Sorry, you need to enable JavaScript to visit this website.
Friday , May   29, 2020
Friday , May   29, 2020

ഓട്ടോ ഓടിക്കുന്ന ഫിലിം എഡിറ്റർ 

സ്വപ്നങ്ങൾക്കു ചിറകുകൾ നൽകി പറക്കാൻ ശ്രമിക്കുമ്പോഴാണ് നാരായണന് ആകാശം നഷ്ടപ്പെട്ടത്. കഠിന പ്രയത്‌നത്തിലൂടെ ഉയരങ്ങൾ കീഴടക്കുന്നതിനിടയിൽ അശനിപാതം പോലെ വന്നുഭവിച്ച ചില തിരിച്ചടികൾ. അധ്വാനിച്ചു നേടിയതെല്ലാം ഉപേക്ഷിച്ച് ഉന്നതങ്ങളിൽനിന്നും താഴേക്കു പതിക്കാൻ വിധിക്കപ്പെട്ടവൻ. അവിടെയും തോൽക്കാൻ ഇഷ്ടപ്പെടാതെ തന്നാലാവുന്നതു ചെയ്തു ജീവിതം നയിക്കുകയാണദ്ദേഹം. വിധി നിയോഗമെന്നല്ലാതെ മറ്റെന്തു പേരിട്ടാണ് ഇതിനെ വിശേഷിപ്പിക്കുക...
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത മാത്തിൽ നാരായണന്റെ ജീവിതം വിധി തിരുത്തിക്കുറിക്കുകയായിരുന്നു. ഭരതനെയും പ്രിയദർശനെയും ടി.വി. ചന്ദ്രനെയും പോലുള്ള പ്രശസ്ത സംവിധായകരുടെ സിനിമകളുടെ എഡിറ്ററുടെ മുഖ്യ സഹായിയായിരുന്ന നാരായണൻ ഇന്നു ജീവിതായോധനത്തിനായി പയ്യന്നൂരിലെ തിരക്കിട്ട നഗരത്തിൽ ഓട്ടോ ഓടിക്കുന്നു. ജീവിതം സമ്മാനിച്ച ചില താളപ്പിഴകൾ ഈ മനുഷ്യനെ അങ്ങനെയാണ് എഡിറ്റ് ചെയ്തത്.


കാലത്തെ പിറകിലേക്കു നടത്താം. അവിടെ നാരായണൻ മാത്തിൽ ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയാണ്. പഠനം പൂർത്തിയായപ്പോഴാണ് നാരായണന് കൊച്ചിയിലേക്കു വണ്ടി കയറാൻ തോന്നിയത്. സഹോദരനായ സെവൻ ആർട്‌സ് മോഹൻ അക്കാലത്ത് ഹരി പോത്തന്റെ സുപ്രിയ ഫിലിംസിൽ മാനേജറായിരുന്നു. അദ്ദേഹത്തിന്റെ പിൻബലത്തിലായിരുന്നു നാരായണന്റെ യാത്ര. അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായിരുന്നു സുപ്രിയ ഫിലിംസ്.
കൊച്ചിയിലെത്തിയ നാരായണൻ ജീവിതായോധനത്തിനായി മൂവി ബഷീറിന്റെ എംബീസ് പബ്ലിസിറ്റിയിൽ ചേർന്നു. അക്കാലത്ത് റെയിൽവേ പരസ്യങ്ങളുടെ കുത്തക ഇവർക്കായിരുന്നു. എന്നാൽ നാരായണനു കേരളത്തിലുടനീളം സിനിമാ പോസ്റ്റർ ഒട്ടിക്കലായിരുന്നു ജോലി.


