മലയാള സിനിമാ സംഗീത മേഖല അതിന്റെ തനതു പാരമ്പര്യത്തിന്റെ കരുത്തിൽ തിളങ്ങി വിളങ്ങി നിന്ന ഉജ്വലമായ ഒരു കാലഘട്ടത്തിനാണ് സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ നിര്യാണത്തോടെ തിരശ്ശീല വീണത്.
ദക്ഷിണാമൂർത്തി, ദേവരാജൻ മാഷ്, കെ. രാഘവൻ മാഷ്, എം.എസ്. ബാബുരാജ്, എ.ടി. ഉമ്മർ തുടങ്ങിയ സംഗീത സമ്രാട്ടുകൾ അനുവർത്തിച്ച ശുദ്ധസംഗീതത്തിലെ ശുഭപ്രതീക്ഷയുടെ പിന്തുടർച്ചയും കൂടിയാണ് അതിനൊപ്പം മറവിയിലേക്ക് മറയുന്നത്. ചലച്ചിത്ര സംഗീത രംഗത്ത് അവർക്ക് സമന്മാരായി നിലകൊണ്ട ജോൺസൺ മാഷെയും രവീന്ദ്രനെയും പോലെയുള്ള ഒരു ഇളംതലമുറ അകാലത്തിൽ അരങ്ങൊഴിഞ്ഞപ്പോഴും മലയാളിയുടെ മനസ്സിനെ പാട്ടിന്റെ പൗർണമി ചന്ദ്രികയായി തൊട്ടു വിളിച്ചുണർത്തിക്കൊണ്ട് അർജുനൻ മാസ്റ്റർ കൂടെയുണ്ടായിരുന്നു. കസ്തൂരി മണമുള്ള ആ പാട്ടുകളാണ്, ആ പാട്ടുകൾ തീർത്ത മല്ലികപ്പൂവിൻ മധുര ഗന്ധമാണ് മലയാളികൾക്കിപ്പോൾ നഷ്ടമായിരിക്കുന്നത്.
1936 മാർച്ച് ഒന്നിന് ഫോർട്ടു കൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാർവതിയുടെയും 14 ാമത്തെ മകനായായിരുന്നു അർജുനന്റെ ജനനം. അദ്ദേഹത്തിന് ആറു മാസം പ്രായമുള്ളപ്പോൾ പിതാവ് മരിച്ചു. പിന്നീട് കൂലിപ്പണിയെടുത്തും മറ്റും കഷ്ടപ്പെട്ട് കുടുംബം പോറ്റിയത് അമ്മയാണ്. കണ്ണീരിന്റെ കയ്പും പട്ടിണിയുടെ കാഠിന്യവും അനാഥത്വത്തിന്റെ അശരണതയും ആഴത്തിലറിഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. പലഹാരങ്ങൾ ഉണ്ടാക്കി വിറ്റും വീടുകളിൽ ജോലിക്കു നിന്നും ചുമടെടുത്തും കൂലിപ്പണി ചെയ്തും അദ്ദേഹം അമ്മയെ സഹായിച്ചു. അതിനായി രണ്ടാം ക്ലാസിൽ വെച്ച് പഠിത്തം തന്നെ നിർത്തി. എന്നിട്ടും വീട്ടിലെ കാര്യങ്ങൾ പച്ചപിടിച്ചില്ല. പട്ടിണിയും പരിവട്ടവും കുടുംബത്തെ വല്ലാതെ വീർപ്പുമുട്ടിച്ചു.
