Sorry, you need to enable JavaScript to visit this website.
Friday , May   29, 2020
Friday , May   29, 2020

പെയ്‌തൊഴിയാതെ, സൽമയുടെ സ്‌നേഹം 

ചിത്രരശ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ മധു ആദൃശ്ശേരി സംവിധാനം ചെയ്ത 'പരത്രാണം' ഭിന്നശേഷി പ്രചോദിത ഹ്രസ്വ ചിത്രം സൽമ പ്രകാശനം ചെയ്തപ്പോൾ

അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ആർക്കു മുമ്പിലും ഇടപെടാൻ എന്നെ പ്രാപ്തമാക്കിയത് വായനയാണ്. ഭിന്നശേഷിക്കാരോടുള്ള സമൂഹ മനോഭാവം മാറിയിട്ടുണ്ട്. വീൽചെയർ ഉരുട്ടി ഞങ്ങൾ മുന്നോട്ടു നീങ്ങുമ്പോൾ ഒരു നൂറു പേരുണ്ടാകും  കൈതന്നു സഹായിക്കാൻ. വൈകല്യങ്ങളോടു പൊരുതി ജീവിത വിജയം നേടിയ സൽമയുടെ കഥ. 

മനസ്സ് ആഗ്രഹിക്കുന്നിടത്തെത്താൻ ആരോഗ്യം അനുകൂലമായിരിക്കില്ല. എങ്കിലും നമ്മുടെ ചിന്തകൾ എന്താണോ, അതായിരിക്കണം നമ്മൾ. ചലിക്കാത്ത കാലുകൾക്കു പകരമുള്ള വീൽചെയറിന്റെ കാലുകളെ ഉരുട്ടി സൽമ എത്താത്ത ഇടങ്ങളില്ല. ഒന്നര വയസ്സുള്ളപ്പോൾ കാലുകളെ പോളിയോ തളർത്തിയെങ്കിലും സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചതും ലക്ഷ്യത്തിലെത്തിച്ചതും പ്രിയപ്പെട്ട സഹോദരങ്ങളും മാതാപിതാക്കളുമായിരുന്നു. താനൂർ അയനിക്കാട് തറയിൽ ഉമ്മുകുൽസുവിന്റെയും കിഴക്കേത്തൊടി ഹൈദറിന്റെയും ആറു മക്കളിൽ ഇളയവളാണ് സൽമ തിരൂർ എന്ന സാമൂഹ്യ പ്രവർത്തക.
സമൂഹത്തിന്റെ അനുകമ്പയിൽ മാറിനിൽക്കേണ്ടി വരുന്ന ഭിന്നശേഷിക്കാർക്കായി, കാര്യമാത്ര പ്രസക്തമായ അതിജീവന പ്രവർത്തനങ്ങൾ നടത്തുകയാണ് സൽമയും ചില സുമനസ്സുകളും.
എല്ലാ അവയവങ്ങളും ഇന്ദ്രിയങ്ങളും സജീവമായവർക്കു വേണ്ടി സംവിധാനിക്കപ്പെട്ട ഈ ലോകത്ത് സ്വാധീനക്കുറവ് ആരെയും വ്യത്യസ്തരാക്കുക തന്നെ ചെയ്യും. ശാരീരിക പരിമിതിയെ തരണം ചെയ്യാൻ മനക്കരുത്തു പ്രധാനമാണ്. എന്നാൽ അതുപോലെ പ്രധാനമാണ് പണവും പിന്തുണയും. സാമ്പത്തിക ഭദ്രത നേടുമ്പോൾ ഒരു പരിധി വരെ ജീവിതം മുന്നോട്ടു ചലിക്കും. തിരൂരിലെ കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂനിറ്റ് സ്വയം പര്യാപ്തതയുടെ കാര്യത്തിൽ ഒരു പിന്തുണയാവുകയായിരുന്നു.