സുപ്രിയ ഫിലിംസ് പൊളിഞ്ഞപ്പോൾ മോഹൻ ചെന്നൈയിലേക്കു കൂടുമാറി; കൂടെ നാരായണനും. ചെന്നൈയിലെത്തിയ നാരായണൻ സുഹൃത്തിനൊപ്പമായിരുന്നു താമസം. ചെന്നൈ സാലിഗ്രാമത്തിനടുത്ത് മുറുക്കാൻ കട നടത്തിയായിരുന്നു തുടക്കം. വാടക കൊടുക്കാൻ പോലും പണമില്ലാതായപ്പോഴാണ് ഓട്ടോ ഓടിച്ചാലെന്തെന്ന ചിന്തയുദിച്ചത്. ലൈസൻസ് ഇല്ലാതെ വണ്ടി കിട്ടില്ലെന്നായി. ഒരാഴ്ച കൊണ്ട് ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് പരീക്ഷ ജയിച്ചു. തമിഴ് അറിയില്ലെന്ന കാരണത്താൽ ആർ.ടി.ഒ ലൈസൻസ് നൽകിയില്ല. തുടർന്ന് തമിഴ് പഠിക്കാനായി ശ്രമം. തമിഴ് പത്രമായ ദിനതന്തി സുഹൃത്തുക്കളുടെ സഹായത്താൽ വായിച്ചു പഠിച്ചു. ഒരാഴ്ചക്കുള്ളിൽ ആർ.ടി ഓഫീസിലെത്തി തമിഴിൽ അപേക്ഷ എഴുതിക്കൊടുത്ത് ലൈസൻസ് സമ്പാദിച്ചു.
കുട്ടിക്കാലം തൊട്ടേ സിനിമ കാണുന്ന ശീലമുള്ളതിനാൽ വൈകിട്ട് പലപ്പോഴും സിനിമ കാണും. മടക്കയാത്രയിൽ ഓട്ടോയിൽ ആളെ കയറ്റി യാത്ര പോകും. ഇതറിഞ്ഞ ചേട്ടൻ നാരായണന് മാതൃഭൂമിയിൽ സർക്കുലേഷൻ ഹെൽപറായി ജോലി തരപ്പെടുത്തിക്കൊടുത്തു. മോഹനും അന്നു മാതൃഭൂമിയിലായിരുന്നു ജോലി.


സർക്കുലേഷൻ ഹെൽപറായി പത്ര പ്രചാരണത്തിനു വേണ്ടി ചെന്നൈയിലെ ഒട്ടേറെ വീടുകൾ കയറിയിറങ്ങിയത് ഇന്നും നാരായണന്റെ ഓർമയിലുണ്ട്. ഇതിനിടയിലായിരുന്നു ചിത്രഭൂമിയുടെ തുടക്കം. സിനിമാ വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് കോഴിക്കോട്ടേക്ക് അയച്ചുകൊടുക്കലായി ജോലി. ഷൂട്ടിംഗ് ലൊക്കേഷനിൽ കയറിയിറങ്ങി പല പ്രമുഖരെയും പരിചയപ്പെട്ടു. സോമനും ഷീലയും അഭിനയിച്ച പവിഴമുത്തിന്റെ ലൊക്കേഷനിലായിരുന്നു ആദ്യമെത്തിയത്. സിനിമയുടെ ആദ്യ ഷോകൾക്കും നാരായണൻ ക്ഷണിക്കപ്പെടുമായിരുന്നു. ബ്യൂറോ ചീഫായിരുന്ന സഹദേവന്റെ കീഴിൽ രണ്ടു വർഷത്തോളം മാതൃഭൂമിയിൽ ജോലി ചെയ്തു.


ഇതിനിടയിൽ ഒരിക്കൽ ചേട്ടനോടൊപ്പം എ.വി.എം സ്റ്റുഡിയോ കാണാൻ പോയിരുന്നു. അവിടെ എഡിറ്റിംഗ് റൂമും കാണാനിടയായി. അകത്തേക്കു പ്രവേശനം ലഭിച്ചില്ലെങ്കിലും സിനിമ രൂപം കൊള്ളുന്നയിടം നാരായണന്റെ മനസ്സിൽ തങ്ങിനിന്നു. ആഗ്രഹം ചേട്ടനെ അറിയിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി വിജയ വാഹിനി സ്റ്റുഡിയോയിൽ കയറിപ്പറ്റി. അവിടത്തെ പന്ത്രണ്ട് എഡിറ്റിംഗ് മുറികളിൽ രണ്ടാമത്തെ മുറിയിൽ നാരായണനും കടന്നുകൂടി. പ്രശസ്ത എഡിറ്ററും സംവിധായകനുമെല്ലാമായ എൻ.പി. സുരേഷിന്റെ അസിസ്റ്റന്റായി അഭ്യാസം തുടങ്ങി.
ചോറ്റാനിക്കര ദേവിയുടെ ഐതിഹ്യ കഥയായ അമ്മേ നാരായണ എന്ന ചിത്രത്തിന്റെ ഫിലിമിലായിരുന്നു നാരായണന്റെ കത്രിക ആദ്യമായി പതിഞ്ഞത്. ശ്രീവിദ്യ മൂന്നു റോളുകളിൽ തിളങ്ങിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ചുമതല എൻ.പി. സുരേഷായിരുന്നു. കൂടാതെ ഇതാ ഒരു സിംഹം എന്ന ചിത്രത്തിന്റെയും സഹായിയായി.  ഓരോ ഷോട്ടും കൃത്യമായി ഒട്ടിച്ചെടുക്കാൻ തികഞ്ഞ ശ്രദ്ധ വേണം. എഡിറ്റർ കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് എഡിറ്റ് ചെയ്‌തെടുക്കുന്നവ കൃത്യമായി ഒട്ടിച്ചെടുക്കണം. നെഗറ്റീവും പോസിറ്റീവും റോളും പ്രിന്റുമായി വർഷങ്ങൾ നീണ്ട തപസ്യ.
ഭരത് ഗോപിയും ഹിന്ദി അഭിനേത്രി രാമേശ്വരിയും അഭിനയിച്ച ഓണത്തുമ്പിക്കൊരൂഞ്ഞാൽ എന്ന ചിത്രത്തിലെത്തുമ്പോഴേക്കും അസിസ്റ്റന്റ് എഡിറ്ററായി നാരായണൻ മാറിയിരുന്നു. കടമറ്റത്തച്ചനായിരുന്നു അടുത്ത ചിത്രം. പിന്നീട് ഭരതന്റെ ഒഴിവുകാലം, വൈശാലി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളിലും ബാലു കിരിയത്തിന്റെ തത്തമ്മേ പൂച്ച പൂച്ച എന്ന ചിത്രത്തിലും അസിസ്റ്റന്റ് എഡിറ്ററായി.


