Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് രാജ്യങ്ങളില്‍ 791 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

റിയാദ് - ആറു ഗള്‍ഫ് രാജ്യങ്ങളിലായി 791 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയില്‍ 277 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2,076 ആയി ഉയര്‍ന്നു. യു.എ.ഇയില്‍ പുതുതായി 23 പേര്‍ കൂടി കൊറോണ വൈറസ് മുക്തരായിട്ടുണ്ട്. ഇതോടെ യു.എ.ഇയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 167 ആയി. യു.എ.ഇയില്‍ ഇന്നലെ ഒരു കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തു. മലയാളി യുവാവാണ് മരിച്ചത്. അജ്മാനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തുവന്ന കണ്ണൂര്‍ സ്വദേശി ഹാരിസ് ടി.സി ആണ് മരിച്ചത്. ഇതോടെ യു.എ.ഇയില്‍ കൊറോണ മരണം 11 ആയി.


ഖത്തറില്‍ 228 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ ഇതുവരെ 1,832 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ വൈറസ് മുക്തരായവരുടെ എണ്ണം 131 ആയി ഉയര്‍ന്നിട്ടുമുണ്ട്. ബഹ്‌റൈനില്‍ ഇന്നലെ 23 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 723 ആയിട്ടുണ്ട്. ഖത്തറിലും ബഹ്‌റൈനിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു രാജ്യങ്ങളിലും നാലു കൊറോണ രോഗികള്‍ വീതമാണ് ഇതുവരെ മരിച്ചത്.


കുവൈത്തില്‍ 109 കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 665 ആയി. കുവൈത്തിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തില്‍ ഇതുവരെ ഒരു കൊറോണ മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ 33 കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ കൊറോണ രോഗികളുടെ എണ്ണം 331 ആയി. ഒമാനിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാനില്‍ ഇതുവരെ രണ്ടു കൊറോണ രോഗികളാണ് മരണപ്പെട്ടത്. സൗദിയില്‍  121 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. സൗദിയില്‍ നാലു പേര്‍ മരിച്ചിട്ടുമുണ്ട്. ഇതോടെ സൗദിയില്‍ കൊറോണ മരണം 38 ആയി.

 

Latest News