അന്യരുടെ ദുഃഖം തന്റേയും ദുഃഖമാണെന്ന് തിരിച്ചറിയുന്നതാണ് യഥാർഥ മാനവികതയെങ്കിൽ ഇതാ പ്രവാസ ലോകത്ത് സഹജീവി സ്‌നേഹത്തിന്റെ മായാമുദ്രകൾ പതിപ്പിച്ച ഒരു മനുഷ്യ സ്‌നേഹി. ജീവകാരുണ്യം ദൈവാരാധന തന്നെയെന്ന് വിശ്വസിക്കുന്ന, അലിവിന്റെ ആൾരൂപമായ സിദ്ദീഖ് തുവ്വൂരിനെ പരിചയപ്പെടുക.
റിയാദ് മഖ്ബറത്തു അൽ ശിമാൽ.
ശ്മശാന മൂകത എന്ന് അക്ഷരാർഥത്തിൽ വിളിക്കാവുന്ന ശാന്തവും ഭീതിദവുമായ അന്തരീക്ഷം. ഖബറിടങ്ങൾക്ക് മീതെ കുറുകിപ്പറന്ന മൂന്നോ നാലോ പ്രാവുകളും അൽപം അകലെ ഒരു മയ്യിത്ത് മറവു ചെയ്യാൻ കൂട്ടംകൂടി നിൽക്കുന്ന കുറച്ചാളുകളും മാത്രം. കൊറോണ ബാധിച്ചു മരിച്ച മലയാളി യുവാവിന്റെ മയ്യിത്തുമായി വന്ന ആംബുലൻസിൽ നിന്ന് മൃതദേഹം പുറത്തിറക്കാൻ സിദ്ദീഖ് അവരോട് സഹായമഭ്യർഥിച്ചെങ്കിലും ആരും അടുത്തു വരാൻ സന്നദ്ധരായില്ല. തീർത്തും അപരിചിതരായ ആളുകളുടെ മയ്യിത്ത് കട്ടിൽ പോലും ചുമന്നു സഹായിക്കാൻ കൈയ്‌മെയ് മറന്ന് ഓടിക്കൂടുന്നവർക്കിടയിലാണ് പരാശ്രയത്തിനായി ഇത്തരമൊരു അഭ്യർഥന നടത്തേണ്ടി വന്നത്. ആരെയും കുറ്റപ്പെടുത്തിയിയട്ടു കാര്യമില്ല. സ്വന്തക്കാർക്ക് പോലും ഇതിനാവാത്ത സാഹചര്യമാണിത്. അവസാനം രണ്ടുപേർ മൃതദേഹം പുറത്തെടുക്കാനും അവിടെ വെച്ച് നിസ്‌കരിക്കാനും ഖബറിൽ വെക്കാനും സഹായിച്ച ശേഷം ധിറുതിയിൽ നടന്നുപോയി. അപ്പോഴേക്കും ആംബുലൻസ് ഡ്രൈവറും സ്ഥലം വിട്ടിരുന്നു. അര കിലോമീറ്റർ കഷ്ടിച്ച് അമ്പതോളം പേർ വീഡിയോ എടുക്കുന്നുണ്ടെങ്കിലും ആരും അടുക്കാൻ ധൈര്യപ്പെട്ടില്ല. ഉച്ചവെയിലിന്റെ കാഠിന്യം അസഹ്യമാണെങ്കിലും ഏകാന്തനായി ഖബറിന് മുകളിൽ മുക്കാൽ ഭാഗവും മണ്ണിട്ട് അവശനായപ്പോഴാണ് ഖബർസ്ഥാനിലെ രണ്ടു തൊഴിലാളികൾ സഹായിക്കാനെത്തിയത്. അവർക്ക് കൂലിയും നൽകി. കോവിഡ് വൈറസ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ച മലപ്പുറം ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്‌വാന്റെ (40) മൃതദേഹം ഖബറടക്ക ചടങ്ങുകൾ വിശദീകരിക്കവേ, അതിനു ശേഷം ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്ന മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി സിദ്ദീഖ് തുവ്വൂരിന്റെ വാക്കുകൾ ഇടറി. റിയാദ് കെ. എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ കൂടിയായ സിദ്ദീഖ് തുവ്വൂരിന്റെ ജീവിതത്തിലാദ്യമായിരുന്നു, നിതാന്ത ദുഃഖത്തിന്റെ പുടവ മൂടിനിന്ന ഈ മയ്യിത്ത് പരിപാലനം.