എഡിറ്ററുമായുണ്ടായ മാനസികമായ അകൽച്ചയാണ് പ്രിയദർശനുമായി അടുപ്പത്തിലാക്കിയത്. ഇവിടെയും ചേട്ടനായിരുന്നു സഹായിച്ചത്. ചിത്രം സിനിമയുടെ രണ്ടാം ഷെഡ്യൂൾ തുടങ്ങുന്ന കാലം. എൻ. ഗോപാലകൃഷ്ണന്റെ സഹായിയായി നാരായണനും കൂടി. ബാലാജിയുടെ സുജാത സ്റ്റുഡിയോയിലായിരുന്നു എഡിറ്റിംഗ്. തുടർന്ന് വന്ദനം, വെള്ളാനകളുടെ നാട്, കിലുക്കം, മിഥുനം, അഭിമന്യു... തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. വേണു നാഗവള്ളിയുടെ ഏയ് ഓട്ടോ, ലാൽ സലാം, ആയിരപ്പറ എന്നിവയും നാരായണൻ എഡിറ്റ് ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. എഡിറ്റിംഗിനു യോജിച്ച രീതിയിൽ സിനിമയെടുക്കുന്നതിനാൽ പ്രിയന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ എളുപ്പമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ നാരായണൻ പറയുന്നു.
ചേട്ടൻ സെവൻ ആർട്ട്‌സ് മോഹൻ പ്രൊഡക്ഷൻ കൺട്രോളറായ രണ്ടാം ഭാവം പരാജയപ്പെട്ടപ്പോൾ സാമ്പത്തികമായി ഞെരുക്കമായി. അതോടെ ചെന്നൈ വിട്ടു. രണ്ടു വർഷത്തോളം കോഴിക്കോട്ടെ ഒരു സ്റ്റുഡിയോയിൽ ജോലി നോക്കി. ചേട്ടനാകട്ടെ എറണാകുളത്തേക്കും മാറി.


ടി.വി. ചന്ദ്രന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാനാണ് നാരായണൻ തിരുവനന്തപുരം ചിത്രാഞ്ജലിയിലെത്തിയത്. വി. വേണുഗോപാലിനൊപ്പം പൊന്തൻമാട, ഓർമകൾ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി എന്നീ ചിത്രങ്ങൾ എഡിറ്റ് ചെയ്തു. അഞ്ചു വർഷം കൊണ്ട് അഞ്ചു ചിത്രങ്ങൾ. ഒൻപത് ദേശീയ അവാർഡുകൾ നേടിയ പൊന്തൻമാടയുടെ പ്രൊഡക്ഷൻ കൺട്രോളറും ചേട്ടനായിരുന്നു. ഇതിനിടയിൽ തേന്മാവിൻ കൊമ്പത്തും മുത്തശ്ശിക്കഥയും എഡിറ്റ് ചെയ്തു.
കാലത്തിനനുസരിച്ച് മാറ്റങ്ങൾ വന്നപ്പോൾ സിനിമയിൽ ഫിലിം എഡിറ്റിംഗ് ഇല്ലാതായി. അതോടെ കംപ്യൂട്ടർ എഡിറ്റിംഗും പഠിച്ചെടുത്തു. ആവിഡ് സോഫ്റ്റ്‌വെയറായിരുന്നു എഡിറ്റിംഗിന് ഉപയോഗിച്ചിരുന്നത്. അതോടെ സംഗതി കുറേക്കൂടി സുഗമമായി. മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ് സിനിമയായ മിലെനിയം സ്റ്റാർസ് എന്ന ചിത്രത്തിൽ എൻ.പി. സതീഷിനൊപ്പം നാരായണനുമുണ്ടായിരുന്നു. ജയരാജായിരുന്നു സംവിധായകൻ.


