഫൌചി അറിയിച്ചത്. ഇതിന്റെ പാർശ്വഫലങ്ങൾ ദീർഘകാല വിശാല ഉപയോഗത്തിന് തടയിടുന്നതാണ്. പ്രത്യേകിച്ചും, നിലവിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരോ അല്ലെങ്കിൽ ആന്റിഡിപ്രസന്റ്‌സ് പോലുള്ള മരുന്നുകൾ കഴിക്കുന്നവരോ ഇത് ഉപയോഗിക്കാൻ പാടില്ല എന്നാണ് വിദഗ്ധാഭിപ്രായം. ഈ മരുന്ന് നിർദേശിക്കുന്നതിന് മുമ്പ് വിദഗ്ധ പരിശോധന നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മലയാളത്തിൽ 24 ന്യൂസ് ചാനലിൽ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ച ഒരു വനിതയുടെ പ്രഭാഷണമുണ്ടായിരുന്നു. ഫേസ്ബുക്കിൽ ധാരാളം പേർ അത് പങ്ക് വെച്ചു. ലോക ബാങ്കിന്റെ ആഗോള സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പിനെ കുറിച്ച് അൽപം മുമ്പ് മറ്റൊരു ചാനലിൽ ഇതേ സ്ത്രീ സംസാരിക്കുന്നത് കേട്ടുവെന്നാണ് ഒരാളുടെ കമന്റ്. അതെന്ത് വർത്തമാനമാണ് ചങ്ങാതി? ഒരാൾക്ക് പല വിഷയങ്ങളിൽ വൈദഗ്ധ്യം പാടില്ലെന്നുണ്ടോ?
*** *** ***
ആന്ധ്ര പ്രദേശിൽ കൊറോണക്കുള്ള ഒറ്റമൂലിയായി കോവിഡ്19 വൈറസിന്റെ ആകൃതിയിലുള്ള ഉമ്മത്തിന്റെ കായ കഴിച്ച് 12 പേർ ആശുപത്രിയിലായതായി പ്രമുഖ തെലുങ്ക് ടെലിവിഷൻ ചാനലായ ഇടിവി റിപ്പോർട്ട് ചെയ്യുന്നു. ഉമ്മത്തിന്റെ കായ അരച്ച് ചേർത്ത ദ്രാവകം കുടിച്ചതാണ് അപകടം സൃഷ്ടിച്ചത്. പല ചിത്രങ്ങളിലും കോവിഡ് വൈറസിനെ വരച്ചുകാട്ടുന്നത് പച്ചനിറമുള്ള, മുള്ളുകളുള്ള ഒരു ഫലത്തിന് സമാനമായാണ്. ഏതാണ്ട് ഉമ്മത്തിന്റെ കായയുടെ ആകൃതിക്ക് സമാനം.
ഇത് കുഴപ്പം പിടിച്ച സാധനമാണ്. ഒരാളെ കൊല്ലാൻ വരെ പറ്റും. കുറഞ്ഞ ഡോസിൽ നൽകിയാൽ കഴിക്കുന്നയാൾ അബോധാവസ്ഥയിലാകും. ഈ സ്വഭാവം ഉള്ളതുകൊണ്ട് പണ്ട് കിഡ്‌നാപ് ചെയ്യുന്നതിനും ട്രെയിനിൽ മോഷണത്തിനും ഒക്കെ ഇത് ഉപയോഗിച്ചിരുന്നു. ഉമ്മത്തെ വിഷമാക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ ആണ്. തലച്ചോറിനെ ആദ്യം ഉത്തേജിപ്പിക്കുകയും പിന്നീട് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് മെഡുല്ലയിലെ പ്രധാന സെന്ററുകളിൽ പരാലിസിസ് ഉണ്ടാവുന്നു. തുടർന്ന് മരണം സംഭവിക്കാൻ വരെ സാധ്യതയുണ്ട്.
*** *** ***
സോഷ്യൽ മീഡിയയിലെ അൺ ലിമിറ്റഡ് ഫ്രീഡം മറ്റുള്ളവർക്ക് എത്രമാത്രം പ്രശ്‌നമാവുമെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ അറിയുന്നില്ല. ഏറ്റവും ഒടുവിലത്തെ ഇര പ്രമുഖ വ്യവസായി രത്തൻ ടാറ്റയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്ഡൗണിന് ശേഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗത്തിൽ തന്നെ തിരിച്ചെത്തുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തെയാണ് അദ്ദേഹം തള്ളിയത്. അത്തരത്തിൽ ഒരു സന്ദേശം എഴുതിയിട്ടില്ലെന്നാണ് ടാറ്റ പറയുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഔദ്യോഗിക അക്കൗണ്ട് വഴി തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്ത് വലിയ തകർച്ചക്ക് കാരണമാവുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഈ വിദ്ഗധർക്ക് മാനുഷിക പ്രോത്സാഹനത്തെക്കുറിച്ചോ കഠിനാധ്വാനത്തെക്കുറിച്ചോ അറിയില്ല. ഇവർ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാന് ഭാവിയുണ്ടാകില്ല എന്ന് പറഞ്ഞവരാണ്. ഇസ്രായീലിനെ അറബ് രാജ്യങ്ങൾ തുടച്ചു നീക്കുമെന്ന് പറഞ്ഞവരാണ്. എന്നാൽ ഇവരെല്ലാം തിരിച്ചുവന്നു. ഇത്തരത്തിൽ കൊറോണ വൈറസിനെ അതിജീവിച്ചുകൊണ്ട് ഇന്ത്യൻ വിപണിയും തിരിച്ചുവരും -ഇതായിരുന്നു രത്തൻ ടാറ്റയുടേതായി പ്രചരിച്ച സന്ദേശം.