ഇക്കഴിഞ്ഞ നാലിന് ശനിയാഴ് രാത്രി 9.30 നാണ് ചികിത്സയിലിരിക്കേ സഫ്‌വാന്റെ മരണവാർത്ത സൗദി ജർമൻ ആശുപത്രിയിൽ നിന്നെത്തിയത്. പിറ്റേന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫക്കൊപ്പം ആശുപത്രിയിലെത്തി മെഡിക്കൽ റിപ്പോർട്ടും രേഖകളും വാങ്ങി ഇന്ത്യൻ എംബസിയിൽ ചെന്ന് എൻ.ഒ.സിയും നേടി. പോലീസ് സ്‌റ്റേഷനിൽ നിന്ന് ഖബറടക്കത്തിനുള്ള അനുമതി കൂടി ലഭ്യമാക്കി ഉച്ചക്ക് രണ്ടു മണിക്ക് മുമ്പ് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം ഖബറടക്കാനുള്ള രേഖയിൽ ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. ശേഷം ആരോഗ്യ മന്ത്രാലയത്തിലേക്ക് വിളിച്ചപ്പോൾ മൃതദേഹം നിങ്ങൾക്ക് സ്വയം കൊണ്ടുപോയി ഖബറടക്കാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ കോവിഡ് മരണങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ടെന്നും അതനുസരിച്ച് ഖബറടക്കണമെന്നും സിദ്ദീഖ് അവരോട് അഭ്യർഥിച്ചു.
പിറ്റേന്ന് രാവിലെ വീണ്ടും ആശുപത്രിയിലെത്തി അവിടെ നിന്ന് ആരോഗ്യ മന്ത്രാലയത്തിലേക്കും ശുമൈസി മോർച്ചറി മേധാവിക്കും ഫോൺ ചെയ്തു. ശേഷം മൃതദേഹം ഖബറടക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിൽ ചെന്ന് റിയാദ് മുനിസിപ്പാലിറ്റിയുടെ 'ഇദാറതു തഹ്ഹീസാത്തി'ലേക്ക് അടിയന്തര ഫാക്‌സ് സന്ദേശം അയപ്പിച്ചു. മയ്യിത്ത് പരിപാലനത്തിന് ശേഷം ആംബുലൻസ് വരുമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അതിന്റെ രേഖകളെല്ലാം റെഡിയാക്കി. രാത്രി എട്ട് മണിയോടെ ആശുപത്രിയിൽ നിന്ന് മടങ്ങി. പിറ്റേ ദിവസവും ഖബറടക്ക നടപടികൾ സാങ്കേതിക കാര്യങ്ങളിൽ കുടുങ്ങി പൂർത്തിയാക്കാനായില്ല.