തിരൂർ മങ്ങാട്ട് പ്രവർത്തിക്കുന്ന കിൻഷിപ്പ് ഫിസിയോ തെറാപ്പി യൂനിറ്റിൽ ഒരിക്കൽ സൽമയും ചികിത്സ തേടിയെത്തി. അപ്പോൾ തന്നെപ്പോലെ പലവിധ പ്രയാസങ്ങൾ നേരിടുന്നവരെ കാണാനും കൂട്ടുകൂടാനും സ്വാശ്രയത്വത്തിന്റെ  പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനും കിൻഷിപ്പ് സഹായകമായി വർത്തിച്ചു. സ്വന്തമായി ഒരു ടെയിലറിംഗ് യൂനിറ്റ് നടത്താനുള്ള ആഗ്രഹം കിൻഷിപ്പിന്റെ മുഖ്യ സംഘാടകനായ നാസറിനോട് പറഞ്ഞു. നാസറിന്റെ ശ്രമഫലമായി ഫിസിയോ തെറാപ്പി യൂനിറ്റിനോട് ചേർന്ന് ഒരു മുറി ഇവർക്കായി നൽകി. പുറംലോകം കാണാതെ കഴിയുകയായിരുന്ന മറ്റു വനിതകൾക്കും ഇന്നു പ്രതീക്ഷയുടെ തുരുത്താണ് ഈ സ്ഥാപനം. ഉത്തരവാദപ്പെട്ട വ്യക്തിയോ, സ്ഥാപനമോ അധികാര ശ്രേണിയിലുള്ളവരോ ഭിന്നശേഷിക്കാരെ ഇതുപോലെ പരിഗണിച്ചാൽ അവർ തളരില്ല. മനസ്സ് തളരാത്തിടത്തോളം ഒരു ശാരീരിക ബലഹീനതയും അവർക്കൊരു കുറവായിരിക്കില്ല. സമൂഹത്തിന്റെ അരികിൽ ജീവിക്കുന്നവർ, സ്വന്തം കുടുംബത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർ, ചുറ്റുപാടുകൾ ഇവരെ കണ്ടില്ലെന്നു നടിക്കുമ്പോഴും ഇതുപോലുള്ള സഹൃദയർ മുന്നിലെക്കെന്നു പറഞ്ഞ് കൂടെ കൂട്ടാനുണ്ടാകും.
  അക്ഷരങ്ങളാണ് അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ സൽമക്കു വെളിച്ചം നൽകിയത്. സൽമ തന്റെ ഏകാന്തതകളെ മറികടന്നത് വായനയിലൂടെ ആയിരുന്നു. സഹോദരങ്ങളും മലപ്പുറത്തെ സരോജിനി ടീച്ചറും തന്റെ ചിന്തകളെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. സ്‌കൂളിൽ പോയി പഠിക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടിലിരുന്നും പഠനം തുടർന്നു. അങ്ങനെ എസ്.എസ്. എൽ.സി, പ്ലസ് ടു പൂർത്തിയാക്കി. വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഇനിയും പഠിക്കാനാണ് തീരുമാനം. വിദ്യാഭ്യാസം ഏതു പ്രതിസന്ധിയിലും ആർക്കും ഒരു കൈത്താങ്ങായി കടന്നുവരും. ആരിലും ആത്മവിശ്വാസമുണർത്താൻ വിദ്യ പോലെ മറ്റൊന്നില്ലെന്ന് സൽമ സാക്ഷ്യപ്പെടുത്തുന്നു.
   സ്വന്തം ജീവിതം എങ്ങനെയാവണമെന്നു സ്വയം എപ്പോൾ തീരുമാനിക്കുന്നുവോ, അപ്പോൾ മുതൽ നമ്മൾ അതിജീവനം തുടങ്ങുന്നു. ലക്ഷ്യത്തിൽ എത്തും വരെ പ്രയത്‌നിക്കണം. ശാരീരിക പരിമിതിയും വൈകല്യവും ഒരു രോഗമല്ല. ആർക്കും എപ്പോൾ വേണമെങ്കിലും വന്നു ചേരാവുന്ന അവസ്ഥയാണ്.
വീടിന്റെ അകത്തളങ്ങളിൽ അകപ്പെട്ടു പോകുന്നവർ പരിമിതികളുടെ ഒരു വലിയ മറക്കുടയിലാണ്. പക്ഷേ അതിജീവിച്ചേ മതിയാകൂ. നമ്മെ പ്രചോദിപ്പിക്കാൻ നമ്മൾ തന്നെ തീരുമാനിക്കണം. നാം മുന്നോട്ടു നീങ്ങാൻ സന്നദ്ധമാണെങ്കിൽ ഒരു നൂറുപേർ കൈ തന്നു സഹായിക്കാനുണ്ടാകും. സൽമയുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ..
നാഷണൽ വിമൻ ഫെഡറേഷൻ സംസ്ഥാന അവാർഡ്, ജെ.സി.ഐ  പുരസ്‌കാരം, ഇടം മോട്ടിവേഷൻ പുരസ്‌കാരം, ഐ.സി.ഡി.എസ് അവാർഡ്, അർഹിത സംസ്ഥാന അവാർഡ്, പീസ് ഫൗണ്ടേഷൻ ഇൻസ്‌പെയർ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ സൽമയെ തേടിയെത്തി.
വരം കൂട്ടായ്മ, ജെ.സി.ഐ, സ്‌നേഹതീരം എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷന്റെ ജില്ലാ സാരഥി കൂടിയാണ് സൽമ.
മലയാളം സർവകലാശാലയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മാസികകൾ പുറത്തിറക്കി. ഈയിടെ 'പരത്രാണം' എന്ന ഷോർട്ട്ഫിലിമിലും സൽമ പ്രവർത്തിച്ചു.
വീൽചെയറിൽ കഴിയുന്നവരുടെ സ്‌നേഹ സംഗമം ഓരോ വർഷവും സംഘടിപ്പിക്കാറുണ്ട്. 
ഉല്ലാസ യാത്രയും സഹായ പ്രവർത്തനവുമുണ്ട്. അനുഭവങ്ങൾ പലതും അനുഭവക്കുറിപ്പായും കവിതയായും അവതരിപ്പിച്ചിട്ടുള്ള സൽമക്ക് എഴുത്താണ് കൂട്ട്.
'പെയ്‌തൊഴിയാതെ' എന്ന ശീർഷകത്തിൽ എഴുതിയ ആത്മകഥാംശ രചനകൾ സമാഹരിച്ച് പുസ്തകമാക്കാനുള്ള പ്രവർത്തനത്തിലാണ്.


ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരിക എന്നതാണ് സൽമയും കൂട്ടരും എപ്പോഴും ആലോചിക്കുന്ന വിഷയം. നാലു ചുവരുകൾക്കുള്ളിൽ മാത്രം അകപ്പെട്ട പലരും ജീവിതത്തിന്റെ നിറങ്ങൾ കണ്ടു തുടങ്ങി. ധാരാളം പരിശ്രമങ്ങൾക്കും പരിശീലനത്തിനും ശേഷമാണെങ്കിലും ഭിന്നശേഷിക്കാർ സ്വന്തം കാര്യങ്ങളെങ്കിലും കൃത്യനിഷ്ഠയോടെ ചെയ്യുമ്പോൾ അതാണ് പരിശീലകർ അനുഭവിക്കുന്ന സന്തോഷം.
എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും കേരളത്തിന്റെ പൊതു ഇടങ്ങൾ പൂർണമായും ഭിന്നശേഷി സൗഹൃദമല്ലല്ലോ. കാഴ്ചയില്ലാത്ത
വരും ശാരീരിക ബുദ്ധിമുട്ടുള്ളവരും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് പ്രതിബന്ധങ്ങളെ മറികടക്കുന്നത്. കാലുകൾക്ക് പകരം ചക്രം ഉരുട്ടുമ്പോൾ തടസ്സങ്ങൾ പലതാണ്. ശാരീരിക ബുദ്ധിമുട്ടുള്ളവരെ കൂടി ഉൾക്കൊള്ളിച്ചുള്ള പൊതുവികസനവും ക്ഷേമ പ്രവർത്തനവും ഇനിയും സമൂഹത്തിൽ നടക്കേണ്ടതുണ്ട്. 
വിവിധ ദിക്കുകളിൽ കഴിയുന്ന ഞങ്ങളെ സ്‌നേഹത്തിന്റെ പാശത്തിൽ കൊണ്ടുവന്നത് മൊബൈൽ ഫോണും വാട്‌സ്ആപ് കൂട്ടായ്മകളുമാണ്. വിപുലമായ സൗഹൃദങ്ങളിലൂടെ ഉടലെടുത്ത ആത്മബന്ധങ്ങളുണ്ട്. ഏതു ഇരുളിലും വെളിച്ചമാകുന്നത് സൗഹൃദമെന്ന സമ്പാദ്യമാണ്  -സൽമ പറയുന്നു. 

 

Latest News