1995 ൽ ബന്ധുവായ ബാലാമണിയെ ജീവിത സഖിയാക്കി ചെന്നൈയിൽ ജീവിതം തുടങ്ങിയ നാരായണന് മകൻ ദർശന്റെ ജനനത്തോടെയാണ് ജീവിതം  വഴിമാറിയത്. സെറിബ്രൽ പൾസിയായിരുന്ന മകനെ ശുശ്രൂഷിക്കാനായി നാരായണൻ സിനിമാ ലോകത്തുനിന്നും പിൻവാങ്ങി. ഒന്നും സംസാരിക്കാത്ത, നടക്കാൻ പോലും പ്രയാസപ്പെടുന്ന, ആരെങ്കിലും വാരി നൽകിയാൽ മാത്രം ഭക്ഷണം കഴിക്കുന്ന മകനെ തനിച്ചാക്കി പോകാൻ നാരായണന്റെ മനസ്സ് അനുവദിച്ചില്ല. സംഗീതത്തെ സ്‌നേഹിക്കുന്ന അവനു വേണ്ടി വീട്ടിലെപ്പോഴും പാട്ടു കേൾക്കാം.
വീടിനടുത്ത കന്യാസ്ത്രീ മഠത്തിലായിരുന്നു ആദ്യ കാലത്ത് ദർശന് വിദ്യാഭ്യാസം നൽകിയത്. പിന്നീട് പയ്യന്നൂരിനടുത്ത തായിനേരിയിലെ എം.ആർ.സി.എച്ച് സ്‌പെഷ്യൽ സ്‌കൂളിൽ ചേർത്തു. ഓട്ടോ യാത്ര ഇഷ്ടപ്പെട്ട മകനു വേണ്ടി നാരായണൻ സ്വന്തമായി ഓട്ടോ വാങ്ങി. ദിവസവും രാവിലെ വീട്ടിൽനിന്നും മകനെയും കൂട്ടി ഇരുപതു കിലോമീറ്റർ അകലെയുള്ള എം.ആർ.സി.എച്ചിൽ എത്തും. തുടർന്ന് പയ്യന്നൂരിലെ സ്റ്റുഡിയോകളിൽ എഡിറ്റിംഗ് ജോലികൾ ചെയ്യും. വൈകിട്ട് മകനെയും കൂട്ടി തിരിച്ചെത്തും. ക്ലാസില്ലാത്ത ദിവസങ്ങളിൽ വീടിനടുത്ത സ്റ്റാന്റിൽ വൈകിട്ടു വരെ ഓട്ടോ ഓടിക്കും. അതാണ് നാരായണന്റെ ഇപ്പോഴത്തെ ജീവിതം.


2007ൽ ബാബു തിരുവല്ലയുടെ തനിയെ എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾക്കായി നാരായണൻ വീണ്ടും ചിത്രാഞ്ജലിയിലെത്തിയിരുന്നു. സ്വന്തമായി എഡിറ്റ് ചെയ്ത ആ ചിത്രത്തിന് ഏഷ്യാനെറ്റിന്റെ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ലഭിച്ചപ്പോൾ ജീവിതത്തിൽ ഏറെക്കാലത്തെ പ്രയാസത്തിനുള്ള അംഗീകാരമായി നാരായണനു തോന്നി.
ഇതിനിടയിൽ ഹൃദയാഘാതത്തിന്റെ രൂപത്തിലും വിധി നാരായണനെ എഡിറ്റ് ചെയ്യാനൊരുങ്ങി. അവിടെയും തോറ്റുകൊടുക്കാൻ തയാറാവാത്തതിനാൽ നാരായണൻ ജീവിതത്തിലേക്കു തിരിച്ചെത്തി. മരുന്നിന്റെ പിൻബലത്തിൽ ഇപ്പോഴും ഓട്ടോയുമായി നാരായണൻ ആളുകളെ കാത്തിരിക്കുന്നുണ്ട്.
ഈയിടെ സുഹൃത്തിന്റെ പ്രേരണയിൽ എന്റെ സ്‌കൂൾ എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്യാനും നാരായണന് അവസരം ലഭിച്ചു. സ്‌കൂൾ കുട്ടികൾ തന്നെ അഭിനേതാക്കളായ ചിത്രം താവം ദേവിദാസ് സ്‌കൂളിനെക്കുറിച്ചായിരുന്നു. ഒന്നുരണ്ട് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ എഡിറ്റർ.
നൂറിലേറെ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച നാരായണൻ പഴയ കാലത്തെ സിനിമകളുടെ തുടക്കത്തിൽ വെള്ളിത്തിരയിൽ തെളിയുന്ന പേര് മാത്രമായി ഒതുങ്ങാൻ തയാറല്ല. ഭാവിയിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹവും നാരായണന്റെ മനസ്സിലുണ്ട്.


 

Latest News