ആ സാഹചര്യത്തിലാണ് അർജുനനെയും ജ്യേഷ്ഠൻ പ്രഭാകരനെയും ഒരു ബന്ധു മുഖേന അമ്മ പഴനിയിലുള്ള ഒരു ആശ്രമത്തിലേക്ക് അയക്കുന്നത്. നിത്യപ്പട്ടിണിയിൽ നിന്നും അവരെങ്കിലും രക്ഷപ്പെടുമല്ലോ എന്നായിരുന്നു ആ ആ അമ്മ അപ്പോൾ ചിന്തിച്ചത്. അങ്ങനെ ഏഴാം വയസ്സു മുതൽ അർജുനൻ ആശ്രമത്തിലെ അന്തേവാസിയായി. ആശ്രമ ജീവിതം വലിയൊരളവോളം അദ്ദേഹത്തിന്റെ പിൽക്കാല വ്യക്തിത്വത്തെയും സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നുണ്ട്. അദ്ദേഹം ഒരു സന്ന്യാസിയെ പോലെ സൗമ്യനും സാത്വികനും ശാന്തനുമായിരുന്നു എന്ന് യേശുദാസിനെ പോലുള്ള ഗായകർ സാക്ഷ്യപ്പെടുത്തുന്നത് അതിന് ഉദാഹരണമാണ്. ഏത് പ്രകോപനപരമായ സാഹചര്യത്തിലും നിയന്ത്രണം വിടാതെ പെരുമാറുന്ന അദ്ദേഹത്തിന്റെ സ്വഭാവ മഹിമയെ കുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും പറയുന്നുണ്ട്.
പഴനിയിലെ ആശ്രമത്തിൽ സന്ധ്യക്ക് ഭജനയുണ്ടായിരുന്നു. ഭജന പാടുന്ന പ്രധാന പാട്ടുകാർക്കൊപ്പം അത് ഏറ്റുപാടാനാണ് അർജുനനും ജ്യേഷ്ഠനും ആദ്യം നിയോഗിക്കപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കകം തന്നെ പ്രധാന ഭജനക്കാരേക്കാൾ സ്വരശുദ്ധിയോടെ ആ ജ്യേഷ്ഠാനുജൻമാരാണ് പാടുന്നത് എന്ന് ആശ്രമ അധിപനായ നാരായണ സ്വാമി തിരിച്ചറിഞ്ഞു. അവരെ അദ്ദേഹം കുമാരയ്യപ്പിള്ള എന്ന ഒരു ഭാഗവതരുടെ അടുത്ത് പാട്ടു പഠിക്കാൻ പറഞ്ഞയച്ചു. തുടർന്ന് എട്ടു വർഷക്കാലത്തോളംം കർണാടിക് സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചുകൊണ്ടാണ് അവർ ആശ്രമത്തിൽ കഴിഞ്ഞത്. അർജുനനിലെ സംഗീതജ്ഞൻ രൂപപ്പെടുന്ന പശ്ചാത്തലമിതാണ്.

അപ്പോഴേക്കും അന്തേവാസികളുടെ ആധിക്യവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ആശ്രമം തകർച്ചയുടെ വക്കിൽ എത്തിയിരുന്നു. ആ അവസ്ഥയിൽ പലരും ആശ്രമം വിട്ടുപോകാൻ തുടങ്ങി. അങ്ങനെ ഒരു നാൾ അർജുനനും ജ്യേഷ്ഠനും അവിടം വിടേണ്ടി വന്നു. അന്ന് ആശ്രമാധിപൻ അർജുനന് നൽകിയ വരം നീ സംഗീതം കൊണ്ട് ജീവിക്കും എന്നായിരുന്നു. അദ്ദേഹം ഫോർട്ടു കൊച്ചിയിൽ തിരിച്ചെത്തി. ഗുരു അനുഗ്രഹിച്ചതു പോലെ സംഗീതം കൊണ്ട് തന്നെ ജീവിക്കാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷേ, അത് എങ്ങനെ എവിടെ വെച്ച് തുടങ്ങണം എന്നറിയാതെ കുഴങ്ങി. പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും വീണ്ടും ജീവിതത്തിൽ തലപൊക്കിത്തുടങ്ങി. എങ്കിലും സംഗീത പഠനം അദ്ദേഹം മുടക്കിയില്ല. അത് ഒരു അനുഷ്ഠാനം പോലെ തുടർന്നു. മട്ടാഞ്ചേരിയിലെ വിജയരാജൻ മാസ്റ്ററായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ഗുരു. സപ്തസ്വരങ്ങളിൽ താൻ ആദ്യം പഠിച്ചത് 'പ' ആയിരുന്നു എന്നദ്ദേഹം പലയിടത്തും പറഞ്ഞിട്ടുണ്ട്; പട്ടിണിയുടെ 'പ' ആയിരുന്നു അത്.
