Sorry, you need to enable JavaScript to visit this website.

2027 ഏഷ്യന്‍ കപ്പ്  ഇന്ത്യയിലോ സൗദിയിലോ

ദുബായ് - 2027 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വേദിക്കായി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ മത്സരം. സൗദി അറേബ്യ മാത്രമേ നിശ്ചിത സമയപരിധിക്കകം അപേക്ഷക്ഷ സമര്‍പ്പിച്ചിരുന്നുള്ളൂ. എന്നാല്‍ കൊറോണ പരിഗണിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ ദിവസം അപേക്ഷിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. തുടര്‍ന്നാണ് ഇന്ത്യയും ഔദ്യോഗികമായി അപേക്ഷ നല്‍കിയത്. 
ഇരു രാജ്യങ്ങളും ഇതുവരെ ഏഷ്യാ കപ്പ് സംഘടിപ്പിച്ചിട്ടില്ല. സൗദി മൂന്നു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായിട്ടുണ്ട്. 2023 ലെ ഏഷ്യന്‍ കപ്പ് നടത്താന്‍ ഇന്ത്യ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തായ്‌ലന്റ്, ഇന്തോനേഷ്യ, തെക്കന്‍ കൊറിയ, ചൈന എന്നീ രാജ്യങ്ങളും രംഗത്തുണ്ടായിരുന്നു. 2018 ഒക്ടോബറില്‍ ഇന്ത്യ പിന്മാറി. പിന്നീട് തായ്‌ലന്റ്, കൊറിയ എന്നീ രാജ്യങ്ങളും പിന്മാറി. ചൈനയിലെ വിവിധ നഗരങ്ങളിലായാണ് 2023 ലെ ടൂര്‍ണമെന്റ് നടക്കുക. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ ഖത്തറായിരുന്നു ചാമ്പ്യന്മാര്‍. 
2023 ലെ വനിതാ ഏഷ്യന്‍ കപ്പ് തെക്കന്‍ കൊറിയയിലാണ്. 2027 ലെ ഏഷ്യന്‍ കപ്പ് നടത്താന്‍ ഇന്ത്യക്കും സൗദി അറേബ്യക്കുമൊപ്പം തെക്കന്‍ കൊറിയയും രംഗത്തു വന്നേക്കുമെന്നാണ് സൂചന. 
2017 ലെ അണ്ടര്‍-17 ലോകകപ്പ് വിജയകരമായി നടത്തിയതോടെയാണ് ഇന്ത്യക്ക് വന്‍കിട ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. നവംബറില്‍ വനിതാ അണ്ടര്‍-17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊറോണ കാരണം നീട്ടിവെച്ചു. 2022 ലെ വനിതാ ഏഷ്യന്‍ കപ്പും ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്.
2027 ലെ ഏഷ്യന്‍ കപ്പ് വേദി അടുത്ത വര്‍ഷം ആദ്യമാണ് ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിക്കുക. ഇന്ത്യ നാലു തവണ ഏഷ്യന്‍ കപ്പില്‍ കളിച്ചിട്ടുണ്ട്. 1964 ല്‍ റണ്ണേഴ്‌സ്അപ്പായതാണ് മികച്ച പ്രകടനം. നാലു ടീമുകള്‍ മാത്രം റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മത്സരിച്ച ടൂര്‍ണമെന്റായിരുന്നു അത്. ആതിഥേയരായ ഇസ്രായില്‍ ചാമ്പ്യന്മാരായി. ഹോങ്കോംഗും തെക്കന്‍ കൊറിയയുമായിരുന്നു മറ്റു ടീമുകള്‍. 1984 ലും 2011 ലും 2019 ലുമാണ് അതിനു ശേഷം പങ്കെടുത്തത്. മൂന്നു തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.  2019 ല്‍ തലനാരിഴ വ്യത്യാസത്തിലാണ് ഇന്ത്യക്ക് നോക്കൗട്ട് സ്ഥാനം നഷ്ടപ്പെട്ടത്. തായ്‌ലന്റിനെ 4-1 ന് തകര്‍ത്ത് ഉജ്വലമായി തുടങ്ങിയെങ്കിലും അടുത്ത കളിയില്‍ യു.എ.ഇയോട് തോറ്റു. ബഹ്‌റൈനോട് ഇഞ്ചുറി ടൈം പെനാല്‍ട്ടി ഗോളില്‍ തോറ്റതോടെയാണ് അവസാന പ്രതീക്ഷയും അസ്തമിച്ചത്. 

 

Latest News