നാലാമത്തെ ദിവസം പോലീസിൽ നിന്ന് ഒരിക്കൽ കൂടി ഇദാറതു തജ്ഹീസാത്തിലേക്ക് ഫാക്‌സ് അയപ്പിച്ചതോടെ അവിടെ നിന്ന് വിളിയെത്തുകയും പത്ത് മണിയോടെ പ്രത്യേക ആംബുലൻസ് ടീം വരുമെന്നറിയിക്കുകയും ചെയ്തു. പത്ത് മണിക്ക് ശേഷം പ്രത്യേക സജ്ജീകരണങ്ങളുമായി ആംബുലൻസ് എത്തിയെങ്കിലും ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കോവിഡ് കേസായതിനാൽ ഖബർസ്ഥാനിൽ പ്രത്യേക പരിശീലനം നേടിയവർ ഉണ്ടാവുമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആരെയും സഹായത്തിന് വിളിച്ചതുമില്ല. വൈറസ് ബാധയുള്ള മൃതദേഹം പരിചരിക്കുന്നതിനുള്ള ഡിസ്‌പോസബ്ൾ കവറോൾ അണിഞ്ഞ് എൻ 19 മാസ്‌കും ഫെയ്‌സ് ഷീൽഡും ധരിച്ച് ആംബുലൻസിന് പിന്നാലെ മഖ്ബറതുശ്ശിമാലിലെത്തി. അവിടെയെത്തിയപ്പോൾ പ്രത്യേക ടീമിനെയൊന്നും കണ്ടില്ലെന്ന് മാത്രമല്ല മറ്റു മയ്യിത്തുകളെ ഖബറടക്കാനെത്തിയവർ പോലും സിദ്ദീഖിന്റെയും ഡ്രൈവറുടെയും വേഷം കണ്ട് അകന്നകന്നു പോകുന്നതാണ് കണ്ടത്. ഒരു മണിയോടെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കി വീട്ടിലെത്തി. ഭാര്യയോടും മക്കളോടും അടുത്തു വരരുതെന്ന് ആവശ്യപ്പെട്ട് ഭാര്യയോട് ഭക്ഷണം പുറത്തെടുത്തുവെക്കാനും ബാഗിൽ തന്റെ വസ്ത്രങ്ങൾ പായ്ക്ക് ചെയ്യാനുമാവശ്യപ്പെട്ടു. കോവിഡ് മൃതദേഹവുമായി അടുത്തിടപഴകേണ്ടി വന്നതിനാൽ തന്റെ കുടുംബത്തിന്റെ സുരക്ഷക്കായി സിദ്ദീഖ് സെൽഫ് ക്വാറന്റൈൻ തീരുമാനിക്കുകയും വീടുവിട്ടിറങ്ങി മറ്റൊരിടത്ത് താമസിക്കുകയുമാണ്. ഇതുവരെ ലക്ഷണങ്ങളൊന്നുമില്ലെന്ന് സിദ്ദീഖ് പറയുന്നു, അല്ലാഹുവിന് സ്തുതി.
മരണം നടന്നതിന്റെ പിറ്റേ ദിവസം സഫ്‌വാന്റെ ഭാര്യയെയും തൊട്ടടുത്ത ഫഌറ്റിൽ താമസിക്കുന്നവരെയും ആശുപത്രിയിൽ കൊണ്ടുപോയി കോവിഡ് പരിശോധന നടത്താൻ സി.പി. മുസ്തഫയുടെ നേതൃത്വത്തിൽ സിദ്ദീഖും മറ്റു സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് കല്ലുപറമ്പനും മുനീർ മക്കാനിയും രാവിലെ തുടങ്ങിയ ശ്രമം രാത്രിയാണ് ഫലം കണ്ടത്. ഒടുവിൽ അവരെ ഒരു കാറിൽ ആശുപത്രിയിലേക്ക് വിടുകയും സിദ്ദീഖ് തുവ്വൂർ അനുഗമിക്കുകയും ചെയ്തു. അൽഈമാൻ ആശുപത്രിയിൽ പരിശോധനാ നടപടികൾ പൂർത്തിയായപ്പോൾ രാത്രി ഒരു മണി കഴിഞ്ഞിരുന്നു.