ആയിടക്കാണ് ഒരു നാടക സംഘം അദ്ദേഹത്തെ തേടിയെത്തിയത്. തങ്ങളുടെ നാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നു തരണം എന്നായിരുന്നു അവരുടെ ആവശ്യം. ഒരു ചെറിയ പ്രതിഫലം അഡ്വാൻസായി കിട്ടിയപ്പോൾ അർജുനന്റെ കണ്ണുകൾ നിറഞ്ഞു. അങ്ങനെ 1958 ൽ പള്ളിക്കുറ്റം എന്ന നാടകത്തിന് ഗാനങ്ങൾ ചിട്ടപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ആദ്യം വഴിത്തിരിവായത്. ആ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ചെറുതും വലുതുമായ പല നാടക സമിതികളും ഗാനങ്ങൾക്ക് സംഗീതം പകരാൻ അദ്ദേഹത്തെ തേടി വന്നു തുടങ്ങി. അങ്ങനെ അമച്വറും പ്രൊഫഷണലുമായ നിരവധി നാടകങ്ങളിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ചങ്ങനാശ്ശേരി ഗീഥ, സൂര്യസോമ, കോഴിക്കോട് ചിരന്തന, കെ.പി.എ.സി തുടങ്ങിയവ അവയിൽ ചിലതാണ്.
ജീവിച്ചിരുന്ന കാലത്ത് 300 ലേറെ നാടകങ്ങളിലായി 1000 ലേറെ ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകരുകയുണ്ടായി. കെ.പി.എ.സിയുടെ ഭീമസേനൻ എന്ന നാടകത്തിന് വേണ്ടി ഒ.എൻ.വി രചിച്ച് അദ്ദേഹം ഈണം നൽകിയ അഞ്ചിതളുള്ളൊരു പൂവേ/അഞ്ജനശ്രീയുള്ള പൂവേ തുടങ്ങിയ ഗാനങ്ങൾ പ്രസിദ്ധങ്ങളായിരുന്നു. എം.കെ. അർജുനൻ എന്ന സംഗീത സംവിധായകന്റെ പേരും പെരുമയും നാടറിഞ്ഞത് ഈ നാടക ഗാനങ്ങളിലൂടെയാണ്. അത് ഒരിക്കലും അദ്ദേഹം മറന്നില്ല. തനിക്ക് ഒരു ജീവിതം തന്നത് നാടകമാണ് എന്നദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആവർത്തിച്ചു പറഞ്ഞതിന്റെ പൊരുളും മറ്റൊന്നല്ല. എന്നു മാത്രമല്ല, സിനിമയിൽ തിരക്ക് വർധിച്ചപ്പോഴും എങ്ങനെയും സമയമുണ്ടാക്കി നാടകങ്ങൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഗീത നാടക അക്കാദമി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയത് 14 തവണയാണ്.
കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ എത്തിയപ്പോഴാണ് എം.കെ. അർജുനൻ സംഗീത സംവിധായകൻ ജി. ദേവരാജനെ ആദ്യം കാണുന്നതും പരിചയപ്പടുന്നതും. തുടർന്ന് അദ്ദേഹം ദേവരാജന്റെ സംഗീത ട്രൂപ്പിലെ പ്രധാന ഹാർമോണിയം വായനക്കാരനായി. ദേവരാജൻ മാഷ് സിനിമയിലെത്തി അധികം വൈകാതെ എം.കെ. അർജുനനും അവിടെയെത്തി. നാടകത്തിലും സിനിമയിലും ദേവരാജനൊപ്പം നിഴൽ പോലെ കൂടെ നിന്നു അനേകം വർഷങ്ങൾ. അന്ന് അവർക്കൊപ്പം പ്രധാന സഹായിയായി കൂടെയുണ്ടായിരുന്നത് ആർ.കെ. ശേഖർ ആയിരുന്നു (എ.ആർ. റഹ്മാന്റെ പിതാവ്). പിന്നീട് എ.ആർ. റഹ്മാനെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവരുന്നത് എം.കെ. അർജുനനായിരുന്നു. 1981 ൽ അടിമച്ചങ്ങല എന്ന ചിത്രത്തിന് അദ്ദേഹം സംഗീതം നൽകുമ്പോൾ കീബോർഡ് വായിച്ചുകൊണ്ടായിരുന്നു എ.ആർ. റഹ്മാന്റെ സംഗീത ലോകത്തേക്കുള്ള ജൈത്രയാത്രയുടെ തുടക്കം.
1968 ലാണ് എം.കെ. അർജുനൻ സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനായിത്തീരുന്നത്. ചിത്രം- കറുത്ത പൗർണമി. പടത്തിന് വേണ്ടി പി. ഭാസ്‌കരൻ മാഷ് എഴുതിയ ഗാനങ്ങൾക്കെല്ലാം അദ്ദേഹം വരികളുടെ അർഥവും ഭാവവും തൊട്ടുഴിഞ്ഞ് ഏറ്റവും മനോഹരമായി സംഗീതം ചിട്ടപ്പെടുത്തി. അവയെല്ലാം ഹിറ്റുകളുമായി. അതിലെ ഹൃദയമുരുകീ നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം എന്ന ഗാനം ചിട്ടപ്പെടുത്തുമ്പോൾ അത് തന്റെ തന്നെ ബാല്യകാല അനുഭവങ്ങളാണല്ലോ എന്നോർത്ത് കണ്ണു നിറഞ്ഞു പോയിരുന്നു എന്ന് ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി. ചിത്രത്തിലെ മറ്റൊരു ഗാനമായ മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസ സന്ധ്യകളേ എന്ന മെലഡി അക്ഷരാർഥത്തിൽ മലയാളിയുടെ മനസ്സിന്റെ മണിമുറ്റത്ത് മഴവില്ലിന്റെ മനോഹാരിതയോടെ അഴ തീർക്കുകയായിരുന്നു. മലയാളത്തിന് മെലഡിയുടെ മാസ്മരികത പകർന്നു നൽകിയ ഒരു മഹാമാന്ത്രികന്റെ പിറവി കൂടിയായിരുന്നു അത്.
1969 ലാണ് രണ്ടാമത്തെ ചിത്രമായ റസ്റ്റ് ഹൗസിന് അദ്ദേഹം സംഗീത സംവിധാനം നിർവഹിക്കുന്നത്. എം.കെ. അർജുനൻ എന്ന സംഗീത സംവിധായകന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി അത്. മലയാള സിനിമാ സംഗീത ലോകത്ത് അനശ്വര ഗാനങ്ങളുടെ ഒരു പൂക്കാലം വിരിയിച്ച ശ്രീകുമാരൻ തമ്പി-എം.കെ. അർജുനൻ കൂട്ടുകെട്ടിന്റെ തുടക്കം അതായിരുന്നു. രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി/ചന്ദ്രോദയം പുഷ്പമാല നീട്ടി എന്ന് ശ്രീകുമാരൻ തമ്പി പിൽക്കാലത്ത് കന്യാദാനം എന്ന ചിത്രത്തിന് വേണ്ടി എഴുതിയ വരികൾ അക്ഷരാർഥത്തിൽ അന്വർഥമാകുന്നതു പോലെയായിരുന്നു അത്. (ആ ചിത്രത്തിന്റെ സംഗീതവും എം.കെ. അർജുനൻ മാസ്റ്ററുടേതായിരുന്നു). വ
യലാർ-ദേവരാജൻ ദ്വയം പോലെ സിനിമയിലത് ഹിറ്റ് ഗാനങ്ങളുടെ ഇന്ദ്രജാലം തീർക്കുന്ന അതിശയകരമായ ഒരു കൂട്ടായ്മയായി. മലയാള സിനിമക്ക് എന്നുമെന്നും ഓർത്ത് നിർവൃതി കൊള്ളാൻ പാകത്തിൽ 400 ലേറെ മികവുറ്റ ഗാനങ്ങളാണ് 50 ലേറെ സിനിമകളിൽ സഹകരിച്ച ആ കൂട്ടുകെട്ടിൽ നിന്നും പിറന്നത്.