*** *** ***
ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് രാജ്യത്തെ ടെലിവിഷൻ മേഖല വലിയ മാന്ദ്യത്തിലാണ്.
സീരിയലുകളും മറ്റു റിലായിറ്റി ഷോകളും എല്ലാം നിർത്തിവെച്ചിരിക്കുന്നു. കണ്ണീർ പരമ്പരകൾ ഷൂട്ട് ചെയ്തതെല്ലാം സംപ്രേഷണം ചെയ്തു കഴിഞ്ഞു. അഡിക്റ്റുകളുടെ കാര്യത്തിലെന്ത് ചെയ്യും? മംഗളം, മനോരമ ആഴ്ചപതിപ്പുകളുടെ പഴയകാല വായനക്കാരികളാണല്ലോ സീരിയൽ പ്രേക്ഷകരായി മാറിയത്. ലോക്ഡൗൺ ഒഴിവാക്കി കടകൾ തുറക്കുമ്പോൾ ചുരുങ്ങിയ പക്ഷം ജനപ്രിയ വീക്ക്‌ലികളുടെ പഴയ കോപ്പികളെങ്കിലും എത്തിച്ചു കൊടുക്കണം. മഴവിൽ മനോരമയിൽ ഇങ്ങനെ ഒഴിവായി ലഭിച്ച സമയത്ത് മറിമായത്തിന്റെ മികച്ച എപ്പിസോഡുകളുടെ പുനഃസംപ്രേഷണമുണ്ട്. അത് നന്നായി.
മാതൃഭൂമി ന്യൂസിൽ ബുള്ളറ്റിനുകളുടെ നേരം കഴിഞ്ഞാൽ കലാ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള രസകരമായ സംഭാഷണങ്ങളുണ്ട്. ഇതിനു പ്രേക്ഷകർ കൂടുന്നുവെന്ന് കണ്ട് മറ്റു ചില ചാനലുകാരും അനുകരിച്ചു തുടങ്ങി. ബോളിവുഡ് താരം പ്രീതി സിന്റ വീണു കിട്ടിയ അവധിക്കാലം ചെലവഴിക്കുന്നത് രസകരമാണ്. പഞ്ചാബി സുന്ദരിയുടെ കാര്യം സീ എന്റർടെയിൻമെന്റ് ചാനലാണ് റിപ്പോർട്ട് ചെയ്തത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യൻ ഭക്ഷണ വിഭവമായ മസാല ദോശ സ്വന്തമാക്കി തയാറാക്കിയെന്നതാണ് താരത്തിന്റെ നേട്ടം. പ്രീതി പണ്ടേ സൗത്ത് ഇന്ത്യൻ ഫാനാണ്. സ്ലിമ്മായി നിലനിൽക്കാൻ സഹായകമാവുന്നത് നിത്യേന പ്രാതലിൽ ഇഡ്‌ലി ഉൾപ്പെടുത്തിയതാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.
ജനം ടി.വിയിൽ വെള്ളിയാഴ്ച കേന്ദ്ര പ്രവാസി മന്ത്രി വി. മുരളീധരൻ പങ്കെടുത്ത ലൈവ് പ്രോഗ്രാം വെള്ളിയാഴ്ച ഉച്ചക്ക് സംപ്രേഷണം ചെയ്തു. പ്രവാസികളുടെ സംശയ നിവാരണത്തിന് അവസരം നൽകി. കുവൈത്തിലെ പ്രവാസി രണ്ട് തവണ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിൽ പോകാൻ കഴിയാതിരുന്ന ആളാണ്. ഭാര്യ ഗർഭിണിയാണ്. മെയ് മാസത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ ഇത്തരം കേസുകൾക്കായിരിക്കും മുൻഗണനയെന്ന് മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിത്യേന സന്ധ്യക്കുള്ള പത്രസമ്മേളനമാണ് റേറ്റിംഗിൽ മുന്നിട്ടു നിൽക്കുന്നത്. രാവിലെ പത്രം വിതരണം ചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം മുതൽ അമ്പലപ്പറമ്പിൽ പട്ടിണി കിടക്കുന്ന പട്ടിയുടെ കാര്യം വരെ ഇതിൽ വിഷയമാവുന്നു. ഇതുമായി ബന്ധപ്പെട്ട് വാട്ട്‌സാപ്പിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനം എന്ന ശീർഷകത്തിൽ ഒരു തമാശ പ്രചരിക്കുന്നുണ്ട്. ജയറാമിന്റെ ചക്കി, നിങ്ങളുടെ മാളവികയുടെ കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ലോക്ഡൗൺ കഴിഞ്ഞാൽ ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കും.