മരണം, അപകടം, കള്ളക്കേസുകൾ, നഷ്ടപരിഹാരക്കേസുകൾ, ജയിൽ, തർഹീൽ, തൊഴിൽ പ്രശ്‌നങ്ങൾ, ഇൻഷുറൻസ് പ്രശ്‌നങ്ങൾ, മാനസിക രോഗമുള്ളവർക്ക് ചികിത്സയും നാട്ടിലയക്കലും തുടങ്ങി പ്രവാസികളനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും സിദ്ദീഖിന്റെയടുത്ത് പരിഹാരമുണ്ട്. ഇതിനായി കോടതികളും പോലീസ് സ്‌റ്റേഷനുകളും മോർച്ചറികളും ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളും കയറിയിറങ്ങുകയാണ് ഓരോ ദിവസവും സിദ്ദീഖ്. ഒരു പ്രശ്‌നം തീരുന്നതിന് മുമ്പ് അടുത്തതെത്തും. എത്രയും പെട്ടെന്ന് തീർത്തുകൊടുക്കണമെന്ന ദൃഢനിശ്ചയത്തിൽ എല്ലാം സ്വതഃസിദ്ധമായ പുഞ്ചിരിയോടെ ഏറ്റെടുക്കും. കേസുകെട്ടുകളുമായി അതിരാവിലെ വീട്ടിൽ നിന്നിറങ്ങും. പിന്നീട് ഫയലും പിടിച്ച് ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങും. അവയെല്ലാം പൂർത്തിയാക്കി വീട്ടിലെത്തുമ്പോൾ രാവേറെ ചെല്ലും. എന്നും ഇതേപടി തുടരുന്നത് അത്ര ഇഷ്ടമല്ലെങ്കിലും ആളുകളുടെ ദുരിതം തീർക്കുന്നത് വഴി അവരുടെയും കുടുംബത്തിന്റെയും പ്രാർഥനകളുണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ പൂർണ പിന്തുണ നൽകുകയാണ് ഭാര്യ ബാസിമ.
അബുദാബിയിൽ നിന്നെത്തിയ 320 കിലോ സ്വർണം റിയാദ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ കാണാതായ സംഭവത്തിൽ അറസ്റ്റിലായ ഏഴ് ഇന്ത്യക്കാരുടെ നിരപരാധിത്വം തെളിയിച്ച സംഭവം തന്റെ സാമൂഹിക സേവന കാലയളവിലെ ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് സിദ്ദീഖ് ഓർക്കുന്നു. നാലു മലയാളികളടക്കം കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഏഴ് ഇന്ത്യക്കാരാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓഫീസിൽ കയറിയിറങ്ങിയാണ് ഒരു മാസത്തിനുള്ളിൽ ഇവരുടെ നിരപരാധിത്വം തെളിയിക്കാനായത്. ഒന്നര വർഷം മുമ്പാണ് സംഭവം. ദവാദ്മിയിലുണ്ടായ വാഹനാപകടത്തിന്റെ പേരിൽ ആറു ലക്ഷത്തോളം റിയാൽ നഷ്ടപരിഹാരം വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ മലപ്പുറം സ്വദേശി ഷംസുദ്ദീന് എല്ലാ പിഴകളും ഒഴിവായി നാട്ടിലേക്ക് പോകാനായതും മാസങ്ങൾ നീണ്ട കഠിന പ്രയത്‌നം കൊണ്ടായിരുന്നു.
2003 ൽ സൗദി അറേബ്യയിലെത്തിയ തുവ്വൂർ അസോസിയേഷനിലൂടെയാണ് സിദ്ദീഖ് സാമൂഹിക പ്രവർത്തനത്തിൽ സജീവമായത്. 2016 ൽ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാനായി. ഇപ്പോൾ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാനാണ്.
മലപ്പുറം ജില്ലയിലെ തുവ്വൂർ കിഴിശ്ശേരി ഇബ്രാഹിം - മറിയം ദമ്പതികളുടെ മകനാണ്. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ നിന്ന് എം.കോം ബിരുദം നേടിയ ഇദ്ദേഹം വളാഞ്ചേരി മജ്‌ലിസ് കോളേജിൽ അധ്യാപകനായി സേവനം ചെയ്തതിന് ശേഷമാണ് റിയാദിലെത്തിയത്. നേഹാ മർയം, സാറാ മറിയം മക്കളാണ്.