യദുകുല രതിദേവനെവിടെ, പാടാത്ത വീണയും പാടും, പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു (റസ്റ്റ് ഹൗസ്) സിന്ദൂരപ്പൊട്ടു തൊട്ട് ശൃംഗാര കൈയും വീശി, നീലക്കുട നിവർത്തി വാനം എനിക്കു വേണ്ടി, മലരമ്പനറിഞ്ഞില്ല മധുമാസമറിഞ്ഞില്ല (രക്തപുഷ്പം), നിൻമണിയറയിലെ നിർമല ശയ്യയിലെ നീല നീരാളമായി, നീല നിശീഥിനി നിൻ മണിമേടയിൽ (സി.ഐ.ഡി നസീർ) പവിഴം കൊണ്ടൊരു കൊട്ടാരം, നക്ഷത്രക്കിന്നരൻമാർ വിരുന്നു വന്നു (പുഷ്പാഞ്ജലി) കുയിലിന്റെ മണിനാദം കേട്ടു, പാലരുവി കരയിൽ പഞ്ചമി വിടരും പടവിൽ (പത്മവ്യൂഹം), മുത്തുകിലുങ്ങീ മണി മുത്തുകിലുങ്ങി (അജ്ഞാത വാസം), സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു (ഇതു മനുഷ്യനോ), മല്ലികപ്പൂവിൻ മധുര ഗന്ധം (ഹണിമൂൺ), നന്ത്യാർവട്ട പൂ ചിരിച്ചു (പൂന്തേനരുവി), തേടിത്തേടി ഞാനലഞ്ഞു ചെട്ടിക്കുളങ്ങര ഭരണി നാളിൽ (സിന്ധു), സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ (ചട്ടമ്പിക്കല്യാണി), തിരുവോണ പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ (തിരുവോണം), ചന്ദ്രക്കല മാനത്ത് ചന്ദന നദി താഴത്ത്, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, വാൽ കണ്ണെഴുതി വനപുഷ്പം ചൂടി (പിക്‌നിക്), ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി (കാത്തിരുന്ന നിമിഷം) തുടങ്ങി ശ്രീകുമാരൻ തമ്പി - എം.കെ. അർജുനൻ സംഗീത സൗഹൃദത്തിൽ മലയാള സിനിമക്ക് വരദാനമായി ലഭിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ എണ്ണം നിരവധിയാണ്.
യേശുദാസ്, പി. ജയചന്ദ്രൻ, സി.ഒ. ആന്റോ, ബ്രഹ്മാനന്ദൻ, വാണി ജയറാം, എസ്. ജാനകി, പി. സുശീല തുടങ്ങി ഒരുപാട് ഗായകരുടെ കര്യറിലെ മികച്ച ഗാനങ്ങളിൽ പലതിനും സംഗീതം പകർന്നത് എം.കെ. അർജുനൻ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. അവയിൽ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളും അല്ലാത്തവയുമുണ്ട്. തളിർവലയോ താമരവലയോ താലിപ്പൊൻവലയോ എന്ന ചീനവലയിലെ വയലാർ എഴുതിയ ഗാനം ആലപിച്ചത് യേശുദാസാണ് രക്തപുഷ്പം എന്ന സിനിമക്ക് വേണ്ടി ജയചന്ദ്രൻ പാടി ഹിറ്റായ ഗാനമാണ് മലരമ്പനറിഞ്ഞില്ല മധുമാസമറിഞ്ഞില്ല എന്നത്. വിളക്കെവിടെ വിജന തീരമേ വിളക്കെവിടെ എന്ന സി.ഒ. ആന്റോയുടെ പ്രസിദ്ധ ഗാനമുള്ളത് റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലാണ്.
സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ എന്ന വാണി ജയറാം ഗാനം ഭരണിക്കാവ് ശിവകുമാറിന്റെ രചനയിൽ ആശീർവാദം എന്ന സിനിമയിലാണുള്ളത്. കയം എന്ന ചിത്രത്തിനു വേണ്ടി പൂവച്ചൽ ഖാദർ രചിച്ച് എസ്. ജാനകി പാടിയ കായൽക്കരയിൽ തനിച്ചു വന്നതു കാണാൻ എന്ന ഗാനം ഏറെ പ്രസിദ്ധമാണ്. ദ്വാരകേ ദ്വാരകേ എന്ന വയലാറെഴുതി പി. സുശീല പാടിയ ഹലോ ഡാർലിങ് എന്ന സിനിമയിലെ ഗാനവും എടുത്തു പറയേണ്ടതു തന്നെയാണ്.
200 ലേറെ സിനിമകളിലായി 650 ലേറെ ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട് എം.കെ. അർജുനൻ മാസ്റ്റർ. അവയിൽ മിക്കതും കാലം നെഞ്ചോടു ചേർത്തു താലോലിച്ചോമനിച്ച് ഹിറ്റുകളാക്കിയവയായിരുന്നു. പക്ഷേ 52 വർഷക്കാലത്തെ സിനിമാ സംഗീത ജീവിതത്തിനിടയിൽ കേരള സംസ്ഥാന സർക്കാറിന്റെ അംഗീകാരം ഈ മഹാനായ കലാകാരനെ തേടിയെത്തിയത് ഒരിക്കൽ മാത്രം. അതും 2017 ൽ. ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകൾക്കായിരുന്നു അത്. മലയാളത്തിലുണ്ടായ നല്ല പാട്ടുകളെ അംഗീകരിക്കേണ്ടവർ തഴയുമ്പോൾ അപമാനിക്കപ്പെടുന്നത് മലയാള സംഗീത രംഗം തന്നെയല്ലേ എന്നു ചോദിച്ച പത്രക്കാരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു- ഒന്നിനും എനിക്ക് പരിഭവമില്ല; പരാതിയും. എം.കെ. അർജുനൻ എന്ന സംഗീതജ്ഞനിലെ സന്ന്യാസിവര്യന്റെ സാത്വിക ഭാവമാണ് അവിടെ ഉണർന്നത്.
ആർദ്രമധുരമായ ഗാനങ്ങളുടെ അവസാനിക്കാത്ത ആവനാഴിയായിരുന്നു എം.കെ. അർജുനൻ മാസ്റ്ററുടെ മനസ്സ്. പാടാത്ത വീണയെ പോലും പാടിക്കാനുള്ള ആ ഗന്ധർവ വിരലുകളുടെ കഴിവ് അപാരമായിരുന്നു. മലയാള ചലച്ചിത്ര ഗാനങ്ങളുടെ സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ ഭാവ വൈചിത്ര്യത്തിന്റെ ആയിരമായിരം ചന്ദ്രകിരണങ്ങൾ ചാലിച്ചു ചാർത്തി, ഓടിപ്പോകുന്ന വസന്തകാലത്തിന്റെ മധുരമത്രയും ചൂടിനിൽക്കുന്ന ഈ ജീവിതത്തിന്റെ പുഷ്പവാടിയിൽ നിന്നും ചെമ്പകത്തൈകൾ പൂത്ത മാനത്തേക്ക് നക്ഷത്ര
കിന്നരൻമാർ വിരുന്നു വരുന്നതും നോക്കി അദ്ദേഹം യാത്രയായി.






